കോട്ടേജിൽ എത്തിയ മാക്സ് വളരെ
ബുദ്ധിപൂർവ്വമാണ് ഓരോ നീക്കവും നടത്തിയത്. ഹാരി ഉപയോഗിക്കാറുണ്ടായിരുന്ന മുറിയിലേക്ക്
എത്തിപ്പെടുവാൻ അദ്ദേഹം ജൂലിയുടെ സഹായം തേടി. അത്ര സുഖം തോന്നുന്നില്ല എന്ന മട്ടിൽ
അഭിനയിച്ചു കൊണ്ടാണ് അദ്ദേഹം അത് സാധിച്ചെടുത്തത്.
“മുഖത്ത് വല്ലാത്ത വേദന... ഒരു
ഇൻജക്ഷൻ വേണ്ടി വരുമെന്ന് തോന്നുന്നു...” അദ്ദേഹം പറഞ്ഞു.
സ്റ്റെയർകെയ്സ് കയറി മുകളിലെത്തിയ
അദ്ദേഹത്തെ കൈ പിടിച്ച് അവൾ നേരെ ഹാരിയുടെ ബെഡ്റൂമിലേക്ക് ആനയിച്ചു. തന്റെ
മിലിട്ടറി കോട്ട് ബെഡ്ഡിൽ ഇട്ടിട്ട് അദ്ദേഹം ഷ്രൂഡർ നൽകിയിരുന്ന ബാറ്റ്‌ൽ പായ്ക്ക്
പുറത്തെടുത്തു.
“ഞാൻ ചെയ്തു തരാം...” മോർഫിൻ
ആംപ്യൂളിന്റെ അഗ്രം നഖം കൊണ്ട് തട്ടി പൊട്ടിച്ചു കൊണ്ട് അവൾ പറഞ്ഞു. ജാക്കറ്റ്
അഴിച്ചു മാറ്റിയ മാക്സിന്റെ കൈത്തണ്ടയിലേക്ക് അവൾ ആ മരുന്ന് കുത്തിവെച്ചു. “നിങ്ങളുടെ
വസ്ത്രം കീറിയിട്ടുണ്ടല്ലോ...” അവൾ പറഞ്ഞു. “ഇടതു കാലിൽ ഏതാണ്ട് ഒരടി നീളത്തിൽ
കീറലുണ്ട്... സാരമില്ല, സപ്ലൈ റൂമിൽ നിങ്ങൾക്ക് ചേരുന്ന എന്തെങ്കിലും ഉണ്ടോയെന്ന്
നോക്കട്ടെ...”
സപ്ലൈ റൂം... അതെ... ഹാരി
അതേക്കുറിച്ച് സൂചിപ്പിച്ചിരുന്നു...
“ഞാനും വരാം കൂടെ...” മാക്സ് പറഞ്ഞു.
അവിടെയുണ്ടായിരുന്ന യൂണിഫോമുകളും
ആയുധങ്ങളും കണ്ട് അത്ഭുതപരവശനായി
പോയെങ്കിലും അത് പുറത്ത് കാണിക്കാതിരിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. സ്റ്റാന്റുകൾക്കിടയിലൂടെ
നുഴഞ്ഞു കയറിയ ജൂലി അദ്ദേഹത്തിന് ചേരുന്ന ഒരു ജോഡി കാക്കി വസ്ത്രങ്ങൾ കണ്ടെടുത്തു.
“ബ്രിട്ടീഷ് ആർമി ഓഫീസർമാർ
ഉപയോഗിക്കുന്നതാണ്...” അത് അദ്ദേഹത്തിന് നൽകിക്കൊണ്ട് അവൾ പറഞ്ഞു. “ഹേസ്റ്റൺ
പ്ലേസിൽ എത്തുന്നത് വരെ ഇത് മതിയാവും... നിങ്ങൾക്ക് ചേരുന്ന സ്പെയർ യൂണിഫോം
അവിടെയുണ്ടാവും...”
