Sunday, May 5, 2019

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 26


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

ജനുവരിയിലെ പ്രഭാതത്തിൽ പതിവ് പട്രോളിങ്ങിനായി ടേക്ക് ഓഫ് ചെയ്യുമ്പോൾ മഞ്ഞ് വീഴുന്നുണ്ടായിരുന്നു. ഫിൻലണ്ടിലെ ദിനങ്ങളാണ് ഹാരിയ്ക്ക് അപ്പോൾ ഓർമ്മ വന്നത്. ഫ്രാൻസിലും ആ സമയം മഞ്ഞ് പെയ്യുകയായിരുന്നു. ഗാലന്റിനും മാക്സിനും എന്ന് വേണ്ട, ലുഫ്ത്‌വാഫിന് മൊത്തം തന്നെ കഠിനമായ സമ്മർദ്ദമായിരുന്നു ആ നാളുകളിൽ അനുഭവിക്കേണ്ടി വന്നത്. രാത്രികളിൽ ലണ്ടന് മേൽ നിരന്തരമായ എയർറെയ്ഡുകൾ നടത്തുവാനായിരുന്നു അവർക്കുള്ള നിർദ്ദേശം.

ജനുവരിയുടെ അവസാന വാരത്തിലെ ഒരു നാൾ ആയിരുന്നു ആ റെയ്ഡ് ഉണ്ടായത്. ബോംബിങ്ങ് മൂലമുണ്ടായ നാശനഷ്ടങ്ങളെത്തുടർന്ന് ട്യൂബ് റെയിൽ‌വേ പ്രവർത്തനം നിർത്തി വച്ചിരിക്കുകയാണ്. വാർ ഓഫീസിൽ നിന്നും പുറത്തിറങ്ങിയ സാറാ ഡിക്സൺ തന്റെ ഫ്ലാറ്റിലേക്ക് നടന്ന് പോകാൻ തീരുമാനിച്ചു. ഇരുട്ട് വീണ് തുടങ്ങിയ വീഥിയിലൂടെ ആൾക്കൂട്ടത്തോടൊപ്പം നടന്നു നീങ്ങവെ ഹിമകണങ്ങൾ പൊഴിയുന്നുണ്ടായിരുന്നു. ബോംബിങ്ങിന്റെ അവശിഷ്ടങ്ങൾ നിറഞ്ഞ തെരുവുകളിലൂടെ ശ്രദ്ധയോടെ നീങ്ങുമ്പോഴാണ് പൊടുന്നനെ സൈറൻ മുഴങ്ങുവാനാരംഭിച്ചത്.

പരിഭ്രാന്തരായ ജനക്കൂട്ടം പലവഴിക്കായി ഓടുവാൻ തുടങ്ങി. പലരും ഭയത്താൽ വിതുമ്പുകയോ നിലവിളിക്കുകയോ ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. അധികം അകലെയല്ലാതെ ബോംബുകൾ വീഴുന്നതും പൊട്ടിച്ചിതറുന്നതും സാറാ ഡിക്സൺ അറിയുന്നുണ്ടായിരുന്നു. പെട്ടെന്നാണ് തെരുവിന്റെ അറ്റത്തായി ഒരു ബോംബ് വന്ന് പതിച്ചത്.  ആ സ്ഫോടനത്തിന്റെ ആഘാതത്തിൽ മുകളിലേക്ക് ഉയർന്ന് തെറിച്ച് വീണത് മാത്രമേ അവൾക്ക് ഓർമ്മയുണ്ടായിരുന്നുള്ളൂ.

