Thursday, July 16, 2020

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 68


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

തനിക്ക് അനുവദിച്ച ബെഡ്റൂമിന്റെ ജാലകത്തിനരികിൽ ഇരുന്ന് സിഗരരറ്റ് പുകച്ചു കൊണ്ട് എൽസ എല്ലാ കാര്യങ്ങളും തന്റെ പരിചാരിക റോസാ സ്റ്റൈനോട് പറഞ്ഞു. ഇത്തവണ വല്ലാതെ പരിഭ്രമിച്ചു പോയിരുന്നു അവർ.

എല്ലാം തന്തയില്ലാത്തവന്മാരാണ്... അവരെല്ലാം തന്നെ... ബുബി ഹാർട്മാനോട് കുറച്ചെങ്കിലും സഹതാപമുണ്ടായിരുന്നു എനിക്ക്... പക്ഷേ, അതിന്റെ ആവശ്യമില്ലെന്നെനിക്ക് മനസ്സിലായി... മരണത്തിലേക്കാണ് മാക്സിനെ അയാൾ അയക്കുന്നത്... എനിക്ക് ഒന്നും തന്നെ വിശ്വസിക്കാനാവുന്നില്ല...”

പക്ഷേ, സകലതിന്റെയും നിയന്ത്രണം റൈഫ്യൂററുടെ കൈയ്യിൽ ആയിരിക്കെ നമുക്ക് എന്തു ചെയ്യാൻ കഴിയും പ്രഭ്വീ...?” കരുതലോടെ റോസ ചോദിച്ചു.

ഞാൻ ബെർലിനിലേക്ക് പോകും... എന്നിട്ട് ഫ്യൂററെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കും...”

പ്രഭ്വീ... തെറ്റാണെങ്കിൽ ക്ഷമിക്കണം... പക്ഷേ, പറയാതിരിക്കാനാവില്ല... ഒന്നാമത്, നമ്മിളിപ്പോൾ ഇവിടെ തടങ്കലിലാണ്... അതുകൊണ്ട് ബെർലിനിലേക്ക് പോകുന്ന പ്രശ്നമേ ഉദിക്കുന്നില്ല... രണ്ടാമത്തെ കാര്യം നിങ്ങൾ പറയുന്നതല്ല, ഹിംലർ പറയുന്നതേ ഫ്യൂറർ വിശ്വസിക്കൂ...” അവൾ തലയാട്ടി. “ഇനിയെങ്കിലും മനസ്സിലാക്കൂ പ്രഭ്വീ, അവർ വിഭാവനം ചെയ്യുന്ന മൂന്നാം സാമ്രാജ്യം എന്താണെന്ന്...”

അവളെ തുറിച്ചു നോക്കിക്കൊണ്ട് അൽപ്പനേരം എൽസ ഇരുന്നു. “ഈ ദുരന്തത്തിൽ നിന്നും എന്റെ മക്കളെ രക്ഷിക്കുവാൻ എന്തെങ്കിലും ചെയ്തേ പറ്റൂ എനിക്ക്...”

ധാർഷ്ട്യം, കാർക്കശ്യം, അഹങ്കാരം, സ്വാർത്ഥത എന്നീ ദുസ്വഭാവങ്ങൾ ഒക്കെ സഹിച്ച് വർഷങ്ങളോളം താൻ സേവിച്ചു കൊണ്ടിരിക്കുന്ന പ്രഭ്വിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ട് വേദനയോടെ റോസ അവരെ നോക്കി.

ഇല്ല പ്രഭ്വീ... ഒന്നും തന്നെ ചെയ്യാനാവില്ല നമുക്ക്...”

വാതിലിൽ മുട്ടുന്നത് കേട്ട എൽസ കതക് തുറന്നു. ബുബിയും മേജർ മുള്ളറും ഉള്ളിലേക്ക് പ്രവേശിച്ചു. നിസ്സഹായതയോടെ എൽസ അവരെ നോക്കി. “എനിക്ക് എന്റെ മക്കളെ കാണണം...”

