Saturday, November 2, 2019

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 39


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

റിപ്പോർട്ട് പരിശോധിച്ചു നോക്കിയിട്ട് ഹിംലർ തല കുലുക്കി. “എല്ലാം വളരെ വ്യക്തം... ഈ രാജ്യദ്രോഹികളെയെല്ലാം പിടികൂടി ഒരു നിമിഷം പോലും പാഴാക്കാതെ വെടിവെച്ച് കൊല്ലണം... ആരെയും ഒഴിവാക്കാൻ പാടില്ല...”

തീർച്ചയായും റൈഫ്യൂറർ...”

എന്നാൽ ശരി... ഫ്യൂറർക്കൊപ്പം ഒരു അടിയന്തിര മീറ്റിങ്ങ് ഉണ്ട്... അൽപ്പം മുമ്പാണ് കോൾ വന്നത്...” ഹിംലർ പറഞ്ഞു.

എന്തെങ്കിലും പ്രത്യേകിച്ച്...?” ബുബി ഹാർട്മാൻ കരുതലോടെ ചോദിച്ചു.

എന്തിനെക്കുറിച്ചാണെന്ന് അറിയില്ല... എങ്കിലും ഒരു കാര്യം തീർച്ചയാണ്... കഴിഞ്ഞ ദിവസം തനിക്ക് നേരെയുണ്ടായ ആ വധശ്രമത്തിന് ശേഷം അത്ര സന്തോഷവാനല്ല അദ്ദേഹം... അതിൽ ഉൾപ്പെട്ടവരെയെല്ലാം എന്റെ കീഴിലുള്ള സ്പെഷൽ യൂണിറ്റ് അറസ്റ്റ് ചെയ്തുവെന്നത് സത്യമാണ്... ഒരു ബ്രിഡ്ജ് ക്ലബ്ബിൽ സ്ഥിരമായി സന്ധിച്ചിരുന്നവരാണ് അവരെല്ലാം... പ്രൈൻ, ക്രെബ്സ്, ലിൻഡ്‌മാൻ, കുറേ ജൂനിയർ ഓഫീസേഴ്സ്, പിന്നെ ഏതാനും വനിതകളും...”

ബുബിയുടെ മുഖം വിളറി. “എങ്ങനെയായിരുന്നു ശിക്ഷ, റൈഫ്യൂറർ...? ഫയറിങ്ങ് സ്ക്വാഡ്...?”

വെടിവച്ച് കൊല്ലുക എന്നാൽ അതൊരു ആദരവായിരിക്കും ഇത്തരം ആളുകൾക്ക്... ഫ്യൂററുടെ നിർദ്ദേശം വളരെ വ്യക്തമായിരുന്നു... പിയാനോ വയർ ഉപയോഗിച്ച് തൂക്കിക്കൊല്ലുക... ആ ദൃശ്യം റെക്കോർഡ് ചെയ്ത് സൂക്ഷിക്കുക... അത്തരം വീഡിയോകൾ കൊണ്ട് ചില ആവശ്യങ്ങളുണ്ട്...” ഹിംലർ കൂട്ടിച്ചേർത്തു. “ഇല്ല കേണൽ... നിങ്ങളുടെ സുഹൃത്തിന്റെ അമ്മ... വോൺ ഹാൾഡർ പ്രഭ്വി... അക്കൂട്ടത്തിൽ അവരുണ്ടായിരുന്നില്ല... മതിയായ തെളിവുകൾ ഇത്തവണ ലഭ്യമായില്ല...”

ഓകെ, റൈഫ്യൂറർ...”

വാതിലിന് നേർക്ക് നീങ്ങിയ അദ്ദേഹത്തെ ഹിംലർ വിളിച്ചു. “ഹാർട്മാൻ.... ബാരണുമായുള്ള നിങ്ങളുടെ സൗഹൃദം തുടരണമോ വേണ്ടയോ എന്നതിൽ ഒരു പുനഃർചിന്തനം നടത്തുന്നത് നന്നായിരിക്കും... നിങ്ങൾ എനിക്ക് വളരെ വേണ്ടപ്പെട്ടവനാണ്... പക്ഷേ, ഒഴിവാക്കപ്പെടാൻ പറ്റാത്തതായി ആരും തന്നെയില്ല എന്ന കാര്യം ഓർമ്മയിരിക്കട്ടെ...”

