അടുക്കളയുടെ
പാതി തുറന്ന വാതിലിലൂടെ, അവിടെ നടന്ന തർക്കവും തുടർന്നുണ്ടായ ദുരന്തവും എല്ലാം റോസ
കാണുന്നുണ്ടായിരുന്നു. ഭയന്ന് വിറച്ചു പോയ അവൾക്ക് എങ്ങനെയും രക്ഷപെടുക എന്നൊരു
ചിന്ത മാത്രമേയുണ്ടായുള്ളൂ അപ്പോൾ. ഹാങ്കറിൽ കിടന്നിരുന്ന ഒരു പഴയ റെയിൻകോട്ട് എടുത്തണിഞ്ഞ്
അവൾ കിച്ചണിൽ നിന്നും പുറത്തേക്കുള്ള വാതിൽ തുറന്നു.
ഭാഗ്യം
അവൾക്കൊപ്പമായിരുന്നു. വെടിയൊച്ച കേട്ട് കെട്ടിടത്തിന്റെ മുൻഭാഗത്തേക്ക് ഓടുന്ന
കാവൽക്കാരെയാണ് അവൾ കണ്ടത്. കൺമുന്നിൽ നിന്നും അവർ എല്ലാവരും മറഞ്ഞതും
കെട്ടിടത്തിന്റെ പിന്നാമ്പുറത്തെ മതിലിൽ കണ്ട ഗേറ്റിന് നേർക്ക് അവൾ ഓടി. അതിനപ്പുറം
നിറയെ മരങ്ങളായിരുന്നു. ആ മരങ്ങൾക്കിടയിലൂടെ അതിവേഗം അവൾ മുന്നോട്ട് കുതിച്ചു. ഒരു
വനം പോലെ തോന്നിച്ച മറുഭാഗത്ത് എത്തിയതും ഒരു ദീർഘശ്വാസം എടുത്ത് അവൾ തന്റെ ജീവന്
വേണ്ടി പിന്നെയും ഓട്ടം തുടർന്നു.
***
ബുബി
ലൈബ്രറിയിൽ എത്തുമ്പോൾ മാക്സും ഹാരിയും അപ്പോഴും അവിടെത്തന്നെ ഉണ്ടായിരുന്നു. പ്രയാസപ്പെട്ട്
മുഖത്ത് ഒരു പുഞ്ചിരി വരുത്തി അയാൾ ചോദിച്ചു. “തീർന്നില്ലേ ഇതുവരെ...?”
“കുറച്ച്
കൂടി ഉണ്ടായിരുന്നു...” മാക്സ് പറഞ്ഞു. “അൽപ്പം മുമ്പ് പുറത്ത് എന്തോ
പ്രശ്നമുണ്ടായെന്ന് തോന്നുന്നല്ലോ... ഓട്ടവും പാച്ചിലും ഒക്കെ കണ്ട് നോക്കിയപ്പോൾ
എല്ലായിടത്തും ഗാർഡുകളെ വിന്യസിച്ചിരിക്കുന്നു...”
“അതെ...
വനത്തിൽ ആരോ അതിക്രമിച്ച് കടന്നുവെന്നാണ് ആദ്യം വിചാരിച്ചത്... പക്ഷേ,
വേട്ടക്കാരാണെന്ന് തോന്നുന്നു... പിന്നെ, എങ്ങനെയുണ്ട്...? ആത്മവിശ്വാസം
തോന്നുന്നുണ്ടോ ഇപ്പോൾ...?”
“നിങ്ങളെന്താ
തമാശ പറയുകയാണോ...?” മാക്സ് ചോദിച്ചു. “ഇതത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല ബുബീ...
ഉദാഹരണത്തിന്, ഹാരിയെപ്പോലെ മോളിയെ ഞാൻ ചുംബിച്ചാലുള്ള അവസ്ഥ
ആലോചിച്ചിട്ടുണ്ടോ...? എന്തു പറഞ്ഞാലും സ്ത്രീകൾ സ്ത്രീകൾ തന്നെയാണ്... കാഴ്ചയിൽ
ഹാരിയെപ്പോലെ തന്നെ തോന്നിയേക്കാം അവൾക്ക്... പക്ഷേ, എന്റെ ഉമിനീർക്കണങ്ങളുടെ രുചി
ഹാരിയുടേത് പോലെയാവണമെന്നില്ല...”
“നിന്റെ
മുഖത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ നിന്നെ ഒന്ന് തൊടാൻ പോലും അവൾ ധൈര്യപ്പെടില്ല...”
ഹാരി പറഞ്ഞു.
ബുബി
ഒരു സിഗരറ്റിന് തീ കൊളുത്തി. “എന്തായാലും കാര്യങ്ങൾ മുന്നോട്ട് നീങ്ങട്ടെ... നിങ്ങളെക്കൊണ്ട്
അതിന് കഴിയും മാക്സ്...”
