ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
ഹാങ്ങ്ഡ് മാൻ പബ്ബിൽ സെക്ക് ആക്ലന്റ് നെരിപ്പോടിലെ കനലുകൾ ഇളക്കി ജ്വലിപ്പിച്ചു. ജാക്ക് കാർട്ടറും മോളിയും നെരിപ്പോടിന്റെ ഇരുവശങ്ങളിലുമായി ഇരിക്കുന്നുണ്ട്. മൺറോ ബാർ കൗണ്ടറിന് മുന്നിൽ നിൽക്കുന്നു. ആ മുറിയിൽ പലയിടങ്ങളിലായി ഇരിക്കുകയാണ് ലൈഫ്ബോട്ട് ക്രൂവിലെ അംഗങ്ങൾ. അവരെയെല്ലാവരെയും പ്രതിനിധീകരിച്ചെന്നത് പോലെ ഒരാൾ ആ ചോദ്യമെയ്തു.
“സംഭവം എന്താണ് സെക്ക്...? ഗൗരവമായിട്ടെന്തോ പറയാനുണ്ടെന്ന് പറഞ്ഞല്ലോ...”
ആ നിമിഷത്തിലാണ് അവരുടെ തലയ്ക്ക് മുകളിലൂടെ ഒരു സ്റ്റോർക്ക് വിമാനം പറന്നുയർന്ന് കടലിന് മുകളിലേക്ക് നീങ്ങുന്ന ശബ്ദം കേട്ടത്. “ദൈവമേ...എന്തായിരുന്നു അത്...?” ആ സംഘത്തിലെ മറ്റൊരുവൻ ചോദിച്ചു.
സെക്ക് മൺറോയുടെ നേർക്ക് നോക്കി. അനുവാദം കൊടുക്കുന്ന മട്ടിൽ മൺറോ തല കുലുക്കി. സെക്ക് പറഞ്ഞു. “അത് കേണൽ കെൽസോയാണ്... ഒരാളെ പിക്ക് ചെയ്യുവാനായി ഫ്രാൻസിലേക്ക് പോയിരിക്കുകയാണ്...”
ഒരു ജീപ്പ് വെളിയിൽ വന്ന് ബ്രേക്ക് ചെയ്തു. അടുത്ത നിമിഷം മുറിയിലേക്ക് പ്രവേശിച്ച ജൂലി നേരെ മൺറോയുടെ നേർക്ക് ചെന്നു. വളരെ പതിഞ്ഞ സ്വരത്തിലായിരുന്നു അവർ ഇരുവരും സംസാരിച്ചത്. അവസാനം തല കുലുക്കിയിട്ട് മൺറോ എല്ലാവരെയും അഭിമുഖീകരിച്ചു.
“ഒരു പക്ഷേ, കോൾഡ് ഹാർബറിൽ നിന്നും ഇതു വരെ നടത്തിയിട്ടുള്ള ദൗത്യങ്ങളിൽ വച്ച് ഏറ്റവും അപകടകരമായ ഒന്നായിരിക്കും ഇത്... ഒരു സൂയിസൈഡൽ മിഷൻ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം... അതിൽ അദ്ദേഹം വിജയിക്കുകയാണെങ്കിൽ പുലർച്ചെ അഞ്ചു മണിയോടെ നമുക്ക് അദ്ദേഹത്തെ കാണാനായേക്കും... അഥവാ വിജയിച്ചില്ലെങ്കിൽ അദ്ദേഹത്തിന് നമ്മുടെ സഹായം വേണ്ടി വന്നേക്കാം... കടലിൽ... എന്തോ, എനിക്കത്ര ഉറപ്പില്ല...”
“അതുകൊണ്ടാണ് നിങ്ങൾ എല്ലാവരും ഈ പരിസരത്ത് തന്നെയുണ്ടാകണമെന്ന് ഞാൻ പറഞ്ഞത്...” സെക്ക് പറഞ്ഞു. “ആർക്കെങ്കിലും എന്തെങ്കിലും വിരോധം...?”
