Sunday, November 10, 2019

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 40


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

വിൽഹെംപ്ലാറ്റ്സിൽ നിന്നും പുറത്തേക്ക് കടന്ന ഹിംലറുടെ മെഴ്സെഡിസ് കാർ ഫോസ്‌ട്രാസയിലൂടെ റൈ ചാൻസലറിയുടെ നേർക്ക് നീങ്ങി. കമനീയമായ ആ കെട്ടിട സമുച്ചയത്തിനടിയിലായിരുന്നു ഫ്യൂററുടെ ബങ്കർ നിലകൊണ്ടിരുന്നത്. മുപ്പത് മീറ്റർ കനത്തിൽ കോൺക്രീറ്റിൽ നിർമ്മിക്കപ്പെട്ട ആ അണ്ടർഗ്രൗണ്ട് ഹെഡ്ക്വാർട്ടേഴ്സ്, സഖ്യകക്ഷികൾ ബെർലിന് മുകളിൽ വർഷിക്കുന്ന ഏത് തരം ബോംബിൽ നിന്നും അദ്ദേഹത്തിന് സുരക്ഷയൊരുക്കാൻ പര്യാപ്തമായിരുന്നു.

റാംപിലേക്ക് കയറി ബ്രേക്ക് ചെയ്ത മെഴ്സെഡിസിനരികിലേക്ക് ഒരു കാവൽക്കാരൻ നടന്നടുത്തു. കാറിനുള്ളിൽ റൈഫ്യൂറർ ആണെന്ന് അറിയാമായിരുന്നുവെങ്കിലും അയാൾ അദ്ദേഹത്തിന്റെ തിരിച്ചറിയൽ രേഖകൾ പരിശോധനക്കായി ആവശ്യപ്പെട്ടു. അതായിരുന്നു സുരക്ഷാ സേനയ്ക്ക് ഹിംലർ നൽകിയിരുന്ന കർശന നിർദ്ദേശം. രേഖകൾ പരിശോധിച്ച കാവൽക്കാരൻ സല്യൂട്ട് ചെയ്തിട്ട് അവ അദ്ദേഹത്തിന് തിരികെ കൊടുത്തു. കാറിൽ നിന്ന് ഇറങ്ങിയ ഹിംലർ താഴെ ബങ്കറിലേക്ക് നടന്നു.

അരണ്ട വെട്ടത്തിൽ വെന്റിലേറ്റിങ്ങ് സിസ്റ്റത്തിന്റെ ഇലക്ട്രിക്ക് ഫാനുകളുടെ മുരൾച്ചയും കേട്ട് അന്തമില്ലാത്ത ഇടനാഴികൾ താണ്ടി അദ്ദേഹം മുന്നോട്ട് നടന്നു. മറ്റൊരു സെൻട്രി കാവൽ നിൽക്കുന്ന ഒരു വാതിലിന് മുന്നിലാണ് അദ്ദേഹം ചെന്ന് നിന്നത്. ആംഗ്യം കാണിച്ചതും വാതിൽ തുറന്ന് അയാൾ ഹിംലറെ ഉള്ളിലേക്ക് കടത്തി വിട്ടു. ആ ഹാളിലെ ജനറൽ മാപ്പ് ടേബിളിന് ചുറ്റും ഗീബൽസ്, വോൺ റിബ്ബൻട്രോപ്പ്, മാർട്ടിൻ ബോർമാൻ, അഡ്മിറൽ കാനറീസ് എന്നിവർ നിൽക്കുന്നുണ്ട്. തൊട്ടടുത്തുള്ള തന്റെ സ്വകാര്യ ഓഫീസ് റൂമിൽ നിന്നും ഫ്യൂററുടെ ഗർജ്ജനം ഉയർന്നു കേൾക്കാമായിരുന്നു.

എന്താണ് സംഭവം...?” ഹിംലർ ബോർമാനോട് ചോദിച്ചു.

ദ്വേഷ്യത്തിലാണ് അദ്ദേഹം...”