“പിന്നേ...
കഴിയും കഴിയും... കാക്ക മലർന്ന് പറക്കണം...” മാക്സ് പറഞ്ഞു. “ഒരു കാര്യം ഓർത്തോളൂ
ബുബീ... ഇതൊരു ശരിയായ പ്രവൃത്തി ആണെന്ന ധാരണയിലല്ല ഞാനും ഹാരിയും ഇതിന്
സമ്മതിച്ചിരിക്കുന്നത്... ആ ഇറച്ചിക്കൊളുത്തിൽ ഞങ്ങളുടെ അമ്മ തൂങ്ങിയാടുന്ന കാര്യം
ആലോചിക്കാൻ പോലും വയ്യാത്തതു കൊണ്ട് മാത്രം...”
“അറിയാം,
അറിയാം... ഭാഗ്യം നമ്മോടൊപ്പമാണെങ്കിൽ എല്ലാം പെട്ടെന്ന് തന്നെ കഴിയും... നിങ്ങൾ
കോൾഡ് ഹാർബറിലേക്ക് പറക്കുന്നു... ഒട്ടും വൈകാതെ തന്നെ മൺറോ നിങ്ങളെ ലണ്ടനിലേക്ക്
കൊണ്ടു പോകുന്നു... തീർച്ചയായും നിങ്ങളെ കാണണമെന്ന് ഐസൻഹോവർ ആവശ്യപ്പെടും...
അങ്ങനെ ചെയ്യാതിരിക്കാനാവില്ല അദ്ദേഹത്തിന്... കാരണം ഈ മണിക്കൂറിലെ ഹീറോ
നിങ്ങളാണ്... ലണ്ടനിലെ ഹെയ്സ് ലോഡ്ജ്... പോർട്സ്മൗത്തിലെ സൗത്ത്‌വിക്ക് ഹൗസ്...
എവിടെ വച്ചായാലും വ്യത്യാസമൊന്നുമില്ല... പോകുന്നു, തിരിച്ചു വരുന്നു... ഏതാനും
ദിവസങ്ങളുടെ കാര്യമേയുള്ളൂ... ഞാൻ നേരത്തെ സൂചിപ്പിച്ച ആ പോർച്ചുഗീസ്
ഡിപ്ലോമാറ്റ്സ് ഇല്ലേ... ലിസ്ബനിലേക്കുള്ള നിങ്ങളുടെ മടക്കയാത്രയെക്കുറിച്ച്
ആരായാൻ അവരെ ഞാൻ ഏൽപ്പിച്ചിട്ടുണ്ട്...”
“ആരൊക്കെയാണ്
അവർ എന്നു കൂടി പറഞ്ഞാൽ നന്നായിരുന്നു...”
റോഡ്രിഗ്സ്
സഹോദരന്മാരെക്കുറിച്ചും സാറാ ഡിക്സണെക്കുറിച്ചും ഉള്ള വിശദ വിവരങ്ങൾ പറഞ്ഞതിന്
ശേഷം സാറയുടെ അഡ്രസ് ഒരു കഷണം പേപ്പറിൽ എഴുതി അദ്ദേഹം മാക്സിന് കൊടുത്തു.
“ഈ
ദൗത്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇവർക്ക് അറിയാമോ...?”
“യെസ്...
സകല വിവരങ്ങളും... നിങ്ങൾ ശരിക്കും ആരാണെന്നത് ഉൾപ്പെടെ... ഐസൻഹോവർ അവരെ
സംബന്ധിച്ചിടത്തോളം ആരുമല്ല... ആ സഹോദരന്മാർക്ക് പണം മാത്രമാണ് മുഖ്യം... പിന്നെ,
മിസ്സിസ് ഡിക്സൺ ആണെങ്കിൽ ഒരു IRA അംഗവും...” ബുബി പറഞ്ഞു.
“മിസ്സിസ്
ഡിക്സണെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പറയൂ...”
ഫയൽ
തുറന്ന് ബുബി ഒരു പേപ്പർ പുറത്തെടുത്തു. “എല്ലാം ഇതിലുണ്ട്...”
മാക്സ്
തല കുലുക്കി. “ഇതിന്റെയൊന്നും ആവശ്യമില്ല... എല്ലാത്തിനും ഒരു എളുപ്പ
മാർഗ്ഗമുണ്ട്... ഒരു പക്ഷേ, ഹാരിയ്ക്ക് മനസ്സിലായിക്കാണും... ഇരട്ടകളല്ലേ ഞങ്ങൾ...
ഒരു തരം ടെലിപ്പതി ഞങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് കരുതിക്കോളൂ... ശരിയല്ലേ
ഹാരീ...?”
