Saturday, October 17, 2020

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 79

  

ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

അയ്യായിരം അടി ഉയരെ, ചിതറിയ മേഘക്കൂട്ടങ്ങൾക്കിടയിലൂടെ മാക്സ് ആ ലൈസാൻഡർ പറത്തി. മുന്നോട്ട് പോകും തോറും മേഘങ്ങളുടെ സാന്ദ്രത കൂടിക്കൊണ്ടിരുന്നു. ഒപ്പം മഴയും. പിൻസീറ്റിൽ ഇരിക്കുന്ന ഐസൻഹോവറും സോബെലും എൻജിന്റെ ശബ്ദത്തിനും മേലെ പരസ്പരം ഉറക്കെ സംസാരിച്ചു കൊണ്ടിരുന്നു.

 

പരസ്പര വിരുദ്ധമായ വിവിധ വികാരങ്ങളുടെ ഇരയായി മാറിക്കഴിഞ്ഞിരുന്നു മാക്സ്. ഹാരിയാണെന്ന ധാരണയിൽ അമേരിക്കൻ സേനയുടെ സുപ്രീം കമാൻഡർ വളരെ കാര്യമായിട്ടാണ് തന്റെയടുത്ത് വന്ന് ഹസ്തദാനം നൽകിയതും വിവരങ്ങൾ അന്വേഷിച്ചതും. പക്ഷേ, തന്നെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച് ഒരു മമതയും അദ്ദേഹത്തോട് തോന്നിയില്ല എന്നതാണ് വാസ്തവം. പോക്കറ്റിൽ നിന്നും പിസ്റ്റൾ എടുത്ത് തിരിഞ്ഞ് ഐസൻഹോവറിന്റെ നെറ്റിത്തടത്തിൽ ഷൂട്ട് ചെയ്യുക... അപ്പോൾ പിന്നെ സ്വാഭാവികമായും മോളിയുടെ പിതാവായ സോബെലിനെയും ഷൂട്ട് ചെയ്യേണ്ടി വരും... എന്നു വച്ചാൽ ഈ പ്രശ്നത്തിനിടയിലേക്ക് അനാവശ്യമായി അവളെക്കൂടി വലിച്ചിഴയ്ക്കുക എന്ന്... രണ്ട് മൃതശരീരങ്ങളുമായി മൊർലെയ്ക്സിൽ ഹാരിയുടെ മുന്നിൽ ചെന്നിറങ്ങുമ്പോഴുള്ള അവസ്ഥ എന്തായിരിക്കും...? അതിലൊന്ന് തന്റെ പ്രേമഭാജനത്തിന്റെ പിതാവിന്റേതാകുമ്പോൾ എന്തായിരിക്കും അവന്റെ പ്രതികരണം...? അവളെ സ്നേഹിക്കുന്നു എന്ന സത്യം അംഗീകരിക്കാൻ അവന് മടിയാണെങ്കിലും മോളിയെ നേരിട്ട് കണ്ടതോടെ അവരുടെ സ്നേഹത്തിന്റെ ആഴം തനിക്ക് ബോദ്ധ്യപ്പെട്ടതാണ്.

 

മറ്റൊരു വിധത്തിൽ ചിന്തിച്ചാൽ, മൂട്ടിയുടെ കാര്യം എന്താകും...? ഈ ദൗത്യം താൻ ഏറ്റെടുത്തത് തന്നെ മൂട്ടിയുടെ ജീവനെയോർത്താണ്... ഐസൻഹോവറിനെ വധിക്കുവാൻ തന്നെക്കൊണ്ടാവുന്നില്ലെങ്കിൽ അതിനർത്ഥം മൂട്ടിയുടെ മരണം ഉറപ്പായി എന്നാണ്... ഒപ്പം ഹാരിയുടെയും... അക്കാര്യത്തിൽ യാതൊരു മിഥ്യാധാരണയുമില്ല തനിക്ക്...

