Wednesday, September 2, 2020

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 73


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

നെരിപ്പോടിനരികിൽ ഇരുന്ന് തീക്കനലുകളുടെ മുകളിലേക്ക് വിറകു കഷണങ്ങൾ തള്ളിവച്ചു കൊടുത്തു കൊണ്ടിരിക്കുകയായിരുന്നു സെക്ക് ആക്‌ലന്റ്. ബാറിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ അദ്ദേഹം കണ്ടത് ഹാളിലേക്ക് പ്രവേശിക്കുന്ന ജൂലിയെയും  മാക്സിനെയും ആണ്. അവിശ്വസനീയമായ ആ കാഴ്ച്ചയിൽ അന്തം വിട്ട് അത്ഭുതത്തോടെ അദ്ദേഹം ചാടിയെഴുന്നേറ്റു.

“ദൈവം അനുഗ്രഹിക്കട്ടെ കേണൽ... ഇനിയൊരിക്കലും നിങ്ങളെ കാണാനേ കഴിയുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല... ജീവനോടെ ഇരിക്കുന്നുവോ എന്നു പോലും ഉറപ്പില്ലായിരുന്നു...”

“മരണത്തിന്റെ വക്ക് വരെ എത്തിയതായിരുന്നു... എങ്കിലും രക്ഷപെട്ടു...” മാക്സ് പറഞ്ഞു.

“നിങ്ങളുടെ മുഖത്തെ പരിക്ക് വളരെ മോശമാണല്ലോ...”

“ഇതിലും മോശമാവേണ്ടതായിരുന്നു...”

“ഒരു വിമാനം വന്നിറങ്ങുന്ന ശബ്ദം ഞാൻ കേട്ടിരുന്നു...”

“ഞാനായിരുന്നു അത്... മോഷ്ടിച്ച ഒരു സ്റ്റോർക്ക് വിമാനത്തിൽ ജീവനും കൊണ്ട് രക്ഷപെടുകയായിരുന്നു...”

“ഒട്ടും എളുപ്പമായിരുന്നിരിക്കില്ലല്ലോ...” പൈപ്പിൽ പുകയില നിറച്ചു കൊണ്ട് സെക്ക് പറഞ്ഞു.

“ഗാർഡുകളിൽ ഒരുവനെ കൊല്ലേണ്ടി വന്നു...” റെയിൻകോട്ടിന്റെ പോക്കറ്റിൽ നിന്നും വാൾട്ടർ പുറത്തെടുത്തുകൊണ്ട് മാക്സ് പറഞ്ഞു. “ദി നെയിം ഓഫ് ദി ഗെയിം...”

സെക്കിന്റെ മുഖത്തെ അസ്വസ്ഥത വ്യക്തമായിരുന്നു. “നശിച്ച ഒരു യുദ്ധം... ഒരിക്കലും ഇത് അവസാനിക്കില്ലെന്നുണ്ടോ... എന്തായാലും അധികം നീളില്ലെന്നാണ് തോന്നുന്നത്... നാം കൊട്ടിഘോഷിക്കുന്ന ആ D-Day ഇങ്ങടുത്തെത്തി എന്നാണവർ പറയുന്നത്... എന്തായാലും ശരി, നേരം വെളുത്തതേയുള്ളൂ എന്നൊന്നും വിചാരിക്കണ്ട... ഒരു ഡ്രിങ്ക് ആയാലോ...?”

“ഞാൻ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാൻ പോകുകയാണ്... പിന്നെ, മൺറോയ്ക്ക് ഞാൻ ഫോൺ ചെയ്തിരുന്നു... ഉടൻ പുറപ്പെടുമെന്നാണ് അദ്ദേഹം  പറഞ്ഞത്...”

രണ്ട് ഗ്ലാസുകളിലായി വിസ്കി പകർന്നിട്ട് സെക്ക് അതിലേക്ക് അൽപ്പം വെള്ളം ചേർത്തു.

“അദ്ദേഹം വിശദാംശങ്ങൾ എന്തെങ്കിലും ആരാഞ്ഞുവോ...?” മാക്സ് ചോദിച്ചു.

“ഇല്ല... കൂടുതലൊന്നും ഞാൻ പറയാനും നിന്നില്ല... എനിക്ക് അവരെ ഇനിയും പൂർണ്ണമായും മനസ്സിലാക്കാനായിട്ടില്ല...” ജൂലി പറഞ്ഞു.

ബാറിന്റെ അറ്റത്തുള്ള കൗണ്ടറിൽ ചാരി നിന്നു കൊണ്ട് സെക്ക് ചോദിച്ചു. “പറയൂ കേണൽ, എന്താണവിടെ സംഭവിച്ചത്...?”