                                                                  ***

ബോധമണ്ഡലത്തിലേക്ക് തിരികെയെത്തിയപ്പോൾ അസഹനീയമായ വേദനയായിരുന്നു അവളെ വരവേറ്റത്. അതിനോട് മല്ലിട്ട് വല്ല വിധേനയും എഴുന്നേറ്റിരിക്കുവാനുള്ള ഒരു ശ്രമം അവൾ നടത്തി. ഏതോ ഒരു ഹോസ്പിറ്റലലിലെ ബെഡ്ഡിലാണ് താൻ കിടക്കുന്നതെന്ന് അപ്പോഴാണ് അവൾക്ക് മനസ്സിലായത്. ഓടിയെത്തിയ നേഴ്സ് അവളെ തടഞ്ഞു.

എഴുന്നേൽക്കാറായിട്ടില്ല... കിടക്കൂ...” പതുക്കെ അവളെ താങ്ങി കിടക്കയിൽ കിടത്തിക്കൊണ്ട് നേഴ്സ് വിളിച്ചു. “ഡോക്ടർ സോബെൽ...!”

ചുളുങ്ങിയ വെളുത്ത കോട്ട് ധരിച്ച ചെറുപ്പക്കാരിയ ഒരു സർജൻ വന്ന് സാറയുടെ പൾസും ഹാർട്ട് ബീറ്റും പരിശോധിച്ചു.

ഞാൻ എവിടെയാണ്...?” സാറ ചോദിച്ചു.

ക്രോംവെൽ ഹോസ്പിറ്റലിൽ... കഴിഞ്ഞ രണ്ട് ദിവസമായി നിങ്ങൾ ഇവിടെയാണ്... ജർമ്മൻകാരുടെ ബോംബിങ്ങിൽ പരിക്കേറ്റതാണ്... ഇവിടെ എത്താൻ കഴിഞ്ഞത് തന്നെ നിങ്ങളുടെ ഭാഗ്യം...” ഡോക്ടർ പറഞ്ഞു.

അപ്പോഴാണ് ഷീറ്റിനടിയിൽ തന്റെ വലതുകാലിനരികിലായി വച്ചിരിക്കുന്ന ക്രാഡിൽ അവൾ ശ്രദ്ധിച്ചത്. “ഓ ഗോഡ്... എന്റെ കാൽ നഷ്ടപ്പെട്ടുവോ...?!”

ഇല്ല... ചെറിയൊരു ഫ്രാക്ചർ മാത്രം... പെട്ടെന്ന് തന്നെ സുഖമാവും...” മോളി സോബെൽ നേഴ്സിന് നേർക്ക് തിരിഞ്ഞു. “ആ നമ്പറിൽ ഒന്നു കൂടി വിളിച്ച് നോക്കൂ... കെയ്സ് ഫയലിൽ ഉണ്ട്...”

ഏത് നമ്പർ...?” ക്ഷീണസ്വരത്തിൽ സാറ ആരാഞ്ഞു.

ഒരു മിസ്റ്റർ റോഡ്രിഗ്സ്... ഇന്നലെയാണ് നിങ്ങളുടെ വാലറ്റിൽ നിന്നും ആ കാർഡ് ഞങ്ങൾക്ക് ലഭിച്ചത്... ഉടൻ തന്നെ അദ്ദേഹം വരികയും ചെയ്തു...” മോളി പറഞ്ഞു.

ഏറിയാൽ ഒരു മണിക്കൂർ... അതിനകം തന്നെ അയാൾ അവിടെയെത്തിക്കഴിഞ്ഞിരുന്നു. തികച്ചും ഉത്കണ്ഠാകുലനായിരുന്നു ഫെർണാണ്ടോ റോഡ്രിഗ്സ്. ഒരു കുല മുന്തിരിപ്പഴവും കൊണ്ടുവന്നിരുന്നു അയാൾ. “കരിഞ്ചന്തയിൽ ലഭ്യമായതിൽ ഏറ്റവും നല്ലത്...” നെറ്റിത്തടത്തിൽ ഒരു ചുംബനം നൽകിക്കൊണ്ട് റോഡ്രിഗ്സ് പറഞ്ഞു. “നിന്നെ കണ്ടാൽ ആരോ കഠിനമായി മർദ്ദിച്ചത് പോലെ തോന്നുമല്ലോ... എന്തായാലും ഇത്രയല്ലേ സംഭവിച്ചുള്ളൂ...”