അതിപ്പോൾ സാദ്ധ്യമല്ല പ്രഭ്വീ...” ബുബി പറഞ്ഞു. “ഈ ഓപ്പറേഷൻ പ്രാബല്യത്തിൽ ആയിക്കഴിഞ്ഞു... അതിന്റെ ജോലിത്തിരക്കിലാണവർ... അതിനിടയിൽ യാതൊരു തടസ്സവും അനുവദിക്കാനാവില്ല...”

എനിക്കവരെ കണ്ടേ മതിയാവൂ... ഈ ദൗത്യവുമായി മുന്നോട്ട് പോകാൻ അവരെ ഞാൻ അനുവദിക്കില്ല...”

ബുബി പ്രതീക്ഷിച്ചതായിരുന്നു അത്. അവരുടെ ഈ മനോഭാവം മൊത്തം പദ്ധതിയെത്തന്നെ അവതാളത്തിലാക്കും. അദ്ദേഹം ഒരു ദീർഘശ്വാസം എടുത്തു. “പറയുന്നതിൽ ഖേദമുണ്ട് പ്രഭ്വീ... ഈ ദൗത്യം അവസാനിക്കുന്നത് വരെ നിങ്ങൾ ഇനി മക്കളെ കാണാൻ പാടില്ല എന്നത് റൈഫ്യൂറർ ഹിംലറുടെ ഓർഡറാണ്... നിങ്ങളുടെ സാധനങ്ങൾ എല്ലാം എടുത്ത് എസ്റ്റേറ്റിന്റെ മറുഭാഗത്തുള്ള ഹണ്ടിങ്ങ് ലോഡ്ജിലേക്ക് പോകുവാൻ തയ്യാറായിക്കൊള്ളൂ...”

പോകാൻ ഞാൻ ഉദ്ദേശിക്കുന്നില്ലെങ്കിലോ...?” അവർ വാശി പിടിച്ച് നിന്നു.

എങ്കിൽ പിന്നെ നിങ്ങളെ ബെർലിനിലേക്ക് തിരിച്ചയക്കാനാണ് എനിക്കുള്ള നിർദ്ദേശം... ബലം പ്രയോഗിച്ചാണെങ്കിൽപ്പോലും... അതല്ല, ഇവിടെ തുടരാനാണ് തീരുമാനമെങ്കിൽ ഒരു ശല്യവുമില്ലാതെ ഹണ്ടിങ്ങ് ലോഡ്ജിൽ തങ്ങാം...”

നിസ്സഹായയായി അവർ കസേരയിലേക്ക് ചാഞ്ഞു. “ഇല്ല... നിങ്ങൾ വിജയിച്ചിരിക്കുന്നു... ലോഡ്ജിലേക്ക് ഞാൻ പോകാം... പക്ഷേ, എനിക്കെന്റെ മക്കളെ കാണാൻ അനുവാദം തരണം... രു തവണയെങ്കിലും...”

മാക്സ് ലണ്ടനിലേക്ക് പുറപ്പെട്ടതിന് ശേഷം നിങ്ങൾക്ക് ഹാരിയെ കാണാം... അത്രയേ എനിക്ക് ചെയ്യാൻ കഴിയൂ...” ബുബി മുള്ളറുടെ നേർക്ക് തിരിഞ്ഞു. “പ്രഭ്വിയുടെ കാര്യങ്ങളൊക്കെ നോക്കിക്കോളൂ മേജർ...”

തീർച്ചയായും കേണൽ...”

പുറത്തു കടന്ന ബുബി ഒരു സിഗരറ്റിന് തീ കൊളുത്തി. അദ്ദേഹത്തിന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. തന്നോട് തന്നെ അവജ്ഞ തോന്നുന്ന നിമിഷങ്ങൾ. “എന്റെ ദൈവമേ...” അദ്ദേഹം മന്ത്രിച്ചു. “എവിടെയാണ് ഇതിന്റെയൊക്കെ അവസാനം...?”

ഹാരിയും മാക്സും കാര്യങ്ങൾ ചർച്ച ചെയ്തു കൊണ്ടിരുന്ന ലൈബ്രറി റൂമിലേക്ക് അദ്ദേഹം നടന്നു.