യാഥാർത്ഥ്യത്തിനോട് കഴിയുന്നതും നീതി പുലർത്തിക്കൊണ്ട് മാക്സ് കാര്യങ്ങൾ വിശദീകരിച്ചു. വിജയകരമായി ജക്കോദിനെ ഡ്രോപ്പ് ചെയ്തതും അദ്ദേഹത്തിന്റെ വിമാനത്തെ ME109 കൾ വെടിവെച്ച് വീഴ്ത്തിയതും SS സേനയുടെ പട്രോൾ ഗ്രൂപ്പ് ജീവൻ രക്ഷിച്ചതും എല്ലാം...

“ടർക്വിൻ എവിടെ...? അവനെ കാണാനില്ലല്ലോ ഇവിടെങ്ങും...?” ആകാംക്ഷയോടെ സെക്ക് ചുറ്റിനും നോക്കി.

“ടർക്വിൻ പോയി സെക്ക്... ഞാൻ പുറത്ത് ചാടിയ ഉടൻ തന്നെ വിമാനം ഒരു അഗ്നിഗോളമായി മാറി...”

“അത് കഷ്ടമായിപ്പോയല്ലോ...”

എല്ലാം കേട്ടുകൊണ്ടിരുന്ന ജൂലി അടുക്കളയുടെ വാതിൽക്കൽ വന്നു. “അത് ദാരുണമായിപ്പോയി...”

“ജീവിതമെന്ന് പറഞ്ഞാൽ ഇതൊക്കെയാണ്...” മാക്സ് തുടർന്നു. “മൊർലെയ്ക്‌സ് കൊട്ടാരത്തിലേക്കാണ് അവരെന്നെ കൊണ്ടുപോയത്... ക്രാഷിനെത്തുടർന്ന് എന്റെ മുഖത്ത് പരിക്ക് പറ്റി... മുമ്പുണ്ടായിരുന്ന മുറിവ് വീണ്ടും തുറന്ന് മോശമായി... ഭാഗ്യത്തിന് അവരുടെ കൂട്ടത്തിൽ നല്ലൊരു ഡോക്ടർ ഉണ്ടായിരുന്നു... അദ്ദേഹം വീണ്ടും അത് സ്റ്റിച്ച് ചെയ്തു... അത്ര മോശമായിട്ടൊന്നുമല്ല അവർ എന്നോട് പെരുമാറിയത്... മൊർലെയ്ക്‌സ് കൊട്ടാരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ആ SS പൻസർ യൂണിറ്റ് അവിടെ ഉണ്ടായിരുന്നത് എന്റെ ഭാഗ്യം എന്ന് വേണമെങ്കിൽ പറയാം...”

“പിന്നീടെന്ത് സംഭവിച്ചു...?” ജൂലി ചോദിച്ചു.

“എന്നെ ബെർലിനിലേക്ക് കൊണ്ടുപോകുക എന്നതാണ് ഉദ്ദേശ്യം എന്ന് അവരുടെ സംഭാഷണത്തിൽ നിന്നും ഞാൻ മനസ്സിലാക്കി...  ഗ്രാമത്തിന് വെളിയിൽ ഒരു ലുഫ്ത്‌വാഫ് ഫീഡർ സ്റ്റേഷൻ ഉണ്ടെന്നും എന്നെ കൊണ്ടുപോകാനായി അവർ ഒരു വിമാനം അയക്കുന്നുണ്ടെന്നും ഞാൻ അറിഞ്ഞു...” മാക്സ് തന്റെ കഥ ചൂടു പിടിപ്പിച്ചു. “അങ്ങനെയെങ്ങാനും സംഭവിച്ചാൽ അതോടെ ഞാൻ തീർന്നതു തന്നെ എന്ന് ഞാൻ ഉറപ്പിച്ചു...  രക്ഷപെടാനുള്ള സാദ്ധ്യത തീർത്തും വിരളം... എന്നാൽ  ലളിതവും... ഡിന്നറിന് ചെന്നപ്പോൾ എനിക്ക് തീരെ സുഖമില്ല എന്ന് പറഞ്ഞതിനെത്തുടർന്ന് അവർ ഡോക്ടറെ എന്റെയടുത്തേക്കയച്ചു... അദ്ദേഹം ഒരു ബോക്സ് മോർഫിൻ ആമ്പ്യൂൾസ് എനിക്ക് തന്നു... എന്റെ മുറിയുടെ വാതിൽക്കൽ സ്ഥിരമായി ഒരു ഗാർഡ് ഉണ്ടായിരുന്നു... ഉറങ്ങുന്നത് പോലെ അഭിനയിച്ചു കൊണ്ട് ഞാൻ കട്ടിലിൽ കിടന്നു... പുലർച്ചെ മൂന്നു മണിക്ക് ശേഷം വേണം പുറത്ത് കടക്കാൻ എന്ന് ഞാൻ തീരുമാനിച്ചിരുന്നു... പഴയ ഫാഷനിലുള്ള ബാത്ത് റൂം ആയിരുന്നു ആ മുറിയുടേത്... ടെറസ്സിലേക്ക് തുറക്കുന്ന ഫ്രഞ്ച് ജാലകവും അവിടെ നിന്ന് താഴേക്കിറങ്ങുവാൻ സ്റ്റെയ്ർകെയ്സും...”