 

അപ്പോൾ പിന്നെ എന്തു ചെയ്യണം താൻ...? ഇപ്പോൾ  സുരക്ഷിതമായി അദ്ദേഹത്തെ സൗത്ത്‌വിക്കിൽ എത്തിച്ചിട്ട് മറ്റൊരു അവസരത്തിനായി കാത്തിരിക്കുക... ഒരു പക്ഷേ, അത് തന്റെ കൂടി മരണത്തിൽ ആയിരിക്കില്ലേ കലാശിക്കുക...? മറ്റൊന്നും ചിന്തിക്കാതെ തിരിഞ്ഞ് വെടിയുതിർത്താലോ...? ഇത്തരം ഒരു സന്നിഗ്ദ്ധാവസ്ഥ ഒരു പക്ഷേ ജീവിതത്തിൽ ആദ്യമായിട്ടായിരിക്കും താൻ അഭിമുഖീകരിക്കുന്നത്... മൂട്ടിയുടെ ജീവൻ രക്ഷിക്കുവാൻ വേണ്ടി ഏത് നരകത്തിൽ വരെ പോകാനും തയ്യാറാണെന്ന് ഹാരിയോട് പറഞ്ഞിട്ടാണ് താൻ യാത്ര തിരിച്ചത്... പിന്നെന്തിനാണ് ഇപ്പോൾ ഒരു വീണ്ടു വിചാരം...?

 

ഒരു തീരുമാനം എടുക്കാനുള്ള സമയം പോലും ലഭിക്കുന്നതിന് മുന്നെ പെട്ടെന്നാണ് അത് സംഭവിച്ചത്. പാഞ്ഞടുക്കുന്ന എന്തോ ഒന്നിന്റെ കർണ്ണകഠോര ശബ്ദം. അവരുടെ തൊട്ടു മുകളിലൂടെ എന്തോ ഒന്ന് കടന്നു പോയതിന്റെ നിഴൽ.  ഇടതു വശത്തേക്ക് പറന്നു മാറുന്ന ഒരു വിമാനത്തെ അടുത്ത നിമിഷം മാക്സ് കണ്ടു.

 

മൈ ഗോഡ്...! എന്തായിരുന്നു അത്...?” ഐസൻഹോവർ ആരാഞ്ഞു.

 

ഒരു JU88S നൈറ്റ് ഫൈറ്ററാണ്...” മാക്സ് പറഞ്ഞു. “തങ്ങളുടെ പതിവ് നിരീക്ഷണം കഴിഞ്ഞ് തിരിച്ചു പോകുന്നതിനിടയിൽ എന്തെങ്കിലും കുടുങ്ങുമോ എന്നറിയാൻ വേണ്ടി ഒന്ന് കറങ്ങി നോക്കിയതായിരിക്കും... നേരെ പോയിരുന്നെങ്കിൽ ഇപ്പോൾ അവന് അവിടെയെത്തി ബ്രേക്ക്ഫസ്റ്റ് കഴിക്കാമായിരുന്നു... പിടിച്ചിരുന്നോളൂ ജെന്റിൽമെൻ...”

 

മാക്സിനുള്ളിലെ പൈലറ്റിന്റെ രക്തം തിളച്ചു. ഞൊടിയിടയിൽ അദ്ദേഹം ജാഗരൂകനായി. പെട്ടെന്ന് തന്നെ അദ്ദേഹം ആൾട്ടിറ്റ്യൂഡ് നാലായിരം അടിയിലേക്ക് താഴ്ത്തി. തൊട്ടു പിന്നിൽ എത്തിയ ജങ്കേഴ്സിന്റെ പീരങ്കിയിൽ നിന്നും ഉതിർന്ന വെടിയുണ്ട വിമാനത്തിന്റെ ഇടതു ചിറകിൽ തുളഞ്ഞു കയറി. അതോടൊപ്പം തന്നെ വിൻഡ്ഷീൽഡ് ചിന്നിച്ചിതറുകയും ചെയ്തു. ആക്രമണത്തിന് ശേഷം ആ ജങ്കേഴ്സ് ഒരു വൈഡ് സർക്കിൾ എടുത്ത് ദൂരേയ്ക്ക് മാറി.

 

അവന്റെ സ്പീഡിനൊപ്പം നമുക്ക് എത്താനാവില്ല... മറ്റൊരു വിധത്തിൽ പറഞ്ഞാൽ അവനെ സംബന്ധിച്ചിടത്തോളം നാം വളരെ സ്ലോ ആണ്...” മാക്സ് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. ഏതാണ്ട് കാൽ മൈൽ ദൂരെ ചെന്ന ആ ജങ്കേഴ്സ് അടുത്ത ആക്രമണത്തിനായി തിരിഞ്ഞു. മാക്സ് ഉടൻ തന്നെ റേഡിയോയിലൂടെ കൺട്രോൾ റൂമിലേക്ക് സന്ദേശം അയച്ചു. “ലൈസാൻഡർ വൺ എൻ റൂട്ട് ഫോർ സൗത്ത്‌വിക്ക് അണ്ടർ അറ്റാക്ക് ഫ്രം JU88S ഓവർ സൗത്ത് ഡൗൺസ്...”