സംഘാംഗങ്ങളിൽ ഒരുവൻ പൊട്ടിച്ചിരിച്ചു. “ദൈവത്തെയോർത്ത്, സെക്ക്... ആ നെരിപ്പോടിലെ തീ ഒന്നു കൂടി ആളി കത്തിക്ക്... എന്നിട്ട് വായടച്ചു വച്ച് ആ ചീട്ടു പായ്ക്ക് തുറക്ക്...” അയാൾ ജൂലിയുടെ നേർക്ക് തിരിഞ്ഞു. “ഒന്നോ രണ്ടോ മീറ്റ് പൊട്ടാറ്റോ പൈ കൂടി എടുത്തോളൂ... ഒട്ടും അധികമാവില്ല...”
അവൾ പുഞ്ചിരിച്ചു. “തീർച്ചയായും... പാത്രങ്ങൾ കൊണ്ടു വയ്ക്കാൻ ചെറിയ സഹായം വേണ്ടി വരും... ബുദ്ധിമുട്ടില്ലല്ലോ മോളീ...?”
“എന്ത് ബുദ്ധിമുട്ട്...?”
ജൂലിയുടെ പിന്നാലെ മോളി അടുക്കളയിലേക്ക് നടന്നു. സെക്ക് എല്ലാവരോടുമായി പറഞ്ഞു. “ആർക്കെങ്കിലും മദ്യം അകത്താക്കണമെന്നുണ്ടെങ്കിൽ ഇപ്പോൾ ആയിക്കോണം... അതും ഓരോ പൈന്റ് മാത്രം...” പിന്നെ മൺറോയുടെ നേർക്ക് തിരിഞ്ഞിട്ട് അയാൾ പോക്കറ്റിൽ നിന്നും ഒരു പായ്ക്ക് ചീട്ട് പുറത്തെടുത്തു. “ഏതിലാണ് താല്പര്യം, ബ്രിഗേഡിയർ...?”
“പോക്കർ...” മൺറോ പറഞ്ഞു. “എന്നും അതെന്റെ ഒരു ദൗർബല്യമാണ്... പിന്നെ, ഒരു കാര്യം... പണം വച്ചുള്ള കളിയ്ക്കേ ഞാനുള്ളൂ കേട്ടോ...”
പൊട്ടിച്ചിരിയുടെ ആരവം അവിടെങ്ങും ഉയർന്നു. ആ സംഘത്തിലെ ആരോ ഒരാൾ രണ്ട് മേശകൾ അടുപ്പിച്ചിട്ടു. അടുത്ത നിമിഷം അവരെല്ലാവരും ആ മേശയ്ക്ക് ചുറ്റും കൂടി.
***
മൊർലെയ്ക്സിന് അഞ്ച് മൈൽ അടുത്ത് എത്തുന്നത് വരെ റേഡിയോ സിസ്റ്റം ഉപയോഗിക്കാതിരിക്കാൻ മാക്സ് ശ്രദ്ധിച്ചു. കോൺവാളിൽ നിന്നും ബ്രിട്ടനിയിലേക്ക് ഇംഗ്ലീഷ് ചാനലിനു മുകളിലൂടെയുള്ള അദ്ദേഹത്തിന്റെ യാത്ര 500 അടി ഉയരത്തിലൂടെയായിരുന്നു. കൺട്രോൾ കോളത്തിൽ മുറുകെ പിടിച്ചു കൊണ്ട് തികച്ചും ശാന്തനായി ഊർജ്ജസ്വലതയോടെ പറക്കവെ ഒട്ടും ഭയം തീണ്ടിയിരുന്നില്ല അദ്ദേഹത്തെ.
“നിന്നെ രക്ഷിക്കാൻ ഞാൻ എത്തിപ്പോയി ഹാരീ...” അദ്ദേഹം മന്ത്രിച്ചു. “ഞാൻ എത്തിപ്പോയി...”
