Friday, July 5, 2019

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 31


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

അതിനടുത്ത ദിവസം ഒരു ലിബറേറ്റർ വിമാനത്തിലാണ് അവർ ജിബ്രാൾട്ടറിലേക്ക് പറന്നത്. അവിടെ നിന്നും ഇന്ധനം നിറച്ചതിന് ശേഷം അവർ ഇംഗ്ലണ്ടിലേക്കുള്ള യാത്ര തുടർന്നു. ബിസ്കേയുടെ മുകളിൽ എവിടെയോ എത്തിയപ്പോൾ മൺറോ പറഞ്ഞു. “ചില കാര്യങ്ങൾ നമുക്ക് സംസാരിക്കാനുണ്ട്...”

എന്തിനെക്കുറിച്ച്...?”

അമേരിക്കൻ എയർഫോഴ്സിൽ ചേരുന്ന കാര്യത്തെക്കുറിച്ച് തന്നെ... ഞാൻ സൂചിപ്പിച്ചല്ലോ... RAF ൽ ഉള്ള അമേരിക്കക്കാരെ ട്രാൻസ്ഫർ ചെയ്യുന്ന കാര്യത്തിൽ ആദ്യമൊന്നും അത്ര സമ്മർദ്ദം ഉണ്ടായിരുന്നില്ല... പക്ഷേ, പിന്നീട് എണ്ണം തികയുന്നില്ല എന്ന് കണ്ടപ്പോൾ അവർ RAF മായി ഒരു ഉടമ്പടിയുണ്ടാക്കി... കഴിഞ്ഞ സെപ്റ്റംബറോടെ എല്ലാ അമേരിക്കക്കാരെയും ട്രാൻസ്ഫർ ചെയ്തിരിക്കണമെന്ന്... അമേരിക്കൻ യൂണിഫോമും സമാനമായ റാങ്കും നൽകിക്കൊണ്ട്... ഒപ്പം ഒരു ആനുകൂല്യം കൂടി നൽകിയ കാര്യം പറയാതിരുന്നു കൂടാ... തങ്ങളുടെ RAF Wings ബാഡ്ജ് നെഞ്ചിൽ വലതുഭാഗത്തായി ധരിക്കുവാനുള്ള അവകാശം...”

എന്തൊരു പരിഗണന...” ഹാരി പറഞ്ഞു.

ബോംബർ പൈലറ്റുകളെ ഉദ്ദേശിച്ചുള്ളതാണെങ്കിലും ഒരു ഇളവ് കൂടി അവർ പറയുന്നുണ്ട്... RAF ക്രൂവിനൊപ്പം മുപ്പത് ഓപ്പറേഷനുകൾ ഉള്ള ഒരു ടൂർ നിങ്ങൾ തുടങ്ങി വച്ചിട്ടുണ്ടെങ്കിൽ അത് പൂർത്തികരിക്കുന്നതു വരെ സാവകാശമുണ്ട്... പക്ഷേ, അത് കഴിഞ്ഞയുടൻ സമാനമായ റാങ്കോടെ അമേരിക്കൻ സ്ക്വാഡ്രണിലേക്ക് ട്രാൻസ്ഫർ വാങ്ങിയിരിക്കണം... മാത്രവുമല്ല, അമേരിക്കൻ യൂണിഫോം ധരിക്കുകയും വേണം...”

അല്പനേരം ചിന്തിച്ചിട്ട് ഹാരി അദ്ദേഹത്തെ നോക്കി. “താങ്കൾ പറഞ്ഞു വരുന്നത് ഞാനൊഴികെ മറ്റെല്ലാവരും ട്രാൻസ്ഫർ വാങ്ങിക്കഴിഞ്ഞു എന്നാണോ...?”

ഏതാനും പേർ കൂടി ബാക്കിയുണ്ട്... പക്ഷേ, അവരെ പിടിക്കാൻ വലയുമായി സദാസമയവും ചുറ്റിക്കൊണ്ടിരിക്കുകയാണ് അമേരിക്കക്കാർ...” മൺറോ പറഞ്ഞു.

അവർ ചുറ്റിക്കൊണ്ടിരിക്കട്ടെ...”

പക്ഷേ, അവർക്ക് മുന്നിൽ നിങ്ങൾ സ്വന്തം നില പരുങ്ങലിൽ ആക്കുകയാണ് ഹാരീ...”

അപ്പോൾ താങ്കൾക്ക് വേണ്ടി ഞാൻ ലൈസാൻഡർ പറപ്പിക്കുന്നതോ...?”