“അവിടെ പാറാവുകാർ ആരും ഉണ്ടായിരുന്നില്ലേ...?” സെക്ക് ചോദിച്ചു.

“നിരീക്ഷണത്തിനായി കറങ്ങി നടക്കുന്ന ഒന്നോ രണ്ടോ കാവൽക്കാർ ഉണ്ടായിരുന്നു... സ്റ്റെയർകെയ്സ് ഇറങ്ങി താഴെ എത്തിയ ഞാൻ കണ്ടത് കോമ്പൗണ്ടിനകത്ത് കിടക്കുന്ന ഒരു ക്യൂബൽവാഗൺ ആണ്... തൊട്ടരികിൽ ഒരു സിഗരറ്റും വലിച്ചു കൊണ്ട് നിൽക്കുന്ന അതിന്റെ ഡ്രൈവറും... പൂച്ചെടി വെച്ചിരുന്ന ഇഷ്ടികക്കട്ടകളിൽ ഒരെണ്ണം എടുത്ത് പിന്നിലൂടെ ചെന്ന് അയാളുടെ തലയിൽ ഞാൻ പ്രഹരിച്ചു... അയാളുടെ പക്കൽ നിന്നാണ് ഞാൻ ഈ വാൾട്ടർ തോക്ക് എടുത്തത്... എന്നിട്ട് അയാളുടെ മിലിട്ടറി റെയിൻകോട്ടും സൈഡ് ക്യാപ്പും എടുത്തണിഞ്ഞ് വാഹനവുമായി ഞാൻ കുതിച്ചു...”

“ഇതാ, ബ്രേക്ക്ഫാസ്റ്റ് റെഡി...” ഒരു ട്രേയിൽ കോഴിമുട്ടകളും ഉണക്കി വറുത്ത പന്നിയിറച്ചിയും ടോസ്റ്റും ആയി എത്തിയ ജൂലി അത് മേശപ്പുറത്ത് വച്ചിട്ട് ആകാംക്ഷയോടെ തുടർന്നു. “എന്നിട്ട്...?”

“മൊർലെയ്ക്‌സിലെ എയർസ്ട്രിപ്പിലേക്കാണ് ഞാൻ നേരെ പോയത്... നമ്മുടെ കോൾഡ് ഹാർബർ പോലെ തന്നെ... പക്ഷേ, റൺവേ നീളമുള്ളതാണ്... ഒരു വിധം എല്ലാ വിമാനങ്ങൾക്കും ഇറങ്ങാൻ സാധിക്കും...” മുട്ടയും പന്നിയിറച്ചിയും ആസ്വദിച്ചു കൊണ്ട് മാക്സ് തുടർന്നു. “എന്തായാലും ശരി, അവിടെയുള്ള ഹാങ്കറിൽ ഒരു ME109 ഉം ഏപ്രണിൽ ഒരു സ്റ്റോർക്കും കിടക്കുന്നുണ്ടായിരുന്നു... കനത്ത മഴ... കാവൽക്കാരുടെ അടയാളമെങ്ങും കാണാനുമില്ല... മഴ കാരണം അവർ ഹാങ്കറിനുള്ളിൽ ആയിരുന്നിരിക്കണം... സ്റ്റോർക്കിന്റെ അടുത്ത് ചെന്ന് വണ്ടി നിർത്തിയ ഞാൻ പുറത്തിറങ്ങി വിമാനത്തിന്റെ ഡോർ തുറന്നു നോക്കി... ഫ്യൂവൽ ഗേജ് വച്ച് നോക്കിയാൽ ടാങ്ക് ഫുൾ ആണ്... അപ്പോഴാണ് എന്റെ നേർക്ക് ഓടി വരുന്ന ഒരു കാവൽക്കാരനെ ഞാൻ ശ്രദ്ധിച്ചത്... മറ്റൊന്നും ആലോചിക്കാൻ നിന്നില്ല... അയാളുടെ നേർക്ക് ഞാൻ നിറയൊഴിച്ചു... പിന്നെ ഉള്ളിൽ കയറി എൻജിൻ സ്റ്റാർട്ട് ചെയ്ത് എന്റെ ജീവിതത്തിലെ ഏറ്റവും വേഗതയേറിയ ടേക്ക് ഓഫ്... പിന്നാലെ വന്ന വേറെ രണ്ട് കാവൽക്കാർ തങ്ങളുടെ ഷ്മീസർ കൊണ്ട് വിമാനത്തിന് നേർക്ക് വെടിയുതിർക്കുന്നുണ്ടായിരുന്നു... പക്ഷേ, ഭാഗ്യത്തിന് സാരമായ തകരാറൊന്നും സംഭവിച്ചില്ല... അങ്ങനെ ഞാനിതാ നിങ്ങളുടെ മുന്നിൽ...” ഭക്ഷണം കഴിച്ചവസാനിപ്പിച്ച് അദ്ദേഹം പിറകോട്ട് ചാരിയിരുന്നു. “ഇനിയെനിക്ക് വേണ്ടത് നല്ലൊരു കപ്പ്  കോഫിയാണ്...”