***
മൊർലെയ്ക്സ് കൊട്ടാരത്തിൽ ഗാഢനിദ്രയിലായിരുന്ന ഹാരി പെട്ടെന്ന് സ്വപ്നത്തിൽ നിന്നും ഞെട്ടിയുണർന്ന് സീലിങ്ങിലേക്ക് തുറിച്ചു നോക്കി. സ്വപ്നത്തിലെ ദൃശ്യങ്ങൾ പതുക്കെ മങ്ങി യാഥാർത്ഥ്യത്തിലേക്ക് തിരികെയെത്തിയിരിക്കുന്നു. മുകളിലേക്ക് നോക്കി അങ്ങനെ തന്നെ അല്പനേരം കിടന്ന അദ്ദേഹം ഏതോ ഒരു പ്രേരണയാലെന്ന പോലെ പൊടുന്നനെ ഊർജ്ജസ്വലനായി സിഗരറ്റ് പാക്കറ്റ് എത്തി വലിഞ്ഞെടുത്തു.
***
സെർജന്റ് ഗ്രൈസർ ആയിരുന്നു മൊർലെയ്ക്സ് എയർസ്ട്രിപ്പിലെ ഡ്യൂട്ടി കൺട്രോളർ. പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്യാനില്ലാത്ത രാത്രി. എയർ ട്രാഫിക്ക് ഒന്നും തന്നെയില്ല. എങ്കിലും റേഡിയോയുടെ മുന്നിൽ ആരെങ്കിലും എപ്പോഴും ഉണ്ടായിരിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. വിരസതയോടെ തന്റെ സീറ്റിൽ ഇരുന്ന് കോട്ടുവായ ഇടുമ്പോഴാണ് മാക്സിന്റെ സ്വരം റേഡിയോയിൽ മുഴങ്ങിയത്. സമയം പുലർച്ചെ മൂന്നര മണി.
“കമിൻ മൊർലെയ്ക്സ്... ആർ യൂ റിസീവിങ്ങ് മീ...?”
ഗ്രൈസർ മൈക്ക് കൈയ്യിലെടുത്തു. “ലൗഡ് ആന്റ് ക്ലിയർ... ഹൂ ആർ യൂ...?”
“ബാരൺ വോൺ ഹാൾഡർ ഓൺ സ്പെഷൽ അസൈൻമെന്റ്... അഞ്ച് മിനിറ്റിനകം ഞാനവിടെ എത്തുന്നതായിരിക്കും... ഞാൻ വരുന്ന കാര്യം ആരും അറിയാൻ പാടില്ല... റൈഫ്യൂറർ ഹിംലറുടെ ഡയറക്റ്റ് ഓർഡർ പ്രകാരമുള്ള ഒരു ദൗത്യത്തിലാണ് ഞാൻ... ഓവർ ആന്റ് ഔട്ട്...”
അത്യന്തം ആവേശഭരിതനായ ഗ്രൈസർ ലാന്റിങ്ങ് ലൈറ്റുകൾ എല്ലാം ഓൺ ചെയ്തു. പിന്നെ തിടുക്കത്തിൽ പുറത്തിറങ്ങി ചാറ്റൽ മഴയിലൂടെ ഹാങ്കറിന് നേർക്ക് ഓടി. ഫ്രൈബർഗ്ഗിന്റെ ME109 അതിനകത്ത് കിടക്കുന്നുണ്ടായിരുന്നു. ചുമലിൽ കൊളുത്തിയിട്ട ഷ്മീസറുമായി ചെറുപ്പക്കാരനായ ഒരു പാറാവുകാരൻ അതിന് കാവൽ നിൽക്കുന്നുണ്ടായിരുന്നു.
“എന്താണ് സംഭവം...?” അയാൾ ആരാഞ്ഞു.
“ഒരു സ്റ്റോർക്ക് വരുന്നുണ്ട്...” ഗ്രൈസർ പറഞ്ഞു.
“ഈ നേരത്തോ...? ആരാണത്...?”
“അത് നിങ്ങൾ അറിയേണ്ട കാര്യമില്ല...” ഗ്രൈസർ പറഞ്ഞു.
