Saturday, October 10, 2020

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 78

 

ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

രാവിലെ ആറര. തന്റെ സ്റ്റാഫ് കാറിൽ ക്രോയ്ഡണിലേക്കുള്ള യാത്രയിലാണ് എയർ വൈസ് മാർഷൽ വെസ്റ്റ്. മഴയും മൂടൽ മഞ്ഞും ഉണ്ടെങ്കിലും ട്രാഫിക്ക് കുറവായിരുന്നതു കൊണ്ട് സാമാന്യം വേഗതയിൽ തന്നെയായിരുന്നു യാത്ര. പെട്ടെന്നാണ് തൊട്ടു മുന്നിലെ സൈഡ് റോഡിൽ നിന്നും ഒരു ഡെലിവറി വാൻ ഇടംവലം നോക്കാതെ പ്രധാന പാതയിലേക്ക് കയറിയത്. വെസ്റ്റിന്റെ ഡ്രൈവർ കാർ വെട്ടിച്ച് മാറ്റാൻ ശ്രമിച്ചുവെങ്കിലും ആ വാനിൽ ഉരസി ഫുട്പാത്തിലേക്ക് പാഞ്ഞു കയറി മതിലിൽ ഇടിച്ചു നിന്നു. സീറ്റിൽ നിന്നും ഊർന്ന് വീണ വെസ്റ്റിന്റെ തല വിൻഡോ കോളത്തിൽ ശക്തിയായി ഇടിച്ചു. പ്രത്യേകിച്ച് പരിക്കുകളൊന്നും ഏൽക്കാത്ത ഡ്രൈവർ പുറത്തിറങ്ങി ബാക്ക് ഡോർ തുറന്നു. മഴയത്തേക്കിറങ്ങിയ വെസ്റ്റ്, കർച്ചീഫ് കൊണ്ട് തന്റെ തലയിൽ നിന്നും ഒഴുകിയിറങ്ങുന്ന രക്തം തുടച്ചു കൊണ്ടിരുന്നു. ഡെലിവറി വാനിന് അടുത്തേക്ക് ചെന്ന വെസ്റ്റിന്റെ ഡ്രൈവർ ആ വാൻ ഡ്രൈവറെ പുറത്തറങ്ങാൻ സഹായിച്ചു. ഓവറോൾ ധരിച്ചിരുന്ന അയാൾ അപകടം നടന്നതിന്റെ ഷോക്കിലായിരുന്നു.

 

പിറകിലെ ട്രാഫിക്ക് ലൈറ്റിന് സമീപം കിടന്നിരുന്ന പോലീസിന്റെ വോൾസ്‌ലേ കാർ ഞൊടിയിടയിൽത്തന്നെ പാഞ്ഞെത്തി അവർക്കരികിൽ പാർക്ക് ചെയ്തു. പുറത്തിറങ്ങിയ ഓഫീസർ വെസ്റ്റിന് നേർക്ക് നടക്കവെ രണ്ടാമൻ റേഡിയോയിലൂടെ ആരോടോ സംസാരിക്കുന്നുണ്ടായിരുന്നു.

 

“താങ്കൾക്ക് സ്റ്റിച്ച് വേണ്ടി വരും സർ... ഞങ്ങൾ ആംബുലൻസ് വിളിക്കുകയാണ്...” വെസ്റ്റിന്റെ തലയിലെ മുറിവ് പരിശോധിച്ച പോലീസ് ഓഫീസർ പറഞ്ഞു.

 

“അതിന്റെ ആവശ്യമില്ല കോൺസ്റ്റബിൾ... അയാം എയർ വൈസ് മാർഷൽ വെസ്റ്റ്... ഏഴു മണിക്ക് എനിക്ക് ക്രോയ്ഡണിൽ എത്തേണ്ടതുണ്ട്... ജനറൽ ഐസൻഹോവറിനെയും കൊണ്ട് പോർട്സ്മൗത്തിലേക്ക് പോകുന്ന വിമാനം പറപ്പിക്കേണ്ടത് ഞാനാണ്...”

 

പോലീസുകാരൻ കാൽ അമർത്തി ചവിട്ട് അറ്റൻഷനായി നിന്നു. “അത് സാധിക്കുമെന്ന് തോന്നുന്നില്ല സർ... താങ്കളുടെ ഇപ്പോഴത്തെ അവസ്ഥയിൽ തീരെയും...”