ഹിറ്റ്‌ലറുടെ ഓഫീസ് റൂമിന്റെ വാതിൽ തുറന്ന് ഫീൽഡ് മാർഷൽ വോൺ റൺസ്റ്റെഡ്, റോമൽ, ഫീൽഡ് മാർഷൽ വോൺ ക്ലൂഗ് എന്നിവർ പുറത്തേക്ക് വന്നു. തൊട്ടു പിന്നിൽത്തന്നെ ഫ്യൂററും ഉണ്ടായിരുന്നു.

ഗോ ഓൺ... ഗെറ്റൗട്ട്....” ഫ്യൂറർ അലറി. “എന്നിട്ട് അല്പമെങ്കിലും കോമൺ സെൻസുമായി വരൂ... അല്ലാതെ ഇങ്ങോട്ട് വരികയേ വേണ്ട...”

വിഷാദമഗ്നരായി അവർ പുറത്തേക്ക് നടന്നു. റോമലിന്റെ മുഖം വല്ലാതെ വിളറിയിരുന്നു. ഹിറ്റ്‌ലർ ആ ഹാളിലുണ്ടായിരുന്നവരുടെ നേർക്ക് തിരിഞ്ഞു. “ഈ മാപ്പ്... ഈ ചാനൽ... ഫ്രാൻസ്...” അദ്ദേഹം പറഞ്ഞു.  ശത്രു എവിടെ വന്ന് ലാൻഡ് ചെയ്യുമെന്ന് മാത്രമാണ് അവർക്ക് പറയാനുണ്ടായിരുന്നത്... പാസ് ഡി കലൈസ് അല്ലെങ്കിൽ നോർമൻഡി... എവിടെയായാലെന്താ...? ബീച്ചിൽ വച്ച് തന്നെ നാം അവരെ തകർത്ത് തരിപ്പണമാക്കുക തന്നെ ചെയ്യും... ശരിയല്ലേ...?”

സ്വാഭാവികമായും ഫ്യൂറർ...” ബോർമാൻ പറഞ്ഞു.

അതു കൊണ്ടാണ് ഞാൻ പറയുന്നത്... അവർ എവിടെ ലാൻഡ് ചെയ്യുന്നു എന്നതല്ല നമ്മുടെ പ്രശ്നം... കുറച്ചു കൂടി ഉപകാരപ്രദമായ റിപ്പോർട്ടുകളുമായി ഈ വിഡ്ഡികൾക്ക് വന്നാലെന്താണ്...?” തന്റെ തുടയിൽ ആഞ്ഞടിച്ചിട്ട് അദ്ദേഹം ഉറക്കെ ചിരിച്ചു. “ജെന്റ്‌ൽമെൻ... ഉപകാരപ്രദം എന്ന വാക്കു കൊണ്ട് ഞാൻ ഉദ്ദേശിച്ചത് എന്താണെന്ന് നിങ്ങൾക്ക് മനസ്സിലായോ...? ശരിക്കും ഞാൻ ഉദ്ദേശിച്ചത്...?”

പരിഭ്രാന്തിയോടെ അവർ അദ്ദേഹത്തെ നോക്കി. ഹിംലറാണ് ആദ്യം വായ് തുറന്നത്. “എന്താണത് ഫ്യൂറർ...?”

ഐസൻഹോവറുടെ തലയിൽ ബോംബിടുക... അദ്ദേഹമാണവരുടെ നേതാവ്... അദ്ദേഹമാണ് ശത്രുപക്ഷത്തിന്റെ തലച്ചോറ്... അദ്ദേഹമാണ് നമ്മുടെ യഥാർത്ഥ എതിരാളി... അദ്ദേഹം ഇല്ലാതായാൽ പിന്നെ അവർ ഇരുട്ടിൽ തപ്പും... മോൺഗോമറി വെറും ഒരു വിദൂഷകൻ മാത്രമാണ്...”