റൈറ്റ്...” ബുബി പറഞ്ഞു. “ആദ്യം ഫോട്ടോഗ്രാഫുകൾ... എന്തൊക്കെയാണെന്ന് നോക്കട്ടെ ഹാരീ...”

മനസ്സില്ലാ മനസ്സോടെ ഹാരി തന്റെ വാലറ്റ് പുറത്തെടുത്തു. “ഇത് ഞാനും മോളി സോബെലും... സാവോയ് ഹോട്ടലിന്റെ കവാടത്തിൽ വച്ച് എടുത്ത ഫോട്ടായാണ്...”

എന്ത് ചെയ്യുകയായിരുന്നു നിങ്ങളവിടെ...?”

ഡാൻസിങ്ങ്... റിവർ റൂമിൽ...”

ബാൻഡിന്റെ പേരെന്തായിരുന്നു...?”

കരോൾ ഗിബ്സൺസ്... പിന്നെ സാവോയ് ഓർഫൻസ്...”

വെരി ഗുഡ്... സുന്ദരിയാണല്ലോ അവൾ...”

ഹാരി തലയുയർത്തി ബുബിയെ ഒന്ന് നോക്കി. ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം പിന്നെ തുടർന്നു. “ഇത് മോളിയും ഞാനും കോൾഡ് ഹാർബറിൽ വച്ച് എടുത്തതാണ്... കോൾഡ് ഹാർബർ എന്നു പറയുമ്പോൾ എനിക്ക് പരിചയമുള്ളവർ ഇവരൊക്കെയാണ്..... മാക്സ്, നീയുമായി സംസാരിച്ച ആ ലൈഫ്ബോട്ടിന്റെ സ്രാങ്ക് സെക്ക് ആക്‌ലണ്ട്.... പിന്നെ ഹൗസ് കീപ്പർ ജൂലി ലെഗ്രാൻഡ്... അടുത്തത് ബ്രിഗേഡിയർ മൺറോയും അദ്ദേഹത്തിന്റെ അസിസ്റ്റന്റ് മേജർ ജാക്ക് കാർട്ടറും...”

ഹാരി പറയുന്നതെല്ലാം കുറിച്ചെടുത്തുകൊണ്ടിരിക്കുകയായിരുന്നു ബുബി. “ബെർലിനിൽ നിന്നും ഒരു ഫയൽ എനിക്ക് ലഭിച്ചിരുന്നു...” അദ്ദേഹം പറഞ്ഞു. “മൺറോയുടെ ഫോട്ടോയും പിന്നെ അദ്ദേഹത്തിന്റെ സംഘടനയെക്കുറിച്ചുള്ള വിവരങ്ങളും... നമുക്ക് ആവശ്യമുള്ളത് എന്തൊക്കെയാണെന്ന് നോക്കാം... ഡോക്ടർ സോബെലുമായിട്ടുള്ള അദ്ദേഹത്തിന്റെ ബന്ധം, കോൾഡ് ഹാർബർ, ജനറൽ ഐസൻഹോവർ, സൗത്ത്‌വിക്ക് ഹൗസിലെ അദ്ദേഹത്തിന്റെ ഹെഡ്ക്വാർട്ടേഴ്സ്, പിന്നെ കൊറിയർ സർവീസിന്റെ പ്രവർത്തന രീതികൾ എന്നിങ്ങനെ...”

അദ്ദേഹം ഒരു നെടുവീർപ്പിട്ടു. “ഇന്നത്തേത് ഒരു നീണ്ട ദിനമായിരിക്കും ജെന്റിൽമെൻ... ഇപ്പോൾത്തന്നെ തുടങ്ങേണ്ടിയിരിക്കുന്നു...”

ആ സഹോദരങ്ങൾ തങ്ങളുടെ ജോലി തുടങ്ങി. ഒട്ടും താല്പര്യമില്ലാതെ...

