Monday, September 2, 2019

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 36


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

മൺറോയെയും കാർട്ടറെയും കൊണ്ട് കോൾഡ് ഹാർബറിലേക്കുള്ള ആദ്യ യാത്ര അത്ര സുഖകരമായിരുന്നില്ല. പുതുവർഷത്തിന്റെ ആരംഭം. ആകാശമെങ്ങും മേഘാവൃതം. കോൾഡ് ഹാർബറിന്റെ തീരത്ത് കനത്ത മഴ തകർത്ത് പെയ്യുന്ന സമയം. ലൈസാൻഡറിന്റെ ആൾട്ടിറ്റ്യൂഡ് ആയിരം അടിയിലേക്ക് എത്തിയപ്പോൾ തുറമുഖത്തിന്റെ ഏകദേശ രൂപം ഹാരിയ്ക്ക് ദൃശ്യമായി. വാർഫിനോട് ചേർന്ന് ഒരു നേവൽ ഷിപ്പ് നങ്കൂരമിട്ടിരിക്കുന്നു.

“അത് ക്രീഗ്സ്‌മറീൻ E-ബോട്ട് അല്ലേ...?” ആകാശത്ത് ഒരു വട്ടം ചുറ്റവെ ഹാരി ചോദിച്ചു.

“ദാറ്റ്സ് റൈറ്റ്...” ആഹ്ലാദത്തോടെ മൺറോ പറഞ്ഞു. “സീക്രറ്റ് പ്രോജക്റ്റ് ആന്റ് നത്തിങ്ങ് റ്റു ഡൂ വിത്ത് യൂ... ഇതൊരു പ്രത്യേക ഇടമാണ് ഹാരീ... ആരും മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാറില്ല... വഴിയേ മനസ്സിലായിക്കോളും...”

“അപ്പോൾ പ്രദേശവാസികളോ...?” ലാന്റിങ്ങിന് തയ്യാറെടുക്കവെ ഹാരി ആരാഞ്ഞു.

“അവരെയെല്ലാം പുറത്താക്കി...” കാർട്ടർ പറഞ്ഞു. “പക്ഷേ, ഇപ്പോഴും അവിടെയുള്ള പബ്ബ് നമ്മൾ സൈനികർ ഉപയോഗിക്കുന്നുണ്ട്... Hanged Man എന്നാണതിന്റെ പേര്... ജൂലി ലെഗ്രാൻഡ് എന്നൊരു വനിതയാണ് നമുക്ക് വേണ്ടി അത് നടത്തിക്കൊണ്ടു പോരുന്നത്... അവർ തന്നെയാണ് ആ കാണുന്ന കെട്ടിട സമുച്ചയത്തിന്റെ നോട്ടക്കാരിയും... അതാ കണ്ടില്ലേ... ഗ്രൻസെസ്റ്റർ മാനർ എന്നാണ് അതറിയപ്പെടുന്നത്...”

ചാരനിറമുള്ള കല്ലുകൾ കൊണ്ട് നിർമ്മിച്ച ഏതാനും കെട്ടിടങ്ങളും ഗോപുരങ്ങളും മനോഹരമായി അദ്ദേഹത്തിന് തോന്നി. മതിലുകളാൽ സംരക്ഷിക്കപ്പെട്ട പൂന്തോട്ടം തടാകം പോലെ തോന്നിക്കുന്ന നദിയുടെ തീരം വരെ എത്തി നിൽക്കുന്നു.

“നൈസ്...” ഹാരി പറഞ്ഞു.

“ഫ്രാൻസിലേക്ക് ഡ്രോപ്പ് ചെയ്യുവാനായി കൊണ്ടുവരുന്ന നമ്മുടെ ഏജന്റുമാരെ രാത്രിയിൽ താമസിപ്പിക്കുന്നത് ഇവിടെയാണ്... അവരുടെ കാര്യങ്ങളെല്ലാം നോക്കുന്നത് ജൂലിയാണ്... അവർക്കതിലൊക്കെ നല്ല പരിചയമാണ്...” കാർട്ടർ പറഞ്ഞു.

