ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
തിങ്ങി നിറഞ്ഞ ഫ്ലോറിൽ മാക്സും മോളിയും ഈണത്തിനൊപ്പം ചുവടു വച്ചു. പക്ഷേ, ഡാൻസിന്റെ കാര്യത്തിൽ തന്റെ സഹോദരന്റെ സമീപത്തെങ്ങും എത്തുവാൻ അദ്ദേഹത്തിനായില്ല. എങ്കിലും ഫ്ലോറിലെ ജോഡികളുടെ ആധിക്യം ആ പോരായ്മ മറച്ചു വയ്ക്കുന്നതിൽ അദ്ദേഹത്തെ സഹായിച്ചു എന്ന് വേണം പറയാൻ.
ചുവട് പിഴച്ച് വീഴുവാൻ പോയപ്പോൾ അദ്ദേഹം പറഞ്ഞു. “അയാം സോറി... എന്തോ, ഇന്നത്ര സുഖം തോന്നുന്നില്ല...”
“ദാറ്റ്സ് ഓൾറൈറ്റ് ഹാരീ... അത്രയ്ക്കും ദുരിതം അനുഭവിച്ച് വന്നതല്ലേ...” അവൾ അദ്ദേഹത്തെ ചേർത്തു പിടിച്ചു. “ടർക്വിനെ നഷ്ടപ്പെട്ടതായി ജൂലി സൂചിപ്പിച്ച കാര്യം അങ്കിൾ ഡോഗൽ പറഞ്ഞിരുന്നു...”
“അതെ... നിർഭാഗ്യവശാൽ... ലൈസാൻഡർ ക്രാഷ് ചെയ്ത് തീ പിടിച്ചപ്പോൾ ഒപ്പം കത്തിയെരിഞ്ഞു കാണണം... ഞാനിപ്പോൾ ഇവിടെ ജീവനോടെ ഇരിക്കുന്നത് തന്നെ ഭാഗ്യം എന്ന് പറയാം... അന്ന് ആ SS ഭടന്മാർ അവിടെ ഇല്ലായിരുന്നുവെങ്കിൽ.........” അദ്ദേഹം ചുമൽ വെട്ടിച്ചു. “ചെകുത്താനാണ് എന്നെ രക്ഷിച്ചതെന്ന് വേണമെങ്കിൽ പറയാം മോളീ...”
ആ സമയത്താണ് ഹെഡ് വെയ്റ്റർ ഫ്ലോറിന്റെ ഒരു മൂലയ്ക്ക് എത്തി അവളെ നോക്കി ഒരു സന്ദേശമുണ്ട് എന്ന് ആംഗ്യം കാണിച്ചത്. “എനിക്ക് വയ്യ... നിങ്ങളോടൊപ്പം എപ്പോൾ ഇവിടെ വന്നാലും ഇതു തന്നെ അവസ്ഥ...” അവൾ അദ്ദേഹത്തെ വിട്ട് വെയ്റ്ററുടെ നേർക്ക് നടന്നു. അയാളുമായി സംസാരിച്ചതിന് ശേഷം അവൾ തിരിഞ്ഞു. “ഹോസ്പിറ്റലിൽ നിന്ന് തന്നെ... എന്നെ കൂടാതെ അവർക്ക് കഴിയില്ലത്രെ...”
“എങ്കിൽ ശരി, അത് കഴിഞ്ഞിട്ട് നമുക്ക് കാണാം...” ടേബിളിനരികിലേക്ക് നടക്കവെ മാക്സ് പറഞ്ഞു.
“ഉറപ്പ് പറയാനാവില്ല... പാതിരാത്രി കഴിഞ്ഞാൽ പിന്നെ ഞാൻ ഹോസ്പിറ്റലിൽത്തന്നെ തങ്ങുകയേയുള്ളൂ...” അവർ ടേബിളിനരികിലെത്തി. “എന്താണ് സംഭവിച്ചതെന്ന് ആർക്കെങ്കിലും പറയാൻ പറ്റുമോ...?” മോളി ചോദിച്ചു.