“കോഫിയോ...?” കാലിയായ പാത്രങ്ങൾ അടുക്കി എടുത്തുകൊണ്ടിരുന്ന ജൂലി ചോദിച്ചു. “ഞാൻ കരുതിയത് ചായയാണ് നിങ്ങളുടെ ഇഷ്ടപാനീയം എന്നായിരുന്നല്ലോ...”

രണ്ടാമത്തെ മണ്ടത്തരം...

എന്നാൽ ഇത്തവണയും മാക്സ് സന്ദർഭത്തിനൊത്ത് ഉയർന്നു. “കഴിഞ്ഞ വെള്ളിയാഴ്ച്ച മുതൽ ഞാൻ കുടിച്ചു കൊണ്ടിരിക്കുന്നത് കോഫിയാണ് ജൂലീ... ചായ എന്ന വാക്ക് തന്നെ SS സേനയ്ക്ക് അന്യമാണ്... അപ്പോൾ നിങ്ങൾ പറഞ്ഞത് പോലെ, ചായ തന്നെ പോരട്ടെ...”

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

13 comments:

  1. “കഴിഞ്ഞ വെള്ളിയാഴ്ച്ച മുതൽ ഞാൻ കുടിച്ചു കൊണ്ടിരിക്കുന്നത് കോഫിയാണ് ജൂലീ..."

    ഇത്തവണയും കഷ്ടിച്ച് രക്ഷപെട്ടു.. ഇനി?

    (ഏവർക്കും ഓണാശംസകൾ...)

    ReplyDelete
    Replies
    1. ഇനിയും കിടക്കുന്നു കടമ്പകൾ...

      എല്ലാവർക്കും എന്റെയും ഓണാശംസകൾ...

      Delete
  2. അറിയാതെ വന്ന വാക്കുകൾ വിനയാകാതെ രക്ഷപ്പെട്ടു..ആകാംക്ഷ കൂടുന്നു

    ReplyDelete
    Replies
    1. തലനാരിഴയ്ക്കുള്ള രക്ഷപെടൽ...

      Delete
  3. എവിടെ എങ്കിലുമാരെങ്കിലും ശ്രദ്ധിയ്ക്കേണ്ടത് ആണല്ലോ ഈ പൊരുത്തക്കേടുകൾ...

    ഓണാശംസകൾ!!!

    ReplyDelete
    Replies
    1. എല്ലാവരെയും പറ്റിക്കാൻ പറ്റില്ലല്ലോ...

      Delete
  4. മാക്സിനെ ആരെങ്കിലും തിരിച്ചറിയുമോ? ബാക്കി അറിയാൻ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നു

    ReplyDelete
    Replies
    1. ഇപ്പോൾ പറയൂല്ല... ആകാംക്ഷയോടെ കാത്തിരിക്കുക...

      Delete
  5. ആൾമാറാട്ടം മുതൽ എത്രയെത്ര
    കടമ്പകൾ ചാടിക്കടന്നിട്ടുവേണം അല്ലെ
    ലക്ഷ്യസ്ഥാനത്തെത്താൻ ...!

    ReplyDelete
    Replies
    1. അതെ മുരളിഭായ്... ഒരു ചാരൻ എന്ന നിലയിൽ മുരളിഭായിക്ക് നന്നായി അറിയാമല്ലോ...

      Delete
  6. മാക്സ് ഓരോ പ്രാവശ്യവും രക്ഷപ്പെടുന്നു. ഹാരി ക്ക് എന്ത് സംഭവിച്ചു കാണും?

    ReplyDelete
  7. കോഫി... അല്ല ചായ! ഇനിയെന്തെല്ലാം?

    ReplyDelete