എനിക്ക് വേണ്ടി വർക്ക് ചെയ്യുന്നത് വ്യത്യാസമുണ്ട് ഹാരീ... സ്പെഷൽ ഡ്യൂട്ടീസ് സ്ക്വാഡ്രൺ ആണ് എന്റേത്... അത് ഓർമ്മയില്ലേ...? ഇവിടെ ചട്ടങ്ങൾ വ്യത്യസ്ഥമാണ്... ഇവിടെ മുപ്പത് ട്രിപ്പ് അല്ല, അറുപത് ട്രിപ്പ് ആണ് ഒരു ടൂറിന്... അതു കൊണ്ട് ടൂർ അവസാനിക്കുന്നത് വരെ അവർക്ക് വെയ്റ്റ് ചെയ്തേ പറ്റൂ...” മൺറോ പറഞ്ഞു.

അമേരിക്കൻ യൂണിഫോം അണിയേണ്ടി വരുമോ...?”

നിങ്ങളെ തേടി അവർ എത്തിയാൽ...”

എന്നെ കണ്ടെത്താൻ അവർക്ക് കഴിയുമോ എന്ന് നോക്കാം... മാത്രവുമല്ല, ടെഡി വെസ്റ്റിന് ഇക്കാര്യത്തിൽ എന്താണ് പറയാനുള്ളത് എന്ന് കൂടി അറിയണം...”

ഒരു സർപ്രൈസ് ആയിരിക്കും അദ്ദേഹം നിങ്ങൾക്ക് തരാൻ പോകുന്നതെന്ന് തോന്നുന്നു...” പിറകോട്ട് ചാരിയിരുന്ന് പറഞ്ഞിട്ട് മൺറോ കണ്ണുകളടച്ചു.
                                                                 ***
ഇംഗ്ലണ്ടിൽ എത്തിയ ഹാരിയ്ക്ക് രണ്ടാഴ്ച്ചത്തെ അവധിയാണ് ലഭിച്ചത്. ഫെയർലി ഫീൽഡിൽ അദ്ദേഹം വാങ്ങിയിട്ടിരുന്ന ആ ചെറിയ കോട്ടേജിലേക്കാണ് അദ്ദേഹം നേരെ പോയത്. തന്റെ സ്ക്വാഡ്രന്റെ പരിസരത്ത് പോലും പോകാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. മിക്കവാറും പുതിയ പയ്യന്മാരായിരിക്കും അവിടെ ഇപ്പോൾ... തന്റെ സാന്നിദ്ധ്യം സ്റ്റേഷൻ കമാൻഡർക്ക് പരിഭ്രമം ഉണ്ടാക്കുകയേ ഉള്ളൂ...

ചരലുകൾ വെള്ളത്തിലേക്ക് എറിഞ്ഞു കൊണ്ട് ബീച്ചിലൂടെ നടക്കവെ താൻ ഇംഗ്ലീഷ് ചാനലിന് മുകളിൽ വച്ച് നടത്തിയ പോരാട്ടങ്ങളെക്കുറിച്ച് അദ്ദേഹം ഓർത്തു. ഫോക്‌സ്റ്റൺ കടലിന് മുകളിൽ വച്ച് പാരച്യൂട്ടിൽ ചാടിയതും എല്ലാം എല്ലാം... വിശപ്പ് തോന്നുമ്പോൾ കോട്ടേജിൽ നിന്നും അധികം അകലെയല്ലാത്ത സ്മഗ്‌ളേഴ്സ് ഇൻ എന്ന പബ്ബിൽ നിന്നും ഭക്ഷണം കഴിച്ചു പോന്നു. ഒരിക്കലും അദ്ദേഹം യൂണിഫോം അണിഞ്ഞിരുന്നില്ല. സ്വെറ്ററും പാന്റ്സും ആയിരുന്നു സ്ഥിരം വേഷം.