പെർഫെക്റ്റ് ലാന്റിങ്ങ് ആയിരുന്നു ആ സ്റ്റോർക്കിന്റേത്. ടാക്സി ചെയ്ത് വിമാനം അവർക്കരികിൽ വന്ന് നിന്നു. എൻജിൻ സ്വിച്ച് ഓഫ് ചെയ്ത് പുറത്തിറങ്ങിയ മാക്സ് അവർക്കരികിലെത്തി. “നിങ്ങളുടെ പേര്...” മാക്സ് ചോദിച്ചു.
“ഗ്രൈസർ, ഹെർ ബാരൺ...” അറ്റൻഷനായി നിന്നിട്ട് അയാൾ പറഞ്ഞു. “താങ്കളെ പരിചയപ്പെടാനായത് വലിയൊരു ബഹുമതിയായി കണക്കാക്കുന്നു...”
പാക്കറ്റ് തുറന്ന് മാക്സ് ഒരു സിഗരറ്റ് പുറത്തെടുത്തു. ഗ്രൈസർ തന്റെ ലൈറ്റർ കത്തിച്ച് തീ കൊളുത്തി കൊടുത്തു.
“നിങ്ങളെ ഞാൻ വിശ്വാസത്തിലെടുക്കുകയാണ് ഗ്രൈസർ... ഇതൊരു സ്പെഷൽ ഡ്യൂട്ടീസ് ഫ്ലൈറ്റാണ്... കൊട്ടാരത്തിൽ നിന്നും ഒരു പാസഞ്ചറെ പിക്ക് ചെയ്യാനായി വന്നതാണ് ഞാൻ... അവിടം വരെ പോകാനായി നിങ്ങളുടെ പക്കൽ ഏതെങ്കിലും വാഹനമുണ്ടോ...?”
“ഡ്യൂട്ടി ആവശ്യത്തിനുള്ള ഒരു ക്യൂബൽവാഗൺ ഉണ്ട്... താങ്കളെ ഞാൻ തന്നെ അവിടെയെത്തിക്കാം ബാരൺ...”
“അതിന്റെ ആവശ്യമില്ല... നിങ്ങൾ ഇവിടെത്തന്നെ ഉണ്ടായിരിക്കണം... അര മണിക്കൂറിനുള്ളിൽ ഞാൻ തിരികെയെത്തുന്നതായിരിക്കും... വണ്ടി എവിടെയാണ്...?”
മാക്സിനെയും കൊണ്ട് ഗ്രൈസർ മറ്റൊരു ഹാങ്കറിന് നേർക്ക് നടന്നു. ആ ക്യൂബൽവാഗൺ അതിനുള്ളിലുണ്ടായിരുന്നു. ഡ്രൈവിങ്ങ് സീറ്റിൽ കയറിയിരുന്ന് എൻജിൻ സ്റ്റാർട്ട് ചെയ്തിട്ട് മാക്സ് പറഞ്ഞു. “ഗ്രൈസർ, ആത്മാർത്ഥതയുള്ള ഒരു ഉദ്യോഗസ്ഥനാണ് നിങ്ങൾ... റൈഫ്യൂറർ ഹിംലർക്കുള്ള എന്റെ റിപ്പോർട്ടിൽ ഇക്കാര്യം ഞാൻ സൂചിപ്പിക്കുന്നതായിരിക്കും...”
“വളരെ നന്ദി, ഹെർ ബാരൺ...” ഗ്രൈസർ സല്യൂട്ട് ചെയ്യവെ മാക്സ് വാഹനം ഓടിച്ചു പോയി.
കൊട്ടാരത്തിന്റെ കവാടത്തിന് മുൻപുള്ള കാവൽപ്പുരയുടെ ജാലകത്തിലൂടെ ചെറുപ്പക്കാരനായ പാറാവുകാരൻ മഴയത്തേക്ക് എത്തി നോക്കി. സ്വിങ്ങ് ബാറിനു മുന്നിൽ ബ്രേക്ക് ചെയ്ത മാക്സ് അവനോട് ആജ്ഞാപിച്ചു. “ഇതൊന്ന് ഉയർത്തുന്നുണ്ടോ...? ഞാൻ ബാരൺ വോൺ ഹാൾഡർ... ഇപ്പോൾ ലാന്റ് ചെയ്തതേയുള്ളൂ... വല്ലാത്ത ക്ഷീണം...”
