Saturday, June 15, 2019

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 29


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

ലണ്ടനിൽ സായാഹ്നമായിരിക്കുന്നു. തന്റെ വാക്കിങ്ങ് സ്റ്റിക്കിൽ ഊന്നി ആയാസപ്പെട്ട് സാറാ ഡിക്സൺ വെസ്റ്റ്ബേൺ ഗ്രോവിലെ തെരുവിലൂടെ ആ ഇറ്റാലിയൻ റെസ്റ്ററന്റ് ലക്ഷ്യമാക്കി നടന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ആദ്യമായി ഫെർണാണ്ടോ റോഡ്രിഗ്സിനൊപ്പം ഭക്ഷണം കഴിച്ചത് ആ റെസ്റ്ററന്റിൽ വച്ചായിരുന്നു.

റെസ്റ്ററന്റിനുള്ളിലേക്ക് പ്രവേശിച്ചതും കോർണർ ടേബിളിനരികിൽ ഇരുന്ന് പത്രം വായിച്ചു കൊണ്ടിരുന്ന റോഡ്രിഗ്സ് എഴുന്നേറ്റ് അവളെ സ്വീകരിക്കുവാനായി മുന്നോട്ട് വന്നു. “ഹൗ ആർ യൂ...?” സ്നേഹപാരവശ്യത്തോടെ അവളുടെ അധരങ്ങളിൽ ചുംബിച്ചു കൊണ്ട് അയാൾ ചോദിച്ചു.

കുറയുന്ന ലക്ഷണമൊന്നും കാണുന്നില്ല...” കസേരയിൽ ഇരുന്നുകൊണ്ട് അവൾ പറഞ്ഞു.

കാലിന്റെ കാര്യമാണോ...?” തുറന്ന് വച്ചിരുന്ന വൈൻ ബോട്ട്‌ലിൽ നിന്നും ഗ്ലാസിലേക്ക് അല്പം പകർന്ന് അവൾക്ക് നൽകിക്കൊണ്ട് അയാൾ ആരാഞ്ഞു.

ഒരു പുതിയ പെയ്‌ൻ കില്ലർ പരീക്ഷിക്കുകയാണ് ഇപ്പോൾ... പക്ഷേ, കാര്യമായ പുരോഗതിയൊന്നും കാണുന്നില്ല... ആഹ്, അത് പോട്ടെ... വേറെ ചില വർത്തമാനങ്ങളൊക്കെയുണ്ട്... എനിക്ക് ട്രാൻസ്ഫർ ആണ്...”

എങ്ങോട്ട്...?”

ബേക്കർ സ്ട്രീറ്റിലുള്ള സ്പെഷൽ ഓപ്പറേഷൻസ് എക്സിക്യൂട്ടിവിലേക്ക്...”

മൈ ഗോഡ്...!” അദ്ദേഹം ആശ്ചര്യം കൊണ്ടു. “വളരെ പ്രധാനപ്പെട്ട ഒരു  സെക്ഷനാണല്ലോ അത്... യൂറോപ്പിലെ ചാരപ്രവർത്തനം എല്ലാം കൈകാര്യം ചെയ്യുന്നത് അവരല്ലേ...? പാരച്യൂട്ടിൽ ഏജന്റുമാരെ ഡ്രോപ്പ് ചെയ്യുന്നതും എല്ലാം...?”

എന്ന് തോന്നുന്നു... പക്ഷേ, ഒരു കാര്യം... എന്താണ് പോസ്റ്റ് എന്ന് ഇതുവരെ അറിയിച്ചിട്ടില്ല... ബേക്കർ സ്ട്രീറ്റ് അഡ്മിനിസ്ട്രേഷനിലെ ഒരു സീനിയർ ക്ലെർക്ക് ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു എന്ന് എന്റെ ബോസ് വിളിച്ച് പറഞ്ഞു... മിക്കവാറും പഴയത് പോലെ വിരസമായ ജോലി തന്നെ ആയിരിക്കാനാണ് സാദ്ധ്യത... എന്തായാലും പഴയതിലും ശമ്പളം ഉണ്ടാകും... തിങ്കളാഴ്ച്ച ജോയ്ൻ ചെയ്യാനാണ് പറഞ്ഞിരിക്കുന്നത്...”