                                                      ***

ആവശ്യത്തിനുള്ള സൗകര്യങ്ങളൊക്കെ ഉണ്ടായിരുന്നു ഹണ്ടിങ്ങ് ലോഡ്ജിൽ. ബീമിന് മുകളിൽ നിർമ്മിച്ച സീലിങ്ങും നെരിപ്പോടുമുള്ള സിറ്റിങ്ങ് റൂം. പ്രധാന ബെഡ്റൂമിൽ പഴയ ഫാഷനിലുള്ള ഓക്ക് ഫർണീച്ചറും നെരിപ്പോടും അറ്റാച്ച്ഡ് ബാത്ത്റൂമും. റോസ സ്യൂട്ട്കെയ്സിലെ സാധനങ്ങൾ പുറത്തെടുത്ത് വയ്ക്കവെ എൽസ ഓരോ മുറിയിലും കയറിയിറങ്ങി പരിശോധിച്ചു. തികച്ചും അസ്വസ്ഥയായിരുന്നു അവർ.

സിറ്റിങ്ങ് റൂമിൽ ഒരു  ഡ്രിങ്ക് കാബിനറ്റ് ഉണ്ടായിരുന്നു. ഒരു ലാർജ്ജ് ബ്രാണ്ടി എടുത്ത് അകത്താക്കിയെങ്കിലും ടെൻഷൻ കുറയുന്നതിന് പകരം അവരുടെ അവസ്ഥ കൂടുതൽ മോശമാകുകയാണുണ്ടായത്. ഗ്ലാസ് വീണ്ടും നിറച്ചിട്ട് അവർ കസേരയിൽ ഇരുന്നു. തന്റെ സൗഭാഗ്യങ്ങളെല്ലാം നഷ്ടമാകാൻ പോകുന്നു... സമൂഹത്തിഇത്രയും കാലം അനുഭവിച്ചു പോന്ന ഉന്നത സ്ഥാനം, അധികാരം... പിന്നെ പണം... അതിന് ആബെ കെൽസോയോട് കടപ്പെട്ടിരിക്കുന്നു...

അവർ മുകളിൽ ബെഡ്റൂമിലേക്ക് ചെന്നു. ചെറിയ ബാഗുകൾ തുറന്ന് ആഭരണങ്ങൾ പുറത്തെടുത്ത് ഡ്രെസ്സിങ്ങ് ടേബിളിൽ വച്ചു കൊണ്ടിരിക്കുകയായിരുന്നു റോസ. ബാഗിനുള്ളിൽ നിന്നും ആ വാൾട്ടർ PPK തോക്ക് പുറത്തെടുത്ത അവൾ ചോദിച്ചു. “ഇത് എവിടെ വയ്ക്കണം പ്രഭ്വീ...?”

അവർ കൈ നീട്ടി. “ഇങ്ങ് തരൂ... ഇതിന്റെ കാര്യം ഞാൻ നോക്കിക്കോളാം...”

സ്റ്റെയർകെയ്സ് ഇറങ്ങി സിറ്റിങ്ങ് റൂമിൽ എത്തിയ അവർ ആ തോക്ക് സോഫയുടെ അരികിൽ വച്ചു. എല്ലാം അവസാനിക്കുകയാണ്... മാക്സിനെ ഇനി ജീവനോടെ കാണാമെന്ന പ്രതീക്ഷ വേണ്ട... അതിന് ശേഷം അവർ ഹാരിയെയും വകവരുത്തും... എല്ലാം താൻ ഒരുത്തി കാരണം... തന്റെ ജീവനെ കരുതിയാണ് മക്കൾ ഇതിന് സമ്മതിച്ചത് തന്നെ... താൻ ജീവനോടെയില്ലെങ്കിൽ പിന്നെ ചിത്രം വേറൊന്നാകില്ലേ...? മദ്യം അവരുടെ തലച്ചോറിനെ ബാധിച്ചു തുടങ്ങിയിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് അവർ തീരുമാനിച്ച് ഉറപ്പിച്ചത് പോലെ തോന്നി. തോക്ക് എടുത്ത് അതിന്റെ സ്ലൈഡർ പിറകോട്ട് വലിച്ചതിന് ശേഷം അത് വീണ്ടും താഴെ വച്ചു.

റോസാ... ഇവിടെ വരൂ...” അവർ വിളിച്ചു പറഞ്ഞു.