മൺറോയുടെ സ്റ്റാഫ് കാറിൽ അവൾ ഹോസ്പിറ്റലിലേക്ക് തിരിച്ചു. മറ്റുള്ളവരെ ഡ്രോപ്പ് ചെയ്യാൻ വെസ്റ്റ് സന്നദ്ധത പ്രകടിപ്പിച്ചു. സവോയ് ഹോട്ടലിന് മുന്നിൽ കാർ എത്തിയപ്പോൾ മാക്സ് പറഞ്ഞു. “എനിക്ക് ഒന്ന് നടന്നാൽ കൊള്ളാമെന്നുണ്ട് ബ്രിഗേഡിയർ... എങ്ങനെ പറയണം എന്ന് എനിക്കറിയില്ല... വല്ലാത്തൊരു മാനസികാവസ്ഥ...”
“തീർച്ചയായും എനിക്ക് മനസ്സിലാകും മകനേ...” മൺറോ പറഞ്ഞു. “ഒന്ന് ചുറ്റിക്കറങ്ങിയിട്ട് വരൂ... എപ്പോൾ വേണമെങ്കിലും ടാക്സി ലഭ്യമാണ്... ഇന്നത്തെ കാലത്ത് അമേരിക്കക്കാരോട് ലണ്ടൻ ടാക്സിക്കാർ ആരും വൈമനസ്യം പ്രകടിപ്പിക്കില്ല... നല്ല കാശ് കിട്ടുന്നതല്ലേ... ഞാൻ പറഞ്ഞതിൽ ജനറൽ സോബെലിന് ഒരു അഭിപ്രായ വ്യത്യാസവും ഉണ്ടാവാൻ വഴിയില്ല...”
സോബെൽ മാക്സിന് ഹസ്തദാനം നൽകി. “രാവിലെ ക്രോയ്ഡണിൽ വച്ച് കാണാം...”
“തീർച്ചയായും... ഞാനവിടെയുണ്ടാവും...”
മാക്സിനെ ഇറക്കി വിട്ടിട്ട് വെസ്റ്റിന്റെ കാറിൽ അവർ യാത്ര തുടർന്നു. ആദ്യം എത്തിയ ഒരു ടാക്സി കൈ കാണിച്ച് നിർത്തിയിട്ട് മാക്സ് ചോദിച്ചു. “വെസ്റ്റ്ബൺ ഗ്രോവ് അറിയുമോ...? ബേയ്സ്‌വാട്ടറിന് സമീപം...?”
“തീർച്ചയായും ഓഫീസർ...”
“ഓകെ... ശരി, അങ്ങോട്ട് പോകട്ടെ...” ഡോർ തുറന്ന് മാക്സ് ഉള്ളിലേക്ക് കയറി.
***
റോസയുമായി മൊർലെയ്‌ക്സിലെ ഫാമിൽ എത്തിയ മേരി ആദ്യം ചെയ്തത് ജക്കോദിന്റെ സംഘത്തിലുള്ള കർഷകനായ ജൂൾസിന് വേണ്ടി ആളെ വിടുക എന്നതാണ്. ഉടൻ തന്നെ സ്ഥലത്തെത്തിയ ജൂൾസിന് മുന്നിൽ അവൾ സംഭവം അവതരിപ്പിച്ചു. മേശയുടെ മറുവശത്ത് ഇരിക്കുന്ന റോസയുടെ മടിയിൽ മേരിയുടെ മകൾ സ്ഥാനമുറപ്പിച്ചു കഴിഞ്ഞിരുന്നു. മേരിയുടെ മകൾക്ക് കളിക്കുവാനായി ജക്കോദ് കൊടുത്ത ആ കരടിക്കുട്ടൻ മേശപ്പുറത്ത് ഇരിക്കുന്നുണ്ട്. ആ ജർമ്മൻ വനിതയുടെ വാക്കുകൾ അയാൾ ക്ഷമയോടെ കേട്ടു.
“കൊട്ടാരത്തിൽ നടന്നത് എന്തു തന്നെയായാലും നിർഭാഗ്യകരമായിപ്പോയി... പക്ഷേ, ഇവർ പറയുന്നത് മുഴുവനും മനസ്സിലാക്കിയെടുക്കാൻ എനിക്കാവുന്നില്ല... ജക്കോദിനാണെങ്കിൽ നന്നായി ജർമ്മൻ സംസാരിക്കാനറിയാം...” ജൂൾസ് പറഞ്ഞു.
“അതെനിക്കറിയാം... പക്ഷേ, അദ്ദേഹം അത്യാവശ്യമായി തന്റെ സംഘാംഗങ്ങളെ കാണുവാൻ റെനിസിൽ പോയിരിക്കുകയാണ്...”