കാലിന്റെ കാര്യമോർത്താണ് എനിക്ക് വിഷമം...” അവൾ പറഞ്ഞു.

എല്ലാം പെട്ടെന്ന് ശരിയാവും... നിനക്ക് കുടിക്കാൻ എന്തെങ്കിലും കിട്ടുമോ എന്ന് നോക്കട്ടെ...” വാർഡ് ഓഫീസിലേക്ക് അയാൾ നടന്നു. ഡെസ്കിനരികിൽ ഇരുന്ന് മോളി സോബെൽ എന്തൊക്കെയോ കുത്തിക്കുറിക്കുന്നുണ്ടായിരുന്നു. സമീപം നിന്നിരുന്ന നേഴ്സിനെ നോക്കി അയാൾ ചോദിച്ചു. “ഒരു കപ്പ് ചായ കിട്ടാൻ വല്ല മാർഗ്ഗവുമുണ്ടോ...?”

തീർച്ചയായും... ഇപ്പോൾ കൊണ്ടു വരാം...”

നേഴ്സ് പുറത്തിറങ്ങി. റോഡ്രിഗ്സ് മോളിയുടെ നേർക്ക് തിരിഞ്ഞു. “കാലിനെക്കുറിച്ച് വല്ലാതെ ഉത്കണ്ഠയിലാണവൾ... വാട്ട് ഡൂ യൂ തിങ്ക്...?”

നോട്ട് ഗുഡ്...” മോളി ഒരു സിഗരറ്റിന് തീ കൊളുത്തി. “ചീഫ് സർജൻ ഒരു സ്റ്റെയ്ൻലെസ്സ് സ്റ്റീൽ പ്ലേറ്റ് ഇട്ടിട്ടുണ്ട്... എല്ല് ചിതറിപ്പോയിരുന്നു... സത്യം പറഞ്ഞാൽ അവരുടെ കാൽ മുറിച്ച് മാറ്റേണ്ട അവസ്ഥയോട് അടുത്തെത്തിയതാണ്...”

മൈ ഗോഡ്...!” വല്ലാത്തൊരു ഷോക്കായിരുന്നു അയാൾക്കത്. “എങ്കിലും അവൾ സുഖം പ്രാപിക്കുമല്ലോ അല്ലേ...?”

സമയമെടുക്കും... ബട്ട് റ്റു ബീ ഫ്രാങ്ക്... ഒരു വാക്കിങ്ങ് സ്റ്റിക്കിന്റെ സഹായത്തോടെ മാത്രമേ ഇനി അവർക്ക് നടക്കാൻ കഴിയൂ... സോറി... ഐ കാണ്ട് ബീ മോർ ഹെൽപ്ഫുൾ...”

അറിയാം... നിങ്ങളുടെ കുറ്റമല്ലല്ലോ ഡോക്ടർ...”

തലയിണയിൽ ചാരിയിരുന്ന് ചായ കുടിക്കുന്ന സാറയെയാണ് തിരികെയെത്തിയ അയാൾ കണ്ടത്. “ആഹാ, എഴുന്നേറ്റിരുന്നല്ലോ...” ആഹ്ലാദത്തോടെ പറഞ്ഞിട്ട് റോഡ്രിഗ്സ് അവളുടെ കട്ടിലിന്റെ അറ്റത്ത് ഇരുന്നു.

ഡോക്ടർ എന്താണ് പറഞ്ഞത്...?”

ഡോക്ടറോ...?”

കമോൺ ഫെർണാണ്ടോ... ഒരു പുസ്തകം പോലെ നിങ്ങളുടെ മുഖം എനിക്ക് വായിച്ചെടുക്കാം... എന്റെ കാൽ... ഇറ്റ് ഈസ് നോട്ട് ഗുഡ്.... അല്ലേ...?”