അഡ്‌ലണിൽ ഉള്ള ബാറിൽ തന്റെ സ്ഥിരം മേശയ്ക്ക് മുന്നിൽ കോണ്യാക്ക് ഗ്ലാസുമായി മാക്സ് ഇരിക്കുന്നുണ്ടായിരുന്നു. വല്ലാതെ ഭയന്നിരുന്നു അദ്ദേഹം... തന്റെ കാര്യം ഓർത്തിട്ടല്ല, തന്റെ അമ്മയുടെ ജീവനെ ഓർത്ത്... എന്തു മാത്രം വിഡ്ഢിയാണവർ... പറഞ്ഞാലും മനസ്സിലാവില്ലെന്ന് വച്ചാൽ...

ബാറിനുള്ളിൽ പ്രവേശിച്ച ഹാർട്മാൻ മാക്സിനരികിലേക്ക് നടന്നടുത്തു. വെയ്റ്ററെ പറഞ്ഞയിച്ചിട്ട് അദ്ദേഹം എതിരെയുള്ള കസേരയിൽ വന്ന് ഇരുന്നു.

താങ്ക് ഗോഡ്... നന്നായി, നിങ്ങൾ വന്നത്...” മാക്സ് പറഞ്ഞു.

മാക്സ്... അവസാനമായി ഞാൻ പറയുകയാണ്... ഇനിയും റിസ്ക് എടുക്കുവാൻ എനിക്കാവില്ല... സ്ഥിതിഗതികൾ അത്രയ്ക്കും മോശമാണ്...”

പറയൂ ബുബീ...”

എല്ലാ വിവരങ്ങളും വളരെ വ്യക്തമായി അദ്ദേഹം മാക്സിനെ ധരിപ്പിച്ചു. “ഇപ്പോൾ കാര്യങ്ങളെല്ലാം മനസ്സിലായല്ലോ...?”
മൈ ഗോഡ്...! ഇങ്ങനെയൊക്കെ ചെയ്യാൻ ഇവർക്കാവുമോ...?”

ആവും മാക്സ്... ഞാൻ പറയുന്നത് വിശ്വസിക്കൂ... നിങ്ങളുടെ അമ്മ വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു...” അദ്ദേഹം എഴുന്നേറ്റു. “ഇനിയൊരിക്കലും ഇതുപോലെ നാം കണ്ടുമുട്ടി എന്ന് വരില്ല... ഹിംലർ എനിക്ക് വാണിങ്ങ് തന്നു കഴിഞ്ഞു....”

                                                            ***

തന്റെ റൂമിൽ നെരിപ്പോടിന് സമീപം സോഫയിൽ ഇരുന്ന് ഗ്ലാസിലെ മദ്യം നുണയുകയാണ് എൽസ. പരിചാരിക റോസ തുറന്നു കൊടുത്ത വാതിലിലൂടെ മാക്സ് പ്രവേശിച്ചു.

മൈ ഡാർലിങ്ങ് ബോയ്... അത്ഭുതകരം... കോക്ടെയിലിന്റെ സമയത്ത് തന്നെ നീ എത്തി...”

അതല്ല ഇപ്പോഴത്തെ വിഷയം...” മാക്സ് പറഞ്ഞു. “ഒരു വാർത്തയുണ്ട്... അഡ്‌ലർ ക്ലബ്ബിലെ നിങ്ങളുടെ സുഹൃത്തുക്കളില്ലേ... ജനറൽ പ്രൈൻ, ജനറൽ ക്രെബ്സ്... കേണൽ ലിൻഡ്മാൻ, പിന്നെ ഏതാനും വനിതകൾ... ഈ പേരുകളൊക്കെ കേട്ടിട്ട് എന്തെങ്കിലും തോന്നുന്നുണ്ടോ നിങ്ങൾക്ക്...?”