ചിലപ്പോഴെല്ലാം ആ പബ്ബിൽ ഹോക്ക് സ്ക്വാഡ്രണിലെ പൈലറ്റുമാർ ഭക്ഷണം കഴിക്കാൻ എത്തുമായിരുന്നു. പുതിയതായി റിക്രൂട്ട് ചെയ്യപ്പെട്ട പയ്യന്മാർ... യുവത്വത്തിന്റെ ചോരത്തിളപ്പ് അവരുടെ പെരുമാറ്റത്തിൽ കാണാമായിരുന്നു. വളരെ ഉച്ചത്തിലും മറ്റുള്ളവരോട് ഒട്ടും സഹാനുഭൂതി ഇല്ലാത്ത തരത്തിലും ഒക്കെയായിരുന്നു അവരുടെ സംസാര രീതി. ജെസ്സി ആർണോൾഡ് എന്ന ഒരു വനിതയായിരുന്നു ആ റെസ്റ്ററന്റിന്റെ ഉടമയും നടത്തിപ്പുകാരിയും. ബാറ്റ്‌ൽ ഓഫ് ബ്രിട്ടൻ നടക്കുന്ന കാലഘട്ടം മുതൽ ഹാരിയെ പരിചയമുള്ള സ്ത്രീ. ആകാശത്ത്  നടക്കുന്ന ഡോഗ് ഫൈറ്റിന്റെയും മരണങ്ങളുടെയും എല്ലാം കഥകൾ ഹാരി പറഞ്ഞ് അവർക്ക് അറിവുണ്ടായിരുന്നു.

ഹാരി ഒരു ദിവസം ബാറിന്റെ മൂലയിലുള്ള മേശയ്ക്കരികിൽ ഇരുന്ന് മീറ്റ് & പൊട്ടാറ്റോ പൈ കഴിച്ചു കൊണ്ടിരിക്കവെയാണ് അഞ്ചാറ് പേർ അടങ്ങുന്ന ചെറുപ്പക്കാരായ  ഒരു കൂട്ടം പൈലറ്റുമാർ അങ്ങോട്ട് കയറി വന്നത്. അവർക്ക് ബിയർ സെർവ് ചെയ്തിട്ട് ജെസ്സി, ഹാരിയുടെ അടുത്തേക്ക് തിരിച്ചെത്തി.

ഇന്ന് നിങ്ങൾക്കായി ഒരു സ്പെഷൽ ഐറ്റം ഉണ്ട് ഹാരീ... അമേരിക്കൻ ആണ്... ബോർബൺ വിസ്കി...” പതിഞ്ഞ സ്വരത്തിൽ അവർ പറഞ്ഞു.

എന്റെ ദൈവമേ... എന്താണതിന്റെ രുചി എന്ന് പോലും ഞാൻ മറന്നു പോയി...”

ഹാരിയുടെ ഗ്ലാസിലേക്ക് വിസ്കി പകർന്നു കൊടുക്കുന്ന ജെസ്സിയെ ശ്രദ്ധിച്ച ഗ്രീൻ എന്ന ചെറുപ്പക്കാരനായ പൈലറ്റ് ഓഫീസർ കുപിതനായി ചോദിച്ചു. “എന്താണവിടെ ഒഴിച്ചു കൊടുക്കുന്നത് ജെസ്സീ...? സംതിങ്ങ് സ്പെഷൽ...? ഈ സിവിലിയന്മാർക്ക് കൊടുത്ത് ഇതൊക്കെ വെയ്സ്റ്റ് ആക്കുന്നോ...?”

ദ്വേഷ്യം ഇരച്ചുകയറിയ ജെസ്സി അതിന് മറുപടി പറയുവാനായി വായ്  തുറന്നതും ഹാരി അവരുടെ കൈത്തണ്ടയിൽ പിടിച്ചു. “വേണ്ട... ലെറ്റ് ഇറ്റ് ഗോ ജെസ്സ്...” ബാക്കിയുണ്ടായിരുന്ന വിസ്കി ഒറ്റ വലിക്ക് അകത്താക്കിയിട്ട് അദ്ദേഹം പുറത്തേക്ക് ഇറങ്ങിപ്പോയി.

അതു കണ്ട് പൊട്ടിച്ചിരിച്ചു കൊണ്ട് ഗ്രീൻ പറഞ്ഞു. “ബ്ലഡി മാൻ... മറ്റുള്ളവരെപ്പോലെ തന്നെ... സൂത്രത്തിൽ എന്തെങ്കിലും തരമാകുമോ എന്ന് നോക്കാൻ വന്നതായിരുന്നു...”

മിസ്റ്റർ ഗ്രീൻ...!” ജെസ്സി ശബ്ദമുയർത്തി. “നിങ്ങളെ ആരെങ്കിലും ഇതിന് മുമ്പ് മണ്ടൻ എന്ന് വിളിച്ചിട്ടുണ്ടോ...? ഇല്ലെങ്കിൽ അറിഞ്ഞോളൂ... ഒരു  മരമണ്ടൻ തന്നെയാണ് നിങ്ങൾ... നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണ് ഇപ്പോൾ നിങ്ങൾ ചെയ്തത്... ഒരു ദിവസം നിങ്ങൾ അത് മനസ്സിലാക്കും... ബട്ട്, നെവെർ മൈൻഡ് ദാറ്റ്... ഇനി എപ്പോഴെങ്കിലും ഇത് ആവർത്തിച്ചാൽ... പിന്നെ ഈ പബ്ബിൽ നിങ്ങൾക്ക് പ്രവേശനമുണ്ടാകില്ല... ഓർമ്മയിരിക്കട്ടെ...”