“ഉം,
മനസ്സിലായി... ഫ്യൂറർക്കും സാമ്രാജ്യത്തിനും വേണ്ടി ജീവൻ ത്യജിക്കാൻ
തീരുമാനിക്കുന്ന ആ നിമിഷം... ഐസൻഹോവറുടെ ഓഫീസിൽ എല്ലാവരുടെയും മുന്നിൽ വച്ച് ഉറയിൽ
നിന്നും പിസ്റ്റൾ വലിച്ചെടുത്ത് അദ്ദേഹത്തിന് നേരെ നിറയൊഴിക്കുക... എന്നിട്ട് ചുറ്റിനുമുള്ളവരുടെ
മെഷീൻ ഗണ്ണുകളിലെ വെടിയുണ്ടകൾ ഏറ്റുവാങ്ങി മരിച്ചു വീഴുക...”
“എക്സാക്‌റ്റ്ലി...”
മാക്സ് ബുബിയുടെ നേർക്ക് തിരിഞ്ഞു. “എത്ര ലളിതം... എത്ര സൗകര്യപ്രദം... എനി വേ, ബുബീ...
എപ്പോഴാണ് ഞാൻ യാത്ര തിരിക്കേണ്ടത്...?
പുലർച്ചെ
നാലു മണിയാണ് ഞാൻ ഉദ്ദേശിക്കുന്നത്... എയർസ്ട്രിപ്പിൽ കിടക്കുന്ന എന്റെ
സ്റ്റോർക്ക് വിമാനം മോഷ്ടിക്കുക... ഒരു മണിക്കൂറിൽ കൂടുതൽ വേണ്ടി വരില്ലല്ലോ കോൾഡ്
ഹാർബറിലേക്ക്... കാലാവസ്ഥ അത്ര സുഖകരം ആയിരിക്കണമെന്നില്ല... എന്തായാലും അഞ്ചു
മണിയോടെ നേരം വെളുക്കും...”
“എങ്കിൽ
പിന്നെ അങ്ങനെ... പോകുക തന്നെ...”
“വിമാനത്തിന്റെ
ഫ്യൂസലേജിൽ ഏതാനും വെടിയുണ്ടകൾ കയറിയ അടയാളങ്ങൾ കൂടിയുണ്ടെങ്കിൽ ഒരു
ഒറിജിനാലിറ്റിയും ആകും...” പരിഹാസ സ്വരത്തിൽ ഹാരി പറഞ്ഞു.
“സത്യത്തിൽ
നല്ല ഒരു ആശയമാണ്...” ബുബി എഴുന്നേറ്റു. “നോക്കട്ടെ എന്ത് ചെയ്യാൻ പറ്റുമെന്ന്...
എന്നാൽ ശരി, ഒമ്പത് മണിക്ക് ഡിന്നറിന് കാണാം...”
“മൂട്ടിയോട്
ഗുഡ് ബൈ പറയുകയും ചെയ്യാം...” മാക്സ് ഹാരിയോട് പറഞ്ഞു.
വീണ്ടും
നുണകളുടെ ആരംഭം... “അത് നടക്കില്ല...” ബുബി പറഞ്ഞു. “നിങ്ങളുടെ അമ്മ ഇക്കാര്യത്തിൽ
കടുത്ത എതിർപ്പിലാണെന്ന കാര്യം അറിയാമല്ലോ... ഈ ഓപ്പറേഷൻ തുടങ്ങുന്ന നിമിഷം മുതൽ
അവരെ ഒറ്റയ്ക്ക് പാർപ്പിക്കാനാണ് ഹിംലറുടെ കർശന നിർദ്ദേശം... എസ്റ്റേറ്റിന്റെ
മറുവശത്തുള്ള ഹണ്ടിങ്ങ് ലോഡ്ജിലാണ് അവരെ ഇപ്പോൾ പാർപ്പിച്ചിരിക്കുന്നത്... നിങ്ങൾക്കവരെ
കാണാൻ അനുവാദമില്ല മാക്സ്... ആന്റ് ദാറ്റ്സ് ഫൈനൽ...”
“കമോൺ
ബുബി...” മാക്സ് പറഞ്ഞു.
“നിങ്ങൾ
ടേക്ക് ഓഫ് ചെയ്തതിന് ശേഷം അവരെ കാണാനുള്ള അനുവാദം നിങ്ങളുടെ സഹോദരന് ഞാൻ
നൽകുന്നതായിരിക്കും... അത്ര മാത്രമേ എനിക്കിപ്പോൾ ചെയ്യാൻ കഴിയൂ...” നുണയുടെ
പാരമ്യത്തിൽ ബുബി ശ്വാസം എടുക്കുവാൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.