എപ്പോഴും എന്നത് പോലെ താങ്കൾ പറയുന്നത് ശരിയാണ് ഫ്യൂറർ...” ഹിംലർ പറഞ്ഞു. “ഒരു ലക്ഷ്യത്തിലേക്ക് ഒന്നല്ലെങ്കിൽ മറ്റൊരു മാർഗ്ഗം ഉണ്ടാവുക തന്നെ ചെയ്യും... അബ്ഫെറിന്റെ ഇംഗ്ലണ്ടിലെ രഹസ്യ സംഘടന പൂർണ്ണമായും നശിപ്പിക്കപ്പെട്ടത് ദയനീയം തന്നെ...” അദ്ദേഹം കാനറീസിന്റെ നേർക്ക് ഒന്ന് നോക്കി. “വളരെ വ്യക്തമായ ഒരു പരിഹാര മാർഗ്ഗമുണ്ടായിരുന്നു... ലളിതമായൊരു കൊലപാതകം... പക്ഷേ, ഇനിയിപ്പോൾ അത് ചെയ്യുവാൻ പറ്റിയ ആരും തന്നെ അവിടെയില്ല എന്നതാണ് പരമാർത്ഥം...”

കാനറീസ് അങ്ങേയറ്റം പരവശനായി കഴിഞ്ഞിരുന്നു. അതു ശ്രദ്ധിച്ച ഹിറ്റ്‌ലർ സ്വാന്തന സ്വരത്തിൽ പറഞ്ഞു. “നിങ്ങളുടെ കുറ്റമല്ല ജനറൽ... യുദ്ധത്തിൽ ഭാഗ്യം കൂടി തുണയ്ക്കണം...” അദ്ദേഹം ഹിംലറുടെ നേർക്ക് തിരിഞ്ഞു. “എങ്കിലും നിങ്ങൾ പറഞ്ഞ കാര്യം ആഹ്ലാദദായകം തന്നെ റൈഫ്യൂറർ... ആ വിഷയത്തെക്കുറിച്ച് ചിന്തിക്കുന്നതിൽ തെറ്റില്ല എന്നെനിക്ക് തോന്നുന്നു...”

പിന്നീട് തന്റെ ഓഫീസിൽ വച്ച് ഹിംലർ, ബുബി ഹാർട്മാനോട് പറഞ്ഞു. “ഫ്യൂറർ പറഞ്ഞ കാര്യങ്ങളൊക്കെയും ഞാൻ നിങ്ങളോട് പറഞ്ഞു കഴിഞ്ഞു... ഇനി പറയൂ... ഈ ദൗത്യം ഏറ്റെടുക്കുവാൻ കഴിവുള്ള ആരെങ്കിലുമുണ്ടോ നിങ്ങളുടെ ഇംഗ്ലീഷ് ഏജന്റുമാരിൽ...?”

ആരും തന്നെയില്ല എന്ന് പറയേണ്ടി വരുന്നതിൽ ഖേദമുണ്ട് റൈഫ്യൂറർ... ഐസൻഹോവറിന് നൽകിയിട്ടുള്ള സുരക്ഷയെക്കുറിച്ച് നമുക്ക് ചിന്തിക്കാൻ പോലുമാവില്ല... പിന്നെ ഒരു മാർഗ്ഗമുള്ളത് IRA ആണ്... ഒരു വാടക കൊലപാതകത്തിനായി അവരെ ഒന്ന് സമീപിച്ച് നോക്കിയാലോ...?”

നോൺസെൻസ്...” ഹിംലർ പറഞ്ഞു. “അവർ ചെയ്യുന്നതെല്ലാം മണ്ടത്തരമായിരിക്കും... അപരിഷ്കൃത വർഗ്ഗം... എന്നാലും തീർത്തും തള്ളിക്കളയാൻ വരട്ടെ... അവരുടെ കാര്യവും മനസ്സിൽ വച്ചോളൂ കേണൽ...”

തന്റെ ഓഫീസിലെത്തി കോണ്യാക്ക് നുണഞ്ഞു കൊണ്ടിരിക്കവെ നടന്ന സംഭവങ്ങളെല്ലാം ഹാർട്മാൻ ട്രൂഡിയോട് പറഞ്ഞു.