അമ്പരപ്പോടെ അവരെ നോക്കി വായ് തുറന്ന് നിൽക്കുന്ന ഗ്രീനിന്റെ മുന്നിലൂടെ ജെസ്സി അടുക്കളയിലേക്ക് നടന്നു.

                                                             ***

സെപ്റ്റംബർ അവസാന വാരത്തിലെ ഒരു ദിനം. കുളിര് കോരുന്ന മഴയുമേറ്റ് ചരലുകൾ ഓരോന്നായി കടലിലേക്ക് എറിഞ്ഞു കൊണ്ട് ബീച്ചിൽ ഇരിക്കുകയാണ് ഹാരി. അധികം അകലെയല്ലാതെ ഒരു വാഹനം  വന്ന് നിൽക്കുന്ന ശബ്ദം കേട്ട് അദ്ദേഹം തിരിഞ്ഞു നോക്കി. RAF ന്റെ സ്റ്റാഫ് കാർ ആയിരുന്നു അത്. പുറത്തേക്ക് ചാടിയിറങ്ങിയ ഒരു സെർജന്റ്, നിവർത്തിയ കുടയുമായി തിരിഞ്ഞ് പിൻഭാഗത്തെ ഡോർ തുറന്നു. എയർ വൈസ് മാർഷലിന്റെ യൂണിഫോം അണിഞ്ഞ് തേജസ്സോടെ പുറത്തിറങ്ങുന്ന ടെഡ്ഡി വെസ്റ്റിനെയാണ് അദ്ദേഹം കണ്ടത്.

ഹാരീ...!” അദ്ദേഹം കൈ ഉയർത്തി വീശി. “ഗുഡ് റ്റു സീ യൂ...”

തിടുക്കത്തിൽ ചാടിയെഴുന്നേറ്റ ഹാരി ഓടിച്ചെന്ന് അദ്ദേഹത്തിന് ഹസ്തദാനം നൽകി. “ഗ്രേറ്റ് റ്റു സീ യൂ സർ...”

നിങ്ങൾ ആകെ അസ്വസ്ഥനാണെന്നാണല്ലോ ഡോഗൽ മൺറോ പറഞ്ഞത്... പക്ഷേ, കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലല്ലോ...”

കടൽക്കാറ്റ്... പബ്ബിലെ ഭക്ഷണം... ധാരാളം ഉറക്കം...”

ഗുഡ്... കാറിൽ കയറൂ.... നിങ്ങളുടെ കോട്ടേജിലേക്ക് പോകാം... കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്...”

ജോലി സംബന്ധമായാണോ സർ...?” പിൻസീറ്റിൽ അദ്ദേഹത്തിനരികിൽ ഇരിക്കവെ ഹാരി ചോദിച്ചു.

യെസ്... എന്ന് പറയാം...”

ഷെഡ്ഡിൽ കിടക്കുന്ന MG റ്റൂ സീറ്റർ സ്പോർട്സ് കാറിന് സമീപം ഡ്രൈവർ ആ സ്റ്റാഫ് കാർ പാർക്ക് ചെയ്തു. ഫ്രണ്ട് സീറ്റിൽ വച്ചിരുന്ന ബാഗ് എടുത്ത് ടെഡ്ഡി വെസ്റ്റ്, ഹാരിയുടെ പിന്നാലെ കോട്ടേജിലേക്ക് നടന്നു. മങ്ങിക്കത്തിക്കൊണ്ടിരുന്ന നെരിപ്പോടിലെ കനലിലേക്ക് ഹാരി ഏതാനും വിറകു കഷണങ്ങൾ തിരുകിക്കൊടുത്തു.

കഴിക്കാൻ എന്തെങ്കിലും എടുക്കട്ടെ സർ...?”

ഭക്ഷണം നമുക്ക് പുറത്ത് പബ്ബിൽ നിന്ന് കഴിക്കാം... ആദ്യം ഔദ്യോഗിക കാര്യം...”

യെസ് സർ...”