ഹാരി ലാന്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ആ കെട്ടിട സമുച്ചയങ്ങളുടെയും തടാകത്തിന്റെയും മുകളിലൂടെ സ്കിം ചെയ്ത് വിമാനത്തിന്റെ ചക്രങ്ങൾ ആ ഗ്രാസ് റൺവേയിൽ സ്പർശിച്ചു. റൺവേയുടെ അറ്റത്ത് നാട്ടിയ വിൻഡ്-സോക്കിന് സമീപം ചെന്ന് അദ്ദേഹം വിമാനം നിർത്തി.

രണ്ട് ഹാങ്കറുകളും ഏതാനും കുടിലുകളുമായിരുന്നു അവിടെയുണ്ടായിരുന്നത്. ഏപ്രണിൽ രണ്ട് വിമാനങ്ങൾ കിടക്കുന്നുണ്ട്. ഒരു ജങ്കേഴ്സ് 88S ഉം ഒരു ഫീസ്‌ലർ സ്റ്റോർക്കും... അവ രണ്ടിലും ലുഫ്ത്‌വാഫ് എംബ്ലം ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു. അവയിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്ന മെക്കാനിക്കുകൾ ധരിച്ചിരിക്കുന്നത് ലുഫ്ത്‌വാഫ് ഓവറോളുകളാണ്. എൻജിൽ സ്വിച്ച് ഓഫ് ചെയ്ത് ഹാരി ഡോർ തുറന്നു. മൂവരും പുറത്ത് കടക്കുമ്പോൾ മഴയുടെ ശക്തി കുറഞ്ഞിരുന്നു.

“ആ സ്റ്റോർക്ക് വിമാനം ഏതാണെന്ന് മനസ്സിലായോ...?” മൺറോ ചോദിച്ചു. “ഏതാനും ദിവസം മുമ്പ് ഞങ്ങൾക്ക് വേണ്ടി നിങ്ങൾ ടെസ്റ്റ് ഫ്ലൈറ്റ് നടത്തിയില്ലേ... അതു തന്നെ... എന്താണ് ഇങ്ങനെയൊക്കെ എന്ന് ചോദിച്ചാൽ... ചില അവസരങ്ങളിലെങ്കിലും ശത്രുവിമാനത്തിലുള്ള യാത്ര സുരക്ഷിതമാണ് എന്നത് തന്നെ...”

“അപ്പോൾ ആ E-ബോട്ടിന്റെ കാര്യമോ...?”

“ഫ്രഞ്ച് തീരത്തിന് സമീപം സഞ്ചരിക്കേണ്ടി വരുമ്പോൾ വളരെയധികം ഉപകാരപ്രദമാണത്... ബട്ട്, ഇറ്റ്സ് നോട്ട് യുവർ ബിസിനസ്...”

അവർക്കരികിലേക്ക് ഒരു ജീപ്പ് എത്തി. ഷീപ്പ് സ്കിൻ കോട്ട് ധരിച്ച ഒരു വനിതയായിരുന്നു ജീപ്പ് ഓടിച്ചിരുന്നത്. മുപ്പതോ മുപ്പത്തിരണ്ടോ വയസ്സ് തോന്നിക്കുന്ന അവർ സ്വർണ്ണ നിറമുള്ള തന്റെ തലമുടി പിറകിലേക്ക് കെട്ടിയിട്ടിരിക്കുന്നു. ശാന്തവും പ്രസന്നവുമായ മുഖഭാവം.

“ആഹാ, എത്തിയോ ബ്രിഗേഡിയർ...?” അവർ പുഞ്ചിരിച്ചു. “ജാക്ക്, എന്തു പറയുന്നു...?”

“ജൂലീ.... ഇത് ഹാരി കെൽസോ... എയർ വൈസ് മാർഷൽ വെസ്റ്റിന്റെ വലംകൈ... അതുകൊണ്ട് അല്പം ബഹുമാനമൊക്കെ ആവാം കേട്ടോ... ഇദ്ദേഹത്തിന്റെ പ്രത്യേക കഴിവുകൾ നമ്മുടെ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താമെന്ന് വിചാരിച്ചു ഞങ്ങൾ...” മൺറോ പറഞ്ഞു.