യൂ ഓൾമോസ്റ്റ് ലോസ്റ്റ് ഇറ്റ്...”

എന്താണിനി എനിക്ക് ബാക്കിയുള്ളത്...?” എന്ത് പറയണമെന്നറിയാതെ അവളെ നോക്കിയ റോഡ്രിഗ്സിന് നേരെ സംതൃപ്തിയോടെ അവൾ തല കുലുക്കി. “ഞാനൊരു വികലാംഗയായിരിക്കുന്നു... അതല്ലേ സത്യം...? ചെറുപ്പക്കാരികളായ മറ്റ് കാമുകിമാരെ നിങ്ങൾ ഉപേക്ഷിക്കാഞ്ഞത് ഭാഗ്യം...”

ഒരു സിഗരറ്റിന് തീ കൊളുത്തിയിട്ട് അയാൾ അവളുടെ ചുണ്ടുകൾക്കിടയിൽ തിരുകിക്കൊടുത്തു. “ഹാവ് എ സ്മോക്ക് ആന്റ് ഷട്ടപ്പ്...” ദൂരെ വീണ്ടും സൈറൻ മുഴങ്ങി. “എന്റെ ദൈവമേ... ഇവർ നിർത്തില്ലെന്നുണ്ടോ...?”

പുകയെടുത്തതും അവൾ ചുമച്ചു. പെട്ടെന്ന് തന്നെ റോഡ്രിഗ്സ് സിഗരറ്റ് തിരികെ എടുത്തു. പുഞ്ചിരിച്ചു കൊണ്ട് അവൾ മന്ത്രിച്ചു. “ഡോണ്ട് ബീ സില്ലി, ഫെർണാണ്ടോ... ഒന്നുമില്ലെങ്കിലും നമ്മുടെ പക്ഷത്തല്ലേ അവർ...?”

                                                          ***

മാർച്ച് മാസത്തിൽ ഒരിക്കൽക്കൂടി ടെഡ്ഡി വെസ്റ്റ് അപ്രതീക്ഷിതമായി ഫെയർലി ഫീൽഡിൽ എത്തി. ഹാരി കെൽസോയുടെ ഓഫീസിൽ ഇരുന്ന് അദ്ദേഹം വീണ്ടും ആ വിഷയം പുറത്തെടുത്തിട്ടു. “യൂ ലുക്ക് ടയേഡ് ഹാരീ... വിശ്രമമില്ലാത്ത ജോലിയാണ് നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്... ഒരു ഇൻസ്ട്രക്ടർ പദവിയിലേക്ക് വേണമെങ്കിൽ ഞാൻ ഒരു മാറ്റം വാങ്ങിത്തരാം...”

നോ, താങ്ക്സ്... മരണം ഉറപ്പായ ജോലിയാണത്...”

നോക്കൂ ഹാരീ... ഈഗ്‌ൾ സ്ക്വാഡ്രൺ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു... ഇനിയും രണ്ട് സ്ക്വാഡ്രണുകൾ കൂടി രൂപീകരിക്കുവാനുള്ള തയ്യാറെടുപ്പിലാണ് യു.എസ് എയർഫോഴ്സ്... എല്ലാ അമേരിക്കക്കാരും ഒരിടത്ത്... അവർക്ക് നിങ്ങളെ വേണം ഹാരീ... യൂ ആർ ദി ടോപ് സ്കോറർ...” വെസ്റ്റ് പറഞ്ഞു.

ഡോണ്ട് ബീ സില്ലി... ആ സ്ഥാനം പീറ്റേഴ്സണോ മറ്റോ ആണ്...”

വെടിവെച്ചിട്ട വിമാനങ്ങളുടെ എണ്ണത്തിൽ പകുതി പോലും നിങ്ങൾ സ്വന്തം സ്കോറിൽ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടില്ല എന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്... യൂ ആർ ഫേമസ് ഫോർ ഇറ്റ് ഹാരീ...”