“ശരിയാണ്... ഇന്ന് പാതിരാത്രിയ്ക്കുള്ള ട്രെയിനിൽ അദ്ദേഹം തിരിച്ചെത്തും... പുലർച്ചെ രണ്ടു മണിയോടെ പിക്ക് ചെയ്യാൻ ചെല്ലണമെന്ന് എന്നോട് പറഞ്ഞിരുന്നു...”
മേരി തല കുലുക്കി. “ഓൾറൈറ്റ്... അതിന് മുടക്കം വരുത്തണ്ട... പക്ഷേ, അദ്ദേഹത്തോട് നേരിട്ട് ഇങ്ങോട്ട് വരാൻ പറയണം... ഇതെന്തോ കുഴഞ്ഞു മറിഞ്ഞ പ്രശ്നമാണെന്നാണ് തോന്നുന്നത്...”
***
ടാക്സിക്കാരൻ വെസ്റ്റ്ബൺ ഗ്രോവിൽത്തന്നെ മാക്സിനെ ഡ്രോപ്പ് ചെയ്തു. ടാക്സിക്കൂലി നൽകിയ ശേഷം ആ കെട്ടിട സമുച്ചയത്തിലേക്കുള്ള വഴി ബുദ്ധിമുട്ടൊന്നും കൂടാതെ തന്നെ അദ്ദേഹം കണ്ടെത്തി. കെട്ടിടത്തിന്റെ കവാടത്തിൽ എഴുതി വച്ചിരിക്കുന്ന നെയിം ബോർഡിലെ പേരുകൾ സസൂക്ഷ്മം വായിച്ചിട്ട് മാക്സ് ബസ്സർ അമർത്തി. അൽപ്പനേരത്തിന് ശേഷം സാറാ ഡിക്സന്റെ സ്വരം ഇന്റർകോമിൽ മുഴങ്ങി.
“യെസ്...?”
“മിസ്സിസ് ഡിക്സൺ...? ദി ഡേ ഓഫ് റെക്കനിങ്ങ് ഈസ് ഹിയർ...” മാക്സ് പറഞ്ഞു.
“മുകളിലേക്ക് വന്നോളൂ... സെക്കന്റ് ഫ്ലോർ...” അവരുടെ സ്വരം ശാന്തമായിരുന്നു.
കെട്ടിടത്തിലേക്കുള്ള കവാടത്തിന്റെ വാതിൽ തള്ളിത്തുറന്ന് അദ്ദേഹം അകത്തേക്ക് പ്രവേശിച്ചു. എതിർവശത്ത് ഇടനാഴിയുടെ അറ്റത്ത് നിന്നിരുന്ന പ്യാരിയുടെ ക്യാമറ രണ്ട് വട്ടം മിഴി തുറന്നു. അന്ന് രാത്രി അയാൾ പകർത്തിയ നാല്പത്തിയെട്ടു പേരുടെ ചിത്രങ്ങൾക്കൊപ്പം മാക്സിന്റെ ചിത്രവും പതിഞ്ഞു. അരിച്ചു കയറുന്ന തണുപ്പത്തുള്ള ആ നിൽപ്പിൽ ഒട്ടും സന്തോഷവാനായിരുന്നില്ല അയാൾ.
“ബ്ലഡി യാങ്കി....” അയാൾ മന്ത്രിച്ചു. “ഏതോ പെണ്ണിന്റെയടുത്തേക്കാണെന്ന് തോന്നുന്നു... അവളുടെ ഭാഗ്യം...”
***
വാതിൽ തുറന്ന് മാക്സിനെ ഉള്ളിലേക്ക് ആനയിച്ച സാറാ ഡിക്സൺ അദ്ദേഹത്തെ തന്റെ ചെറിയ സിറ്റിങ്ങ് റൂമിലേക്ക് കൂട്ടിക്കൊണ്ടു പോയി. പിന്നെ സിഗരറ്റ് പാക്കറ്റ് തുറന്ന് ഒരെണ്ണം പുറത്തെടുത്ത് അദ്ദേഹത്തിന് നീട്ടി.
“വിചാരിച്ചിരുന്നതിലും നേരത്തെയാണല്ലോ നിങ്ങളുടെ വരവ്...” അവർ പറഞ്ഞു.
“അപ്പോൾ ജോയൽ റോഡ്രിഗ്സ് തന്റെ ജോലി ഭംഗിയായി ചെയ്തുവല്ലേ...?”