 

“എങ്കിൽ ഒരു കാര്യം ചെയ്യൂ... നിങ്ങളുടെ റേഡിയോയിലൂടെ ക്രോയ്ഡണിലേക്ക് ബന്ധപ്പെടൂ... എന്നിട്ട് ഈ അപകടത്തെക്കുറിച്ച് അവരോട് പറയുക... വിമാനം പറപ്പിക്കുവാനുള്ള ശാരീരികാവസ്ഥയിലല്ല ഞാൻ എന്ന് ജനറൽ ഐസൻഹോവറിന് ഒരു സന്ദേശവും കൂടി... ഡൂ ഇറ്റ് നൗ... വിമാനം പറത്താൻ കഴിവുള്ള ഒരു ചെറുപ്പക്കാരനുണ്ട് അവിടെ...”

 

“തീർച്ചയായും സർ...”

 

അയാൾ കാറിനരികിൽ ചെന്ന്  തന്റെ സഹപ്രവർത്തകനെ വിവരം ധരിപ്പിച്ചു. ആ സമയം ദൂരെ നിന്നും ഒരു ആംബുലൻസിന്റെ ശബ്ദം കേൾക്കാറായി. റോഡരികിലെ മതിലിൽ ഇരുന്നിട്ട് വെസ്റ്റ് കർച്ചീഫ് കൊണ്ട് തന്റെ തലയിലെ മുറിവ് പൊത്തിപ്പിടിച്ചു.

 

                                                                ***

 

ക്രോയ്ഡണിൽ, മൂടൽമഞ്ഞിൽ പൊതിഞ്ഞു കിടക്കുന്ന എയർഫീൽഡിനെ നോക്കിക്കൊണ്ട് മ്ലാനതയോടെ ടോം സോബെൽ കോഫി നുകർന്നു. ഓപ്പറേഷൻ റൂമിൽ നിന്നും പുറത്തിറങ്ങിയ മാക്സ് അദ്ദേഹത്തിനരികിലേക്ക് വന്നു.

 

“സൗത്ത്‌വിക്കിൽ ഓകെയാണ്... വെതർ റിപ്പോർട്ട് പ്രകാരം അവിടെ ലാന്റ് ചെയ്യുന്നതിന് പ്രശ്നങ്ങളൊന്നുമില്ല... ഇവിടുത്തെ കാര്യമാണെങ്കിൽ മഴയും മേഘവും മാത്രമേയുള്ളൂ... കാറ്റ് ഇല്ല... ടേക്ക് ഓഫ് ചെയ്യുന്നതിന് ബുദ്ധിമുട്ടില്ല...” മാക്സ് പറഞ്ഞു.

 

“വെൽ, അതേതായാലും നന്നായി... പക്ഷേ, ഈ ടെഡ്ഡി വെസ്റ്റ് എവിടെ പോയി കിടക്കുന്നു...?”

 

ആ നിമിഷമാണ് രണ്ട് കാര്യങ്ങൾ അവിടെ സംഭവിച്ചത്. എയർഫീൽഡിന് പുറത്ത് വന്ന് ബ്രേക്ക് ചെയ്ത ഒരു സ്റ്റാഫ് കാറിനുള്ളിൽ നിന്നും ജനറൽ ഐസൻഹോവർ പുറത്തിറങ്ങി. അതേ സമയം തന്നെ ഓപ്പറേഷൻ റൂമിൽ നിന്നും തിടുക്കത്തിൽ പുറത്തെത്തിയ ഒരു ഫ്ലൈറ്റ് ലെഫ്റ്റനന്റ് തന്റെ കൈയ്യിലെ സിഗ്നൽ ഫ്ലിംസി സോബെലിന് കൈമാറി.

 

“അർജന്റാണ് ജനറൽ...”

 

അത് വായിച്ചിട്ട് മുഖമുയർത്തിയ അദ്ദേഹം കണ്ടത് പുഞ്ചിരിച്ചു കൊണ്ട് തന്റെയടുത്തേക്ക് നടന്നടുക്കുന്ന ഐസൻഹോവറിനെയാണ്.

 

“ബാഡ് ന്യൂസ്, ജനറൽ... വരുന്ന വഴിക്ക് ടെഡ്ഡി വെസ്റ്റിന്റെ കാർ ഒരു അപകടത്തിൽ പെട്ടു... അത്ര ഗുരുതരമൊന്നുമല്ല... എങ്കിലും അദ്ദേഹത്തിന് ഹോസ്പി‌റ്റൽ ട്രീറ്റ്മെന്റ് ആവശ്യമായി വന്നിരിക്കുകയാണത്രെ...” സോബെൽ പറഞ്ഞു.

