ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
കട്ടിലിൽ ചാരിക്കിടന്ന് ഒരു സിഗരറ്റ് ആസ്വദിച്ചു കൊണ്ടിരിക്കവെയാണ് റൂമിന്റെ വാതിൽ ചെറിയൊരു ഞരങ്ങലോടെ തുറക്കപ്പെട്ടത്. മാക്സ് വാച്ചിലേക്ക് നോക്കി. പാതിരാത്രി കഴിഞ്ഞ് രണ്ടു മണിയായിരിക്കുന്നു.
“മാക്സ്, ഇത് ഞാനാണ്...” ജൂലി ലൈറ്റ് ഓൺ ചെയ്തു. മാക്സ് എഴുന്നേറ്റ് നിവർന്ന് ഇരുന്നു.
“എന്താണ് ഈ നേരത്ത്...?”
അവൾ കട്ടിലിന്റെ ഒരരികിൽ ഇരുന്നു. “മൊത്തം അലങ്കോലമായ അവസ്ഥയാണ്... എന്ത് ചെയ്യണമെന്ന് ആർക്കും ഒരു രൂപവുമില്ല... മോളിയ്ക്കൊഴികെ...”
“നിങ്ങളെന്താണ് പറഞ്ഞു വരുന്നത്...?”
“നിങ്ങൾ പോയതിന് ശേഷം ലൈബ്രറിയിൽ ഇരുന്ന് പിന്നെയും ഞങ്ങൾ ചർച്ച ചെയ്തു... ഹാർബറിലെ വാർഫിൽ വച്ച് നിങ്ങൾ മോളിയോട് പറഞ്ഞ കാര്യങ്ങളെല്ലാം അവൾ ഞങ്ങളോട് പറഞ്ഞു... ആ സ്റ്റോർക്ക് വിമാനം മോഷ്ടിച്ച് ബ്രിട്ടനിയിൽ ചെന്ന് ഹാരിയെ നിങ്ങൾ രക്ഷിക്കുന്ന കാര്യം...”
“എന്നിട്ട് മൺറോ എന്തു പറഞ്ഞു...?”
“മണ്ടത്തരം എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്...” അവൾ ചുമൽ വെട്ടിച്ചു. “പക്ഷേ, എനിക്കങ്ങനെ തോന്നുന്നില്ല...”
“എന്തു കൊണ്ട്, ജൂലീ...?”
“നാസികളുടെ അധിനിവേശത്തിനെതിരെ പോരാടിയിട്ടുള്ളവളാണ് ഞാൻ... എന്റെ ഭർത്താവിന്റെ ജീവിതമാണ് അതോടെ നശിച്ചത്... അവരിൽ നിന്ന് രക്ഷപെട്ടുവെങ്കിലും പിന്നീട് അദ്ദേഹം മരണമടഞ്ഞു... അതേത്തുടർന്നാണ് മൺറോ ഈ ജോലി എനിക്ക് തരപ്പെടുത്തിത്തന്നത്... നാസികളോട് എനിക്ക് വെറുപ്പാണ്... പക്ഷേ, മാക്സ്, എന്തുകൊണ്ടോ, നിങ്ങളെ ഞാൻ ഇഷ്ടപ്പെടുന്നു... ഒരു പക്ഷേ, ഹാരിയോട് എന്റെയുള്ളിൽ എവിടെയോ ചെറിയൊരു പ്രണയം ഒളിഞ്ഞു കിടക്കുന്നുണ്ട് എന്നതിനാലാവാം... മോളിയ്ക്ക് അതറിയില്ലെങ്കിലും...”
“ഒരു സ്ത്രീ എന്ന നിലയിൽ മോളി എപ്പോഴേ അത് കണ്ടുപിടിച്ചിട്ടുണ്ടാവും...” മാക്സ് പറഞ്ഞു.
“അതെന്തെങ്കിലുമാവട്ടെ... എന്തായാലും നിങ്ങളും ഹാരിയും ഒരു അവസരം അർഹിക്കുന്നു... പോകാൻ തയ്യാറാണെങ്കിൽ ഞാൻ സഹായിക്കാം നിങ്ങളെ... നിങ്ങൾ കൊണ്ടുവന്ന ആ സ്റ്റോർക്ക് ഞാൻ പരിശോധിച്ചിരുന്നു... ടാങ്ക് ഫുള്ളാണ്... ആ വിമാനം കൊണ്ടുപോകാനായി എനിമി എയർക്രാഫ്റ്റ് ഫ്ലൈറ്റ് ടീമിൽ നിന്നും ആരോ വരുന്നുണ്ടെന്ന് കേട്ടിരുന്നു...”