“ഓ, യെസ്... നിങ്ങൾ ആരാണെന്നുള്ള കാര്യവും എനിക്കറിയാം ബാരൺ...”
“ഞാൻ സുരക്ഷിതമായി ഇവിടെ എത്തിയ വിവരത്തിന് സന്ദേശം അയയ്ക്കുവാൻ ഫെർണാണ്ടോ റോഡ്രിഗ്സിനോട് പറയണം... നാളെ രാവിലെ തന്നെ ഐസൻഹോവറിനെ സന്ധിക്കാൻ ഞാൻ പോകുകയാണ്...”
“വിൽ യൂ കിൽ ഹിം ദെൻ...?”
“അത് സാഹചര്യം എങ്ങനെയാണെന്നതിനെ ആശ്രയിച്ചിരിക്കും... നിങ്ങൾക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ അതിൽ...?”
“സത്യം പറഞ്ഞാൽ നിസ്സംഗതയാണെനിക്ക്... വളരെ മുമ്പേ തന്നെ നിങ്ങളുടെ പക്ഷത്തേക്ക് കൂറു മാറിയവളാണ് ഞാൻ... എന്റെ ജീവിത സാഹചര്യം അങ്ങനെയായിപ്പോയി... ആട്ടെ, നിങ്ങൾ എവിടെയാണ് താമസിക്കുന്നത്...?”
“ഹേസ്റ്റൺ പ്ലേസിൽ... മൺറോയുടെ ഫ്ലാറ്റിൽ... എന്നെ തേടി നിങ്ങൾ അവിടെ വരേണ്ട... ആവശ്യമുള്ളപ്പോൾ ഞാൻ നിങ്ങളെ കോൺടാക്റ്റ് ചെയ്തോളാം...”
“ഫൈൻ... ഐ ക്യാൻ ഓൺലി വിഷ് യൂ ലക്ക്...” അവർ അദ്ദേഹത്തിന് പുറത്തേക്കുള്ള വാതിൽ തുറന്നു കൊടുത്തു. “ഗുഡ് നൈറ്റ്...”
കെട്ടിടത്തിന്റെ പ്രധാന കവാടത്തിലൂടെ റോഡിലേക്കിറങ്ങവെ പ്യാരിയുടെ ക്യാമറയിൽ വീണ്ടും മാക്സിന്റെ ചിത്രം പതിഞ്ഞു. “ഹോ... ഇത്ര പെട്ടെന്നോ...!”
വെസ്റ്റ്ബൺ ഗ്രോവിൽ നിന്നും ക്വീൻസ്‌വേയിലേക്കുള്ള റോഡിലേക്ക് തിരിഞ്ഞ മാക്സ് ആദ്യം കണ്ട ടാക്സിയ്ക്ക് കൈ കാണിച്ചു.
***
സമയം പുലർച്ചെ മൂന്നു മണി. ഹേസ്റ്റൺ പ്ലേസിലെ ഹാരിയുടെ മുറിയിൽ സുഖമായി ഉറങ്ങുകയാണ് മാക്സ്. ഗൈസ് ഹോസ്പിറ്റലിലെ റൂമിൽ മോളിയും. ആ സമയം, ബ്രിട്ടനിയിലെ മൊർലെയ്ക്‌സിൽ ട്രെയിനിൽ എത്തിയ ജക്കോദിനെ പിക്ക് ചെയ്ത് ജൂൾസ് മേരിയുടെ ഫാമിൽ എത്തിച്ചു. മുട്ട് കേട്ട ഉടൻ വാതിൽ തുറന്ന മേരിയുടെ പിന്നാലെ അവർ ഇരുവരും അടുക്കളയിലേക്ക് നടന്നു. ജൂൾസ് നെരിപ്പോടിലെ തീ ഒന്ന് ഇളക്കി ജ്വലിപ്പിച്ചു.
“ഞാൻ കോഫിയുണ്ടാക്കാം...” മേരി സ്റ്റവിന് നേർക്ക് തിരിഞ്ഞു.
“അവർ എവിടെ...?” ജക്കോദ് ആരാഞ്ഞു.
“കിടക്കുകയാണ്...”
“അവരെ കൊണ്ടു വരൂ... കോഫി ജൂൾസ് ഉണ്ടാക്കിക്കോളും...”