 

“നാശം...!” ഐസൻഹോവർ പറഞ്ഞു. “നിങ്ങൾക്കറിയാമല്ലോ ടോം... വളരെ പ്രധാനപ്പെട്ട ഒരു കോൺഫറൻസാണ് എനിക്ക് സൗത്ത്‌വിക്കിൽ നടത്താനുള്ളത്... പ്ലാനിങ്ങ് സ്റ്റാഫിലുള്ള മോണ്ടിയുമായി... ഇറ്റ്സ് എ ക്രിറ്റിക്കൽ മീറ്റിങ്ങ്... പെട്ടെന്ന് തന്നെ മറ്റൊരു പൈലറ്റിനെ ഏർപ്പാടാക്കാൻ പറ്റുമോ...?”

 

ഒഴിവാക്കാനാവാത്ത സാഹചര്യം... എല്ലാം കണ്ടുകൊണ്ടിരുന്ന മാക്സ് പറഞ്ഞു. “പിന്നെന്താ ജനറൽ... താങ്കളെ ഞാൻ കൊണ്ടുപോകാമല്ലോ...”

 

ഐസൻഹോവർ തിരിഞ്ഞ് തന്റെ പ്രസിദ്ധമായ പുഞ്ചിരിയോടെ മാക്സിന് നേരെ കൈ നീട്ടി. “അയാം ട്രൂലി ഗ്ലാഡ് റ്റു സീ യൂ എഗെയ്‌ൻ, കേണൽ... തികച്ചും യാദൃച്ഛികം എന്നല്ലാതെ എന്ത് പറയാൻ... അന്ന് എന്താണവിടെ സംഭവിച്ചതെന്നറിയാൻ എനിക്കാഗ്രഹമുണ്ട്... പക്ഷേ, വിമാനം പറത്താനുള്ള ആര്യോഗ്യ സ്ഥിതിയിലാണോ നിങ്ങൾ...? നിങ്ങളുടെ മുഖത്തിന്റെ അവസ്ഥ കാണുമ്പോൾത്തന്നെ ഭയമാകുന്നു...”

 

“സ്റ്റെഡി ആസ് എ റോക്ക്, ജനറൽ... നോ പ്രോബ്ലം...” അദ്ദേഹത്തിന്റെ ഹസ്തദാനം സ്വീകരിച്ചുകൊണ്ട് മാക്സ്  പറഞ്ഞു.

 

ഐസൻഹോവർ സോബെലിനെ നോക്കി. “എന്തു പറയുന്നു ടോം...?”

 

“ഓകെയാണെന്ന് കേണൽ കെൽസോ പറയുമ്പോൾ പിന്നെ എനിക്കെന്ത് പ്രശ്നം...?”

 

ഐസൻഹോവർ തല കുലുക്കി. “റൈറ്റ്, കേണൽ... ലെറ്റ്സ് മൂവ് ഇറ്റ്...”

 

“വിമാനം ഒന്ന് ചെക്ക് ചെയ്തോട്ടെ ജനറൽ...” മാക്സ് പറഞ്ഞു. “പ്രശ്നമൊന്നും ഉണ്ടാവാൻ സാദ്ധ്യതയില്ല... പോകാൻ റെഡിയായി അതവിടെ കിടക്കുകയല്ലേ...”

 

വെയ്റ്റിങ്ങ് റൂമിൽ ചെന്ന് തന്റെ ജർമ്മൻ മിലിട്ടറി റെയിൻകോട്ട് ഊരി മാറ്റി മാക്സ് ഫ്ലൈയിങ്ങ് ജാക്കറ്റ് എടുത്തണിഞ്ഞു. ശേഷം വാൾട്ടർ ഗണ്ണും ക്ലിപ്പും ഒരു പോക്കറ്റിലും മോർഫിൻ ആമ്പ്യൂൾസ് മറുപോക്കറ്റിലും നിക്ഷേപിച്ച് സിപ്പർ മുകളിൽ വരെ വലിച്ചിട്ടിട്ട് അദ്ദേഹം പുറത്തേക്ക് നടന്നു.