അമേരിക്കക്കാർ നിങ്ങളെ വേണമെന്ന് നിർബ്ബന്ധം പിടിക്കുകയാണ് ഹാരീ... നിങ്ങളെ ഫയലുകൾക്കിടയിൽ ഒളിപ്പിക്കാൻ ഞാൻ ആവുന്നതും നോക്കി... ഔദ്യോഗികമായി നിങ്ങൾ ഇപ്പോഴും ഫിന്നിഷ് ആണ്... എങ്കിലും അധികകാലം ഇങ്ങനെ പിടിച്ചു നിൽക്കാനാവില്ല... ഐ ഡൂ ഹാവ് എ സജഷൻ...” വെസ്റ്റ് പറഞ്ഞു.

എന്താണത് സർ...?”

ടെംപ്‌സ്ഫോഡിൽ 138 സ്പെഷൽ ഡ്യൂട്ടീസ് സ്ക്വാഡ്രൺ എന്ന പേരിൽ നമ്മുടെ ഒരു വിഭാഗം പ്രവർത്തിക്കുന്നുണ്ട്... മൂൺ സ്ക്വാഡ്രൺ എന്നാണ് പൊതുവേ അത് അറിയപ്പെടുന്നത്... ഫ്രാൻസിലേക്ക് ഏജന്റുമാരെ ഡ്രോപ്പ് ചെയ്യുക, അവിടെ നിന്നും ആളുകളെ പിക്ക് ചെയ്യുക എന്നിവയൊക്കെയാണ് ജോലി...”

എന്നോട് അതിൽ ജോയ്‌ൻ ചെയ്യുവാനാണോ പറഞ്ഞു വരുന്നത്...?”

നോട്ട് എക്സാക്റ്റ്ലി... സ്പെഷൽ ഡ്യൂട്ടീസ് സ്ക്വാഡ്രണുമായി ടെംപ്‌സ്ഫോഡിന് ചില കണക്ഷനുകളൊക്കെയുണ്ട്... ഉദാഹരണത്തിന് ടാംഗ്‌മിയർ എയർ സ്റ്റേഷൻ... ബാറ്റ്‌ൽ ഓഫ് ബ്രിട്ടന്റെ സമയത്ത് നിങ്ങൾക്ക് നേരിട്ട് അറിയാവുന്നതാണല്ലോ...”

മാത്രവുമല്ല, ബ്രിഗേഡിയർ മൺറോയ്ക്ക് എന്തോ പ്രത്യേക താല്പര്യവുമുണ്ട്...”

യെസ്... കോൺവാളിൽ ഉള്ള കോൾഡ് ഹാർബറിൽ ഒരു സീക്രറ്റ് എയർ ബേസ് ഉണ്ട്... അദ്ദേഹത്തിന്റെ ഓപ്പറേഷനുകൾ മുഴുവനും അവിടെ നിന്നാണ്... ലൈസാൻഡർ മാത്രമല്ല, ഫീസ്‌ലർ സ്റ്റോർക്ക്, എന്തിന് ലുഫ്ത്‌വാഫ് അടയാളം വഹിക്കുന്ന ജങ്കേഴ്സ് 88S പോലുമുണ്ട്...എന്തായാലും നമുക്ക് വെയ്റ്റ് ചെയ്യാം... അമേരിക്കൻ ഉദ്യോഗസ്ഥർ നിങ്ങളുടെ പിന്നാലെ കൂടുന്നത് വരെ നിങ്ങൾക്ക് ആ സെക്ഷനിൽ പ്രവർത്തിക്കാം... പിന്നെ വരുന്നിടത്ത് വച്ച് കാണാം...”

എന്തൊക്കെയായിരിക്കും എന്റെ ഡ്യൂട്ടികൾ...?”

ആവശ്യമുള്ളപ്പോൾ എന്നോടൊപ്പം ഫ്രാൻസിലേക്ക് രാത്രികാലങ്ങളിൽ യാത്ര... പിടിച്ചെടുക്കപ്പെട്ട ശത്രുവിമാനങ്ങളുടെ ടെസ്റ്റ് ഫ്ലൈറ്റ് ആയിരിക്കും മിക്കപ്പോഴും... അങ്ങനെയുള്ള പല ജോലികളും... എന്തു പറയുന്നു...?”

രസകരമായി തോന്നുന്നു...”