മേശയുടെ ഒരറ്റത്തുള്ള കസേരയിൽ ഇരുന്നിട്ട് ജക്കോദ് ഒരു ഫ്രഞ്ച് സിഗരറ്റിന് തീ കൊളുത്തി. മേശയുടെ മറുവശത്ത് ഇരിക്കുന്ന ടർക്വിനെ രൂക്ഷമായി നോക്കിയിട്ട് അദ്ദേഹം ചോദിച്ചു. “വലിക്കുന്നതു കൊണ്ട് നിനക്ക് ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ...?”
മുമ്പ് യൂണിവേഴ്സിറ്റിയിലെ ഫിലോസഫി പ്രൊഫസർ ആയിരുന്നു അദ്ദേഹം എന്ന് പറഞ്ഞാൽ ആരും തന്നെ വിശ്വസിക്കാൻ സാദ്ധ്യതയില്ല. പരുക്കൻ മുഖവും ഷേവ് ചെയ്യാത്ത താടിരോമങ്ങളും നിരവധി കൊലപാതകങ്ങൾ നടത്തിയ ആ മനുഷ്യന്റെ രൗദ്രമായ കണ്ണുകളും ഒരു ഫിലോസഫി പ്രൊഫസറുടെ രൂപഭാവങ്ങളെ എന്നോ പടിക്ക് പുറത്താക്കിക്കഴിഞ്ഞിരുന്നു. മനുഷ്യരിൽ ഉള്ള വിശ്വാസം ഒക്കെ എങ്ങോ പോയ്മറഞ്ഞിരിക്കുന്നു. പാലൊഴിച്ച കോഫിയുമായി ജൂൾസ് അദ്ദേഹത്തിനരികിലെത്തി. അടുത്ത നിമിഷം റോസയോടൊപ്പം മേരി ആ മുറിയിലേക്ക് പ്രവേശിച്ചു.
ശുദ്ധമായ ജർമ്മൻ ഭാഷയിൽ ജക്കോദ് ആരംഭിച്ചു. “ഒന്നു കൊണ്ടും ഭയപ്പെടേണ്ട... ഇവിടെ ഇരിക്കൂ... എന്നിട്ട് ഞാൻ പറയുന്നത് ശ്രദ്ധയോടെ കേൾക്കണം... സത്യമാണ് പറയുന്നതെങ്കിൽ ആരും നിങ്ങളെ ഉപദ്രവിക്കില്ല...”
മേരി നൽകിയ നിശാവസ്ത്രം ധരിച്ചിരുന്ന റോസ മേശയ്ക്കരികിലെ കസേരയിൽ ഇരുന്നു.
“നിങ്ങൾ ആരാണെന്നും എന്തൊക്കെയാണുണ്ടായതെന്നും പറയൂ...” ജക്കോദ് അവളോട് ആവശ്യപ്പെട്ടു.
പതിനഞ്ച് മിനിറ്റോളം നീണ്ടു നിന്ന ആ സംഭാഷണം അവൾ അവസാനിപ്പിക്കുമ്പോൾ ജക്കോദ് അന്തം വിട്ടിരിക്കുകയായിരുന്നു. അല്പനേരത്തേക്ക് അദ്ദേഹം ഒന്നും തന്നെ മിണ്ടിയില്ല. അതു കണ്ട മേരി ചോദിച്ചു. “എന്താണ് ഇവർ പറഞ്ഞത്...?”
കാര്യത്തിന്റെ ഗൗരവം ചുരുങ്ങിയ വാക്കുകളിൽ ജക്കോദ് മേരിയ്ക്കും ജൂൾസിനും വിവരിച്ചു കൊടുത്തു.
“ശരിക്കും വട്ട് തന്നെ...” ജൂൾസ് പറഞ്ഞു. “സഹോദരന്മാർ പരസ്പരം ആൾമാറാട്ടം നടത്തി ഐസൻഹോവറിനെ വധിക്കുവാൻ പോകുകയോ...? എനിക്കിത് വിശ്വസിക്കാനാവുന്നില്ല...”
“എനിക്കൊരു ആശയം തോന്നുന്നു...” ജക്കോദ് പറഞ്ഞു. “ആ SS ഡോക്ടർ ഷ്രൂഡറിനെ മയക്കിയെടുക്കുവാനായി നിന്റെ സുഹൃത്ത് ഹെലനെ വിട്ടിരുന്നില്ലേ...?”