 

                                                          ***

 

മൺറോയും ജാക്ക് കാർട്ടറും അന്ന് അതിരാവിലെ തന്നെ SOE ഹെഡ്ക്വാർട്ടേഴ്സിൽ ജോലിക്കെത്തുവാൻ തീരുമാനിച്ചു. എന്നും പ്രഭാത സമയത്ത് കാന്റീനിൽ ഗുണമേന്മയുള്ള പ്രാതൽ ലഭ്യമായിരുന്നു. തന്റെ സ്റ്റാഫ് കാർ വിളിച്ചു വരുത്തിയ മൺറോ ജാക്കിനെയും കൂട്ടി വിജനമായ തെരുവീഥികളിലൂടെ ഡ്രൈവ് ചെയ്ത് ആറേമുക്കാലോടെ ബേക്കർ സ്ട്രീറ്റിൽ എത്തി.

 

“ഞാൻ ഓഫീസിലേക്ക് പോകുന്നു...” മൺറോ പറഞ്ഞു. “എട്ടു മണിയ്ക്ക് കാന്റീനിൽ കാണാം...”

 

അദ്ദേഹം മുകളിലത്തെ നിലയിലേക്ക് കയറവെ ജാക്ക് തന്റെ ഓഫീസിലേക്ക് നടന്നു. ഇടനാഴിയിൽ ഇട്ടിരിക്കുന്ന ബെഞ്ചിൽ ഡിറ്റക്ടിവ് കോൺസ്റ്റബിൾ പ്യാരി ഇരിക്കുന്നുണ്ടായിരുന്നു.

 

“ഇന്ന് നേരത്തെയാണല്ലോ...” ജാക്ക് പറഞ്ഞു.

 

“മിസ്സിസ് ഡിക്സൺ താമസിക്കുന്നയിടത്തെ സർവെയ്‌ലൻസ് ഫോട്ടോകൾ എന്നും രാവിലെ താങ്കൾക്ക് എത്തിച്ചു തരുവാൻ ലെയ്സി എന്നോട് പറഞ്ഞിരുന്നു... പാതിരാത്രിയിലാണ് അവസാനത്തെ ചിത്രം പകർത്തിയത്... പിന്നെ യാർഡിലേക്ക് പോകാതെ ഇവിടുത്തെ ലാബിൽത്തന്നെ ഡെവലപ്പ് ചെയ്യാമെന്ന് കരുതി... എനിക്കുറങ്ങുവാനുള്ള സൗകര്യം അവർ ചെയ്തു തന്നു...”

 

പ്യാരിയെയും കൂട്ടി ജാക്ക് തന്റെ ഓഫീസിലേക്ക് കയറി. “പ്രത്യേകിച്ചെന്തെങ്കിലും സംഭവ വികാസങ്ങൾ...?”

 

“റോഡ്രിഗ്സ് സഹോദരന്മാരെ പിന്നെ കണ്ടതേയില്ല... കാര്യമെന്താണെന്ന് വച്ചാൽ ആ ബ്ലോക്കിൽ  ഏതാണ്ട് നാല്പതോളം ഫ്ലാറ്റുകളുണ്ട്... സന്ദർശകരിൽ ഭൂരിഭാഗവും മറ്റ് ഫ്ലാറ്റുകളിലേക്ക് ഉള്ളവരും ആയിക്കൂടെന്നില്ലല്ലോ...”

 

“എന്തായാലും ഫോട്ടോസ് എല്ലാം കാണട്ടെ...” ജാക്ക് ഇരുന്നു.

 

ഫോട്ടോകൾ ഓരോന്നായി പ്യാരി മേശപ്പുറത്തേക്ക് ഇട്ടുകൊണ്ടിരുന്നു. “അസാധാരണമായി ഒന്നും കാണുന്നില്ല...” പ്യാരി ചിരിച്ചു. “ശരീരം വിൽക്കുന്നവർ കുറേപ്പേർ അവിടെ താമസിക്കുന്നുണ്ടെന്ന് തോന്നുന്നു... തങ്ങളുടെ പതിവ് ക്വോട്ടയ്ക്കായിരിക്കണം, ധാരാളം പേർ വന്നു പോകുന്നുണ്ട്... ഇതു കണ്ടില്ലേ, ഏതോ ഒരു സുമുഖൻ അമേരിക്കൻ ഓഫീസറും ഉണ്ട് കൂട്ടത്തിൽ...”