 

രണ്ടാം വട്ടം ആക്രമണത്തിനായി പിന്നിലെത്തിയ ജങ്കേഴ്സിൽ നിന്നും ഒരു സ്റ്റീപ്പ് കർവ് എടുത്ത് വിദഗ്ദ്ധമായി മാക്സ് ഒഴിഞ്ഞു മാറി. വിമാനത്തിന്റെ നിയന്ത്രണം വീണ്ടും കൈപ്പിടിയിലായ അദ്ദേഹത്തിന്റെ സിരകൾക്ക് പ്രതികരിക്കാതിരിക്കാനായില്ല.

 

റൈറ്റ്, യൂ ബാസ്റ്റഡ്... ലെറ്റ്സ് സീ വാട്ട് യൂ ആർ മെയ്ഡ് ഓഫ്...” പല്ല് കടിച്ചു കൊണ്ട് മാക്സ് പറഞ്ഞു.

 

നാലായിരത്തിൽ നിന്നും പൊടുന്നനെ രണ്ടായിരത്തിലേക്കും പിന്നെ ആയിരത്തിലേക്കും മാക്സ് ആൾട്ടിറ്റ്യൂഡ് കുറച്ചു. താഴെ, സൗത്ത് ഡൗൺസ് വനത്തിലെ വൃക്ഷത്തലപ്പുകൾ വളരെ വ്യക്തമായി അദ്ദേഹത്തിന് കാണാമായിരുന്നു. അടുത്ത ആക്രമണത്തിനായി ജങ്കേഴ്സ് കുതിച്ചെത്തവെ മാക്സ് 600 അടിയിലേക്ക് താഴ്ന്നു. പിന്നെ ഒരു മുന്നറിയിപ്പും നൽകാതെ പൊടുന്നനെ ഫ്ലാപ്പുകൾ ഡ്രോപ്പ് ചെയ്തു. മുമ്പ് പല തവണ ശത്രുക്കളിൽ പ്രയോഗിച്ചിട്ടുള്ള വിദ്യ.

 

സഡൻ ബ്രേക്കിട്ടത് പോലെ വേഗത കുറഞ്ഞ ലൈസാൻഡറിൽ ഇടിക്കാതിരിക്കാനായി ജങ്കേഴ്സിന്റെ പൈലറ്റ് വിമാനം ഒരു വശത്തേക്ക് വെട്ടിച്ച് മാറ്റി. എന്നാൽ നിയന്ത്രണം നഷ്ടമായ ജങ്കേഴ്സ് സ്ലൈഡ് ചെയ്ത് തൊട്ടു താഴെയുള്ള വനത്തിലേക്ക് കൂപ്പു കുത്തി. നിമിഷങ്ങൾക്കകം വനത്തിൽ നിന്നും അഗ്നിഗോളം ഉയർന്നു പൊങ്ങി. ആശ്വാസത്തോടെ കൺട്രോൾ കോളം വലിച്ച് മാക്സ് ആയിരം അടിയിലേക്ക് വിമാനത്തെ ഉയർത്തി ലെവൽ ചെയ്തു.

 

ആർ വീ ഓകേ ബാക്ക് ദേർ...?” പിറകോട്ട് തിരിഞ്ഞ് മാക്സ് ചോദിച്ചു.

 

ഐസൻഹോവറും സോബെലും അന്തം വിട്ടിരിക്കുകയായിരുന്നു അവിടെ. പെട്ടെന്നാണ് മാക്സിന്റെ മനസ്സിൽ വീണ്ടും ആ ചിന്ത വന്നത്. ഇത് തന്നെ പറ്റിയ സമയം... ഇതു പോലെ ഒരു അവസരം ഇനി ലഭിക്കാൻ സാദ്ധ്യതയില്ല... പിസ്റ്റൾ എടുത്ത് ഇരുവരെയും വെടി വച്ച് വീഴ്ത്തി നേരെ ഫ്രാൻസിലേക്ക് പറക്കുക...

 

പക്ഷേ, അദ്ദേഹത്തിന് അതിനാകുമായിരുന്നില്ല...