അനന്ത സാദ്ധ്യതകളാണല്ലോ മുന്നിൽ...”

വെൽ... ഒരു മാറ്റം എന്തുകൊണ്ടും നല്ലത് തന്നെ... കുറേ വർഷങ്ങളായി ഒരേ ജോലി ചെയ്ത് മടുത്തിരിക്കുകയായിരുന്നു ഞാൻ...” അവൾ അയാളുടെ കൈകൾ ഞെരുക്കി. “അയാം സോ എക്സൈറ്റഡ്, ഫെർണാണ്ടോ...”

അല്ലെങ്കിലേ അത്ഭുതമുള്ളൂ...”

ഇന്ന് രാത്രി ഇനി ഫ്ലാറ്റിലേക്ക് വരുന്നുണ്ടോ...?”

തീർച്ചയായും...” പ്രണയ പാരവശ്യത്തോടെ മുന്നോട്ടാഞ്ഞ് ഒരു ചുടു ചുംബനം നൽകിയിട്ട് അയാൾ പറഞ്ഞു. അവർക്കിടയിലെ പ്രണയം തികച്ചും യഥാർത്ഥമായിരുന്നു.

ഗുഡ്...” അവൾ പറഞ്ഞു. “എന്നാൽ ശരി, ഭക്ഷണം ഓർഡർ ചെയ്യാം... എനിക്ക് നന്നായി വിശക്കുന്നുണ്ട്...”

                                                        ***

ജോയൽ റോഡ്രിഗ്സ് കൊണ്ടുവന്ന ലണ്ടനിൽ നിന്നുമുള്ള ഏറ്റവും പുതിയ സന്ദേശവുമായിട്ടാണ് ട്രൂഡി ബ്രൗൺ ഹാർട്ട്മാന്റെ ഓഫീസിലേക്ക് കയറിച്ചെന്നത്. അദ്ദേഹം അത് വായിച്ചു നോക്കിയിട്ട് അവൾക്ക് തിരികെ കൊടുത്തു.

വായിച്ചു നോക്കൂ...” അദ്ദേഹം പറഞ്ഞു.

ഇന്ററസ്റ്റിങ്ങ്...” അത്  വായിച്ചതിന് ശേഷം അവൾ പറഞ്ഞു.

അതിനുമപ്പുറം... ഇതൊരു സംഭവം തന്നെയായിരിക്കും... ഈ പറയുന്ന SOE കുറച്ചൊന്നുമല്ല ഫ്രാൻസിൽ നമുക്ക് തലവേദനയുണ്ടാക്കുന്നത്... ലൈസാൻഡറിലും പാരച്യൂട്ടിലുമൊക്കെയായി ഏജന്റുമാരെ ഡ്രോപ്പ് ചെയ്ത് ഫ്രഞ്ച് ചെറുത്തുനിൽപ്പിന് ശക്തി പകരുകയാണവർ... ആ ഫയൽ കൊണ്ടുവരൂ...”

എനിക്കത്  കാണാപാഠമാണ് കേണൽ... നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ കേന്ദ്രം SOE ആണെന്നും എനിക്കറിയാം... സെക്ഷൻ - D യുടെ തലവൻ ബ്രിഗേഡിയർ ഡോഗൽ മൺറോ... ഡെർട്ടി ട്രിക്ക്സ് ഡിപ്പാർട്ട്മെന്റ് എന്നല്ലേ അദ്ദേഹത്തിന്റെ സെക്ഷൻ അറിയപ്പെടുന്നത്...?”

അതെ... ആട്ടെ, ജോയൽ റോഡ്രിഗ്സ് തിരിച്ചു പോയോ...?”