ഹേസ്റ്റൺ പ്ലേസ്... മൂന്നാമത്തെ
കടമ്പ... കോണിയിറങ്ങി എത്തുന്ന ബേസ്മെന്റ് ഫ്ലാറ്റിൽ കാർട്ടർ താമസിക്കുന്നു... പടവുകൾ
കയറി മുകളിലെത്തിയാൽ വലതുവശത്ത് മൺറോയുടെ ബെഡ്റൂം... തൊട്ടടുത്ത റൂം മോളിയുടേത്...
ജനാലകളുടെ വശത്തുള്ള മൂന്നാമത്തെ ഡോർ ആണ് ഹാരിയുടേത്... സ്റ്റെയർകെയ്സിന്
എതിരെയുള്ളതാണ് സിറ്റിങ്ങ് റൂം... അവിടെ നിന്നും പത്ത് മിനിറ്റ് മാത്രം ദൂരെ
ബേക്കർ സ്ട്രീറ്റിൽ ഉള്ള SOE ഹെഡ്ക്വാർട്ടേഴ്സ്...
“ഓ, അവിടെ എനിക്ക് ചേരുന്ന ഡസൻ കണക്കിന്
യൂണിഫോമുകളുണ്ട്... എന്തായാലും ഞാൻ വസ്ത്രം മാറിയിട്ട് വരാം...” മാക്സ് പറഞ്ഞു.
“ശരി, അപ്പോൾ ലൈബ്രറിയിൽ കാണാം...” അവൾ പറഞ്ഞു.
പത്ത് മിനിറ്റ് കഴിഞ്ഞ് അദ്ദേഹം
വീതിയുള്ള സ്റ്റെയേഴ്സ് ഇറങ്ങി താഴെയെത്തി. ലൈബ്രറി ഇടതു വശത്ത്... ഡൈനിങ്ങ് റൂം
വലതു വശത്ത്... പച്ച നിറമുള്ള കർട്ടൻ ഇട്ടിരിക്കുന്ന വാതിലിനപ്പുറം കിച്ചൺ...
അടുപ്പിനരികിൽ വിറകുകൾ അടുക്കി വച്ചു കൊണ്ട് ജൂലി അവിടെയുണ്ടായിരുന്നു. അവൾ
തലയുയർത്തി നോക്കി.
“ദാറ്റ്സ് ബെറ്റർ... വേദന
എങ്ങനെയുണ്ടിപ്പോൾ...?”
“കുറവുണ്ട്... മോർഫിൻ പെട്ടെന്ന്
തന്നെ പ്രവർത്തിച്ചു തുടങ്ങും...”
“പക്ഷേ, അധികം എടുക്കുന്നത്
നല്ലതല്ല... ഏതോ ഒരു വിക്ടോറിയൻ കവി പാടിയത് പോലെ ഇതിന്റെ ഒരു അടിമയായി നിങ്ങളെ കാണാൻ
ഞങ്ങൾ ആഗ്രഹിക്കുന്നില്ല...”
“എന്റെ ജീവിതത്തിൽ ഒരേയൊരു കാര്യത്തിൽ
മാത്രമേ ഞാൻ അടിമപ്പെട്ടു പോയിട്ടുള്ളൂ... ഫ്ലൈയിങ്ങിൽ...”
“അതെ... അത് ഞങ്ങൾക്കെല്ലാം
അറിയുന്നതാണല്ലോ... ഞാനെന്നാൽ പബ്ബിലേക്ക്
ചെല്ലട്ടെ... പൈ എടുത്ത് ചൂടാക്കണം... ലൈഫ്ബോട്ട് ക്രൂവിന് ഉച്ചഭക്ഷണം
കൊടുക്കാനുള്ളതാണ്... എന്തായാലും അല്പം വിശ്രമിച്ച് കാര്യങ്ങൾ ഒക്കെ
ലാഘവത്തോടെയെടുക്കൂ...”
“ജീവിതത്തിൽ ഒരു കാര്യവും ഞാൻ
ലാഘവത്തോടെ എടുത്തിട്ടില്ല ജൂലീ... ഞാനും വരുന്നു നിങ്ങളുടെ കൂടെ... കുറച്ച്
നടന്നാൽ മനസ്സിന് അൽപ്പം ആശ്വാസം ലഭിക്കുമെന്ന് തോന്നുന്നു...”