ഐസൻഹോവറെ വധിക്കുകയോ...?” അവൾ ചോദിച്ചു.

നടക്കാത്ത മനോഹരമായ സ്വപ്നം...” അദ്ദേഹം ഗ്ലാസ് ഉയർത്തി. “എനിക്കും നിനക്കും വേണ്ടി ട്രുഡീ... ഈ ഭ്രാന്തൻ ലോകത്ത് സ്ഥിരബുദ്ധിയുള്ളവർ നാം രണ്ടു പേർ മാത്രമേയുള്ളൂ എന്ന് തോന്നുന്നു...”

                                                                ***

ലണ്ടനിൽ എത്തിയ ആബെ കെൽസോ സവോയ് ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തു. റൂമിൽ എത്തിയ ഉടൻ തന്നെ അദ്ദേഹം ശ്രമിച്ചത് ഹാരിയെ കോൺടാക്റ്റ് ചെയ്യുവാനാകുമോ എന്നായിരുന്നു. ആ ശ്രമത്തിനൊടുവിൽ എയർ വൈസ് മാർഷൽ വെസ്റ്റിനെയാണ് അദ്ദേഹത്തിന് ലൈനിൽ കിട്ടിയത്.

എന്റെ പൗത്രൻ താങ്കളുടെ അസിസ്റ്റന്റ് ആയി വർക്ക് ചെയ്യുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്...” ആബെ പറഞ്ഞു.

എന്ന് പറയാം സെനറ്റർ... പക്ഷേ, സംഭവം അല്പം കെട്ട് പിണഞ്ഞതാണ്... സ്പെഷൽ ഡ്യൂട്ടീസ് സ്ക്വാഡ്രണ് വേണ്ടിയാണ് അയാൾ പ്രവർത്തിക്കുന്നത്... ശത്രുവിമാനങ്ങളിലുള്ള അയാളുടെ പ്രവൃത്തി പരിചയമാണ് അതിന് കാരണമെന്ന് കൂട്ടിക്കോളൂ... പലപ്പോഴും ശത്രുവിമാനങ്ങൾ നമ്മുടെ കൈകളിൽ എത്തിപ്പെടാറുണ്ട്... അത്തരം അവസരങ്ങളിൽ ഹാരിയാണ് ഞങ്ങളുടെ ചീഫ് ടെസ്റ്റ് പൈലറ്റ്...”

എനിക്ക് അവനെ കാണാൻ സാധിക്കില്ല എന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്...?”

അങ്ങനെയല്ല സർ... അയാൾ ഇപ്പോൾ ഇവിടെയില്ല എന്നതാണ് സത്യം... സ്കോട്ട്ലണ്ടിലാണ് അയാളിപ്പോൾ... നോർവേയിൽ നിന്നും ടേക്ക് ഓഫ് ചെയ്ത ഒരു ജങ്കേഴ്സ് 88 S അബദ്ധത്തിൽ അവിടെ ലാന്റ് ചെയ്തു... ആ വിമാനം ചെക്ക് ചെയ്യുവാനായി പോയിരിക്കുകയാണ് ഹാരി... എനിമി എയർക്രാഫ്റ്റ് ഫ്ലൈറ്റുകൾക്കായുള്ള സ്പെഷൽ എയർബേസിലേക്ക് വിമാനം പറത്തിക്കൊണ്ടു വരുന്നത് അയാളാണ്... പക്ഷേ, അതിന് ഏതാനും ദിവസങ്ങൾ കൂടി വേണ്ടി വന്നേക്കാം... താങ്കൾ വരുന്ന കാര്യം നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഹാരിയെ അങ്ങോട്ട് അയക്കില്ലായിരുന്നു...”