ഇല്ല... അയാൾ അവിടെ ഔട്ട് ഹൗസിൽ ഇരിക്കുന്നുണ്ട്... കാണണമെന്നുണ്ടോ...?”

വേണ്ട... നീ തന്നെ കൈകാര്യം ചെയ്തോളൂ... ഇന്നു മുതൽ അയാളുടെയും അയാളുടെ സഹോദരന്റെയും ശമ്പളം ഇരട്ടി ആയിരിക്കുമെന്ന് പറഞ്ഞേക്കൂ...”

വെരി വെൽ...”

സാറാ ഡിക്സൺ എന്ന ആ വനിത ഇതിൽ ഭാഗഭാക്കാവുന്നത് പണത്തിന് വേണ്ടിയാണ് എന്ന് എനിക്ക് തോന്നുന്നില്ല... ഒന്നോർത്താൽ പാവം തോന്നുന്നു... എന്നിരുന്നാലും SOE യെ കുറിച്ചുള്ള വിവരങ്ങൾ, പ്രത്യേകിച്ച് ഡോഗൽ മൺറോയെ കുറിച്ചുള്ള വിവരങ്ങൾ എത്ര മാത്രം പ്രാധാന്യം അർഹിക്കുന്നതാണെന്ന് അവരെ അറിയിക്കണം...”

അവൾ പുറത്തേക്ക് ഇറങ്ങിയതും ഹാർട്ട്മാൻ എഴുന്നേറ്റ് ജാലകത്തിനരികിലേക്ക് നടന്നു. അനന്തമായ സാദ്ധ്യതകൾ... എത്ര മനോഹരമാണത്... ഒരു സിഗരറ്റിന് തീ കൊളുത്തിക്കൊണ്ട് അദ്ദേഹം മന്ത്രിച്ചു.

                                                                ***

ആഗസ്റ്റിൽ സിസിലിയിൽ അധിനിവേശം നടത്തിയ സഖ്യകക്ഷികൾ സെപ്റ്റംബർ ആയപ്പോഴേക്കും ഇറ്റാലിയൻ വൻകരയിൽ പ്രവേശിച്ചു. അതേ സമയം കെയ്റോയിൽ ആയിരുന്ന ഹാരി കെൽസോ തന്റെ സ്ക്വാഡ്രണിൽ നിന്നും തിരികെ വിളിക്കപ്പെട്ടു. ഷെപ്പേർഡ്സ് ഹോട്ടലിൽ തങ്ങിയിരുന്ന ട്രാൻസ്പോർട്ടേഷൻ ഓഫീസർക്ക് മുന്നിൽ റിപ്പോർട്ട് ചെയ്യുവാനായിരുന്നു നിർദ്ദേശം.

സർ, താങ്കളോട് ഇംഗ്ലണ്ടിലേക്ക് മടങ്ങിച്ചെല്ലുവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്...” അയാൾ ഹാരിയോട് പറഞ്ഞു. “ഡെക്കോട്ടയിൽ മാൾട്ടയിലേക്ക്... അവിടെ നിന്നും ഇന്ധനം നിറച്ചിട്ട് ജിബ്രാൾട്ടറിലേക്ക്... സാധാരണ നിലയിൽ രണ്ട് പൈലറ്റുമാരാണ് വേണ്ടത്... എന്നാൽ അസുഖമോ മറ്റോ കാരണം അവരിൽ ഒരാൾ എത്തിയിട്ടില്ല എന്നാണ് അറിവായത്... പൈലറ്റിന് ഒരു സഹായം എന്ന നിലയിൽ ഒപ്പം പോകുന്നതിൽ താങ്കൾക്ക് ബുദ്ധിമുട്ടുണ്ടോ...?”

മൈ പ്ലെഷർ...” ഹാരി പറഞ്ഞു.