എന്തൊക്കെയോ ചില പ്രശ്നങ്ങൾ ഉണ്ടായി എന്ന് ഒരു സംസാരം കേട്ടു...” ആ ചോദ്യം അവർക്ക് അത്ര രസിക്കാത്തതു പോലെ തോന്നി.

ദാറ്റ്സ് വൺ വേ ഓഫ് പുട്ടിങ്ങ് ഇറ്റ്... ഫ്യൂററുടെ നേർക്ക് മറ്റൊരു വധശ്രമം കൂടി നടന്നിരിക്കുന്നു... അത് വിഫലമായി എന്നത് വേറെ കാര്യം... പക്ഷേ, നിങ്ങളുടെ ആ സുഹൃത്തുക്കളുണ്ടല്ലോ... ഞാൻ നേരത്തെ സൂചിപ്പിച്ചവർ... അവരൊന്നും ഇപ്പോൾ ജീവനോടെയില്ല... എല്ലാവരെയും പിയാനോ വയറിൽ കെട്ടിത്തൂക്കി കൊന്നു... അവരുടെ മരണദൃശ്യങ്ങൾക്ക് വീഡിയോയിൽ പകർത്തുകയും ചെയ്തിട്ടുണ്ട്... ഹിംലറുടെ ഫയലിൽ സൂക്ഷിക്കുവാനായി...”

അക്ഷരാർത്ഥത്തിൽത്തന്നെ എൽസ ഞെട്ടിപ്പോയി. “ഇല്ല... അസംഭവ്യം...”

എന്റെ ഉറ്റ സുഹൃത്ത് ബുബി ഹാർട്മാൻ പറഞ്ഞതാണ്... സ്വന്തം ജീവൻ പണയപ്പെടുത്തിയിട്ടാണ് അദ്ദേഹം എന്നെ വന്ന് കണ്ടതും ഇക്കാര്യം പറഞ്ഞതും... ഹിംലർ നിങ്ങളെ അറസ്റ്റ് ചെയ്യാഞ്ഞത് വ്യക്തമായ തെളിവുകളുടെ അഭാവം കൊണ്ട് മാത്രമാണത്രെ...”

ഹിംലർ... ദൈവം ചോദിച്ചോളും അയാളോട്...” എൽസയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. “എന്നോട് ഇത്തരത്തിൽ പെരുമാറാനാവില്ല അവർക്ക്...”

ഡ്രെസ്സിങ്ങ് റൂമിന്റെ വാതിൽ വലിച്ച് തുറന്ന് റോസ എത്തി നോക്കി. “കുഴപ്പമൊന്നുമില്ലല്ലോ പ്രഭ്വീ...?”

റോസയുടെ കണ്ണുകൾ കരഞ്ഞ് കലങ്ങിയിരുന്നു. അതു ശ്രദ്ധിച്ച മാക്സ് ചോദിച്ചു. “എന്താണ് പ്രശ്നം...?”

അവളുടെ ഭർത്താവ് ഹെയ്നിയെ അവർ വീണ്ടും അറസ്റ്റ് ചെയ്തു... എന്നിട്ട് ഓഷ്‌വിറ്റ്സിലേക്ക് അയച്ചു...” എൽസ പറഞ്ഞു.

ശരിക്കും...? അതെങ്ങനെ പറ്റും മൂട്ടീ...? ദാ, ഇപ്പോഴല്ലേ നിങ്ങൾ പറഞ്ഞത് എന്നോട് ഇത്തരത്തിൽ പെരുമാറാനാവില്ല അവർക്ക്എന്ന്...? ശരിയല്ലേ...? എന്താ മറന്നു പോയോ...?”

ഡാംൻ യൂ മാക്സ്...”