“അതെ...”
“അവൾ ഇപ്പോഴും അതിനുള്ള ശ്രമത്തിലാണോ...?”
“അതെയെന്നാണ് എന്റെയറിവ്...”
“നീയും ജൂൾസും കൂടി ഇപ്പോൾത്തന്നെ അങ്ങോട്ട് പോകുക... എന്നിട്ട് ആ ജർമ്മൻകാരൻ അവിടെയുണ്ടെങ്കിൽ അയാളെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വരിക... ഈ സ്ത്രീ പറയുന്ന കാര്യങ്ങൾ ശരിയാണോയെന്ന് അയാൾക്ക് പറയാൻ കഴിയും...”
ഏതാണ്ട് ഇരുപത് മിനിറ്റ് കഴിഞ്ഞു കാണണം. സുന്ദരിയായ ഹെലനോടൊപ്പം രമിച്ചതിന്റെ ആലസ്യത്തിൽ അവളെയും ചേർത്തു പിടിച്ച് മയക്കത്തിലാണ്ടു പോയ ക്യാപ്റ്റൻ ഷ്രൂഡർ ഞെട്ടിയുണർന്നത് തന്റെ കഴുത്തിന് താഴെ എന്തോ സ്പർശിക്കുന്നത് പോലെ തോന്നിയപ്പോഴാണ്. കോൾട്ട് ഓട്ടോമാറ്റിക്ക് ഗണ്ണിന്റെ ബാരൽ തന്റെ കഴുത്തിൽ മുട്ടിച്ചു പിടിച്ച് കട്ടിലിൽ ഇരിക്കുന്ന ജൂൾസിനെയാണ് അയാൾ കണ്ടത്.
“പെട്ടെന്നെഴുന്നേറ്റ് വസ്ത്രം ധരിക്കൂ... ഇല്ലെങ്കിൽ നിങ്ങളുടെ തലച്ചോറായിരിക്കും ചിതറിത്തെറിക്കുവാൻ പോകുന്നത്...” ബഹളം കേട്ടുണർന്ന ഹെലൻ ഭീതിയിൽ നിലവിളിച്ചു. “നിന്നോടല്ല ഡാർലിങ്ങ്... ഫ്രാൻസിന് വേണ്ടി നീ നിന്റെ ജോലി നന്നായിത്തന്നെ ചെയ്യുന്നുണ്ട്... കിടന്നുറങ്ങിക്കോളൂ...” ജൂൾസ് അവളോട് പറഞ്ഞു.
മരണം സുനിശ്ചിതമാണെന്ന് മനസ്സിലാക്കിയ ഷ്രൂഡർ എതിർപ്പൊന്നും പ്രകടിപ്പിക്കാതെ സഹകരിക്കുവാൻ തയ്യാറായി. മേരിയുടെ ഫാം ഹൗസിൽ മേശയുടെ മറുഭാഗത്ത് ഇരുന്ന് അയാൾ സംസാരിച്ചു തുടങ്ങി. “ഒരു കാര്യം നിങ്ങൾ മനസ്സിലാക്കണം... മരിക്കുവാൻ തീരുമാനിച്ചുറപ്പിച്ചിരിക്കുകയായിരുന്നു പ്രഭ്വി... കേണൽ ഹാർട്മാനെ കൊല്ലുവാനുള്ള അവരുടെ ശ്രമത്തിൽ കേണർ മുള്ളറാണ് വെടിയേറ്റു മരിച്ചത്... എന്റെ സ്വയരക്ഷയ്ക്ക് വേണ്ടിയാണ് അവർക്ക് നേരെ ഞാൻ വെടിയുതിർത്തത്...”
“ഓൾറൈറ്റ്... പറയൂ, ബാക്കി കൂടി പറയൂ... ആ സഹോദരന്മാരെക്കുറിച്ചുള്ള സകല വിവരങ്ങളും...”
ഷ്രൂഡർ എല്ലാം പറഞ്ഞ് കഴിഞ്ഞതും ഫ്രഞ്ച് ഭാഷയിൽ മേരി ചോദിച്ചു. “ഇയാളിൽ നിന്ന് എന്തെങ്കിലും വിവരം ലഭിച്ചുവോ...?”