അടുത്ത നിമിഷം റോസ താഴെയെത്തി. “പറഞ്ഞാലും പ്രഭ്വീ...”

കൊട്ടാരത്തിലേക്ക് ഫോൺ ചെയ്ത് കേണൽ ഹാർട്മാനോട് പെട്ടെന്ന് തന്നെ ഇങ്ങോട്ട് വരാൻ പറയൂ...”

തീർച്ചയായും പ്രഭ്വീ...”

ബുബി ഓഫീസേഴ്സ് മെസ്സിൽ ഇരിക്കുമ്പോഴാണ് ഫോൺ വന്ന കാര്യം പറഞ്ഞ് ഓർഡർലി സെർജന്റ് എത്തിയത്. മുള്ളറും ഷ്രൂഡറും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

എനിക്ക് വയ്യ ഇപ്പോൾ അങ്ങോട്ട് പോകാൻ... വേറെ ധാരാളം ജോലിയുണ്ട്...”

ഞങ്ങളും കൂടെ വരാം...” ബുബിയോട് പറഞ്ഞിട്ട് ചിരിച്ചു കൊണ്ട് മുള്ളർ ഷ്രൂഡറിന് നേർക്ക് തിരിഞ്ഞു. “നിങ്ങൾക്ക് നല്ലൊരു എക്സ്പീരിയൻസ് ആകുകയും ചെയ്യും...”

ലോഡ്ജിന്റെ കവാടത്തിൽ രണ്ട് പാറാവുകാർ ഉണ്ടായിരുന്നു. കൂടാതെ അവിടവിടെയായി ഗാർഡുമാരും. ജാലകത്തിലൂടെ പുറത്തേക്ക് വീക്ഷിച്ചു കൊണ്ടിരുന്ന എൽസ, അവരുടെ കെട്ടിടത്തിനരികിലേക്ക് എത്തുന്ന ക്യൂബൽവാഗൺ കണ്ടതും തിരികെ ചെന്ന് സോഫയിൽ ഇരുന്നു. തിര നിറച്ച തോക്ക് അവർ കുഷ്യനുകൾക്കിടയിൽ ഒളിപ്പിച്ചു വച്ചിട്ട് ഒരു സിഗരറ്റിന് തീ കൊളുത്തി. ഷാംപെയ്ൻ ബോട്ട്‌ൽ തുറന്നിട്ട് അവർ റോസയെ വിളിച്ചു.

ഷാംപെയ്ൻ ഗ്ലാസ് കൊണ്ടു വരൂ...”

തീർച്ചയായും പ്രഭ്വീ...”

അവരെ ഉള്ളിൽ പ്രവേശിപ്പിച്ചതിന് ശേഷം നീ അടുക്കളയിലേക്ക് പൊയ്ക്കോളൂ... പിന്നെ ഈ ഭാഗത്തേക്ക് വന്നേക്കരുത്...”

ശരി, പ്രഭ്വീ...”

കോളിങ്ങ് ബെൽ അടിച്ചതും റോസ ചെന്ന് വാതിൽ തുറന്നു. ബുബിയും അദ്ദേഹത്തിന് പിന്നിലായി മുള്ളറും ഷ്രൂഡറും മുറിയ്ക്കുള്ളിലേക്ക് പ്രവേശിച്ചു. “എന്ത് പറ്റി പ്രഭ്വീ....? എന്തെങ്കിലും പ്രശ്നം...?”

നിങ്ങൾ ജീവനോടെ ഇരിക്കുന്നതാണ് എന്റെ പ്രശ്നം, നാസി ബാസ്റ്റഡുകളേ...” അവർ പറഞ്ഞു. “അതു പോലെ തന്നെ ഞാൻ ജീവനോടെ ഇരിക്കുന്നതും... ഞാനില്ലെങ്കിൽ പിന്നെ എന്തിന്റെ പേരിൽ നിങ്ങൾ എന്റെ മക്കളെ ഇങ്ങനെ ബുദ്ധിമുട്ടിക്കും...?”