“കുറച്ച് കഴിഞ്ഞിട്ട് നമുക്ക് ബീച്ചിൽ
നടക്കാൻ പോകാം... എന്തായാലും റെയിൻകോട്ട് എടുത്തോളൂ...”
“ശരി, ഞാൻ എടുത്തിട്ട് വരാം...”
ബെഡ്റൂമിൽ ചെന്ന് റെയിൻകോട്ട് എടുത്ത്
അദ്ദേഹം ചുമലിലൂടെയിട്ടു. അതിന്റെ വലതു പോക്കറ്റിൽ കിടക്കുന്ന വാൾട്ടർ ഗണ്ണിന്
നല്ല ഭാരം... അത് പുറത്തെടുത്ത് അവിടെ വച്ചിട്ട് പോകണമോ അതോ കൈയ്യിൽ കരുതണമോ എന്ന്
ചിന്തിച്ച് ഒരു നിമിഷം അദ്ദേഹം നിന്നു. പിന്നെ അത് പോക്കറ്റിൽ തിരുകി പടവുകളിറങ്ങി.
അപ്പോഴേക്കും ലൈബ്രറിയിൽ നിന്ന് ജൂലിയും പുറത്ത് എത്തിയിരുന്നു. ഒരു പഴയ
റെയിൻകോട്ടും തുണിത്തൊപ്പിയും അവൾ ധരിച്ചിരുന്നു.
“ഇന്ന് ഒരു ഫ്രഞ്ച് വനിതയുടെ
ലുക്കിലാണല്ലോ...” മാക്സ് അഭിപ്രായപ്പെട്ടു.
“അങ്ങനെയല്ലേ ഞാൻ വേണ്ടത്...? ആങ്ഹ്,
പിന്നെ അൽപ്പം മുമ്പ് മൺറോയുടെ ഫോൺ ഉണ്ടായിരുന്നു... ഒരു ലൈസാൻഡറിൽ പുറപ്പെടുവാൻ
തുടങ്ങുകയാണദ്ദേഹം... ജാക്ക് കാർട്ടറും ഒപ്പമുണ്ട്... മോളിയ്ക്കും
വരണമെന്നുണ്ടായിരുന്നു... പക്ഷേ, രാവിലെ തന്നെ ആശുപത്രിയിൽ ഏതാനും ശസ്ത്രക്രിയകൾ
ഷെഡ്യൂൾ ചെയ്തിട്ടുണ്ടത്രെ...”
അത് നന്നായി...
അത്രയും ആശ്വാസം...
“ഉടൻ തന്നെ ഞാൻ അവളെ കാണുന്നുണ്ട്...”
മാക്സ് പറഞ്ഞു.
ജൂലി അദ്ദേഹത്തിന്റെ കരം കവർന്നു. “അതെങ്ങനെ
നടക്കാനാണ് ഹാരി കെൽസോ...? കുറച്ച് പാടു പെടേണ്ടി വരും...” അവൾ ചുമൽ വെട്ടിച്ചു. “എനിക്കറിയില്ല...
നിങ്ങൾ പുരുഷന്മാരുടെ ഒരു കാര്യം... ഒരു റൊമാൻസും ഇല്ല... വരൂ, നമുക്ക് ഇറങ്ങാം...”
സെക്കും സംഘവും ലൈഫ് ബോട്ടിനുള്ളിൽ
ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ജെട്ടിയുടെ കൽപ്പടവിൽ നിന്നു കൊണ്ട് മാക്സ്
താഴേക്ക് നോക്കി. അവർ ആഹ്ലാദത്തോടെ വിളിച്ചു കൂവി. “വീണ്ടും കാണാനൊത്തതിൽ വളരെ
സന്തോഷം കേണൽ...” ഒരാൾ സന്തോഷം പ്രകടിപ്പിച്ചു. “ടർക്വിന്റെ കാര്യമോർത്തിട്ട്
വിഷമമുണ്ട്...” കെട്ടുപിണഞ്ഞ മുടിയും താടിയുമുള്ള ആജാനബാഹുവായ മറ്റൊരാൾ ഖേദം
പ്രകടിപ്പിച്ചു.
