ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
കോൾഡ് ഹാർബർ - 1998
ഏതാണ്ട് ഒരു വർഷത്തിന് ശേഷമാണ് ഡെനിസും ഞാനും കൂടി വീണ്ടും കോൾഡ് ഹാർബറിൽ എത്തുന്നത്. വല്ലാത്തൊരു കാലയളവിലൂടെ ആയിരുന്നു ഞാൻ കടന്നു പോയത്. ഹാരിയുടെയും മാക്സിന്റെയും ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളുടെ സത്യാവസ്ഥ കണ്ടെത്തുവാൻ വേണ്ടിയുള്ള യാത്ര എന്നെ ലോകത്തിന്റെ പലയിടങ്ങളിലും കൊണ്ടെത്തിച്ചു. പെന്റഗണിലെ ഫയലുകൾ, ലണ്ടനിലെ പബ്ലിക്ക് റെക്കോർഡ്സ് ഓഫീസ്, ജർമ്മനിയിലെ ലുഫ്ത്വാഫ് ഫയലുകൾ, പോർച്ചുഗൽ, എന്നു വേണ്ട മഡൈറാ ദ്വീപിലേക്ക് പോലും എന്റെ അന്വേഷണം ചെന്നെത്തി. ഈ വിഷയത്തിൽ, പഴയ ഗെസ്റ്റപ്പോ ഉദ്യോഗസ്ഥനായിരുന്ന എന്റെ കസിൻ കോൺറാഡ് സ്ട്രാസർ എനിക്ക് ചെയ്തു തന്ന സഹായങ്ങൾ കുറച്ചൊന്നുമായിരുന്നില്ല. മരണത്തിന് കീഴടങ്ങുന്നതിന് മുമ്പായി അദ്ദേഹം ചികഞ്ഞെടുത്ത് എനിക്ക് മുന്നിലിട്ട വസ്തുതകൾ പലതും അവിശ്വസനീയങ്ങളായിരുന്നു. ഹാംബർഗിലെ ഒരു സെമിത്തേരിയിൽ അദ്ദേഹത്തിന്റെ ശവസംസ്കാരച്ചടങ്ങിന് സാക്ഷിയായി മഴ നനഞ്ഞു കൊണ്ട് നിൽക്കവെ ഞാൻ അനുഭവിച്ച മനോവേദന മറ്റാരേക്കാളുമധികമായിരുന്നു.
അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളായിരുന്നു പബ്ലിക്ക് റെക്കോർഡ്സ് ഓഫീസിൽ ഉണ്ടായിരുന്നത്. മുപ്പത്, അമ്പത്, എന്തിന് നൂറ് വർഷത്തേക്ക് വരെ വെളിപ്പെടുത്തുവാൻ പാടില്ല എന്ന ലേബലോടെയുള്ള ഫയലുകൾ അവിടെ സാധാരണമായിരുന്നു. എങ്കിലും ആരെ കണ്ടാൽ കാര്യം നടക്കുമെന്ന് കൃത്യമായി അറിയാമെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് അമ്പരപ്പിക്കുന്ന വസ്തുതകളായിരിക്കും. ഉദാഹരണത്തിന് എൺപത്തിമൂന്നുകാരനായ ഒരു അമേരിക്കക്കാരന്റെ അടുക്കലേക്ക് എനിക്ക് എത്തിപ്പെടാനായി. RAFൽ ജോലി ചെയ്തിരുന്ന അദ്ദേഹം US എയർഫോഴ്സിൽ ഒരു കേണൽ ആയിട്ടായിരുന്നു യുദ്ധാവസാനം വിരമിച്ചത്. പിന്നീട് ഇന്റർനാഷണൽ ബിസിനസ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു പോന്ന അദ്ദേഹം തന്റെ ശിഷ്ടകാലം ചെലവഴിക്കാനായി ഇംഗ്ലണ്ടിലെത്തി. ഹാരി കെൽസോയെ അദ്ദേഹത്തിന് നേരിട്ട് പരിചയമുണ്ടായിരുന്നു. ഹാരിയെപ്പോലെ തന്നെ അദ്ദേഹവും കൊറിയർ പൈലറ്റ് ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിൽ നിന്നും എനിക്ക് ലഭിച്ച വിവരങ്ങൾ വിലമതിക്കാനാവാത്തതായിരുന്നു. മറ്റെന്തിനെക്കാളും, ഹാരി കെൽസോ എന്ന വ്യക്തിയുടെ സ്വഭാവ മഹിമയെക്കുറിച്ചായിരുന്നു അദ്ദേഹം വാചാലനായത്.