കുഷ്യനുകൾക്കിടയിൽ നിന്നും പുറത്തെടുത്ത തോക്ക് അവർ ബുബിയുടെ നേർക്ക് നീട്ടിപ്പിടിച്ചു. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ ബുബി അലറി. “നോ....”

ഞൊടിയിടയിൽ ഒരു വശത്തേക്ക് ഒഴിഞ്ഞു മാറിയ ബുബിയോടൊപ്പം ഉണ്ടായിരുന്ന മുള്ളറിനാണ് ആദ്യത്തെ രണ്ട് വെടിയുണ്ടകൾ ഏറ്റത്. ഉയർന്നു പൊങ്ങിയ അയാൾ പിറകോട്ട് മറിഞ്ഞു വീണു. അതേ സമയം മറ്റൊരു സോഫയുടെ മറവിൽ സുരക്ഷിതനായിക്കഴിഞ്ഞിരുന്നു ബുബി. എന്നാൽ ഷ്രൂഡർ ആകട്ടെ, മറ്റൊന്നും ആലോചിക്കാൻ നിന്നില്ല. തന്റെ പിസ്റ്റൾ ഹോൾഡർ തുറന്ന് മോസർ പുറത്തെടുത്ത് എൽസയുടെ നേർക്ക് മൂന്നു വട്ടം നിറയൊഴിച്ചു. എൽസാ ബാരണെസ് വോൺ ഹാൾഡർ പിറകോട്ട് മറിഞ്ഞ് സോഫയിലേക്ക് വീണു.

ബുബി എഴുന്നേറ്റ് മുള്ളറുടെ അരികിൽ ചെന്ന് മുട്ടു കുത്തി ഇരുന്ന് പരിശോധിച്ചതിന് ശേഷം മുഖമുയർത്തി. “മരിച്ചിരിക്കുന്നു...”

എൽസയുടെ അരികിൽ ചെന്ന് നോക്കിയിട്ട് ഷ്രൂഡർ പറഞ്ഞു. “ഇവരും...” അയാൾ തന്റെ മോസറിലേക്ക് നോക്കി. “ആദ്യമായിട്ടാണ് ഒരാളെ ഞാൻ കൊല്ലുന്നത്...” അയാൾക്ക് തല കറങ്ങുന്നത് പോലെ തോന്നി.

നിങ്ങളുടെ കുറ്റമല്ല... അവർ മരിക്കാൻ തീരുമാനിച്ചതായിരുന്നു...”

പുറത്തെ വാതിൽക്കൽ ശക്തിയായി തട്ടുന്ന ശബ്ദം കേട്ട് ബുബി ചെന്ന് കതക് തുറന്നു. ഒരു സെർജന്റും രണ്ട് ഗാർഡുകളും ആയിരുന്നു അത്. മുറിയിലെ കാഴ്ച്ച കണ്ട അവർ അമ്പരന്നു നിന്നു.

കേണൽ മുള്ളറും പ്രഭ്വിയും കൊല്ലപ്പെട്ടിരിക്കുന്നു...” അവരോട് പറഞ്ഞിട്ട് അദ്ദേഹം ഷ്രൂഡറുടെ നേർക്ക് തിരിഞ്ഞു. “ഇവിടുത്തെ കാര്യങ്ങളുടെ മേൽനോട്ടം ഞാൻ നിങ്ങളെ ഏൽപ്പിക്കുകയാണ്... എല്ലാം രഹസ്യമായിരിക്കട്ടെ... ബാരണും കേണൽ കെൽസോയും ഒരു കാരണവശാലും ഈ വിവരം അറിയാൻ പാടില്ല...”

പക്ഷേ, എന്തു കൊണ്ട് പാടില്ല കേണൽ...?” ഷ്രൂഡർ അന്ധാളിച്ചത് പോലെ തോന്നി.

രാജ്യദ്രോഹക്കുറ്റത്തിനുള്ള പരമോന്നത ശിക്ഷയിൽ നിന്നും തന്റെ മാതാവിനെ രക്ഷപെടുത്തുക എന്ന ഉദ്ദേശ്യം ഒന്നു കൊണ്ട് മാത്രമാണ് ബാരൺ ഈ ദൗത്യത്തിന് സമ്മതിച്ചതു തന്നെ...  അവർ ജീവനോടെയില്ല എന്നറിയുമ്പോൾ എന്തായിരിക്കും അദ്ദേഹത്തിന്റെ പ്രതികരണം...?”