ഒരു
നീണ്ട മൗനം... പിന്നെ മാക്സ് ചുമൽ വെട്ടിച്ചു. “ഓ, വാട്ട് ദി ഹെൽ... എന്നാൽ ശരി,
പറഞ്ഞത് പോലെ ബുബീ...”
ബുബി
ഹാർട്മാൻ പുറത്തേക്ക് നടന്നു. “സമയം പൊയ്ക്കൊണ്ടിരിക്കുകയാണ് മാക്സ്...” ഹാരി
പറഞ്ഞു. “ഇതിന്റെ വരുംവരായ്കകളെക്കുറിച്ച് ശരിക്കും നീ ചിന്തിച്ചുവോ...?”
വിഷാദഭാവത്തിൽ
മാക്സ് തലയാട്ടി. “കളത്തിലേക്ക് ഇറങ്ങിയേ തീരൂ ഹാരീ... എവിടെ വരെ എത്തുമെന്ന്
നോക്കാം നമുക്ക്...”
“മൈ
ഗോഡ്...!” ഒരു നിമിഷം ഹാരി നിശ്ശബ്ദനായി. “ശരിക്കും അദ്ദേഹത്തെ വധിക്കാൻ സാധിച്ചു
എന്ന് തന്നെ കരുതുക... എന്നിട്ട് പുറത്ത് കടക്കാൻ വഴിയൊന്നും ഇല്ലെങ്കിൽ...? എന്ത്
ചെയ്യും മാക്സ് നീ...?”
“നീ
ആ ഫിലിം കണ്ടതല്ലേ...?” മാക്സ് ചോദിച്ചു. “പിയാനോ വയറിൽ തൂങ്ങിയാടുന്ന ആ രണ്ട്
മനുഷ്യരെ...? മരണ വെപ്രാളത്തിൽ കൈകാലിട്ടടിച്ച് കണ്ണുകൾ തുറിച്ച്... ഏറ്റവും
ഭീഭത്സമായ കാഴ്ച്ച എന്തായിരുന്നുവെന്ന് അറിയുമോ നിനക്ക്...?”
ഹാരി
തല കുലുക്കി. “അന്ത്യ നിമിഷത്തിൽ അവർ അറിയാതെ സംഭവിക്കുന്ന ആ മലവിസർജ്ജനം...”
“ഹാരീ...
എന്റെ അമ്മയ്ക്ക് ആ അവസ്ഥ വരാതിരിക്കാൻ ഏത് നരകത്തിൽ വേണമെങ്കിലും പോയി ഏത്
ചെകുത്താനെയും വരെ പിടിച്ചു കൊണ്ടു വരാൻ ഞാൻ തയ്യാറാണ്...”
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
ഇവർക്ക് മൂട്ടിക്ക് സംഭവിച്ചത് എന്താണെന്ന് അറിയില്ലല്ലോ. 😔
ReplyDeleteഅതെ... നിർഭാഗ്യവശാൽ... :(
Delete"നുണയുടെ പാരമ്യത്തിൽ ബുബി ശ്വാസം എടുക്കുവാൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു."
ReplyDeleteബുബിയുടെ ശ്വാസംമുട്ടൽ വായനക്കാരും അനുഭവിക്കുന്നു..
അതെയോ...? ഞാൻ കൃതാർത്ഥനായി...
Deleteമൂട്ടിയ്ക്ക് സംഭവിച്ചത് അറിയാതെ മക്കൾ മൂട്ടിയ്ക്ക് വേണ്ടി..
ReplyDeleteഅതെ... അതാണ് സങ്കടം...
Deleteഓ.. എന്തു കഷ്ടം... 😢
ReplyDeleteഎന്തു ചെയ്യാം ശ്രീ... :(
Deleteഅമ്മയ്ക്ക് വേണ്ടി...
ReplyDeleteഅമ്മ അമ്മ തന്നെ... ലോകത്തിന്റെ ഏത് കോണിൽ ആയാലും...
Deleteകഷ്ടം ..
ReplyDeleteഎന്താല്ലേ... :(
Deleteയുദ്ധമുഖത്തെ നുണക്കഥകൾക്ക് വഴങ്ങി സ്വന്തം പിതാവിന്റെ മരണം അറിയാതെ അമ്മക്ക് വേണ്ടി ദൗത്യം ഏറ്റെടുക്കേണ്ടി വരിക ..!
ReplyDeleteപിതാവിന്റെയല്ല മുരളിഭായ്, മാതാവിന്റെ...
Deleteഇഷ്ടപ്പെട്ടു
ReplyDeleteസഹിക്കാൻ ആവുന്നില്ല ..... മാക്സും ഹാരി യും ഒരേ പോലെ ചതിക്കപ്പെട്ടു 🙁
ReplyDelete