Sunday, December 15, 2019

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 44


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

ആഴമേറിയ ചർച്ചയിൽ മുഴുകിയിരിക്കുന്ന മൺറോയെയും ആബെയുമാണ് തിരികെയെത്തിയ ഹാരി കണ്ടത്. “എന്താണിത്ര ഗഹനമായ ചർച്ച...? യുദ്ധം ജയിക്കുന്ന കാര്യം വല്ലതുമാണോ...?” അവർക്കരികിൽ ഇരുന്നു കൊണ്ട് ഹാരി ചോദിച്ചു.

യുദ്ധം നമ്മൾ വിജയിച്ചു കഴിഞ്ഞു...” ആബെ പറഞ്ഞു. “എപ്പോൾ അവസാനിപ്പിക്കണം എന്നത് മാത്രമേ ഇനി തീരുമാനിക്കാനുള്ളൂ...”

അപ്പോൾ ഫ്യൂറർ അണിയറയിൽ ഒരുക്കുന്ന രഹസ്യ ആയുധങ്ങൾ...? റോക്കറ്റുകൾ...? പലതും കേൾക്കുന്നുണ്ട്... ജെറ്റ് വിമാനങ്ങൾ വരെ നിർമ്മിക്കുവാനുള്ള സാങ്കേതിക വിദ്യ വരെ അവർ കൈവരിച്ചുവെന്നാണ് കേട്ടത്...”

അതെന്തൊക്കെ ആയാലും നമ്മളെ ബാധിക്കില്ല എന്നതാണ് സത്യം...” മൺറോ പറഞ്ഞു. “നമ്മൾ തന്നെ വിജയിക്കും... അതിൽ ഒരു സംശയവുമില്ല... റഷ്യയിലും യൂറോപ്പിലും രക്തരൂഷിതമായ ഏറ്റുമുട്ടൽ വരാനിരിക്കുന്നതേയുള്ളൂ... എന്തൊക്കെയായാലും ഒടുവിൽ വിജയം സുനിശ്ചിതം...”

അതൊരു ജർമ്മൻ സൂക്തമല്ലേ...?”

അതെ... തീർച്ചയായും... ആട്ടെ, അൽപ്പം ഷാംപെയ്ൻ കൂടി ഒഴിക്കട്ടെ...?” മൺറോ ചോദിച്ചു.

വേണ്ട... രാവിലെ ഫ്ലൈയിങ്ങ് ഉള്ളതല്ലേ...”

ബെർലിനിൽ നിന്നും ലഭിച്ച ഒരു വിവരത്തെക്കുറിച്ച് ബ്രിഗേഡിയർ മൺറോ സൂചിപ്പിച്ചു... അത്ര നല്ല വാർത്തയല്ല...” ആബെ പറഞ്ഞു. “ഹിറ്റ്‌ലർക്ക് നേരെ ഒരു വധശ്രമം കൂടി ഉണ്ടായിരിക്കുന്നു... അതേത്തുടർന്ന് ഏതാനും ഓഫീസർമാരെയും രണ്ട് സ്ത്രീകളെയും അറസ്റ്റ് ചെയ്ത് വധശിക്ഷയ്ക്ക് വിധേയമാക്കി പോലും... അവർ എല്ലാവരും ഒരേ ബ്രിജ് ക്ലബ്ബിലെ അംഗങ്ങളാണ്...”

സോ വാട്ട്..?” ഹാരി ചോദിച്ചു.

കാര്യമെന്താണെന്ന് വച്ചാൽ, എൽസയും ആ ക്ലബ്ബിലെ ഒരു അംഗമാണ്...”

ഹാരിയുടെ മുഖം വലിഞ്ഞു മുറുകി. വിരൽ ഞൊടിച്ച് അദ്ദേഹം വെയ്റ്ററെ വിളിച്ചു. “ഒരു ഷാംപെയ്ൻ കൂടി കൊണ്ടുവരൂ...” ഒരു സിഗരറ്റിന് തീ കൊളുത്തിയിട്ട് അദ്ദേഹം മൺറോയുടെ നേർക്ക് തിരിഞ്ഞു. “നൗ റ്റെൽ മീ...”

എല്ലാം കേട്ടു കഴിഞ്ഞ് കുറച്ച് നേരത്തേക്ക് ഹാരി ഒന്നും മിണ്ടിയില്ല. പിന്നെ ചോദിച്ചു. “ബെർലിനിൽ ഇപ്പോഴും കണക്ഷൻ ഉണ്ടോ താങ്കൾക്ക്...?”