യാതൊരു സംശയവുമുണ്ടായിരുന്നില്ല ആ ചെറുപ്പക്കാരന്. മാക്സിന്റെ ലുഫ്ത്വാഫ് യൂണിഫോമും ഓബർസ്റ്റ് ലെഫ്റ്റനന്റ് ടാബ്സും Knight’s Cross ഉം എല്ലാം ശ്രദ്ധയിൽപ്പെട്ട അവൻ ഒരു നിമിഷം പോലും വൈകാതെ ബാർ ഉയർത്തിക്കൊടുത്തു. വണ്ടി ഉള്ളിലേക്ക് എടുത്ത മാക്സ് കവാടത്തിന് മുന്നിലെത്തി എൻജിൻ സ്വിച്ച് ഓഫ് ചെയ്തു. പോർട്ടിക്കോയുടെ മെയിൻ ഡോറിനരികിൽ ഒരു കാവൽക്കാരൻ നിൽക്കുന്നുണ്ട്.
“ഞാൻ ബാരൺ വോൺ ഹാൾഡർ... എനിക്കിവിടെ ക്ഷണമുണ്ട്...” മാക്സ് പറഞ്ഞു.
എന്നാൽ അയാൾ അല്പം പരുക്കനായിരുന്നു. “താങ്കളുടെ പാസ് കാണിക്കൂ, ഹെർ ബാരൺ...”
“തീർച്ചയായും...” തന്റെ പോക്കറ്റിൽ നിന്നും സൈലൻസർ ഘടിപ്പിച്ച വാൾട്ടർ പുറത്തെടുത്ത് മാക്സ് അയാളുടെ ഇരു കണ്ണുകളുടെയും മദ്ധ്യത്തിലായി നെറ്റിയിലേക്ക് നിറയൊഴിച്ചു.
അയാളുടെ മൃതശരീരം ഇരുട്ടത്തേക്ക് മാറ്റിയിട്ടിട്ട് ഫ്രണ്ട് ഡോർ തുറന്ന് മാക്സ് ഉള്ളിൽ കടന്നു. അവിടെ മേശയ്ക്ക് മുന്നിൽ ഇരിക്കുന്നുണ്ടായിരുന്ന ചെറുപ്പക്കാരനായ SS കോർപ്പറൽ മുഖമുയർത്തി നോക്കി. ഒട്ടും മടിക്കാതെ മാക്സ് വാൾട്ടർ ഉയർത്തി അയാളുടെ നെഞ്ചിലേക്ക് രണ്ടു വട്ടം വെടിയുതിർത്തു. അയാൾ കസേരയോടെ പിറകോട്ട് മറിഞ്ഞു വീണു.
നിശ്ശബ്ദത തളം കെട്ടി നിൽക്കുന്ന അന്തരീക്ഷം. ഒരു നിമിഷം അവിടെ നിന്ന് ചുറ്റും വീക്ഷിച്ചിട്ട് മാക്സ് മുകളിലേക്കുള്ള പടവുകൾ കയറി. ഓരോ നീക്കവും ഒരു സ്വപ്നത്തിലെന്ന പോലെ ആയാസ രഹിതമായി മുന്നേറിക്കൊണ്ടിരിക്കുന്നു. ജീവിതത്തിൽ ഒന്നും ഇത്ര എളുപ്പത്തിൽ വിചാരിച്ചതു പോലെ നടന്നു കണ്ടിട്ടില്ല. കാർപെറ്റ് വിരിച്ച തറയിലൂടെ തികഞ്ഞ ആത്മവിശ്വാസത്തിൽ ഒരു പൂച്ചയുടെ ശ്രദ്ധയോടെ അദ്ദേഹം തന്റെ സഹോദരന്റെ റൂം ലക്ഷ്യമാക്കി പതുക്കെ നീങ്ങി. ഏതോ പുസ്തകം വായിച്ചു കൊണ്ട് ഒരു കാവൽക്കാരൻ വാതിൽക്കൽ ഇരിക്കുന്നുണ്ടായിരുന്നു. അയാളുടെ ഷ്മീസർ നിലത്ത് വച്ചിരിക്കുകയാണ്. അയാൾ തലയുയർത്തി നോക്കിയപ്പോഴേക്കും വൈകിപ്പോയിരുന്നു. വാൾട്ടറിന്റെ സൈലൻസർ അയാളുടെ നെറ്റിയിൽ ചേർത്തു വച്ച് മാക്സ് കാഞ്ചി വലിച്ചു. ചിതറിയ തലയോട്ടിയും രക്തവും എല്ലാം കൂടി തൊട്ടു പിന്നിലെ ചുമരിൽ ചിതറി തെറിക്കവെ അയാൾ കസേരയിൽ നിന്നും വഴുതി വീണു. വാതിലിന്റെ താക്കോൽ ഡോറിൽത്തന്നെയുണ്ടായിരുന്നു. വാതിൽ തുറന്ന് മാക്സ് ഉള്ളിലേക്ക് പ്രവേശിച്ചു.