“എയർഫീൽഡിൽ പാറാവുകാരൊന്നുമില്ലേ...?”
“ഇല്ല... ഗ്രൗണ്ട് ക്രൂ അംഗങ്ങൾ എല്ലാവരും ഉറക്കത്തിലാണ്... പിന്നെ, നിങ്ങളുടെ ഇനിയുള്ള ദൗത്യത്തിന് വേണ്ടുന്ന യൂണിഫോമല്ല നിങ്ങളിപ്പോൾ ധരിച്ചിരിക്കുന്നത്...”
“ശരിയാണ്...”
“എങ്കിൽ വരൂ...”
അവളോടൊപ്പം സപ്ലൈ റൂമിൽ ചെന്ന മാക്സ് തനിക്ക് പാകമാവുന്ന ലുഫ്ത്‌വാഫ് യൂണിഫോം തിരഞ്ഞെടുത്തു. കണ്ഠത്തിൽ അണിയുവാനായി ഒരു Knight’s Cross ബാഡ്ജുമായി അവൾ അരികിലെത്തി. “സോറി മാക്സ്... ഇതേ ഉള്ളൂ ഇവിടെ... Oak Leaves ഉം Swords ഉം കിട്ടിയില്ല...”
“കണിശക്കാരിയാണല്ലോ...” അദ്ദേഹം ആയുധങ്ങൾ വച്ചിരിക്കുന്ന ടേബിളിനരികിലേക്ക് നടന്നു. “ഞാൻ നോക്കിയെടുത്തോട്ടെ...?”
“ഇതെങ്ങനെയുണ്ട്...?” ഒരു വാൾട്ടർ പിസ്റ്റൾ കൈയ്യിലെടുത്തിട്ട് അദ്ദേഹം ചോദിച്ചു.
“ഈ സൈലൻസറും കൂടിയുണ്ടെങ്കിൽ... SS സേനയ്ക്ക് വേണ്ടി പ്രത്യേകം നിർമ്മിച്ചതാണ്...”
“ബെസ്റ്റ് സാധനമാണ്...” മാക്സ് അതിന്റെ മാഗസിൻ ഫിറ്റ് ചെയ്തിട്ട് സൈലൻസർ സ്ക്രൂ ചെയ്ത് പിടിപ്പിച്ചു. “കരടിയെ തട്ടാൻ റെഡി... അങ്ങനെയാണ് കുട്ടിക്കാലത്ത് വനത്തിൽ അവധിക്കാലം ആഘോഷിക്കാൻ പോകുമ്പോൾ മുത്തശ്ശൻ എന്നോടും ഹാരിയോടും പറയാറുള്ളത്... ഒരു സ്പെയർ മാഗസിനും കൂടി ഞാൻ എടുക്കുന്നുണ്ട്...” തോക്കും മാഗസിനും അദ്ദേഹം തന്റെ പാന്റ്സിന്റെ പോക്കറ്റിനുള്ളിൽ തിരുകി. പിന്നെ ‘ഷിഫ്’ എന്നറിയപ്പെടുന്ന ലുഫ്ത്‌വാഫിന്റെ ക്യാപ്പ് എടുത്ത് തന്റെ ചെമ്പൻ മുടിയുള്ള തലയിൽ ചരിച്ചു വച്ചിട്ട് കണ്ണാടിയിൽ നോക്കി. “കൊള്ളാം... ലുഫ്ത്‌വാഫിന്റെ അഭിമാനഭാജനം...”
“നിങ്ങൾ റെഡിയാണെങ്കിൽ എയർഫീൽഡിലേക്ക് ഞാൻ കൊണ്ടുപോകാം... പിന്നിലെ സ്റ്റെയർകെയ്സ് വഴി ഇറങ്ങാം നമുക്ക്...” ജൂലി പറഞ്ഞു.
അവളെ അനുഗമിച്ച അദ്ദേഹം കിച്ചണ് പുറത്തുള്ള ഹാളിൽ എത്തി. പിൻവാതിൽ തുറന്ന് പുറത്തിറങ്ങിയ അവർ മുറ്റത്തു കൂടി ഗേറ്റിനരികിലെത്തി. അധികം ദൂരെയല്ലാതെ കിടന്നിരുന്ന ജീപ്പിന്റെ ഡ്രൈവിങ്ങ് സീറ്റിൽ അവൾ കയറിയിരുന്നു. മറുഭാഗത്ത് മാക്സും.