തീർച്ചയായും... അവരുടെ ആംഡ് സർവ്വീസിൽ പോലും നമ്മുടെ ആൾക്കാരുണ്ട്... അവരാൽ കഴിയുന്ന വിവരങ്ങൾ നമുക്ക് ചോർത്തിത്തരുന്നുണ്ട്...”

അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിൽ എന്റെ അമ്മ ഇല്ല എന്നത് ഉറപ്പാണോ...?”

നൂറ് ശതമാനവും ഉറപ്പ്, ഹാരീ... സമൂഹത്തിൽ അവരുടെ സ്ഥാനം വളരെ ഉയരെയാണ്... ഗൂറിങ്ങുമായി വളരെ അടുത്ത ബന്ധമാണ് അവർ പുലർത്തുന്നത്...” അദ്ദേഹം തലയാട്ടി. “എന്നിരുന്നാലും ബ്രിജ് ക്ലബ്ബിലെ ആ കൂട്ടുകെട്ട് ഗെസ്റ്റപ്പോയുടെ കണ്ണിലെ കരടായി നിലനിൽക്കും എന്നത് നാം കാണാതിരുന്നു കൂടാ... നാസികളുമായി അത്ര നല്ല ബന്ധത്തിലല്ല അവർ എന്നാണ് ഞാനറിഞ്ഞത്... പ്രഭ്വി എന്ന ആ സ്ഥാനമാണ് ഇപ്പോഴും അവരെ സംരക്ഷിച്ച് നിർത്തുന്നത്...”

പക്ഷേ, എത്ര കാലത്തേക്ക്...?”

എന്തായാലും, അവർ അൽപ്പം കരുതിയിരിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്...” മൺറോ പറഞ്ഞു.

വെൽ... ഇപ്പോൾ നടന്ന സംഭവങ്ങളുടെ ഷോക്ക് അവൾക്ക് ഒരു പുനർചിന്തനത്തിന് വഴിയൊരുക്കും എന്ന് ആശിക്കാം നമുക്ക്...” ആബെ പറഞ്ഞു.

ഇല്ല മുത്തശ്ശാ... എന്തൊക്കെ ആഘാതം ഏറ്റിട്ടും ഒരു പുനർചിന്തനത്തിനും മൂട്ടി ഇതുവരെ തയ്യാറല്ല എന്നതാണ് വാസ്തവം...” ഹാരിയ്ക്ക് ദ്വേഷ്യം നിയന്ത്രിക്കാനായില്ല.

നിങ്ങളെപ്പോലെ തന്നെ...” മൺറോ പറഞ്ഞു.

ഹാരി പൊട്ടിച്ചിരിച്ചു. “ഓകെ ബ്രിഗേഡിയർ, ഓകെ... എന്നാലും ഇത്തവണ അവർ ഒരു പാഠം പഠിക്കുമെന്നാണ് ഞാൻ കരുതുന്നത്...”

എന്ന് പ്രത്യാശിക്കാം നമുക്ക്...” ആബെ പറഞ്ഞു.

മുഖ്യപരിചാരകൻ ഒരു വലിയ എൻവലപ്പുമായി അങ്ങോട്ടെത്തി. “അവിടെ ആ കോർണറിലുള്ള ഷോപ്പിലെ ഫോട്ടോഗ്രാഫർ ഏൽപ്പിച്ചിട്ട് പോയതാണ്, വിങ്ങ് കമാൻഡർ...”

താങ്ക്സ്...” കവർ തുറന്ന ഹാരി കണ്ടത് നാല് പ്രിന്റുകളാണ്. “അയാൾക്ക് എന്നെ നല്ല ബഹുമാനമാണല്ലോ... രണ്ട് കോപ്പിയാണ് ഞാൻ ചോദിച്ചത്... ഇതിപ്പോൾ നാലെണ്ണമുണ്ട്...”

മനോഹരമായ ഷോട്ട് ആയിരുന്നു അത്. സവോയ് ഹോട്ടൽ പശ്ചാത്തലമാക്കി അതിന്റെ കവാടത്തിൽ വച്ച് എടുത്ത ചിത്രം. “ഒന്ന് മോളിയ്ക്ക് കൊടുത്തേക്കൂ... ഒന്ന് താങ്കളുടെ കൈവശവും ഇരിക്കട്ടെ... മുത്തശ്ശന്റെ കൈയ്യിലും ഇരിക്കട്ടെ ഒന്ന്...” തന്റെ പേഴ്സ് എടുത്ത് അളവ് നോക്കിയിട്ട് ഹാരി വെയ്റ്ററെ വിളിച്ചു. “കത്രിയുണ്ടാവില്ലേ നിങ്ങളുടെ കൈയ്യിൽ...? ഈ പേഴ്സിൽ ഫിറ്റ് ആവുന്ന സൈസിൽ കട്ട് ചെയ്ത് കൊണ്ടു വരൂ...”