ഒരു തരത്തിൽ പറഞ്ഞാൽ എന്റെ സഹായി ആയിട്ടുള്ള പ്രവർത്തനം... എങ്കിലും എല്ലാ വിധ റാങ്കുകളും സ്ഥാനമാനങ്ങളും ഉണ്ടാകും...” അദ്ദേഹം താൻ കൊണ്ടു വന്ന ബാഗ് തുറന്ന് ഒരു പുതുപുത്തൻ യൂണിഫോം പുറത്തെടുത്തു. “ക്ഷമിക്കണം ഹാരീ... സാവൈൽ റോയിലുള്ള നിങ്ങളുടെ ടെയ്‌ലറുടെ അടുത്ത് ഞാൻ പോയിരുന്നു... നിങ്ങൾക്കായി തയ്പ്പിച്ച പുതിയ യൂണിഫോമാണിത്... നോക്കൂ, ഇപ്പോൾ മുതൽ നിങ്ങൾ ഒരു വിംഗ് കമാൻഡർ ആണ്... എന്ന് വച്ചാൽ നിങ്ങളുടെ സഹോദരന്റെ റാങ്കിന് സമാനം... അദ്ദേഹം ഇപ്പോൾ ഒരു ലെഫ്റ്റ്നന്റ് കേണൽ ആണെന്നാണ് കേട്ടത്...”

ഗുഡ് ഗോഡ്...” ഹാരി പറഞ്ഞു.

നിങ്ങളുടെ എല്ലാ മെഡൽ റിബണുകളും ഇതിൽ തുന്നിച്ചേർത്തിട്ടുണ്ട്... പിന്നെ ആ രണ്ട് ഫ്ലാഗുകളോടു കൂടിയ അമേരിക്കൻ ഈഗിളും ഷോൾഡറിൽ കാണാം...”

എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല...”

വേഷമെല്ലാം മാറ്റി ഈ യൂണിഫോം ധരിച്ചിട്ട് വരൂ... പബ്ബിൽ പോയി നമുക്ക് ഭക്ഷണം കഴിക്കാം...”

പബ്ബിൽ എത്തുമ്പോൾ ഭക്ഷണത്തിനുള്ള സമയം ആകുന്നതേ ഉണ്ടായിരുന്നുള്ളൂ. നെരിപ്പോടിൽ വിറകു കഷണങ്ങൾ വച്ചുകൊണ്ടിരുന്ന ജെസ്സി ആർണോൾഡ് അവരെ കണ്ടതും ആശ്ചര്യത്തോടെ വായ് തുറന്നു നിന്നു പോയി.

ഓ മൈ ഗോഡ്... ഹാരി കെൽസോ... വിംഗ് കമാൻഡർ ആയി സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നു...!” വാത്സല്യത്തോടെ അവർ അദ്ദേഹത്തിന്റെ കവിളിൽ മുത്തം നൽകി.

ജെസ്സീ, ഇത് എയർ വൈസ് മാർഷൽ ടെഡ്ഡി വെസ്റ്റ്... നിങ്ങളുടെ പ്രസിദ്ധമായ ആ മീറ്റ് & പൊട്ടാറ്റോ പൈ കഴിക്കാൻ വേണ്ടി എത്തിയതാണ് ഞങ്ങൾ... പിന്നെ ഈ ക്ഷാമ കാലത്ത് സ്കോച്ച് വിസ്കി ഉണ്ടോ എന്ന് ചോദിക്കുന്നതിൽ അർത്ഥമില്ലല്ലോ...”

ഓ യെസ്... ദേർ ഈസ്...” ജെസ്സി മന്ദഹസിച്ചു. “നിങ്ങൾക്ക് തരാൻ തീർച്ചയായും ഉണ്ട് ജെന്റ്‌ൽമെൻ...”

ബാറിന്റെ കോർണറിൽ അവർ ഇരിപ്പുറപ്പിച്ചു. സ്കോച്ചിന്റെ കുപ്പിയുമായി ജെസ്സി കൗണ്ടറിൽ നിന്നും പുറത്തേക്കിറങ്ങുമ്പോഴാണ് ഗ്രീനും മറ്റ് മൂന്ന് പൈലറ്റുമാരും വാതിൽ തുറന്ന് ബാറിലേക്ക് പ്രവേശിച്ചത്. ജെസ്സിയുടെ കൈയ്യിലെ സ്കോച്ച് ബോട്ട്‌ൽ കണ്ടതും അത് പിടിച്ചു വാങ്ങാനായി അയാൾ അവർക്കരികിലെത്തി.

കമോൺ ജെസ്സി... സിവിലിയൻസിന് കൊടുക്കാനായി ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നുവല്ലേ...?”

യങ്ങ് മാൻ...!” വെസ്റ്റ് വിളിച്ചു. “അല്പം കൂടി മര്യാദയോടെ സംസാരിക്കുവാൻ ശ്രദ്ധിക്കൂ... ഒരു ഓഫീസർ എന്നതിനുപരി നിങ്ങൾ ഒരു ജെന്റ്‌ൽമാൻ കൂടിയായിരിക്കണമെന്നാണ് ചട്ടം...”