നിരാശയോടെ തന്റെ മകന്റെ നെഞ്ചിൽ വൃഥാ ഇടിക്കുവാൻ തുടങ്ങിയ അവരുടെ കൈകൾ കൂട്ടിപ്പിടിച്ച് മാക്സ് പറഞ്ഞു. “എന്തൊരു വിഡ്ഢിയാണ് മൂട്ടീ നിങ്ങൾ...? ഇനിയും ഈ ധാർഷ്ട്യവും പൊങ്ങച്ചവും അവസാനിപ്പിച്ചു കൂടേ...? വോൺ ഹാൾഡർ പ്രഭ്വി എന്ന ഈ പദവി എന്തോ വലിയ സംഭവമാണെന്നാണോ നിങ്ങൾ കരുതിയിരിക്കുന്നത്...? അല്ല മൂട്ടീ... നാസി ജർമ്മനിയിൽ ഒരിക്കലുമല്ല... ഇതുപോലുള്ള നൂലാമാലകളിൽപ്പെട്ട് നട്ടം തിരിയുമ്പോൾ ഗൂറിങ്ങ് സഹായത്തിനെത്തുമെന്നാണോ നിങ്ങൾ വിചാരിച്ചിരിക്കുന്നത്...? ഇല്ല... നാസി ജർമ്മനിയിൽ ഒരിക്കലുമില്ല... നിങ്ങളെന്നും അവരുടെ ഒരു പ്രദർശന ബിംബമായിരുന്നു, എന്നെപ്പോലെ... ഫ്ലൈയിങ്ങ് ജാക്കറ്റും മെഡലുകളും അണിയിച്ച് ബ്ലാക്ക് ബാരൺ എന്ന വിശേഷണവുമായി എന്നെ കൊണ്ടു നടക്കുന്നത് പോലെ...”

മാക്സ്... പ്ലീസ്... മതിയാക്കൂ...”

എനിക്ക് മതിയായി... ഇതേ പാതയിൽത്തന്നെ പോകുവാനാണ് നിങ്ങളുടെ ഭാവമെങ്കിൽ മുന്നോട്ട് പൊയ്ക്കോളൂ... പക്ഷേ, ഒരു കാര്യം... ഞാൻ മുമ്പ് പറഞ്ഞത് പോലെ, ഒപ്പമുള്ള സകലരെയുമാണ് നിങ്ങൾ സർവ്വനാശത്തിലേക്ക് തള്ളിവിടുന്നത് എന്നോർമ്മ വേണം...” അദ്ദേഹം റോസയുടെ നേർക്ക് തിരിഞ്ഞു. “അപ്പോൾ നിങ്ങളുടെ ഹെയ്നിയെ അവർ കൊണ്ടുപോയി അല്ലേ...? സാരമില്ല... എന്റെ അമ്മയുടെ പ്രവൃത്തികൾ വച്ച് നോക്കിയാൽ അധികം വൈകാതെ നിങ്ങളെയും അവർ കൊണ്ടുപോയിരിക്കും... ഒരു പക്ഷേ, ഈ എന്നെപ്പോലും...”

മാക്സ്... ഞാൻ പറയുന്നത് കേൾക്കൂ...” വാതിലിന് നേർക്ക് നടന്ന അദ്ദേഹത്തെ അവർ തടഞ്ഞു.

മാക്സ് തിരിഞ്ഞു നിന്നു. “ഇതിന് വേണ്ടിയാണോ മൂട്ടീ നാം ബോസ്റ്റൺ വിട്ടത്...? വോൺ ഹാൾഡർ പ്രഭ്വിയുടെ അഹങ്കാരത്തിനും ധാർഷ്ട്യത്തിനും കൂട്ടു നിൽക്കാൻ വേണ്ടിയാണോ എനിക്ക് എന്റെ സഹോദരനെ നഷ്ടപ്പെടേണ്ടി വന്നത്...?”

വാതിൽ തുറന്ന് അദ്ദേഹം പുറത്തേക്ക് നടന്നു. നിറഞ്ഞൊഴുകുന്ന മിഴികളോടെ എൽസ സോഫയിലേക്ക് കുഴഞ്ഞു വീണു.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

20 comments:

  1. ശ്ശോ.എന്ത്‌ ചെയ്യാൻ!!പാവം പ്രഭ്വി.അവർക്കൊന്നും സംഭവിക്കില്ലായിരിക്കും അല്ലേ?!?!?!?