അന്നത്തെ സുപ്രധാന വ്യക്തിത്വങ്ങൾ എല്ലാവരും തന്നെ വിട പറഞ്ഞു കഴിഞ്ഞിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. ബ്രിഗേഡിയർ ഡോഗൽ മൺറോ, യുദ്ധാവസാനത്തോടെ സമ്പൂർണ്ണ കേണൽ പദവിയിലേക്കുയർന്ന ജാക്ക് കാർട്ടർ, എയർ മാർഷൽ പദവിയിലെത്തി നൈറ്റ്സ്ഹുഡ് ബഹുമതി വരെ കരസ്ഥമാക്കിയ ടെഡ്ഡി വെസ്റ്റ് തുടങ്ങി സകലരും. പിന്നീട് അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റ് പദവിയിലെത്തിയ ജനറൽ ഐസൻഹോവർ നേരത്തേ തന്നെ അന്തരിച്ചിരുന്നു. പിന്നെ ജനറൽ ടോം സോബെൽ... D-Day കഴിഞ്ഞ് രണ്ട് വാരങ്ങൾക്ക് ശേഷം ഒരു നാൾ നോർമൻഡിയിലേക്ക് യാത്ര തിരിച്ച ഡക്കോട്ടാ വിമാനം ഇംഗ്ലീഷ് ചാനലിൽ തകർന്നു വീണ് അദ്ദേഹവും തിരശ്ശീലയ്ക്ക് പിന്നിൽ മറഞ്ഞു.
റോയൽ മിലിട്ടറി പോലീസിലെ മേജർ വെറേക്കറുടെ രൂപത്തിലാണ് ഭാഗ്യം എന്നെ തുണച്ചത്. ക്യാൻസർ ബാധയെത്തുടർന്ന് 1956 ൽ അദ്ദേഹം മരണമടഞ്ഞിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മകളെ എനിക്ക് കണ്ടെത്താനായി. പിതാവിനെയും പിന്നീട് ഭർത്താവിനെയും നഷ്ടമായ അവർ ഫാൾമൗത്തിലാണ് താമസിച്ചിരുന്നത്. എന്നെ കാണാൻ അനുമതി തന്ന അവർ എന്റെ പക്കലുള്ള വിവരങ്ങളൊക്കെ ക്ഷമയോടെ കേൾക്കുവാൻ തയ്യാറായി. എല്ലാം കേട്ട് അല്പനേരം ചിന്തിച്ചിരുന്ന അവർ എഴുന്നേറ്റ് മേശവലിപ്പിനുള്ളിൽ നിന്നും ഒരു വലിയ എൻവലപ്പ് എടുത്തു കൊണ്ടു വന്നു.
“എന്റെ പിതാവിന്റെ ശേഖരത്തിൽ ഉണ്ടായിരുന്നതാണിത്... ഇനിയിപ്പോൾ ഇത് പുറത്തു വരുന്നതു കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടാകുമെന്ന് കരുതുന്നില്ല... താല്പര്യമുണ്ടെങ്കിൽ താങ്കൾക്കിത് വായിച്ചു നോക്കാം...”