സന്തോഷമേയുള്ളൂ സർ...”

ഹാരി തന്റെ ഷാംപെയ്ൻ ഗ്ലാസ് കാലിയാക്കി. “ഇനി നേരെ കിടക്കയിലേക്ക്... ക്രോയ്ഡണിലേക്ക് പോകാനുള്ളതല്ലേ... രാവിലെ നേരത്തേ എഴുന്നേൽക്കണം മുത്തശ്ശാ...”

ശരിയാണ്...”

വെയ്റ്റർ പേഴ്സും ഫോട്ടോയുമായി തിരികെയെത്തി. “വളരെ നന്ദി...” ഫോട്ടോ പേഴ്സിനുള്ളിൽ തിരുകി വച്ചുകൊണ്ട് ഹാരി പറഞ്ഞു.

ബ്രിഗേഡിയർ, മോളിയോട് പറഞ്ഞേക്കൂ, അവൾ എപ്പോഴും എന്റെ ഹൃദയത്തിൽത്തന്നെ ഉണ്ടെന്ന്... അപ്പോൾ ശരി, കാണാം നമുക്ക്...” ഹാരി പുറത്തേക്ക് നടന്നു.

                                                                ***

വെസ്റ്റ്ബേൺ ഗ്രോവിലുള്ള ചെറിയൊരു കഫേയിൽ തങ്ങളുടെ പതിവ് ടേബിളിനരികിൽ ഇരിക്കുകയാണ് സാറാ ഡിക്സണും ഫെർണാണ്ടോ റോഡ്രിഗ്സും.

കാര്യമായ സംഭവ വികാസങ്ങളൊന്നും തന്നെയില്ല...” അവൾ പറഞ്ഞു. “ക്രോയ്ഡണിൽ നിന്നും സൗത്ത്‌വിക്കിലേക്ക് ഐസൻഹോവറിനെ കൊണ്ടുപോകുന്ന സ്പെഷൽ ഡ്യൂട്ടി പൈലറ്റുമാരുടെ ലിസ്റ്റ് കിട്ടിയിട്ടുണ്ട്... ഈ അടുത്തിടെയായി അവിടുത്തെ ലാൻഡിങ്ങ് സ്ട്രിപ്പ് കുറെയധികം ഉപയോഗിക്കുന്നുണ്ടവർ... ലണ്ടനിൽ നിന്നും അങ്ങോട്ടും ഇങ്ങോട്ടും...”

നാളെ അദ്ദേഹവുമായി പറക്കുന്ന ഈ വിങ്ങ് കമാൻഡർ കെൽസോ...” ഫെർണാണ്ടോ പറഞ്ഞു. “അദ്ദേഹത്തെക്കുറിച്ചുള്ള എന്ത് വിവരമായാലും വേണമെന്നല്ലേ ബെർലിനിൽ നിന്നുമുള്ള നിർദ്ദേശം...?”

അതെ... കൊറിയർ സർവ്വീസ് വിമാനങ്ങൾ ഇപ്പോൾ സ്ഥിരമായി പറപ്പിക്കുന്നത് അദ്ദേഹമാണ്... പക്ഷേ, അതിലും പ്രധാനപ്പെട്ടത് മറ്റൊന്നാണ്... സ്പെഷൽ ഡ്യൂട്ടീസ് വിഭാഗത്തിലാണ് കുറേ നാളായി അദ്ദേഹം... ഞാൻ നേരത്തെ സൂചിപ്പിച്ചത് പോലെ, എല്ലാം ബന്ധിപ്പിക്കുന്നത് ടെംപ്സ്ഫോഡ്, ടാംഗ്‌മിയർ, പിന്നെ സ്വാഭാവികമായും കോൾഡ് ഹാർബർ എന്നീ എയർസ്ട്രിപ്പുകളെയാണ്...”

ഗുഡ്...” അയാൾ ആ പേപ്പറുകൾ മടക്കി പോക്കറ്റിൽ നിക്ഷേപിച്ചു. “എന്നാൽ ശരി, നമുക്കിനി കഴിച്ചാലോ...?”