    ReplyDelete
    Replies
    1. ഒന്നും ഉറപ്പ് പറയാൻ പറ്റില്ലല്ലോ സുധീ... ഫാസിസം അതിന്റെ ഉച്ച സ്ഥായിയിൽ നിൽക്കുന്ന കാലമല്ലേ...

      Delete
  2. ശ്ശോ കഷ്ടിച്ച് രക്ഷപ്പെട്ടു.

    ReplyDelete
  3. എല്ലാം തിരിച്ചറിയുന്നൊരു കാലം

    ReplyDelete
    Replies
    1. ചിലർക്ക് എത്ര കൊണ്ടാലും തിരിച്ചറിയാത്തൊരു കാലവും...

      Delete
  4. മാക്സിന്റെ വാക്കുകൾ മൂട്ടിയെ സ്വാധീനിക്കുമെന്ന് കരുതാം..

    (അതറിയണമെങ്കിൽ ഒരു മാസം കാത്തിരിക്കണമല്ലോ എന്നോർക്കുമ്പോളാ…)

    ReplyDelete
    Replies
    1. സ്വാധീനിച്ചാൽ മൂട്ടിക്ക് നന്ന്...

      (ഒരു മാസമൊന്നും കാത്തിരിക്കണ്ട ജിമ്മാ... അതിനു മുമ്പ് നമുക്ക് ശരിയാക്കാം...)

      Delete
    2. ശരിയാക്കിയാ വിനുവേട്ടന് കൊള്ളാം… അല്ലെങ്കിൽ ശരിയാക്കാൻ നുമ്മ ആളെ ഇറക്കും..

      Delete
    3. അയ്യോ... ക്വൊട്ടേഷനൊന്നും താങ്ങാനുള്ള കരുത്ത് ഇല്ലേയ്...

      Delete
  5. ഹിംലറോട് ദൈവം ചോദിച്ചോളും... ആണോ, നോക്കാം

    ReplyDelete
    Replies
    1. ദൈവം ചോദിച്ചതു തന്നെ...

      Delete
    2. പിന്നേയ്… ദൈവത്തിന് അതല്ലേ പണി..!!

      Delete
  6. Max മൂട്ടിക്ക് self realisation ഉണ്ടാക്കി കൊടുത്തു

    ReplyDelete
    Replies
    1. അതെ... ഇനിയെങ്കിലും അവർ യാഥാർത്ഥ്യം മനസ്സിലാക്കുമെന്ന് കരുതാം...

      Delete
  7. "വ്യക്തമായ തെളിവുകൾ ഇല്ലാത്തത്  കൊണ്ട്..." ഒന്ന് ആഞ്ഞു തുമ്മിയാൽ പോലും പിടിച്ചു കൊണ്ടുപോകുന്ന ആ കാലത്തു (ഇന്നും വ്യത്യസ്തമല്ല) തെളിവുകൾ അല്ല മറ്റെന്തോ കാരണമാകാനാണ് സാധ്യത. 
    (ഈ സംശയം ജിമ്മിച്ചന് തോന്നാഞ്ഞത് എന്താവോ?)

    ReplyDelete
    Replies
    1. മൂത്തുമ്മാ… ങ്ങള് ബിലാത്തീലൊക്കെ കറങ്ങി എന്തോ കുരിപ്പൊക്കെ കണ്ടുപിടിച്ചിട്ടുണ്ട് ല്ലേ..

      Delete
    2. അന്നത്തെ കാലവും ഇന്നത്തെ കാലവും തമ്മിൽ എന്തെന്നില്ലാത്ത സാമ്യം തന്നെ... അതു തന്നെയാണ് നമ്മെയെല്ലാം ആശങ്കപ്പെടുത്തുന്നതും... :(

      Delete