എൻജിൻ സ്റ്റാർട്ട് ചെയ്ത് അവൾ വണ്ടി മുന്നോട്ടെടുക്കവെ മാക്സ് നിരീക്ഷിച്ചു. “മൂടൽമഞ്ഞിന്റെ ലാഞ്ഛനയുണ്ട്... താഴ്ന്ന് നിൽക്കുന്ന മേഘങ്ങളും...”
“കാലാവസ്ഥാ റിപ്പോർട്ട് ഞാൻ പരിശോധിച്ചിരുന്നു... അങ്ങോട്ടുള്ള യാത്രയിൽ ഇവ രണ്ടും നിങ്ങളോടൊപ്പമുണ്ടാകും... എന്നാൽ ഏതാണ്ട് നാലു മണിയോടെ മാനം തെളിയും... പൂർണ്ണ ചന്ദ്രനെ കാണാനും പറ്റും...” ജൂലി പറഞ്ഞു.
എയർസ്ട്രിപ്പിനടുത്ത് എത്തിയപ്പോൾ മാക്സ് പറഞ്ഞു. “ഈ ആഴ്ച്ച ഇത് രണ്ടാമത്തെ തവണയാണ് അസാദ്ധ്യം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ദൗത്യത്തിനായി ഞാൻ ഇറങ്ങുന്നത്... ഐസൻഹോവറിനെ വധിക്കുവാനുള്ള പദ്ധതി ശുദ്ധ മണ്ടത്തരം ആണെന്നായിരുന്നു എന്റെ അമ്മ ഉറച്ചു വിശ്വസിച്ചത്... അത് എന്റെ മരണത്തിലേക്കുള്ള യാത്രയാണെന്നും...”
“എന്നിട്ട് നിങ്ങളിപ്പോഴും ജീവനോടെയുണ്ടല്ലോ...”
“എന്തോ ഭാഗ്യത്തിന്... പക്ഷേ, ഇനിയത്തെ ദൗത്യം മണ്ടത്തരമാകുമോ ജൂലീ...?”
“സത്യം പറഞ്ഞാൽ, എനിക്കറിയില്ല...”
അദ്ദേഹം ഒരു സിഗരറ്റിന് തീ കൊളുത്തി. “ഓകെ... അവിടെയെത്താൻ ഒരു മണിക്കൂർ... മൊർലെയ്ക്സ് എയർസ്ട്രിപ്പിൽ നിന്നും പത്തു മിനിറ്റ് ഡ്രൈവ് കൊട്ടാരത്തിലേക്ക്... ഹാരിയെയും കൊണ്ട് തിരികെ എയർസ്ട്രിപ്പിലേക്ക്... വീണ്ടും ഒരു മണിക്കൂർ വ്യോമയാത്ര ഇങ്ങോട്ട്... പുലർച്ചെ അഞ്ചു മണിയോടെ ഇവിടെ ലാന്റിങ്ങ്... പക്ഷേ... അതെ... ഇതിനെല്ലാം അകമ്പടിയായി ഒരു ‘പക്ഷേ’യുണ്ട്... മൊർലെയ്ക്സ് എയർസ്ട്രിപ്പിലെ ഗാർഡും ഡ്യൂട്ടി കൺട്രോളറും പ്രശസ്തനായ ബ്ലാക്ക് ബാരണെ സ്വീകരിച്ചാൽ മാത്രം... എന്ത് ദൗത്യത്തിനായിട്ടാണ് ഞാൻ പോയിരിക്കുന്നതെന്ന് അവർക്ക് അറിയില്ല...”
“അതേക്കുറിച്ച് അവർക്ക് ഇപ്പോഴും അറിയില്ല എന്ന് പ്രത്യാശിക്കാം നമുക്ക്...”
“രഹസ്യത്തിന്റെ താക്കോൽ ബുബി ആർക്കും കൈമാറിയിട്ടില്ലെങ്കിൽ മാത്രം ആശയ്ക്ക് വകയുണ്ടെന്ന് പറയാം... അത്ര മാത്രം...”