 

ആ ഫോട്ടോയിൽ കണ്ട മുഖം വിശ്വസിക്കാനാവാതെ ജാക്ക് ഞെട്ടിത്തരിച്ച് ഇരുന്നു പോയി. “ഓ മൈ ഗോഡ്...!” ബദ്ധപ്പെട്ട് അദ്ദേഹം എഴുന്നേറ്റു. “ഇപ്പോൾത്തന്നെ ഷോൺ റിലേയെ ഫോണിൽ ബന്ധപ്പെടുക... അദ്ദേഹത്തോടും ലെയ്സിയോടും എത്രയും പെട്ടെന്ന് ഇവിടെയെത്താൻ പറയുക... റൈറ്റ് നൗ...”

 

“സ്വർണ്ണമാണോ നാം അടിച്ചത് മേജർ...?”

 

“ജസ്റ്റ് ഡൂ ഇറ്റ്...” ആജ്ഞാപിച്ചിട്ട് കാർട്ടർ പുറത്തേക്ക് നടന്നു.

 

ഫയലുകളിൽ മുഴുകിയിരുന്ന മൺറോ, കൊടുങ്കാറ്റു പോലെ മുറിക്കുള്ളിലേക്ക് പ്രവേശിച്ച ജാക്കിനെ കണ്ട് അമ്പരപ്പോടെ നോക്കി.

 

“എന്തു പറ്റി ജാക്ക്...? വല്ലാതെ പരിഭ്രമിച്ചതു പോലെയുണ്ടല്ലോ...”

 

“കാര്യമറിഞ്ഞാൽ താങ്കളും പരിഭ്രമിക്കും ബ്രിഗേഡിയർ...”

 

ജാക്ക് ആ ഫോട്ടോ മേശപ്പുറത്ത് വച്ചു. അതിൽ ഒന്ന് നോക്കിയിട്ട് മൺറോ തലയുയർത്തി. അദ്ദേഹത്തിന്റെ മുഖം ശാന്തമായിരുന്നു. “കാര്യമെന്താണെന്ന് പറയൂ...”

 

“ഇന്നലെ രാത്രി പത്തു മണിക്ക്  എടുത്ത ഫോട്ടോയാണ് ബ്രിഗേഡിയർ... സാറാ ഡിക്സന്റെ അപ്പാർട്ട്മെന്റ് ബ്ലോക്കിന്റെ കവാടത്തിൽ വച്ച്...” ഒന്ന് സംശയിച്ച് നിന്നിട്ട് അദ്ദേഹം തുടർന്നു. “എന്നു വച്ചാൽ ഹാരി സവോയ് ഹോട്ടലിന് മുന്നിൽ ഇറങ്ങിപ്പോയതിന് ശേഷം...”

 

“അതെ, അതു മനസ്സിലായി... പക്ഷേ, എന്തിന് ജാക്ക്...? നമ്മുടെ വിഷയവുമായി ഇതിനെന്ത് ബന്ധം...?”

 

കതകിൽ മുട്ടിയിട്ട് ഒരു ATS സിഗ്നൽസ് സെർജന്റ് മുറിയ്ക്കുള്ളിലേക്ക് പ്രവേശിച്ചു. അവളുടെ കൈയ്യിൽ ഒരു സിഗ്നൽ ഫ്ലിംസി ഉണ്ടായിരുന്നു. “റേഡിയോ റൂമിൽ നിന്നുമാണ് ബ്രിഗേഡിയർ... ബ്രിട്ടനിയിലുള്ള ജക്കോദിന്റെ സന്ദേശം... UTMOST PRIORITY എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്...”

 

അത് വായിച്ചതിന് ശേഷം മൺറോ അവളുടെ മുഖത്തേക്ക് നോക്കി. “വേറെ ആർക്കെല്ലാം അറിയാം ഇക്കാര്യം...?”

 

“ആർക്കും അറിയില്ല സർ... ഞാൻ നേരിട്ട് സന്ദേശം എടുക്കുകയായിരുന്നു...”

 

“എങ്കിൽ വേറെയാരും ഇതറിയണ്ട... ഇപ്പോൾ പൊയ്ക്കോളൂ...”

 

അവൾ പുറത്ത് പോയതും ജാക്ക് കാർട്ടർ വിളിച്ചു. “സർ...?”

 

“അത് ഹാരി കെൽസോ അല്ല ജാക്ക്... മാക്സ് ആണ്... അദ്ദേഹത്തിന്റെ സഹോദരൻ... ഐസൻഹോവറിനെ വധിക്കുവാനായി ഇവിടെ എത്തിയിരിക്കുകയാണ്... വായിച്ചു നോക്കൂ...”