ആവേശത്തോടെയാണ് ഞാൻ അത് വായിച്ചു തീർത്തത്. വർഷങ്ങൾക്ക് മുമ്പ് ഒരു പ്രഭാതത്തിൽ ഡോഗൽ മൺറോയുടെ ഉത്തരവ് പ്രകാരം സൗത്ത്വിക്ക് എയർസ്ട്രിപ്പിൽ വച്ച് അദ്ദേഹം മാക്സിനെ അറസ്റ്റ് ചെയ്തതിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും വളരെ വിശദവും സൂക്ഷ്മവും ആയി അതിൽ രേഖപ്പെടുത്തിയിരുന്നു.
പിന്നെ മഡൈറാ ദ്വീപിന്റെ സാംഗത്യം എന്താണെന്ന് ചോദിച്ചാൽ... വളരെ ലളിതം... ഫെർണാണ്ടോയെയും ജോയൽ റോഡ്രിഗ്സിനെയും പോർച്ചുഗീസ് ഡിപ്ലോമാറ്റിക്ക് സർവ്വീസിൽ നിന്നും പിരിച്ചു വിട്ടിരുന്നു. ലിസ്ബനിലെ പ്രാചീന പ്രദേശമായ അൽഫാമയിലും പിന്നെ എസ്റ്റോറിലിലും അവർ ഓരോ ബാറുകൾ തുറന്നു. യൂറോപ്പിൽ യുദ്ധം അവസാനിച്ചതോടെ സാറാ ഡിക്സൺ ജയിൽ മോചിതയായി. ചിലരുടെയൊക്കെ ഭാഗ്യം എന്നു വേണം പറയാൻ. പോർച്ചുഗലിൽ എത്തിയ അവർ ഫെർണാണ്ടോയെ വിവാഹം കഴിച്ചു. 1950 ൽ മഡൈറാ ദ്വീപിലേക്ക് താമസം മാറ്റിയ ഇരുവരും ചേർന്ന് അവിടെ ഒരു ബാറും റെസ്റ്ററന്റും തുറന്നു.
മനോഹരമായ ആ ദ്വീപ് സന്ദർശിച്ച എനിക്ക് ഫെർണാണ്ടോയെ സന്ധിക്കുവാനായി. സാറാ ഡിക്സൺ വർഷങ്ങൾക്ക് മുമ്പേ മൺമറഞ്ഞിരുന്നു. റെസ്റ്ററന്റുകളും ബാറുകളും അടങ്ങുന്ന തന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ നടത്തിപ്പ് പുതിയ തലമുറയ്ക്ക് വിട്ടു കൊടുത്തിരുന്നെങ്കിലും ഏതാണ്ട് എൺപത്തിയൊമ്പത് വയസ്സിലെത്തിയിട്ടും ഊർജ്ജസ്വലനായിരിക്കുന്ന ഫെർണാണ്ടോയ്ക്ക് തന്നെയായിരുന്നു അതിന്റെയെല്ലാം മേൽനോട്ടം.
എനിക്ക് പറയാനുണ്ടായിരുന്നതെല്ലാം ശ്രദ്ധയോടെ കേട്ടതിനു ശേഷം അദ്ദേഹം പൊട്ടിച്ചിരിച്ചു. “പോർച്ചുഗീസ് ഭാഷയിലേക്ക് വിവർത്തനം ചെയ്തിട്ടുള്ള നിങ്ങളുടെ പുസ്തകങ്ങൾ പലതും ഞാൻ വായിച്ചിട്ടുണ്ട്... അതുപോലെ തന്നെ ഇതും നല്ലൊരു പ്ലോട്ടാണ്...”
“എന്റെ മറ്റു കഥകൾ പോലെ മാത്രം...?” ഞാൻ ചോദിച്ചു.
“അല്ല... ഇതൊരു സംഭവ കഥയാണെന്ന വ്യത്യാസം കൂടിയുണ്ട്...” അദ്ദേഹം വീണ്ടും ചിരിച്ചു. “വാട്ട് ദി ഹെൽ... കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്നവനാണ് ഞാൻ... ഇനിയെന്ത് പേടിക്കാൻ... നിങ്ങളറിയാത്ത ചില കാര്യങ്ങൾ കൂടിയുണ്ട്... ഞാൻ പറഞ്ഞു തരാം...”