                                                                   ***

കെയ്റോ എയർപോർട്ടിലെ ക്രൂ റൂമിൽ വച്ച് ഹാരി ആ വിമാനത്തിന്റെ പൈലറ്റിനെ സന്ധിച്ചു. ജോൺസൻ എന്നായിരുന്നു ആ ഫ്ലയിങ്ങ് ഓഫീസറുടെ പേര്. ഹാരിയെ പരിചയപ്പെട്ടതും അയാൾ ആവേശഭരിതനായി. “മൈ ഗോഡ്... താങ്കളല്ലേ ഓർസിനിയെ മുക്കിയത്...? വാട്ട് എ ജോബ് ദാറ്റ് വാസ്...”

ആ വിഷയത്തെ അവഗണിച്ചുകൊണ്ട് ഹാരി ചോദിച്ചു. “ഇന്നത്തെ ട്രിപ്പിൽ എന്തെങ്കിലും പ്രശ്നങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ...?”

ജർമ്മൻകാർ പിടിച്ചടക്കി വച്ചിട്ടുള്ള ഇറ്റാലിയൻ പ്രദേശത്ത് ഒരു ലുഫ്ത്‌വാഫ് ബേസ് ഉണ്ട്... നമ്മുടേത് ഒരു പതിവ് റൂട്ടാണ്... പ്രശ്നങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല... മാത്രമല്ല, രാത്രിയിലാണ് നാം പറക്കുന്നതും... രണ്ട് സപ്ലൈ സെർജന്റുമാരും വേറെ ആറ് പേരുമാണ് നമ്മുടെ യാത്രക്കാർ...”

ഏതെങ്കിലും പ്രമുഖ വ്യക്തികൾ...?”

... ഏതോ ഒരു ബ്രിഗേഡിയറോ മറ്റോ ഉണ്ടെന്നാണ് കേട്ടത്... എല്ലാവരും ലോഞ്ചിൽ ഇരിപ്പുണ്ട്... ചായയും സാൻഡ്‌വിച്ചും അറേഞ്ച് ചെയ്തിട്ടുണ്ട് സർ... താങ്കൾ അങ്ങോട്ട് ചെന്നോളൂ... രണ്ട് മണിക്കൂറിനുള്ളിൽ നാം പുറപ്പെടും...”

ഇരുകൈകളിലും ഓരോ ബാഗുമായി ഹാരി ലോഞ്ചിലേക്ക് നടന്നു. ചായ കുടിയും തമാശയും പൊട്ടിച്ചിരിയുമായി അവിടെ ഇരുന്നിരുന്നവരെ അദ്ദേഹം ശ്രദ്ധിച്ചു. ഒരു ഹാഫ് കേണൽ, ഏതാനും മേജർമാർ, സിവിലിയൻ വേഷത്തിലുള്ള രണ്ടു പേർ... ഇത്രയുമായിരുന്നു അവിടെയുണ്ടായിരുന്നത്. സൈഡ് ക്യാപ്പും മെഡലുകളാൽ അലംകൃതമായ കാക്കി യൂണിഫോമും ധരിച്ച് സൂര്യതാപം ഏറ്റ മുഖവുമായി അടുത്തെത്തിയ ഹാരിയെ കണ്ട് അവർ നിശ്ശബ്ദരായി.

ഞാൻ ഹാരി കെൽസോ...” അദ്ദേഹം പരിചയപ്പെടുത്തി.

ഗുഡ് ലോർഡ്... മൈ ഡിയർ ചാപ്... നിങ്ങളല്ലേ ഓർസിനിയെ മുക്കിയത്...?” ഹസ്തദാനം നൽകുവാനായി കേണൽ എഴുന്നേറ്റ് മുന്നോട്ട് വന്നു. ഹാരി തന്റെ വലതുകൈയിലെ ബാഗ് നിലത്ത് വച്ചിട്ട് കൈ നീട്ടി.

സോ, ദേർ യൂ ആർ... പേരു കേട്ട ടർക്വിൻ ആയിരിക്കും അല്ലേ ആ ജംപ് ബാഗിൽ...?” ആ ശബ്ദം കേട്ട് തിരിഞ്ഞ ഹാരി കണ്ടത് പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന ബ്രിഗേഡിയർ ഡോഗൽ മൺറോയെ ആണ്.