 

മൺറോ ഫോണിന്റെ റിസീവർ എടുത്തു. “ഗെറ്റ് മീ ക്രോയ്ഡൺ...” ഒരു നിമിഷത്തിന് ശേഷം അദ്ദേഹത്തിന് ക്രോയ്ഡൺ ഓപ്പറേഷൻസുമായി കണക്ഷൻ ലഭിച്ചു. “ജനറൽ ഐസൻഹോവറിന്റെ ഫ്ലൈറ്റ്... അത് പുറപ്പെട്ടുവോ...?”അങ്ങേ തലയ്ക്കൽ നിന്നുമുള്ള മറുപടി ശ്രദ്ധാപൂർവ്വം കേട്ടിട്ട് അദ്ദേഹം റിസീവർ ക്രാഡിലിൽ വച്ചു.

 

അമ്പരന്ന് നിൽക്കുന്ന ജാക്ക് ആ പേപ്പർ തിരികെ നൽകി. “ഇനി നമ്മൾ എന്തു ചെയ്യും സർ...?”

 

“ഐസൻഹോവറിന്റെ ഫ്ലൈറ്റ് ഇപ്പോൾ ടേക്ക് ഓഫ് ചെയ്തതേയുള്ളൂ... ടെഡ്ഡി വെസ്റ്റ് ഇല്ലാതെ... അദ്ദേഹം ഒരു റോഡ് ആക്സിഡന്റിൽ പെട്ടുവത്രെ... സുപ്രീം കമാൻഡറും ടോം സോബെലും പിന്നെ ഓബർസ്റ്റ് ലെഫ്റ്റനന്റ് മാക്സും... അതായത് ബാരൺ വോൺ ഹാൾഡർ ആണ് വിമാനം പറത്തുന്നത്...”

 

“ഓ, മൈ ഗോഡ്...!” ജാക്ക് വിളിച്ചു പോയി.

 

“നോ... നമുക്ക് പ്രായോഗികമായി ചിന്തിക്കാം... മറ്റേ ഫോൺ എടുത്ത് ഒരു ലൈസാൻഡർ ബുക്ക് ചെയ്യൂ... സൗത്ത്‌വിക്കിലേക്ക്... ടോപ്പ് പ്രിയോറിറ്റി...”

 

“പക്ഷേ, ബ്രിഗേഡിയർ... അദ്ദേഹം അവരെ...........” ജാക്ക് സംശയിച്ചു.

 

“യാത്രക്കിടയിൽ ഐസൻഹോവറിനെയും ടോം സോബെലിനെയും കൊലപ്പെടുത്തിയിട്ട് ഫ്രാൻസിലേക്ക് പറന്നാലോ എന്നോ...? അദ്ദേഹം അങ്ങനെ ചെയ്യില്ല എന്ന് പ്രത്യാശിക്കാം നമുക്ക്... കാരണം നമ്മൾക്ക് ഒന്നും ചെയ്യാനാവില്ല എന്നതു കൊണ്ട് തന്നെ... അവരെ പിന്തുടർന്ന് ഞാനും സൗത്ത്‌വിക്കിലേക്ക് പോകുകയാണ്... പെട്ടെന്ന് വിമാനം ഏർപ്പാടാക്കൂ...”

 

ജാക്ക് അടുത്ത ഓഫീസിലേക്ക് പോയതും മൺറോ സൗത്ത്‌വിക്ക് ഹൗസിലേക്ക് ഡയൽ ചെയ്ത് സെക്യൂരിറ്റി മേധാവിയായ റോയൽ മിലിട്ടറി പോലീസിലെ മേജർ വെറേക്കറെ കണക്റ്റ് ചെയ്യുവാൻ ആവശ്യപ്പെട്ടു. പെട്ടെന്ന് തന്നെ അയാൾ ലൈനിൽ എത്തി.

 

“വെറേക്കർ... നമ്മൾ തമ്മിൽ ദീർഘകാലത്തെ പരിചയമാണുള്ളത്... അതുകൊണ്ട് ഞാൻ പറയുന്നത് വിശ്വസിക്കണം...”

 

“തീർച്ചയായും ബ്രിഗേഡിയർ...”

 

“അധികം താമസിയാതെ ഒരു ലൈസാൻഡർ അവിടെ ലാന്റ് ചെയ്യും... ജനറൽ ഐസൻഹോവറും ജനറൽ സോബെലുമാണ് അതിലുള്ളത്... കേണൽ കെൽസോയാണ് പൈലറ്റ്...”

 

“അതെ... ഞങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ടായിരുന്നു...”