 

കഴിഞ്ഞ ഏതാനും  മിനിറ്റുകളായി താൻ പോലും അറിയാതെ യഥാർത്ഥ തീരുമാനം അദ്ദേഹം എടുത്തു കഴിഞ്ഞിരുന്നു. തന്റെ രക്തത്തിലൂടെ അഡ്രിനാലിൻ പ്രവഹിക്കവെ അദ്ദേഹം അത് തിരിച്ചറിഞ്ഞു. തലേന്ന് രാത്രിയിൽ താൻ ബുബിയോട് പറഞ്ഞ ആ വാക്കുകൾ... താൻ ഒരു പൈലറ്റ് മാത്രമാണ്... അല്ലാതെ ഒരു ഘാതകനല്ല...

 

അദ്ദേഹം മുന്നോട്ട് തിരിഞ്ഞ് മൈക്രോഫോൺ എടുത്ത് സൗത്ത്‌വിക്കിലേക്ക് വിളിച്ചു. “JU88S ഡൗൺ...” ശേഷം അപ്പോഴത്തെ പൊസിഷനെക്കുറിച്ചുള്ള വിവരങ്ങൾ അറിയിച്ചു. “പതിനഞ്ച് മിനിറ്റിനുള്ളിൽ ഞങ്ങൾ അവിടെ ലാന്റ് ചെയ്യുന്നതായിരിക്കും...”

 

                                                          ***

 

പോർച്ചുഗീസ് എംബസിയിൽ നിന്നും നൂറ് വാര അകലെ ജാക്ക് കാർട്ടർ തന്റെ സ്റ്റാഫ് കാറിന്റെ പിൻസീറ്റിൽ കാത്തിരുന്നു. നീല സ്യൂട്ടും അണിഞ്ഞ് ചുമലിൽ ഒരു റെയിൻകോട്ടുമായി ഫുട്ട്പാത്തിലൂടെ നടന്നെത്തിയ ആ നരച്ച മുടിക്കാരൻ എംബസിയുടെ സെക്യൂരിറ്റി മേധാവിയായ കേണൽ ഡ കൂഞ്ഞ ആയിരുന്നു. കാർട്ടർ തുറന്നു പിടിച്ച ഡോറിലൂടെ അയാൾ കാറിനുള്ളിലേക്ക് കയറി.

 

കണ്ടിട്ട് കുറേ നാളായല്ലോ ജാക്ക്... എന്താണ് അർജന്റാണെന്ന് പറഞ്ഞത്...?”

 

അതെ... ഫെർണാണ്ടോയും ജോയൽ റോഡ്രിഗ്സും... ബെർലിനിലെ നാസികളിൽ നിന്നു കൂടി പ്രതിഫലം പറ്റുന്ന ഡബിൾ സൈഡഡ് ചാരന്മാരണവർ...” ജാക്ക് പറഞ്ഞു.

 

അമ്പരപ്പോടെ വായ് തുറന്ന കേണൽ ഡ കൂഞ്ഞയെ നോക്കി ജാക്ക് കൈ ഉയർത്തി. “ഒന്നും പറയണ്ട... കൺഫേംഡ് ആയ കാര്യമാണ്... സകല തെളിവുകളും ഞാൻ തരാം...”

 

സിഗരറ്റ് പാക്കറ്റിൽ നിന്നും ഒരെണ്ണം എടുത്ത് കേണൽ തീ കൊളുത്തി. “പക്ഷേ, അവർ ഡിപ്ലോമാറ്റിക്ക് ഇമ്മ്യൂണിറ്റി അവകാശപ്പെടും ജാക്ക്...”

 

എന്ന് വച്ചാൽ നിങ്ങൾ അവകാശപ്പെടുമെന്ന് അല്ലേ...? അത് മതി... അവരെക്കുറിച്ച് അറിയേണ്ടതെല്ലാം ഞങ്ങൾ അറിഞ്ഞു കഴിഞ്ഞു... അവരെക്കൊണ്ട് ഇനി ഞങ്ങൾക്ക് ഒരു പ്രയോജനവുമില്ല... അതുകൊണ്ട് ഇന്ന് രാത്രിയിലെ ലിസ്ബനിലേക്കുള്ള TAP ഡക്കോട്ടയിൽ അവരെ കയറ്റി വിടുക... ഇനി ഒരിക്കലും ഇങ്ങോട്ട് മടങ്ങി വരരുതെന്ന നിബന്ധനയോടെ...” ജാക്ക് പറഞ്ഞു.

 

താങ്ക് യൂ ജാക്ക്... യൂ ആർ വെരി കൈൻഡ്...”