നോക്കൂ, എല്ലാവരോടും ഞാൻ പറഞ്ഞു കഴിഞ്ഞതാണ്... ഞാൻ ആ സ്ക്വാഡ്രണിലേക്ക് പോകുന്നില്ല... ആന്റ് ദാറ്റ്സ് ഫൈനൽ... സ്ക്വാഡ്രണിൽ ഇനിയും ചേർന്നിട്ടില്ലാത്ത മറ്റ് അമേരിക്കക്കാരുമുണ്ടല്ലോ... ബോംബർ കമാൻഡിലും മറ്റുമായി...”

അതെ... അവരെയെല്ലാം ക്രമേണ അങ്ങോട്ട് മാറ്റിക്കൊണ്ടിരിക്കുകയാണ്...” ഹാരിയുമായി ഈ വിഷയത്തിൽ താൻ എവിടെയും എത്താൻ പോകുന്നില്ലെന്ന് വെസ്റ്റിന് അറിയാമായിരുന്നു. ഒരു  നെടുവീർപ്പിട്ട് അദ്ദേഹം തലയാട്ടി. “നിങ്ങളെ ഞാൻ എന്ത് ചെയ്യണം ഹാരീ...?”

എന്നെ ഉപേക്ഷിക്കുക...” ഹാരി പറഞ്ഞു. “കണ്ടുപിടിക്കാൻ കഴിയാത്ത എവിടെയെങ്കിലും...”

ഓൾ റൈറ്റ്...” വെസ്റ്റ് പറഞ്ഞു. “ആ ഇറ്റാലിയൻസ് ഇതിനിടയിൽ കുറച്ച് വിഡ്ഢിത്തരം കാട്ടിക്കൂട്ടിയിട്ടുണ്ട്... ലിബിയൻ ബേസുകളിൽ നിന്നും ഈജിപ്തിനെ ആക്രമിച്ചു അവർ... ആ വിഷയം കൈകാര്യം ചെയ്യുവാനായി ഹിറ്റ്‌ലർ ജനറൽ റോമലിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്... ആഫ്രിക്കൻ കോർപ്സ് എന്നാണ് അവർ അതിന് നാമകരണം ചെയ്തിരിക്കുന്നത്... രണ്ട് ഹരിക്കേൻ സ്ക്വാഡ്രണുകളാണ് നമുക്ക് ഇപ്പോൾ ഈജിപ്തിലുള്ളത്... ഞാൻ നിങ്ങളെ അങ്ങോട്ട് സ്ഥലം മാറ്റാം...”

മെനി താങ്ക്സ്...”

പക്ഷേ, നിർഭാഗ്യവശാൽ പ്രൊമോഷനൊന്നും ഉണ്ടാവില്ല നിങ്ങൾക്ക്... ഒരു സ്ക്വാഡ്രൺ ലീഡർ എന്ന പദവിയിലേക്ക് നിങ്ങൾക്ക് സ്ഥാനക്കയറ്റം നൽകാനായിരുന്നു എന്റെ പ്ലാൻ...”

പ്രൊമോഷൻ... ആർക്ക് വേണമത്...!” ഹാരി കെൽസോ പറഞ്ഞു.

                                                             ***
അഡോൾഫ് ഗാലന്റിന്റെ ഓഫീസിൽ ജാലകത്തിന്റെ പടിയിൽ ഇരുന്നുകൊണ്ട് മാക്സ് സിഗരറ്റിന്റെ പുക ഉള്ളിലേക്കെടുത്തു. “ലിബിയയിലേക്കോ...? എന്തിനാണിപ്പോൾ അങ്ങോട്ട് ഞാൻ പോകേണ്ടത്...?”