അവയുടെ കെട്ടഴിച്ച് എനിക്ക് മുന്നിൽ നിരത്തിയിട്ട് ഏതാനും മാസങ്ങൾക്ക് ശേഷം അദ്ദേഹവും ഈ ലോകത്തോട് വിട പറഞ്ഞു.
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
ഒരു കുഞ്ഞൻ അധ്യായം… അടുത്ത ലക്കത്തോടെ പര്യവസാനിക്കുന്ന ലക്ഷണമുണ്ടല്ലോ.. കരടിക്കുട്ടന്റെ കാര്യത്തിൽ തീരുമാനം ആക്കണേ..
ReplyDeleteഅടുത്ത ലക്കത്തിലൊന്നും അവസാനിക്കില്ല ജിമ്മാ... കരടിക്കുട്ടന്റെ കാര്യം നമുക്ക് തീരുമാനമാക്കാം...
Deleteഹാരി എവിടെ...
ReplyDeleteഹാരി... ഹാരിയെക്കുറിച്ചുള്ള വിവരങ്ങൾ വരുന്നുണ്ട്...
Deleteഇടയ്ക്ക് ഒരൽപ്പം ശാന്തത...
ReplyDeleteഅതെ... കഥാകാരൻ വീണ്ടും നമുക്ക് മുന്നിലെത്തിയിരിക്കുന്നു...
Delete1987 ലെ ത്തിയോ കാലം അപ്പോഴേക്കും
ReplyDeleteഅല്ല സുചിത്രാജീ... 1998 ൽ... നോവൽ തുടങ്ങുന്നത് 1997 ആയിരുന്നു... ഓർമ്മയില്ലേ, 1997 ൽ ജാക്ക് ഹിഗ്ഗിൻസും പത്നിയും സഞ്ചരിച്ച വിമാനം അപകടത്തിൽ പെടുന്നതും അവരെ സെക്ക് ആക്ലന്റും സംഘവും ലൈഫ്ബോട്ടിൽ രക്ഷിച്ച് ഇതേയിടത്തിൽ കൊണ്ടുവരുന്നതും...? അതിനു് ശേഷം ഒരു വർഷമായിരിക്കുന്നു...
Deleteതീർന്നോ..ഉടനെ തീരും ല്ലെ.. ശ്ശോ ശൂന്യത
ReplyDeleteതീർന്നില്ല ഉണ്ടാപ്രീ... തീരാൻ പോകുന്നു... ഇനിയും ചില ട്വിസ്റ്റുകളൊക്കെയുണ്ട്...
Deleteഹാരിയുടെ വിവരങ്ങളറിയാൻ കാത്തിരിക്കുന്നു.
ReplyDeleteഅടുത്ത ലക്കങ്ങളിൽ...
Deleteവീണ്ടും കഥാകാരനിലേക്ക്. അടുത്ത ഫ്ലാഷ് ബാക്കിൽ ബാക്കി കാര്യങ്ങൾ അല്ലെ
ReplyDeleteഇല്ല... ഇനി ഫ്ലാഷ് ബാക്ക് ഇല്ല സുകന്യാജീ... ഓർമ്മക്കുറിപ്പുകൾ മാത്രം...
Deleteവീണ്ടും വർത്തമാനകാലത്തേക്കൊരു എത്തിനോട്ടം. ഹാരിയുടെ വിവരം അറിയാൻ കാത്തിരിക്കുന്നു
ReplyDeleteഹാരിയുടെ വിവരങ്ങൾ വൈകാതെ അറിയാനാവും...
Deleteഇതൊരു പഴയ ലോകമഹായുദ്ധ സംഭവ കഥയാണെന്ന സത്യം മനസ്സിലാക്കി വീണ്ടും ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളുടെ ഇന്നത്തെ ജീവിതത്തിലേക്ക് ...
ReplyDeleteഅതെ... ചില ചോദ്യങ്ങൾക്ക് ഉത്തരവും തേടി...
Delete