 

“ഇനി ഞാൻ പറയാൻ പോകുന്നത് ഒരു പക്ഷേ നിങ്ങൾക്ക് ദഹിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമായിരിക്കും... പക്ഷേ, അത് ചെയ്തേ തീരൂ... അവർ ലാന്റ് ചെയ്ത ഉടൻ തന്നെ ഡിഫൻസിന്റെ റീം ആക്ട് പ്രകാരം കെൽസോയെ അറസ്റ്റ് ചെയ്യുക... ഞാൻ ഇപ്പോൾത്തന്നെ അങ്ങോട്ട് പുറപ്പെടുകയാണ്... അറസ്റ്റ് വാറണ്ട് ഞാൻ കൊണ്ടുവരുന്നതായിരിക്കും...”

 

വളരെക്കാലമായി സർവീസിലുള്ള ഒരു പോലീസ് ഓഫീസറാണ് വെറേക്കർ. അതുകൊണ്ടു തന്നെ ബ്രിഗേഡിയറുടെ വാക്കുകൾ കേട്ട് അയാൾക്ക് ഒട്ടും അതിശയമോ അമ്പരപ്പോ തോന്നിയില്ല. “ഇക്കാര്യത്തിൽ എത്ര മാത്രം ജാഗ്രത പാലിക്കണം സർ ഞാൻ...?

 

“പബ്ലിസിറ്റി കൊടുക്കണ്ട... തൽക്കാലം സുപ്രീം കമാൻഡർ ഇതേക്കുറിച്ച് അറിയണ്ട... ഞാൻ പിറകേ വരുന്നുണ്ട് എന്ന് മാത്രം അറിയിച്ചേക്കൂ...”

 

“ഞാൻ ഏറ്റു, ബ്രിഗേഡിയർ...”

 

“നിസ്സാര കാര്യമല്ല വെറേക്കർ... ദിസ് ഈസ് എ ബാഡ് വൺ...” എത്രത്തോളമാണ് അതിന്റെ വ്യാപ്തി എന്നതിനെക്കുറിച്ച് ഓർത്തു കൊണ്ട് മൺറോ പറഞ്ഞു.

 

“മനസ്സിലാകുന്നു സർ...” വെറേക്കർ ഫോൺ വച്ചു.

 

ജാക്ക് തിരികെയെത്തി. “വിമാനം ബുക്ക്  ചെയ്തിട്ടുണ്ട് സർ... കാറും റെഡിയാണ്... ഞാനും വരട്ടെ താങ്കളോടൊപ്പം...?”

 

“വേണ്ട... ഇവിടുത്തെ കാര്യങ്ങൾ നോക്കാൻ ആളു വേണ്ടേ...? പോർച്ചുഗീസ് എംബസിയിലേക്ക് വിളിച്ച് റോഡ്രിഗ്സ് സഹോദരന്മാരെ അറസ്റ്റ് ചെയ്യുവാൻ പറ്റുമോ എന്ന് നോക്കുക... പക്ഷേ, ഡിപ്ലോമാറ്റിക്ക് ഇമ്മ്യൂണിറ്റി ഉള്ളതിനാൽ അംബാസഡർ അനുവാദം തരുമെന്ന് തോന്നുന്നില്ല... അവരെ നാട്ടിലേക്ക് തിരിച്ചയയ്ക്കുകയേ ഉള്ളൂ... റിലേയെ വിളിച്ച് സാറാ ഡിക്സണെ അറസ്റ്റ് ചെയ്യുവാൻ പറയുക... അറസ്റ്റ് വാറന്റിന്റെ ഫോർമാറ്റ് ധാരാളം ഉണ്ടല്ലോ ഇവിടെ... അവർക്ക് വേണ്ടി ഒരെണ്ണം തയ്യാറാക്കി സൈൻ ചെയ്തോളൂ...” അദ്ദേഹം എഴുന്നേറ്റ് തന്റെ ക്യാപ്പ് എടുത്തു. “ജക്കോദിന്റെ സന്ദേശം റിസീവ് ചെയ്തതായി അക്നോളജ് ചെയ്യുക... കൂടുതലൊന്നും  സൂചിപ്പിക്കണ്ട... ഇവിടുത്തെ കാര്യങ്ങൾക്ക് ഒരു തീരുമാനമായതിന് ശേഷം പിന്നീട് അദ്ദേഹത്തെ കോണ്ടാക്റ്റ് ചെയ്യാം...” മൺറോ തന്റെ ക്യാപ്പ് അഡ്ജസ്റ്റ് ചെയ്തു.