“ഹാരീ, ഇത് ഞാനാണ്...”
കട്ടിലിൽ കിടക്കുകയായിരുന്ന ഹാരിയ്ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അദ്ദേഹം എഴുന്നേറ്റ് ഇരുന്നു. “മാക്സ്... ഇതെങ്ങനെ...? വാട്ട് ദി ഹെൽ ഈസ് ഹാപ്പെനിങ്ങ് ഹിയർ...?”
“ജസ്റ്റ് ലിസൻ... ഞാൻ ഇംഗ്ലണ്ടിൽ ചെന്നിറങ്ങി... നീയാണെന്ന് കരുതിത്തന്നെ അവർ എന്നെ സ്വീകരിക്കുകയും ചെയ്തു... സെക്ക്, മൺറോ, കാർട്ടർ... എന്തിന്, മോളി പോലും... പിന്നെയാണ് എല്ലാം തകിടം മറിഞ്ഞത്... അവർക്ക് റോഡ്രിഗ്സ് സഹോദരന്മാരെ സംശയമുണ്ടായിരുന്നു... അങ്ങനെ സാറാ ഡിക്സണിലേക്കും അതു വഴി എന്നിലേക്കും എത്തി... സൗത്ത്വിക്കിൽ വച്ച് ഞാൻ അറസ്റ്റ് ചെയ്യപ്പെട്ടു... അവിടെ നിന്നും മൺറോ എന്നെ കോൾഡ് ഹാർബറിലേക്ക് കൊണ്ടുവന്നു...”
“പക്ഷേ, നീയിപ്പോൾ എങ്ങനെ ഇവിടെയെത്തി...?”
“ആ സ്റ്റോർക്കുമായി ഞാൻ ഇങ്ങോട്ട് പറന്നു... നിന്നെ തിരികെ കൊണ്ടുപോകാനായി വന്നതാണ് ഞാൻ... നിന്നെ ഇവിടെ ഹിംലറുടെ കൈകളിൽ വിട്ടിട്ട് പോകാൻ എനിക്കാവുമെന്ന് കരുതിയോ നീ...?”
“അപ്പോൾ മൂട്ടിയുടെ കാര്യമോ...?”
“മൂട്ടി ഇപ്പോൾ ജീവനോടെയില്ല... ഞാൻ ഇവിടെ നിന്നും പുറപ്പെടുന്നതിന് മുമ്പ് തന്നെ നമ്മുടെ അമ്മയെ അവർ വകവരുത്തിയിരുന്നു... നമ്മളോട് നുണ പറയുകയായിരുന്നു അവർ... ബുബി പറഞ്ഞതെല്ലാം നുണയായിരുന്നു ഹാരീ...”
“ഓ, ഗോഡ്... നോ...!” ഹാരി തേങ്ങി.
“കരയുന്നതൊക്കെ പിന്നെ... വരൂ, നമുക്ക് പോകാം...”