അത് വിചിത്രമായിരിക്കുന്നു...
പബ്ബിൽ എത്തിയ മാക്സ്, ബാർ കൗണ്ടറിന്
പിറകിൽ നിന്ന് രണ്ട് പാക്കറ്റ് പ്ലെയേഴ്സ് സിഗരറ്റ് എടുത്തു. ഒരു സിഗരറ്റിന് തീ
കൊളുത്തിയിട്ട് അദ്ദേഹം കിച്ചണിലുള്ള ജൂലിയുടെ അടുത്തേക്ക് നടന്നു. ഒരു ട്രേയിൽ ഭക്ഷണവിഭവങ്ങൾ
എടുത്ത് അടുപ്പിന് മുകളിൽ വച്ചിട്ട് അവൾ വാതിൽ അടച്ചു.
“അങ്ങനെ ആ ജോലി തീർന്നു... വരൂ,
നമുക്ക് ഒന്ന് നടന്നിട്ട് വരാം...” അവൾ
പറഞ്ഞു.
വേലിയേറ്റത്തിന്റെ സമയം ആയിരുന്നുവെങ്കിലും
അല്പം മണൽപ്പരപ്പ് അവശേഷിച്ചിട്ടുണ്ട്. അതിനപ്പുറം മണൽക്കൂനകൾക്ക് സമീപം പരുക്കൻ
പുല്ലുകൾ വളർന്ന് നിൽക്കുന്നു.
“ഇപ്പോൾ എങ്ങനെയുണ്ട്...?” അവൾ
ചോദിച്ചു.
“ആശ്വാസം തോന്നുന്നു... എന്തേ
ചോദിക്കാൻ...?”
“ഒന്നുമില്ല... നിങ്ങൾ ഒരു മൗനി ആയത്
പോലെ... പണ്ടത്തെ ആ ഉന്മേഷമൊന്നും കാണാനില്ല...”
അദ്ദേഹം ഒന്ന് പുഞ്ചിരിച്ചെന്ന്
വരുത്തി. “മൗനി ആയി എന്നൊന്നും ഞാൻ കരുതുന്നില്ല... പക്ഷേ, പറയാതിരിക്കാൻ
കഴിയില്ല... വല്ലാത്തൊരു അനുഭവമായിരുന്നു അവിടെ...”
“ഞാനെന്തൊരു വിഡ്ഢിയാണ്...” അദ്ദേഹത്തിന്റെ
കൈകളിൽ കൈ കോർത്ത് അവൾ നടത്തം തുടർന്നു.
മാക്സ് അവൾക്ക് മനസ്സാ നന്ദി പറഞ്ഞു.
കാരണം സംശയലേശമെന്യേ അവൾ അദ്ദേഹത്തെ ഹാരിയായിത്തന്നെ സ്വീകരിച്ചിരിക്കുന്നു. അതു
പോലെ തന്നെ സെക്ക് ആക്‌ലന്റും അദ്ദേഹത്തിന്റെ സംഘവും... ചെറുതല്ലാത്ത ഒരു
ആത്മവിശ്വാസമാണ് അത് അദ്ദേഹത്തിന് നൽകിയത്. ശ്വാസമെടുക്കുവാനുള്ള സമയം
ലഭിച്ചിരിക്കുന്നു... അത്രയും സമാധാനം. ഐസൻഹോവറും തന്റെ വരവിന്റെ ലക്ഷ്യവും...
തൽക്കാലം അതേക്കുറിച്ച് ചിന്തിക്കാതിരിക്കാം...
കടൽത്തീരത്ത് വീണു കിടന്നിരുന്ന ഒരു
മരത്തടിയിൽ അവർ ഇരുന്നു. “നിങ്ങൾ മോളിയെ വിവാഹം കഴിക്കില്ലേ ഹാരീ...?” അവൾ
ചോദിച്ചു.
“ഞാൻ അതിന് അർഹനാണോ...?” മാക്സ്
ചിരിച്ചു.
“ഓ, അതിനെന്താ ഇത്ര സംശയം...?
നിങ്ങൾക്ക് എന്താണ് കുഴപ്പം...?”