 

ഞങ്ങൾ യുദ്ധം ജയിച്ചു കൊണ്ടിരിക്കുകയാണെന്നത് കൊണ്ട് മാത്രം... പിന്നെ, ആ ഫെർണാണ്ടോ റോഡ്രിഗ്സിനോട് പറഞ്ഞേക്കൂ, അയാളുടെ ഗേൾഫ്രണ്ടിനെ ഞങ്ങൾ പിടികൂടിയിട്ടുണ്ടെന്ന്... അവൾ പോർച്ചുഗീസുകാരിയല്ലല്ലോ...”

 

അവൾ വധശിക്ഷയ്ക്ക് വിധേയയാക്കപ്പെടുമോ...?”

 

അതിനെന്ത് പ്രസക്തി...?”

 

ജാക്ക് കാറിന്റെ ഡോർ തുറന്നു കൊടുത്തു. പുറത്തിറങ്ങിയ ഡ കൂഞ്ഞ തിടുക്കത്തിൽ നടന്നകന്നു.

 

ജാക്ക് ഓഫീസിൽ തിരികെയെത്തിയപ്പോൾ ഷോൺ റിലേയുടെ അരികിൽ  ഇരിക്കുന്ന സാറാ ഡിക്സൺ സ്റ്റേറ്റ്മെന്റ് ഷീറ്റിൽ ഒപ്പു വയ്ക്കുകയായിരുന്നു. ലെയ്സി തൊട്ടരികിൽ ജാലകത്തിന് സമീപം നിൽക്കുന്നുണ്ട്.

 

ഇവരിൽ നിന്ന് വിവരങ്ങളെല്ലാം ലഭിച്ചുവോ...?” ജാക്ക് ചോദിച്ചു.

 

റിലേ തല കുലുക്കി. “അത് ഹാരിയുടെ ഇരട്ട സഹോദരൻ ജർമ്മൻകാരൻ തന്നെയാണ്... അക്കാര്യം ഇവർ സമ്മതിച്ചു... പക്ഷേ, അതിലും നാടകീയമായ ഒരു ന്യൂസുണ്ട്... ഒരു ഫോൺ കോൾ ഉണ്ടായിരുന്നു... ഐസൻഹോവറുമായി അദ്ദേഹം സൗത്ത്‌വിക്കിലേക്ക് പറക്കുന്നതിനിടയിൽ ഒരു ജർമ്മൻ യുദ്ധവിമാനം അവരെ ആക്രമിക്കുകയുണ്ടായി... പക്ഷേ, അദ്ദേഹത്തിന്റെ അമ്പരപ്പിക്കുന്ന ചില അഭ്യാസങ്ങളെത്തുടർന്ന് ആ ശത്രുവിമാനം തകർന്നു വീണുവത്രെ...”

 

കാർട്ടറിന് പ്രത്യേകിച്ച് അത്ഭുതമൊന്നും തോന്നിയില്ല. “വെൽ... ലുഫ്ത്‌വാഫിലെ അതിവിദഗ്ദ്ധനായ ഒരു പൈലറ്റാണ് അദ്ദേഹം... ഇപ്പോഴത്തെ ഈ ദൗത്യം അദ്ദേഹം സ്വമനസ്സാലെ ചെയ്യുന്നതൊന്നുമല്ല... ഫ്രാൻസിൽ നിന്നും എത്തിയ ആ റിപ്പോർട്ട് നിങ്ങൾ വായിച്ചില്ലേ...?”

 

വായിച്ചു... പാവം... അവസാനം എല്ലാം വെറുതെയായി... ആ ദ്രോഹികൾ അദ്ദേഹത്തിന്റെ അമ്മയെ കൊന്നു കളഞ്ഞു...!”

 

മാത്രവുമല്ല, അദ്ദേഹത്തിന്റെ സഹോദരൻ ഇപ്പോഴും അവരുടെ തടങ്കലിലും...”

 

എന്റെ കാര്യത്തിൽ ഇനി എന്ത് സംഭവിക്കും...? ഒരു കുറ്റവിചാരണ...?” സാറാ ഡിക്സൺ ചോദിച്ചു.

 

ഗുഡ് ഗോഡ്, നോ....” കാർട്ടർ പറഞ്ഞു. “നിങ്ങൾക്കിനി യാതൊരു പ്രാധാന്യവുമില്ല... തൽക്കാലം തടവിലിടും... യുദ്ധം  കഴിഞ്ഞിട്ട് എന്ത് വേണമെന്ന് അപ്പോൾ തീരുമാനിക്കും... ബൈ ദി വേ, നിങ്ങൾ ഞങ്ങളുടെ പിടിയിലായ വിവരം റോഡ്രിഗ്സിനെ അറിയിക്കാൻ ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട്... ഇന്ന് രാത്രി അയാളെയും സഹോദരനെയും ലിസ്ബനിലേക്ക് നാടു കടത്തും...”