, ഇപ്പോൾ മനസ്സിലാകുന്നു...” ഷ്രൂഡർ തല കുലുക്കി. “ബാക്കി കാര്യങ്ങൾ ഞാൻ നോക്കിക്കോളാം...” ടെലിഫോണിനരികിൽ  എത്തിയ അയാൾ ഒന്ന് നിന്നു. “ഇവരുടെ പരിചാരികയുടെ കാര്യമോ കേണൽ...?”

ശപിച്ചു കൊണ്ട് ബുബി സ്റ്റെയർകെയ്സ് ഓടിക്കയറി മുകളിലെത്തി. എന്നാൽ റോസാ സ്റ്റൈനിന്റെ അടയാളം പോലും അവിടെങ്ങും ഉണ്ടായിരുന്നില്ല. വീണ്ടും താഴെയെത്തിയ അദ്ദേഹം കിച്ചണിലേക്ക് പാഞ്ഞു. അടുത്ത മാത്രയിൽത്തന്നെ പുറത്തിറങ്ങിയ അദ്ദേഹം സെർജന്റിന് നേർക്ക് തിരിഞ്ഞു.

വേറൊരു സ്ത്രീ കൂടി ഇവിടെയുണ്ടായിരുന്നു... ഇവരുടെ പരിചാരിക... അവർ എവിടെപ്പോയി എന്ന് നോക്കാൻ ആ കാവൽക്കാരോട് പറയുക...”

ഇപ്പോൾ തന്നെ, കേണൽ...” തന്റെ കൂടെ വന്ന ഗാർഡുകളോട് കൂടെ വരാൻ പറഞ്ഞിട്ട് അയാൾ പുറത്തേക്കോടി.

ഒരു ദീർഘശ്വാസം എടുത്തിട്ട്, പാരീസിൽ ഉള്ള റൈഫ്യൂററെ അറിയിക്കുന്ന കാര്യത്തെക്കുറിച്ച് ബുബി ചിന്തിച്ചു. അല്ലെങ്കിൽ വേണ്ട... അതിന് ഇനിയും സമയമുണ്ട്... ഒരു സിഗരറ്റിന് തീ കൊളുത്തിയ ശേഷം അദ്ദേഹം ക്യൂബൽവാഗണിൽ തിരികെ കൊട്ടാരത്തിലേക്ക് ഡ്രൈവ് ചെയ്തു.


(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

12 comments:

  1. അയ്യോ മൂട്ടി പോയല്ലോ...

    ReplyDelete
  2. എൽസാ ബാരണെസ് വോൺ ഹാൾഡർ അങ്ങനെ ഓർമ്മയായി.. :(

    ReplyDelete
    Replies
    1. മക്കളെ രക്ഷിക്കാനുള്ള അവസാന ശ്രമത്തിനൊടുവിൽ...

      Delete
  3. റോസ മാക്സ് നേ അറിയിക്കുമോ മുട്ടി യുടെ വിവരം. വല്ലാത്തൊരു അവസാനം 😔

    ReplyDelete
    Replies
    1. സാദ്ധ്യത കുറവാണ് സുചിത്രാജീ...

      Delete
  4. അകത്തളങ്ങളിൽ പിസ്റ്റൾ ഗർജ്ജനങ്ങൾ ..
    ചില കഥപാത്രങ്ങൾ അങ്ങനെ ഇല്ലാതായി കൊണ്ടിരിക്കുന്നു ...!

    ReplyDelete
  5. വേറെ എന്ത് ചെയ്യാനാണ്. അവരെ കൊണ്ട് ആകും പോലെ അ ദൗത്യത്തിൽ നിന്ന് മക്കളെ രക്ഷിയക്കാൻ അവർ ശ്രമിച്ചു... അത്ര തന്നെ

    ReplyDelete