 

“മൊർലെയ്ക്‌സ് കൊട്ടാരത്തിൽ ഇതിന്റെയെല്ലാം മേൽനോട്ടം വഹിക്കുന്നത് ആരാണെന്ന കാര്യം ശ്രദ്ധിച്ചുവോ ബ്രിഗേഡിയർ...? ബുബി ഹാർട്മാൻ... SD യുടെ മസ്തിഷ്കങ്ങളിൽ ഏറ്റവും മികച്ച വ്യക്തി...” ജാക്ക് പറഞ്ഞു.

 

“തീർച്ചയായും ജാക്ക്... ഞാൻ ശ്രദ്ധിച്ചിരുന്നു... ക്ലെയ്‌നിന് ശേഷം ബെർലിനിൽ ഡിപ്പാർട്ട്മെന്റിന്റെ ചുമതല ഏറ്റെടുത്തവൻ... ഇങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ... ബൈ ദി വേ, തൂക്കിക്കൊല്ലാനൊന്നും പോകുന്നില്ലെന്ന് ആ സാറാ ഡിക്സണോട് പറഞ്ഞേക്കൂ... നമ്മളോട് സഹകരിക്കുകയാണെങ്കിൽ...”

 

വാതിൽ തുറന്ന് പുറത്തേക്കിറങ്ങവെ ജാക്ക് വിളിച്ചു. “മോളിയെ അറിയിക്കണോ സർ...?”

 

“പ്ലീസ് നോ, ജാക്ക്... ദൈവത്തെയോർത്ത്...” മൺറോ നടന്നകന്നു.

 

(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

 

16 comments:

  1. അയ്യോ. ഇനി എന്താകും? ഒരാഴ്ച കാത്തിരിപ്പ്🙄

    ReplyDelete
    Replies
    1. ഇനിയാണ് കാര്യങ്ങൾ ചൂടുപിടിക്കാൻ പോകുന്നത്...

      Delete
  2. ഇനിയെന്താകുമോ

    ReplyDelete
    Replies
    1. മൊത്തം കലങ്ങി മറിയാൻ പോകുന്നു ശ്രീക്കുട്ടാ...

      Delete
  3. Replies
    1. കണക്കുകൂട്ടലുകൾ തെറ്റുന്നു...

      Delete
  4. ചാരന്മാർ കൃത്യമായി പണിയെടുത്തല്ലോ !!

    ReplyDelete
    Replies
    1. അതെ... അതാണ് ചാരന്മാർ... പതുക്കെ പറ... ലണ്ടനിലുള്ള നമ്മുടെ സ്വന്തം ചാരൻ കേൾക്കണ്ട... :)

      Delete
  5. നിർണ്ണായക വഴിത്തിരിവിൽ..ആകാംക്ഷ കൂടുന്നു

    ReplyDelete
    Replies
    1. ലാന്റ് ചെയ്യുമ്പോൾ അറസ്റ്റ് ചെയ്യാനല്ലേ ഓർഡർ... യാത്രയ്ക്കിടയിൽ എന്തൊക്കെ സംഭവിക്കും എന്നതിനായി കാത്തിരിക്കാം നമുക്ക്...

      Delete
  6. മാക്സിനെ അവർ പിടിക്കുമോ..... ഐസൻ ഹോവരുടെ കാര്യം എന്താവും.....! കഥ. നിർണ്ണായക. വഴിതിരിവിൽ. ആണല്ലോ.... ബാക്കി അറിയാൻ ആകാംക്ഷ യോടെ കാത്തിരിക്കുന്നു

    ReplyDelete
    Replies
    1. സസ്പെൻസ്... സസ്പെൻസ്... ഞാൻ പറയൂല്ല...

      Delete
  7. എല്ലാവരും എല്ലാമറിഞ്ഞു... ശോ!! 

    ReplyDelete
  8. പണി പാളും എന്നറിയാം....എന്നാലും അതിനുമുമ്പ് എന്തെല്ലാം സംഭവിക്കും..

    ReplyDelete
    Replies
    1. അതെ... ഇനിയും പലതും സംഭവിക്കാനിരിക്കുന്നു...

      ബൈ ദി ബൈ... ആദ്യമായിട്ടാണല്ലോ ഉണ്ണിക്കൃഷ്ണനെ ഇവിടെ കാണുന്നത്... സ്വാഗതം... നിശ്ശബ്ദ വായനക്കാരനായിരുന്നല്ലേ...?

      Delete