തിരിഞ്ഞു നോക്കിയ ഗ്രീനിന്റെ മുഖത്തെ ക്രൂദ്ധഭാവം അത്രയും ഉയർന്ന ഉദ്യോഗസ്ഥനെ കണ്ടതോടെ ആശ്ചര്യത്തിന് വഴി മാറി.  വെസ്റ്റ് തന്റെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു. അപ്പോഴാണ് വാതിൽ തുറന്ന് ഒരു ഫ്ലൈറ്റ് ലെഫ്റ്റ്നന്റ് അങ്ങോട്ട് പ്രവേശിച്ചത്.

ആഹ്... ഹോക്ക് സ്ക്വാഡ്രണിൽ നിന്നാണല്ലേ...? നിങ്ങളുടെ പേര് വാർലേ എന്നായിരിക്കുമല്ലോ...?” വെസ്റ്റ് ചോദിച്ചു.

യെസ് സർ...” വിക്കലോടെ അയാൾ പറഞ്ഞു.

ഞാൻ എയർ വൈസ് മാർഷൽ വെസ്റ്റ്... ഇത് വിംഗ് കമാൻഡർ ഹാരി കെൽസോ... ബാറ്റ്‌ൽ ഓഫ് ബ്രിട്ടന്റെ സമയത്ത് ഇവിടുത്തെ ഹോക്ക് സ്ക്വാഡ്രന്റെ കമാൻഡർ ആയിരുന്നു...”

അവിടെയുണ്ടായിരുന്ന പൈലറ്റുമാരുടെ ശ്വാസം നിലച്ചത് പോലെ തോന്നി. പിന്നെ അവരെല്ലാം കൂടി ഹാരിയുടെ നേർക്ക് തിരിഞ്ഞു. “ഗുഡ് ലോർഡ്, സർ...” വാർലേ പറഞ്ഞു. “യൂ ആർ എ ലെജൻഡ് ഇൻ ദിസ് സ്ക്വാഡ്രൺ... എ ലെജൻഡ്...”

എന്നാൽ പിന്നെ ഇതിന്റെ പേരിൽ നമുക്ക് ഓരോ ഡ്രിങ്ക് ആയാലോ...?” ഹാരി ജെസ്സിയുടെ നേർക്ക് തിരിഞ്ഞു. “ലഭ്യമായതൊക്കെ പോന്നോട്ടെ ജെസ്സ്... പക്ഷേ, ഒരു കാര്യം... നോ ബോർബൺ വിസ്കി ഫോർ മിസ്റ്റർ ഗ്രീൻ...”

(തുടരും)

അടുത്ത ലക്കത്തിനു് ഇവിടെ ക്ലിക്ക് ചെയ്യുക...
 

28 comments:

  1. ആഹാ ഒരു സിനിമ കഥ പോലെ മനോഹരം !!
    ഗ്രീൻറെ പരിപ്പ് ഇളകി കാണുമല്ലോ

    ReplyDelete
    Replies
    1. ഇഷ്ടായി അല്ലേ ഉണ്ടാപ്രിക്ക്...? സന്തോഷായി... ഗ്രീനിന് ഇതിലും വലിയ അക്കിടി ഇനി എന്ത് പറ്റാൻ...

      വായനക്കാരുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണല്ലോ ഉണ്ടാപ്രിയേ... നമ്മുടെ സ്ഥിരം വായനക്കാരായിരുന്ന അശോകേട്ടൻ, മുബി, ശ്രീജിത്ത്, ജസ്റ്റിൻ, കുറിഞ്ഞി തുടങ്ങി പലരും കാണാമറയത്താണല്ലോ.... ഈ നോവലോടെ നമുക്ക് ഈ പരിപാടി അങ്ങ് അവസാനിപ്പിച്ചാലോന്നാ ഞാൻ ആലോചിക്കുന്നത്... :(

      Delete
    2. യുദ്ധക്കഥകൾ എഴുതുന്ന ആളല്ലെ. ധൈര്യമായിരിക്കു. നമുക്ക്‌ ഇവരെയൊക്കെ എത്തിക്കാം. അല്ലെങ്കിൽ ചാത്തന്മാർ കൊണ്ടുവരും 😀

      Delete
    3. വൈകിയാലും ഞാൻ വരും... നിർത്തിയാൽ വിടമാട്ടെ!