ഹാരി വലതു കാലിൽ ഷൂ ഇട്ടു. പിന്നെ ക്രച്ചസ് എടുത്ത് ബുദ്ധിമുട്ടി എഴുന്നേറ്റു. കലുഷമായ മനസ്സുമായി മാക്സിന് പിന്നാലെ മുടന്തിക്കൊണ്ട് നീങ്ങവെയാണ് പ്രതീക്ഷിക്കാത്തത് സംഭവിച്ചത്. താഴോട്ടുള്ള സ്റ്റെയർകെയ്സിനരികിൽ എത്തിയപ്പോഴാണ് ബാത്ത്റൂം ഡോർ തുറന്ന് ഫ്രൈബർഗ് പുറത്തേക്ക് വന്നത്. നിശാവസ്ത്രമായ പൈജാമ ധരിച്ചിരുന്ന അയാൾ അവർ ഇരുവരെയും കണ്ട് അമ്പരന്ന് നിന്നു.
“മൈ ഗോഡ്, മാക്സ്... നിങ്ങളോ...?”
മാക്സിന് വേണമെങ്കിൽ അയാൾക്ക് നേരെ നിറയൊഴിക്കാമായിരുന്നു. എന്നാൽ അതിനു പകരം തോക്കിന്റെ പാത്തി കൊണ്ട് അയാളുടെ തലയുടെ ഒരു വശത്തായി രണ്ടു തവണ പ്രഹരിച്ചു. ബോധം മറഞ്ഞ അയാൾ ഒരു കല്ല് കണക്കെ സ്റ്റെയർകെയ്സിലൂടെ ഉരുണ്ട് താഴേക്ക് വീണു.
“പെട്ടെന്ന് വരൂ...” കോണിപ്പടികൾ ഇറങ്ങവെ മാക്സ് ഹാരിയോട് പറഞ്ഞു.
സ്റ്റെയർകെയ്സിന് താഴെ ഒരു കോർപ്പറലിന്റെ മൃതശരീരം കിടക്കുന്നത് ഹാരി ശ്രദ്ധിച്ചു. വാതിൽ തുറന്ന് മാക്സ് പുറത്തേക്കിറങ്ങി. കൊല്ലപ്പെട്ട കാവൽക്കാരന്റെ കാലുകൾ നിഴലുകൾക്കിപ്പുറം പുറത്തേക്ക് തള്ളി നിൽക്കുന്നുണ്ടായിരുന്നു. “ആരെയും വെറുതെ വിട്ടില്ലല്ലോ മാക്സ് നീ ഇന്ന്...” ഹാരി പറഞ്ഞു.
“വേറെ മാർഗ്ഗമില്ലായിരുന്നു ഹാരീ... എത്രയും പെട്ടെന്ന് പുറത്തു കടക്കാൻ നോക്കാം...” മാക്സ് പറഞ്ഞു.
ഹാരിയെ ജീപ്പിനുള്ളിൽ കയറാൻ സഹായിച്ചിട്ട് അദ്ദേഹം ഡ്രൈവർ സീറ്റിൽ ചാടിക്കയറി വണ്ടി മുന്നോട്ടെടുത്തു. ഉള്ളിലേക്ക് പോയ വാഹനം തിരികെ വരുന്നതു കണ്ട കാവൽപ്പുരയിലെ പാറാവുകാരൻ അവർക്ക് കടന്നു പോകാനായി സ്വിങ്ങ് ബാർ ഉയർത്തിക്കൊടുത്തു. വെളിയിൽ കടന്ന മാക്സ് വേഗത വർദ്ധിപ്പിച്ച് എയർസ്ട്രിപ്പ് ലക്ഷ്യമാക്കി കുതിച്ചു.
വിമാനത്തിനരികിൽ ബ്രേക്ക് ചെയ്ത മാക്സ് ഹാരിയെ ഇറങ്ങുവാൻ സഹായിച്ചു. “ആ ക്രച്ചസ് ഇവിടെ കളഞ്ഞേക്കൂ...”
“അങ്ങനെയെങ്കിൽ അങ്ങനെ സഹോദരാ...”