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

22 comments:

  1. ചാരന്മാർ നന്നായി പണിയെടുക്കുന്നുണ്ട് !!

    കൊറിയർ വിമാനങ്ങൾ സ്ഥിരമായി പറത്തുന്നത് ഹാരിയ്ക്ക് പാരയാവുമോ?

    “മോളിയോട് പറഞ്ഞേക്കൂ, അവൾ എപ്പോഴും എന്റെ ഹൃദയത്തിൽത്തന്നെ ഉണ്ടെന്ന്…”

    ReplyDelete
    Replies
    1. ഹാരിയ്ക്ക് പാരയാവുമോ എന്ന് ചോദിച്ചാൽ.... വിവരങ്ങൾ അപ്പഴപ്പോൾ ബെർലിനിൽ എത്തുന്നുണ്ട്...

      Delete
    2. മോളി യെ വീടുല്ല ല്ലേ

      Delete
  2. This comment has been removed by the author.

    ReplyDelete
  3. മോളി...! ഹാ... വീണ്ടും ആ പേര്....!

    ReplyDelete
  4. മോളി ....!ഹാ.. വീണ്ടും ആ പേര്...!

    ReplyDelete
    Replies
    1. മോളി... മോളി സോബെൽ.... അശോകേട്ടന്റെ മോളി പ്രിയോർ ഉടൻ തന്നെ "ഈഗ്‌ൾ ഹാസ് ലാന്റഡ്" ൽ എത്തുന്നതായിരിക്കും... കാത്തിരിക്കുക....

      Delete
  5. മൂട്ടി ഇപ്രാവശ്യം കൂടി രക്ഷപ്പെട്ടു

    ReplyDelete
    Replies
    1. നാരോ എസ്കേപ്പ്... പക്ഷേ എത്ര നാൾ...?

      Delete
  6. Replies
    1. മനസ്സിലായില്ലല്ലോ ഉണ്ടാപ്രീ.‌..

      Delete
  7. മൂട്ടിയെകുറിച്ച്‌ ഹാരിയുടെ ആശങ്ക, പിന്നെ ദേഷ്യം..

    ReplyDelete
    Replies
    1. ജർമ്മൻകാരിയാണെങ്കിലും സ്വന്തം അമ്മയല്ലേ...

      Delete
  8. വിനുവേട്ടാ...ഒരു പടിയയും കിട്ടിയില്ല.ഓഡിക്ക് നിന്ന് കയറിയതിനാൽ.ഒന്നിൽ നിന്ന് തുടങ്ങാമോ ന്ന് നോക്കട്ടെ ട്ടാ

    ReplyDelete
    Replies
    1. സന്തോഷം മരമേ.... ഇടയ്ക്ക് വച്ച് മരത്തിൽ കയറാൻ പറ്റുമോ...? മരത്തിന്റെ ചുവട്ടിൽ നിന്ന് കയറിത്തുടങ്ങണ്ടേ...? :P

      Delete
    2. വിനുവേട്ടാ..ഒരുകാലത്ത് അഗതാ ക്രിസ്റ്റി,കൊനാൻ ഡോയൽ, ഇങ്ങേ അറ്റ ത്ത് ബാറ്റൻ ബോസ്,കോട്ടയം പുഷ്പനാഥ്‌ ഒക്കെ വായിരിച്ചിരുന്നതാണ്...
      ഞാൻ പതിയെ തുടക്കം തൊട്ട് വരുന്നുണ്ട്..ട്ടാ
      മരത്തിൽ എപ്പോ വേണേലും കയറാവുന്നതാണ്...ട്ടാ...
      മരം വെൽകമ്സ് യൂ വിത് ലൗ

      Delete
    3. ഞാനും വരുന്നുണ്ട് മരത്തിൽ കയറാൻ... ജാഗ്രതൈ... :)

      Delete
    4. ഹാരിയെ നോട്ടപ്പുള്ളി ആക്കിയേക്കുവാണോ?

      Delete
  9. പണി വരുന്നുണ്ടല്ലേ??

    ReplyDelete
  10. വിലപ്പെട്ട വിവരങ്ങളുമായി ചാരമാർ പറ പറക്കുകയാണ് ..ക്രോയ്ഡനിൽ നിന്നും സൗത്ത്വിക്ക് പിന്നെ ലണ്ടൻ ശേഷം ബെർലിൻ 

    ReplyDelete
    Replies
    1. അവർ തലങ്ങും വിലങ്ങും പറക്കട്ടെ മുരളിഭായ്...

      Delete