      Delete
    4. ഒരാളേ വായിക്കാൻ ഉള്ളുവെങ്കിലും വിവർത്തനം തുടരണം മിസ്റ്റർ വിവർത്തകൻ.. അതല്ലേ ഹീറോയിസം!!

      Delete
    5. കുറിഞ്ഞിJuly 8, 2019 at 11:18 AM

      അങ്ങനെ കടുത്ത തീരുമാനങ്ങളൊന്നും എടുക്കല്ലേ വിനുവേട്ടാ....
      അൽപ്പം ലേറ്റ് ആയാലും ഒന്ന് ക്ഷമിച്ചുകള.

      Delete
    6. ആഹാ... എല്ലാരും എത്തീല്ലോ... സന്തോഷായി....

      Delete
    7. ഏവരും വായിക്കുന്നുണ്ട്...
      അഭിപ്രായിക്കുന്നില്ല എന്ന് മാത്രം ...!

      Delete
  2. ഹാരിക്ക്‌ ഇനി പുതിയ ആകാശം. ഉണ്ടാപ്രി പറഞ്ഞത്‌ ശരിയാണ്‌, സിനിമ പോലെ രസകരം.

    ReplyDelete
    Replies
    1. കഥ പറച്ചിൽ വിരസമാകുന്നില്ല എന്നറിഞ്ഞതിൽ സന്തോഷം...

      Delete
  3. ഹായ്... ഞാൻ വന്നല്ലോ...

    ReplyDelete
    Replies
    1. അശോകേട്ടന് ഇത്തിരി അലസതയുണ്ട്ട്ടോ...

      Delete
  4. Late aayi വായിക്കാൻ. Harry got new assignment. എത്ര കാലം Americans nte കണ്ണിൽ പെടാതെ പിടിച്ചു നിൽക്കാൻ pattuo ആവോ

    ReplyDelete
    Replies
    1. പറ്റുന്നിടത്തോളം സുചിത്രാജീ...

      Delete
  5. അമേരിക്കൻ യൂണിഫോമിൽ ഹാരി! മ്... നോക്കാം

    ReplyDelete
    Replies
    1. വിങ്ങ് കമാൻഡർ ഹാരി കെൽസോ...

      Delete
  6. ആ ചിന്നപ്പൈലറ്റുമാരെ ഞെട്ടിയ്ക്കാൻ കഴിഞ്ഞല്ലോ...എനിയ്ക്കത്‌ ഭയങ്കര ഇഷ്ടമായി..

    ReplyDelete
  7. അതിന്റെ പേരിലും ഡ്രിങ്ക് 😳

    ReplyDelete
    Replies
    1. ആഘോഷിക്കാൻ എന്തെല്ലാം കാരണങ്ങൾ...

      Delete
  8. "അവിടെയുണ്ടായിരുന്ന പൈലറ്റുമാരുടെ ശ്വാസം നിലച്ചത് പോലെ തോന്നി. "

    ഇവിടിരുന്ന് വായിച്ച എനിക്കും ശ്വാസം നിലച്ചത് പോലെ.. really proud moment..

    ReplyDelete
    Replies
    1. അതെ... ചമ്മിപ്പോയി അവരെല്ലാം...

      Delete
  9. കുറിഞ്ഞിJuly 8, 2019 at 11:13 AM

    ഗ്രീനിന്റെ വായിൽ കുറച്ചു വിസ്കി ഒഴിച്ചു കൊടുക്കൂ വായടച്ചു വയ്ക്കട്ടെ.....
    എന്തായാലും പയ്യൻമാരുടെ കണ്ണു തള്ളി.

    ReplyDelete
    Replies
    1. അതെ... ഒരിക്കലും പ്രതീക്ഷിച്ചില്ല അവർ...

      Delete
  10. ആശാൻ ആരാ മോൻ ...!
    ചിന്ന പറത്തുകാർ പെരിയ
    പറത്തുകാരനോളം വരുമോ ..അല്ലേ

    ReplyDelete
  11. അയ്യോ വിനുവേട്ടാ നിർത്തല്ലേ.. പഠനം തലക്കു പിടിച്ചു പുകഞ്ഞിരിക്കുന്നത് കൊണ്ടാണ് ഇതു വഴി വരാൻ താമസിക്കുന്നത്.

    ReplyDelete
  12. വായന അല്പം താമസിച്ചായാലും ഞാനും പിറകെ ഓടിയെത്താറുണ്ട്. വിവർത്തനകഥ നിർത്തിക്കളയല്ലേ വിനുവേട്ടാ.

    ReplyDelete