ഹാരിയെ വിമാനത്തിനുള്ളിൽ കയറ്റിയിരുത്തി ഡോർ അടച്ചിട്ട് മാക്സ് പൈലറ്റ് സൈഡിലേക്ക് തിടുക്കത്തിൽ നടന്നു. ഡോർ തുറന്ന് പൈലറ്റ് സീറ്റിൽ കയറിയിരുന്നപ്പോഴേക്കും ഏപ്രണിൽ നിന്നും ഗ്രൈസർ ഓടിയെത്തി. “എന്തെങ്കിലും സഹായം ആവശ്യമുണ്ടോ, ഹെർ ബാരൺ...?”
“ഇല്ല, വളരെ നന്ദി... നിങ്ങളുടെ ഡ്യൂട്ടി നിങ്ങൾ നന്നായിത്തന്നെ ചെയ്തു...” മാക്സ് പറഞ്ഞു.
എയർസ്ട്രിപ്പിന്റെ അറ്റത്തേക്ക് ടാക്സി ചെയ്തിട്ട് സ്റ്റോർക്ക് കാറ്റിനെതിരെ തിരിഞ്ഞ് ഒരു നിമിഷം നിന്നു. പിന്നെ ഫുൾ ത്രോട്ടിലിൽ ഇടിമുഴക്കത്തിന്റെ ഗർജ്ജനത്തോടെ റൺവേയിലൂടെ വിമാനം മുന്നോട്ട് കുതിച്ചു. അടുത്ത മാത്രയിൽ ആ സ്റ്റോർക്ക് ഉയർന്ന് ഇരുളിന്റെ അനന്തതയിൽ ലയിച്ചു.
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
വെടി വയ്പ്പും കൊലയും വീണ്ടും...
ReplyDeleteമറ്റ് മാർഗ്ഗങ്ങളൊന്നും ഇല്ലാത്തതു കൊണ്ട്...
Deleteവായിച്ചുകഴിഞ്ഞപ്പോളാണ് ഞാൻ ശ്വാസംവിടാൻ മറന്നുപോയിരുന്നു എന്ന് ഓർമ വന്നത്. കോൾഡ് ഹാർബർ ഹാരിയെയും മാക്സിനെയും കാത്തിരിക്കുന്നു..
ReplyDeleteഅതെ... ആ നിമിഷത്തിനായി നാം എല്ലാവരും...
Deleteത്രില്ലിങ്ങ് സഹോദരന്മാരുടെ രക്ഷപ്പെടൽ. അമ്മയെ നഷ്ടമായത് അറിഞ്ഞ ഹാരിയുടെ തേങ്ങൽ നൊമ്പരമായി.
ReplyDeleteമൂട്ടി ഒരു നൊമ്പരമായി അവശേഷിക്കുന്നു... :(
Deleteഅങ്ങനെ മാക്സ് ലക്ഷ്യം കണ്ടു. Unbelievable.....!
ReplyDeleteഎത്ര കൊലകൾ......! കഷ്ടം....! മൂട്ടി മരിച്ചത് ഹാരി ഇപ്പോഴാ അറിയുന്നത് അല്ലെ? ഏതായാലും ആകാശത്തു എത്തിയല്ലോ.. ആശ്വാസം
ഇത്ര എളുപ്പത്തിൽ അത് സാദ്ധ്യമാകുമെന്ന് മാക്സ് പോലും വിചാരിച്ചിരുന്നില്ല...
Delete“കരയുന്നതൊക്കെ പിന്നെ... വരൂ, നമുക്ക് പോകാം...”
ReplyDeleteBraveheart !!
സത്യം... ഹാറ്റ്സ് ഓഫ് റ്റു ഹിം...
Delete(ഓഫ് ടോക് : എന്നാലും ജിമ്മാ... 😥😥😥)
ശ്വാസം പിടിച്ച് വായിച്ചു... Brave brothers ❤️🙏
ReplyDeleteചുണക്കുട്ടന്മാർ...
Deleteഅടിപൊളി.
ReplyDeleteസന്തോഷം...
DeleteA great escape ...
ReplyDeleteനല്ല ത്രില്ലോടെയാണ് വായിച്ചത് ..
വളരെ സന്തോഷം മുരളിഭായ്...
Delete