ഇറ്റാലിയൻസ് ഈജിപ്‌തുമായി കൊമ്പ് കോർത്തിരിക്കുകയാണ്... അതിനിടയിൽ ബ്രിട്ടൺ ഈജിപ്തിനൊപ്പം നിന്ന് ഇറ്റലിയുമായി പൊരുതുന്നു... ഇറ്റാലിയൻ സൈന്യത്തിന് കനത്ത അടിയാണ് ബ്രിട്ടീഷ് സൈന്യം ഏല്പിച്ചുകൊണ്ടിരിക്കുന്നത്... ഇതറിഞ്ഞ ഫ്യൂറർ, റോമലിന്റെ നേതൃത്വത്തിൽ ആഫ്രിക്ക കോർപ്സ് എന്നൊരു സൈനിക വിഭാഗം രൂപീകരിച്ചിരിക്കുന്നു...”

ഉയർന്ന് വരുന്ന ഒരു വ്യക്തിത്വമാണ് റോമൽ...”

അതെ... ഒരു  കാര്യം ഞാൻ പറയാം... എന്നോടൊപ്പം ഇവിടെ നിന്നാൽ നിങ്ങൾക്ക് മേജർ പദവിയിലേക്ക് എത്തുവാനുള്ള ചെറിയൊരു സാദ്ധ്യത കാണുന്നുണ്ട്... അതേ സമയം ലിബിയയിലേക്ക് പോകുകയാണെങ്കിൽ കുറേ കാലത്തേക്കെങ്കിലും ക്യാപ്റ്റൻ പദവിയിൽ തുടരേണ്ടി വരും... ഇനി തീരുമാനം നിങ്ങളുടേതാണ്...” ഗാലന്റ് പറഞ്ഞു.

എന്ത് തീരുമാനം ഡോൾഫോ...? ഇവിടെ മഞ്ഞ് പെയ്തുകൊണ്ടിരിക്കുന്നു... അവിടെയാണെങ്കിൽ വെയിലും മണലും... എങ്ങനെയാണ് ഞാൻ വേണ്ട എന്ന് പറയുക...?”

സില്ലി ബാസ്റ്റഡ്...! എന്നാൽ പിന്നെ നിങ്ങളുടെ ഇഷ്ടം പോലെ...” ഗാലന്റ് പറഞ്ഞു.

                                                     ***

പ്രിൻസ് ആൽബസ്ട്രാസ്സയിലെ തന്റെ ഓഫീസിൽ ഫയലുകൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ് ബുബി ഹാർട്ട്മാൻ. വാതിൽ അല്പം തുറന്ന് ട്രൂഡി മുഖം കാണിച്ചു.

അയാൾ എത്തിയിട്ടുണ്ട്...”

വരാൻ പറയൂ...”

ജോയൽ റോഡ്രിഗ്സ് തന്റെ ഹാറ്റിൽ നിന്നും മഞ്ഞുകണങ്ങൾ കുടഞ്ഞു കളഞ്ഞിട്ട് ഒരു എൻവലപ്പ് എടുത്ത് ഹാർട്ട്മാന്റെ മേശപ്പുറത്ത്  വച്ചു. “ഹെർ മേജർ... എന്റെ സഹോദരൻ അയച്ചു തന്ന ഏറ്റവും പുതിയ റിപ്പോർട്ടാണ്...”

പറയൂ...”

ആ സ്ത്രീ വീണ്ടും വാർ ഓഫീസിൽ ജോലിക്ക് എത്തിയിട്ടുണ്ട്... പക്ഷേ, ഒരു കാലിന്റെ സ്വാധീനം നഷ്ടപ്പെട്ടു... വാക്കിങ്ങ് സ്റ്റിക്കിന്റെ സഹായത്തോടെ മാത്രമേ നടക്കാൻ സാധിക്കൂ...”

എനിതിങ്ങ് എൽസ്...?”

ഈജിപ്തിലേക്കുള്ള ട്രൂപ്പ് മൂവ്‌മെന്റ്സിനെക്കുറിച്ചും RAF സ്ക്വാഡ്രണുകളെക്കുറിച്ചും ഉള്ള വിശദാംശങ്ങൾ...”