“ഈ യുദ്ധകാലത്ത് ആരും വിവാഹം
കഴിക്കരുത് എന്നാണ് എന്റെ അഭിപ്രായം... പ്രത്യേകിച്ചും എന്നെപ്പോലെയുള്ളവർ...
ഉദാഹരണത്തിന് ആ ലൈസാൻഡർ ക്രാഷിന്റെ കാര്യം തന്നെ നോക്കൂ... ഞാൻ രക്ഷപെട്ടത് തന്നെ
ഭാഗ്യം കൊണ്ടാണ്... സത്യം പറഞ്ഞാൽ ഇത്രയും കാലം ഞാൻ ജീവിച്ചത് തന്നെ അത്ഭുതമാണ്...
ഫ്ലൈയിങ്ങ് എന്ന് പറയുന്നത് അത്രയും അപകടം പിടിച്ച തൊഴിലാണ് ജൂലീ...”
“പക്ഷേ, നിങ്ങളുടെ കാര്യത്തിൽ ഇനി അത്തരം
ഭയപ്പാടിന്റെ ആവശ്യമില്ലല്ലോ...”
“വാട്ട് ഡൂ യൂ മീൻ...?”
“ഇനി നിങ്ങളെ പറക്കാൻ അവർ
അനുവദിക്കുമെന്ന് എനിക്ക് തോന്നുന്നില്ല... യൂ ആർ ഗ്രൗണ്ടഡ് ഹാരീ... ഇത് എന്റെ ഒരു
അനുമാനം ആണെന്ന് വച്ചോളൂ... യുദ്ധത്തടവുകാരോട് അവർ പറയാറുള്ളത് പോലെ നിങ്ങളെ
സംബന്ധിച്ചിടത്തോളം യുദ്ധം അവസാനിച്ചിരിക്കുന്നു...”
അതേക്കുറിച്ച് ചിന്തിച്ചു കൊണ്ട്
കുറച്ചു നേരം അദ്ദേഹം അവിടെയിരുന്നു. “സാദ്ധ്യതയില്ലാതില്ല... നമുക്ക് നോക്കാം...”
ആ നിമിഷമാണ് ഒരു ലൈസാൻഡർ കടലിന് മുകളിലൂടെ
കരയിലേക്ക് പറന്നടുത്തത്. ജൂലി ചാടിയെഴുന്നേറ്റു. “അത് മൺറോയാണ്... വരൂ, നമുക്ക്
എയർസ്ട്രിപ്പിലേക്ക് പോകാം...”
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
You're grounded. ഇപ്രാവശ്യം വലിയ കുഴപ്പങ്ങൾ ഇല്ലാതെ രക്ഷപ്പെട്ടു
ReplyDeleteഅത്രയും ആശ്വാസം...
Deleteഒരു മൂടൽമഞ്ഞു പോലെ... രഹസ്യങ്ങൾ പൊട്ടുമോ
ReplyDeleteപൊട്ടുമോ...?
Deleteആത്മവിശ്വാസം വീണ്ടെടുത്ത് മാക്സ്.
ReplyDeleteഅതെ...
Delete"യൂ ആർ ഗ്രൗണ്ടഡ് ഹാരീ... "
ReplyDeleteമാക്സിന്റെ ചിറകുകൾ അരിയുമോ?
കാത്തിരിക്കാം നമുക്ക്...
Deleteമൺറോ ലാൻഡ് ചെയ്‌തു ....
ReplyDeleteഇനിയാണ് യാഥർത്ഥ കളികൾ
ചാരന് കാര്യങ്ങളുടെ പോക്ക് പിടി കിട്ടി അല്ലേ...?
Deleteപാവം ജൂലി..... അവൾ എല്ലാം വിശ്വസിച്ചു. ഇനി പറക്കാൻ ആവില്ലേ മാക്സിന്? ബാക്കി അറിയാൻ കാത്തിരിക്കുന്നു
ReplyDeleteപറക്കാതിരിക്കാനാവില്ലല്ലോ മാക്സിന്...
Deleteമൺറോ എത്തുന്നു... ഇനിയെന്തൊക്കെയാവോ?
ReplyDeleteഇനിയല്ലേ കളികൾ...
Delete