കോർണറിലെ മേശക്കരികിൽ ഇരുന്ന് വിസ്കിയിൽ സോഡ കലർത്തി പതുക്കെ നുണയവെ ഹാരി ചോദിച്ചു. “ഈ മീറ്റിങ്ങിന് പിറകിൽ എന്തെങ്കിലും കൗശലം മറച്ചു വച്ചിട്ടുണ്ടോ ബ്രിഗേഡിയർ...?”

എന്നെ കണ്ടാൽ അങ്ങനെ തോന്നുമോ...?” മൺറോ ആരാഞ്ഞു.

സത്യം പറഞ്ഞാൽ, തോന്നും...”

വെൽ... യൂ ആർ റോങ്ങ്... കഴിഞ്ഞ തവണ നാം തമ്മിൽ കണ്ടതിനേക്കാൽ മെഡലുകളുടെ എണ്ണം ഏറിയിട്ടുണ്ടല്ലോ യൂണിഫോമിൽ... നിങ്ങളുടെ സഹോദരനെപ്പോലെ തന്നെ മിടുക്കനാണ് നിങ്ങളും...”

മാക്സ്...? അവന്റെ വിവരങ്ങൾ വല്ലതുമുണ്ടോ...?”

സ്റ്റാലിൻഗ്രാഡിൽ നിന്നും കഷ്ടിച്ചാണ് രക്ഷപെട്ടത്... എത്ര റഷ്യൻ വിമാനങ്ങൾ വെടിവച്ച് വീഴ്ത്തി എന്ന് ദൈവത്തിന് മാത്രമേ അറിയൂ... Knight’s Cross, Oak Leaves, Swords എന്നീ ഉന്നത ബഹുമതികൾ... തിരികെയെത്തിയ അദ്ദേഹത്തെ ബെർലിനിൽ സ്റ്റാഫ് ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിരിക്കുകയാണ് ഗൂറിങ്ങ് ഇപ്പോൾ... ഒപ്പം ലെഫ്റ്റ്നന്റ് കേണൽ ആയി സ്ഥാനക്കയറ്റവും...”

ഗുഡ് ഫോർ മാക്സ്...”

തിരികെ ഇംഗ്ലണ്ടിൽ ചെന്നാൽ നിങ്ങളെ എന്ത് ചെയ്യാനാണ് അവരുടെ ഉദ്ദേശ്യം...?”

അറിയില്ല...” ഹാരി പറഞ്ഞു.

ടെഡ്ഡി വെസ്റ്റ് എയർ വൈസ് മാർഷൽ ആയി ചുമതലയേറ്റ കാര്യം അറിഞ്ഞിരുന്നോ...?”

ഇല്ല... അറിഞ്ഞില്ല...” ഹാരിയുടെ മുഖം സന്തോഷത്താൽ വിടർന്നു. “ഹീ ഈസ് എ ഗ്രേറ്റ് മാൻ... അദ്ദേഹം അത് അർഹിക്കുന്നു... ആട്ടെ, താങ്കളുടെ സഹായി ജാക്ക് കാർട്ടർ എന്തു പറയുന്നു...?”

എന്റെ അഭാവത്തിൽ ലണ്ടനിൽ ഡിപ്പാർട്ട്മെന്റിന്റെ മേൽനോട്ടം വഹിക്കുന്നു...”

താങ്കളുടെ അനന്തിരവളോ... ആ മിടുക്കി ഡോക്ടർ...?”

മോളി അല്ലേ...? വിശ്രമമില്ലാത്ത ജോലി തന്നെ... പേരു കേട്ട സർജ്ജൻ ആണ് അവൾ ഇപ്പോൾ... അവൾക്ക് നിങ്ങളെ ഇഷ്ടമാണ് ഹാരീ...”