ഗുഡ്... എവ്‌രി ലിറ്റ്‌ൽ ബിറ്റ് ഹെൽപ്‌സ്... നിങ്ങൾക്ക് പോകാം...”

റോഡ്രിഗ്സ് പുറത്തേക്കിറങ്ങി.

ഞാൻ ഇത് പരിഭാഷപ്പെടുത്തട്ടെ...?” ട്രൂഡി ചോദിച്ചു.

യെസ്... ചെയ്തോളൂ...”

റൈഫ്യൂറർക്ക് കോപ്പി കൊടുക്കണോ...?”

അതിനും മാത്രമുള്ള പ്രാധാന്യമൊന്നും ഇല്ലല്ലോ ട്രൂഡീ ഇതിന്...” അദ്ദേഹം പുഞ്ചിരിച്ചു. “വിഷമിക്കേണ്ട... തീർച്ചയായും നമ്മുടെ ദിനവും വരും...”

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

16 comments:

  1. ഈ യുദ്ധത്തിന്റെ സ്പിരിറ്റിന് ഇടയ്ക്ക് എന്തു പ്രമോഷൻ... അല്ലെ

    ReplyDelete
    Replies
    1. അതെ... ഹാരിക്ക് അതൊന്നും ഒരു പ്രശ്നമേയല്ല..‌.

      Delete
  2. “എന്ത് തീരുമാനം ഡോൾഫോ...? ഇവിടെ മഞ്ഞ് പെയ്തുകൊണ്ടിരിക്കുന്നു... അവിടെയാണെങ്കിൽ വെയിലും മണലും... എങ്ങനെയാണ് ഞാൻ വേണ്ട എന്ന് പറയുക...?”

    പിന്നല്ല!

    ReplyDelete
    Replies
    1. നല്ല രസമാണെന്ന് വിചാരിച്ചിട്ടാണ് മാക്സ് ഇരിക്കുന്നത്... ചെല്ലുമ്പോൾ അറിയാം മരുഭൂമി എന്താണെന്ന്...

      Delete
  3. ഹാരീം മാക്സും കണ്ടുമുട്ടാറായി

    ReplyDelete
  4. "തീർച്ചയായും നമ്മുടെ ദിനവും വരും...”കാത്തിരിക്കാം :)

    ReplyDelete
  5. പ്രൊമോഷൻ ആർക്ക്‌ വേണമത്‌. ഹാരി ഹാരി താൻ

    ReplyDelete
  6. കുറിഞ്ഞിMay 7, 2019 at 9:18 AM

    ജർമനിയുടെ തന്നെ ബോംബ്‌ കാലിൽ വീണിട്ടും അവർക്കു വേണ്ടി പൊരുതുന്ന ധീരവനിത എന്നൊക്കെ പറയാമോ ആവോ .....

    പ്രമോഷൻ വേണ്ടന്നു വച്ച് രണ്ടുപേരും ഒരിത്തേയ്ക്കാണല്ലോ.

    ReplyDelete
    Replies
    1. അതെ... ആഫ്രിക്കൻ മരുഭൂമിയിലേക്ക്...

      Delete
  7. ഇനി മരുഭൂമിയിൽ പടപൊരുതുന്ന
    പടയാളികളായി അവതരിക്കുവാൻ പോകുകയാണ്
    നമ്മുടെ ടീമ്സ് ..അല്ലെ

    ReplyDelete
  8. ലിബിയയിലേയ്ക്ക്‌,!,!,!,!,!,

    ReplyDelete
  9. എല്ലാരും ധീരർ ....സാറാ... കഷ്ടമായി അവരുടെ കാലുകൾ. എന്നാലും ധീരമായ തീരുമാനങ്ങളോടെ മുന്നോട്ട് തന്നെ. ധീരവനിത

    ReplyDelete