“തീർച്ചയായും...” ജക്കോദ് പറഞ്ഞു. “പക്ഷേ, ഇയാൾക്ക് എല്ലാ കാര്യങ്ങളും അറിയില്ലെന്ന് തോന്നുന്നു... എങ്കിലും ഈ സ്ത്രീ പറയുന്നതെല്ലാം ശരിയാണെന്ന് മനസ്സിലായി... ഞാൻ ഒരു റിപ്പോർട്ട് തയ്യാറാക്കാം... ബേക്കർ സ്ട്രീറ്റിലുള്ള ബ്രിഗേഡിയർ മൺറോയുടെ ഓഫീസിലേക്ക് ഇപ്പോൾത്തന്നെ അത് ട്രാൻസ്മിറ്റ് ചെയ്യുക...”
അവൾ തലയാട്ടി. “അതിന് കഴിയില്ല... രാവിലെ ഏഴുമണിയാവാതെ അവർ ലൈനിൽ എത്തില്ല...”
“ഓൾറൈറ്റ്... ഏഴു മണിയെങ്കിൽ ഏഴു മണി... ഇനി എന്തെങ്കിലും കഴിക്കാൻ എടുക്കൂ...”
“ഈ SS ബാസ്റ്റഡിനെ എന്തു ചെയ്യണം ഞാൻ...?” ജൂൾസ് ചോദിച്ചു. “തട്ടിയേക്കട്ടെ...?”
“അയ്യോ, വേണ്ട...” ജക്കോദ് പറഞ്ഞു. “ബ്രിട്ടീഷ് സൈന്യത്തിന്റെ അധിനിവേശത്തിന് ഇനി ഏതാനും ആഴ്ച്ചകളേ ബാക്കിയുള്ളൂ... നമുക്ക് ഒരു ഡോക്ടറുടെ ആവശ്യം വരും... ആ സമയത്ത് വേറെ ആരെയും അന്വേഷിക്കണ്ടല്ലോ...”
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
അങ്ങനെ..അപ്പം പാവം മാക്സ് കെണിയിൽ ആവും ..
ReplyDeleteഹാരിയെ രക്ഷിക്കാൻ വല്ല വകുപ്പും ഉണ്ടോ
ഹാരിയെ രക്ഷിക്കാൻ... എന്തെങ്കിലും വകുപ്പ് കാണാതിരിക്കില്ല ഉണ്ടാപ്രീ...
Deleteആകെ കുഴയുമല്ലോ...
ReplyDeleteചക്ക കുഴയും പോലെ...
Deleteമേശപ്പുറത്തിരിക്കുന്ന ആ കരടിക്കുട്ടൻ... അവനിലാണ് പ്രതീക്ഷ..
ReplyDeleteകഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളെയും കൂട്ടിച്ചേർക്കുന്ന ‘ജാക്കേട്ടൻസ് ബ്രില്ല്യൻസ്’ അപാരം തന്നെ.. !!
ഹിഗ്ഗിൻസ് ദി മാസ്റ്റർ...
Deleteഹാരി ആകെ പ്രശ്നത്തിൽ ആണല്ലോ🙄
ReplyDeleteഅതെ... ഒന്നും പറയാനാവാത്ത അവസ്ഥ...
Deleteയ്യോ... മാക്സ് കെണിയിലായോ?
ReplyDeleteഎന്ന് ചോദിച്ചാൽ... :(
Deleteആൾമാറാട്ടവും അതിന്റെ ലക്ഷ്യവും ഇനി എന്താവും
ReplyDeleteഎല്ലാം കണ്ടറിയണം സുകന്യാജീ...
Deleteഅയ്യോ..... മാക്സിന്റെ കാര്യം വെള്ളത്തിൽ. ആവുമല്ലോ.... ഹാരി യും 🙄
ReplyDeleteമൊത്തം പ്രശ്നത്തിലേക്കാണ്...
Deleteഇന്ന് പോലും ആ സാവോയ് ഹോട്ടലിന് മുന്നിൽ കൂടി ഞാൻ പോയതാണ് ...!
ReplyDeleteപിന്നെ
കെണിയിൽ വീണാലും രക്ഷിച്ചെടുക്കുവാൻ ആളുള്ളപ്പോൾ ഉന്തുട്ടിനാ പേടിക്കണ് ...
അതെയോ...? ഹാരിയും മാക്സും മോളിയും ഒക്കെ നടന്ന വഴികളിലൂടെ... രോമാഞ്ചം തോന്നിയില്ലേ മുരളിഭായ്...?
Delete