ഞാൻ അവൾക്ക് ചേരില്ല ബ്രിഗേഡിയർ... അവൾക്കെന്നല്ല, ആർക്കും തന്നെ ചേരില്ല... ഞാനിപ്പോൾ ജീവനോടെ ഇവിടെ ഇരിക്കുന്നത് തന്നെ ഒരു മഹാത്ഭുതമാണ്... എപ്പോഴും ആ ഭാഗ്യം എന്നോടൊപ്പം ഉണ്ടാകണമെന്നില്ല...” ഹാരി എഴുന്നേറ്റു. “യാത്ര തുടങ്ങുന്നതിന് മുമ്പ് ഞാൻ പോയി പെട്ടെന്ന് ഒന്ന് കുളിച്ചിട്ട് വരാം...”

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

15 comments:

  1. യുദ്ധം ചെയ്യാൻ മാത്രമുള്ള ജീവിതങ്ങൾ?.

    ReplyDelete
  2. എത്ര പക്വതയോടെ സംസാരിക്കുന്നു ഹാരി. പക്ഷെ സങ്കടം തോന്നുന്നു

    ReplyDelete
    Replies
    1. ഡോക്ടർ മോളിയുടെ കാര്യം ഓർത്തിട്ടാണോ സുകന്യാജീ...?

      Delete
  3. “ഞാൻ അവൾക്ക് ചേരില്ല ബ്രിഗേഡിയർ... അവൾക്കെന്നല്ല, ആർക്കും തന്നെ ചേരില്ല... ഞാനിപ്പോൾ ജീവനോടെ ഇവിടെ ഇരിക്കുന്നത് തന്നെ ഒരു മഹാത്ഭുതമാണ്... എപ്പോഴും ആ ഭാഗ്യം എന്നോടൊപ്പം ഉണ്ടാകണമെന്നില്ല...”

    ഹാരിയുടെ ആവേശത്തിന് കോട്ടം തട്ടിയിരിക്കുന്നുവോ? വാക്കുകളിൽ നിസംഗത നിഴലിക്കുന്നു..

    ReplyDelete
    Replies
    1. നാളെ എന്ത് എന്നതിനെക്കുറിച്ച് ഒരു ഉറപ്പുമില്ലാത്ത ജീവിതമല്ലേ...

      Delete
  4. സന്തോഷവും സുഖവും പേടിയും
    ഒന്നിച്ച് നൽകുന്ന യൂറോപ്പിലെ ചാരപ്രവർത്തനം
    എന്നത് അനന്ത സാദ്ധ്യതകൾ ഉള്ള ഒരു സംഗതിയാണെങ്കിലും പണികിട്ടിയാൽ, ആരും അതിൽ നിന്നും വിട്ട് വേറൊരു ജോലിക്കും പോകില്ല എന്നത് ഒരു വാസ്തമാണ് കേട്ടോ ഭായ് ...!
    അനുഭവം സാക്ഷി ...

    ReplyDelete
  5. Harry aake dejected ആണല്ലോ. യുദ്ധം എല്ലാവർക്കും matukkan തുടങ്ങിയിരിക്കും

    ReplyDelete
    Replies
    1. അതെ സുചിത്രാജീ... എല്ലാവർക്കും ഒരു നിസ്സംഗത...

      Delete
  6. ഹാരിയുടെ നിരാശ ആശങ്കപ്പെടുത്തുന്നുണ്ട്...

    ReplyDelete
    Replies
    1. വെറുതെ ഒരു പെൺകുട്ടിയെ ദുഃഖിപ്പിക്കേണ്ടല്ലോ എന്ന് കരുതിയാണ്...

      Delete
  7. യുദ്ധം തന്നെ യുദ്ധം.സഹോദരങ്ങൾ നേർക്ക്‌ നേർ യുദ്ധം ചെയ്താലും തിരിച്ചറിയാൻ മാർഗ്ഗം ഒന്നുമില്ലല്ലോ!!::!:!:!:!:!:!:!;$$!!;!;!

    ReplyDelete
  8. ഹരിയുടെ വാക്കുകൾ ദുഖകരം. ജീവൻ പണയം വച്ചുള്ള ജീവിതം

    ReplyDelete