എന്റെ വരവ് ടോപ്പ് സീക്രറ്റ് ആയിരുന്നു... മിലിട്ടറിയുടെ ഫോർട്രെസ് വിമാനത്തിലാണ് ഞാൻ എത്തിയത്... പ്രശ്നമെന്താണെന്ന് വച്ചാൽ ആറ് ദിവസം മാത്രമേ ഞാനിവിടെ ഉണ്ടാവൂ... പല കാര്യങ്ങളും ചെയ്തു തീർക്കാനുണ്ട്... വിൻസ്റ്റൺ ചർച്ചിലിനെയും ഐസൻഹോവറിനെയും കൂടാതെ മറ്റു പലരെയും കാണാനുണ്ട് എനിക്ക്... എങ്കിലും ഹാരിയെ കാണുക എന്നതിനായിരുന്നു അതിൽ മുൻഗണന... ഏറ്റവുമൊടുവിൽ ഞാനവനെ കണ്ടത് 1939 നവംബറിലാണ്... ഫിൻലണ്ടിലേക്ക് പോകുന്നതിന് തൊട്ടു മുമ്പ്...” ആബെ പറഞ്ഞു.

താങ്കളുടെ അവസ്ഥ മനസ്സിലാക്കുന്നു... അയാളുമായി ഞാനൊന്ന് സംസാരിച്ചു നോക്കട്ടെ, തിരിച്ചു വരവ് നേരത്തെയാക്കാൻ പറ്റുമോ എന്ന്...”

ഒരു കാര്യം കൂടി... അവൻ ഇനിയും US എയർഫോഴ്സിലേക്ക് മാറ്റം വാങ്ങിയിട്ടില്ല...”

അയാൾക്ക് അതിൽ ഒട്ടും താല്പര്യമില്ല സെനറ്റർ...”

വെൽ... എത്രയും പെട്ടെന്ന് മാറണമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ആവശ്യപ്പെട്ടിരിക്കുന്നത്... ഇനിയും അത് വൈകിക്കുന്നത് അംഗീകരിക്കാനാവില്ലത്രെ...”

തികട്ടി വന്ന ദ്വേഷ്യം അടക്കുവാൻ വെസ്റ്റ് ഒരു ദീർഘശ്വാസം എടുത്തു. “ഇത് എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു സെനറ്റർ... ശത്രുവിമാനങ്ങളെ വെടിവെച്ചിടുന്നതിന്റെ ക്രെഡിറ്റ് സ്കോർ അവകാശപ്പെടാതിരിക്കുന്നതിൽ പ്രസിദ്ധനാണ് ഹാരി... എന്റെ അഭിപ്രായത്തിൽ RAF ലെ ടോപ്പ് സ്കോറർ ആണ് അയാൾ... ഞാനറിയുന്നതിൽ ഏറ്റവും മികച്ച പൈലറ്റും... എന്റെ വാക്കുകൾ അതിര് വിടുന്നുവെങ്കിൽ ക്ഷമിക്കണം... താങ്കളുടെ എയർഫോഴ്സിലെ ഉന്നതരിൽ നിന്നും വരുന്ന സമ്മർദ്ദം വളരെ വലുതാണ്... അവരാണ് പ്രശ്നം വഷളാക്കുന്നത്... താങ്കളുടെ പൗത്രന് എന്ത് പ്രായമുണ്ട്...? ഇരുപത്തിയാറ്...? കഴിഞ്ഞ അഞ്ച് വർഷമായി ഫൈറ്റർ പൈലറ്റ് ആയി ജോലി നോക്കുന്നു... ഹീ ഷുഡ്ന്റ് ബീ ഹിയർ... ബട്ട് ഹീ ഈസ്...”

താങ്ക് ഗോഡ് ഫോർ ഇറ്റ്...” ആബെ പറഞ്ഞു. “അക്കാര്യത്തിൽ നിങ്ങളെപ്പോലെ തന്നെ എനിക്കും ദ്വേഷ്യമുണ്ട്... എന്നാൽ ശരി, ഞാൻ പിന്നെ വിളിക്കാം... ജനറൽ ഐസൻഹോവറുമായി ഒരു അടിയന്തിര മീറ്റിങ്ങ് ഉണ്ട്, ഹേയ്സ് ലോഡ്ജിൽ വച്ച്...”