 

അക്കാര്യത്തിൽ വളരെ നന്ദിയുണ്ട്...” അവൾ പുഞ്ചിരിച്ചു. “എനിക്കിനി പോകാമോ...?”

 

റിലേയും ലെയ്സിയും ഇരുവശത്തുമായി അവളെ പുറത്തേക്ക് കൊണ്ടു പോയി. അതേക്കുറിച്ച് ചിന്തിച്ചു കൊണ്ട് ജാക്ക് അല്പനേരം ഇരുന്നു. പിന്നെ ഏറ്റവും പുതിയ വിവരങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് ജക്കോദിനുള്ള സന്ദേശം തയ്യാറാക്കി. ഫോൺ എടുത്ത് മെസ്സഞ്ചറോട് വരാൻ ആവശ്യപ്പെട്ടിട്ട് വീണ്ടും പിന്നോട്ട് ചാരിയിരുന്നു. പെട്ടെന്ന് എന്തോ ഓർത്തതു പോലെ അദ്ദേഹം വീണ്ടും ഫോൺ എടുത്തു.

 

മേജർ കാർട്ടർ ഹിയർ... ഗൈസ് ഹോസ്പിറ്റലിലേക്ക് പോകാൻ ഒരു കാർ വേണം... അഞ്ച് മിനിറ്റിനുള്ളിൽ...”

 

(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

 

17 comments:

  1. വായിക്കാൻ കൊതിച്ച് ഇരിക്കും പക്ഷേ ഹാരി ക്കും മക്‌സിനും എന്തെങ്കിലും പറ്റുമോ എന്നു പേടിച്ച് വായിക്കാൻ പറ്റാത്ത അവസ്ഥ യും.

    ReplyDelete
  2. മാക്സിന്റെ നല്ല മനസ്സിന് കടുത്ത വില കൊടുക്കേണ്ടി വരും. ഇറങ്ങുമ്പൊഴേക്കും അറസ്റ്റ് അല്ലേ?

    ReplyDelete
  3. എത്ര സിംപിൾ ആയിട്ടാണ് ഇവരൊക്കെ ഓരോ യുദ്ധ വിമാനങ്ങൾ തകർക്കുന്നത്

    ReplyDelete
    Replies
    1. ഹാരിയുടെയും മാക്സിന്റെയും പതിനെട്ടാമത്തെ അടവ്...

      Delete
  4. ആകെ കുഴയുകയാണല്ലോ..ഈ മനംമാറ്റത്തിന് മാക്‌സ് കനത്തവില കൊടുക്കേണ്ടി വരും...

    ReplyDelete
    Replies
    1. പുതിയ സംഭവ വികാസങ്ങൾ ഒന്നും മാക്സ് അറിയുന്നില്ല...

      Delete
  5. പാവം മാക്സ്‌ ധർമ്മസങ്കടത്തിൽ..

    ReplyDelete
    Replies
    1. അതെ... "The Road not taken" എന്ന കവിതയിലെപ്പോലെ...

      Delete
  6. മാക്സ് നു മോളി യുടെ പിതാവിനെ ഒരിക്കലും കൊല്ലാൻ ആവില്ല. പക്ഷെ ആ തീരുമാനത്തിന് വലിയ വില കൊടുക്കേണ്ടി വരും

    ReplyDelete
  7. വിനാശ കാലേ, വിപരീത ബുദ്ധി !!

    ReplyDelete
    Replies
    1. മാക്സിനുള്ളിലെ മനുഷ്യത്വം മരവിച്ചിട്ടില്ല എന്ന് പറ ജിമ്മാ...

      Delete
  8. മാക്സ് എന്ന മനുഷ്യൻ... Wait a second, ജാക്കിന്റെ ഫോൺ വിളിയിൽ ഒരു സംശയം!

    ReplyDelete
    Replies
    1. അതെ... മാക്സ് എന്ന മനുഷ്യൻ...

      Delete
  9. മുൻ അദ്ധ്യായം വായിച്ച് വന്നതിനാൽ ത്രിൽ പോയി കിട്ടി

    ReplyDelete