ആ സ്റ്റോർക്ക് വിമാനം ഏപ്രണിൽ കിടക്കുന്നുണ്ടായിരുന്നു. ജീപ്പ് നിർത്തി പുറത്തിറങ്ങിയ അവർ വിമാനത്തിനരികിലേക്ക് നടന്നു. എങ്ങും നിശ്ശബ്ദത മാത്രം. ഡോർ തുറന്ന് മാക്സ് പാരച്യൂട്ട് എടുത്ത് അണിഞ്ഞു. “ഇതു കൊണ്ട് വലിയ കാര്യമൊന്നും ഉണ്ടായിട്ടല്ല... പഴയ ശീലം അത്ര എളുപ്പമൊന്നും മറക്കില്ലല്ലോ...” അദ്ദേഹം അവളുടെ കവിളിൽ മുത്തം നൽകി. “ഗോഡ് ബ്ലെസ്സ് യൂ, ജൂലീ...”
“ഗോഡ് ബ്ലെസ്സ് യൂ, മാക്സ്...”
പൈലറ്റ് സീറ്റിൽ കയറിയിരുന്നിട്ട് അദ്ദേഹം അവളെ നോക്കി പുഞ്ചിരിച്ചു. “ബൈ ദി വേ, മൺറോ എവിടെയാണിപ്പോൾ...?”
ആ ചോദ്യം അവൾ പ്രതീക്ഷിച്ചിരുന്നില്ല. “ഐ ഡോണ്ട് റിയലി നോ...”
“കമോൺ ജൂലീ...” പുഞ്ചിരിയോടെ അദ്ദേഹം ഡോർ ലോക്ക് ചെയ്തു. പിന്നെ എൻജിൻ സ്റ്റാർട്ട് ചെയ്ത് റൺവേയുടെ അറ്റത്തേക്ക് ടാക്സി ചെയ്തു. അടുത്ത നിമിഷം, ഇരമ്പിക്കൊണ്ട് മുന്നോട്ടു കുതിച്ച വിമാനം ഇരുളിന്റെ അനന്തതയിലേക്ക് പറന്നുയർന്നു.
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
മാക്സ് ന് രക്ഷിക്കാൻ സാധിച്ചാൽ മതിയായിരുന്നു ഹാരി ye
ReplyDeleteഅങ്ങനെ പ്രത്യാശിക്കാം നമുക്ക്...
DeleteAll the Best, Dear Max!!
ReplyDeleteഅനുഗ്രഹം ഒപ്പമുണ്ടാകട്ടെ...
Deletekatta waiting !!
ReplyDeleteഅപ്പോൾ അടുത്ത ലക്കം എഴുതിത്തുടങ്ങണം അല്ലേ...
Deleteഎല്ലാത്തിനും അകമ്പടിയായി ഒരു 'പക്ഷെ' ഉണ്ട്. എന്താവുമൊ ദൗത്യം
ReplyDeleteഅതൊരു വലിയ പക്ഷേയാണ് സുകന്യാജീ...
Deleteവീണ്ടും ഒരു ദൗത്യം...
ReplyDeleteഇത്തവണ രക്ഷാദൗത്യം...
Deleteമാക്സിന് വിജയം നേടാൻ സാധിക്കട്ടെ
ReplyDeleteപ്രതീക്ഷ വെറുതെയാവില്ല എന്ന് കരുതാം നമുക്ക്...
DeleteLove you Max..... All the best😊👍💓
ReplyDeleteതന്റെ സഹോദരനെ രക്ഷപെടുത്താനാകുമെന്ന് തന്നെ കരുതാം നമുക്ക്...
Deleteമാക്സിന് ആശംസകൾ നേർന്ന് മോളിയോടും ജൂലിയോടുമൊപ്പം കാത്തിരിക്കാം...
ReplyDeleteഅതെ... നമുക്ക് കാത്തിരിക്കാം... ശുഭകരമായ ഒരു വാർത്തയ്ക്കായി...
Deleteവായനക്കും മറ്റും വല്ലാത്ത മടുപ്പുള്ള ഒരാവസ്ഥയിലൂടെയാണ് ഞാൻ കടന്നുപോയികൊണ്ടിരിക്കുന്നത് .
ReplyDeleteവായന ഇവിടെ നിന്നും വീണ്ടും തുടങ്ങുന്നു .മാക്സ് വിജയിക്കുമെങ്കിൽ എനിക്കും ജയിക്കാം അല്ലെ ?
തീർച്ചയായും ജയിക്കാം മുരളിഭായ്...
Delete