ശരി സെനറ്റർ... തിരിച്ചു പോകുന്നതിന് മുമ്പ് നമുക്ക് നേരിൽ കാണാൻ സാധിക്കുമെന്ന് കരുതുന്നു...” വെസ്റ്റ് പറഞ്ഞു.

തീർച്ചയായും... യൂ ക്യാൻ കൗണ്ട് ഓൺ ഇറ്റ്...”

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

20 comments:

  1. ഈ ഭ്രാന്തൻ ലോകത്ത് സ്ഥിരബുദ്ധിയുള്ളവർ !! എത്ര മനോഹരമായ സ്വപ്നം..

    (ഏറെക്കാലത്തിന് ശേഷം തേങ്ങയടിക്കുന്നു..)

    ReplyDelete
    Replies
    1. സന്തോഷമായി ജിമ്മാ സന്തോഷമായി...

      Delete
  2. സ്ഥിരബുദ്ധിയുള്ളവരെ യുദ്ധകാലത്ത് കണ്ടെത്തുക പ്രയാസം തന്നെ...


    ReplyDelete
    Replies
    1. സ്ഥിരബുദ്ധി ഇല്ലാത്തതുകൊണ്ടാണല്ലോ യുദ്ധങ്ങൾ ഉണ്ടാകുന്നത്...

      Delete
  3. മീറ്റിംഗ് ന്റെ സമയത്ത് ഐസൻ ഹോവർ നു എതിരെ attack ഉണ്ടാവുമോ?

    ReplyDelete
    Replies
    1. ഹേയ്, അതിനുള്ള സാദ്ധ്യത കുറവാണ്...

      Delete
  4. ഹിറ്റ്‌ലറുമായുള്ള സംഭാഷണങ്ങൾ വളരെ കുറഞ്ഞു പോയി.

    ReplyDelete
    Replies
    1. ഇതൊന്നും പോരാ അല്ലേ ഇയാൾക്ക്...? :)

      Delete
  5. ഹാരിയെ ഏങ്ങും കാണാനേയില്ലല്ലൊ... ആ സഹോദരങ്ങൾ ഇനിയും കണ്ടുമുട്ടിയില്ലേ...... ?

    ReplyDelete
    Replies
    1. സമയമാകുന്നതേയുള്ളു അശോകേട്ടാ...

      Delete
  6. ഗർജ്ജിക്കുന്ന സിംഹം തന്നെ ഫ്യൂറർ

    ReplyDelete
  7. ഇന്നലെ ഇവിടെ Remembrance Day പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി. യുദ്ധങ്ങളിൽ മരിച്ച സൈനികരെ ആദരിക്കുന്ന ചടങ്ങ്. പരേഡിൽ കരഞ്ഞു കൊണ്ട് നടന്നിരുന്ന സ്ത്രിയുടെ മുഖം മറക്കാൻ പറ്റുന്നില്ല. ഈ ഭ്രാന്തുകളുടെയെല്ലാം ബാക്കി പത്രം!

    ReplyDelete
    Replies
    1. എന്തു ചെയ്യാം... ഈ ലോകം ഇങ്ങനെയായിപ്പോയില്ലേ... :(

      Delete
  8. യുദ്ധമുഖങ്ങൾക്കുള്ളിൽ
    തന്ത്രങ്ങൾ രൂപവൽക്കരിക്കുന്ന കാഴ്‌ച്ചകൾ ...
    പിന്നെ
    ആമസോണിൽ ഇപ്പോള് ലോകമഹായുദ്ധത്തിന്റെ
    ശരിക്കുള്ള ഡോക്യുമെന്ററികൾ ലഭ്യമാണ് 

    ReplyDelete
    Replies
    1. എന്തെല്ലാം എന്തെല്ലാം അല്ലേ മുരളിഭായ്...

      Delete