“ഓ... വിങ്ങ് കമാൻഡറുടെ കഴിവുകൾ അദ്ദേഹത്തിനും മുമ്പേയാണല്ലോ സഞ്ചരിക്കുന്നത്...” അവൾ ചിരിച്ചു.

“മതി മതി... പിന്നെ, ജീപ്പ് ഞങ്ങൾ എടുക്കുകയാണ്...” അദ്ദേഹം ഹാരിയുടെ നേർക്ക് തിരിഞ്ഞു. “ഹാരീ... നിങ്ങൾ തിരിച്ച് നേരെ ക്രോയ്ഡണിലേക്ക്... ഈ സ്ഥലം നിങ്ങൾക്കൊന്ന് കാണിച്ചു തരണമെന്നുണ്ടായിരുന്നു... അത് നടന്നു... ജാക്കും ഞാനും കുറച്ച് ദിവസം ഇവിടെയുണ്ടാകും... ജൂലീ... കാന്റീനിൽ കൊണ്ടു പോയി ഇദ്ദേഹത്തിന് കഴിക്കാൻ എന്തെങ്കിലും കൊടുക്കൂ... എന്നിട്ട് യാത്രയയച്ചോളൂ...”

വളരെ ലളിതമായിരുന്നു ആ കാന്റീൻ. ഏതാനും മേശകളും കസേരകളും. പിന്നെ ഒരു ബാർ കൗണ്ടറും കിച്ചണും.

“കോഫി...?”

“നോ, റ്റീ...”

കാന്റീനിൽ മറ്റാരും തന്നെ ഉണ്ടായിരുന്നില്ല. കിച്ചണിലേക്ക് പോയ ജൂലിയെയും കാത്ത് ഹാരി ഒരു കസേരയിൽ ഇരിപ്പുറപ്പിച്ചു. അല്പ സമയത്തിന് ശേഷം ഒരു ട്രേയിൽ ചായപ്പാത്രവും പ്ലേറ്റിൽ ചീസ് സാൻഡ്‌വിച്ചുകളുമായി ജൂലി എത്തി. അദ്ദേഹം ഭക്ഷണം കഴിക്കുന്നതും നോക്കി ഒരു സിഗരറ്റിന് തീ കൊളുത്തി അവർ അരികിൽ ഇരുന്നു.

“ദി ഗ്രേറ്റ് ഹാരി കെൽസോ... ദാറ്റ് ഇറ്റാലിയൻ ക്രൂയ്സർ വാസ് സംതിങ്ങ്...”

“ഭാഗ്യം എന്നല്ലാതെ എന്തു പറയാൻ...” അദ്ദേഹം പറഞ്ഞു. “വല്ലപ്പോഴുമാണ് ഞാൻ ബോംബർ വിമാനങ്ങൾ പറത്തിയിരുന്നത്... അത്തരം ദിനങ്ങളിലൊന്നായിരുന്നു അത്... വാസ്തവത്തിൽ ഒരു ഫൈറ്റർ പൈലറ്റാണ് ഞാൻ...”

“എന്ന് വച്ചാൽ എന്താണർത്ഥം...? ഒരാൾ, താനൊരു കലാകാരൻ... അല്ലെങ്കിൽ എഴുത്തുകാരൻ... അല്ലെങ്കിൽ ഒരു നടൻ എന്നൊക്കെ പറഞ്ഞാൽ മനസ്സിലാക്കാം...” നെറ്റി ചുളിച്ച് പെട്ടെന്നവർ തല ചൊറിഞ്ഞു. “ഛെ... ഞാൻ എന്തൊക്കെയാണീ പറയുന്നത്...! പെട്ടെന്ന് സ്ഥലകാല ബോധം നഷ്ടമായതു പോലെ...”

“നിങ്ങൾ എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായി...” ഹാരി പറഞ്ഞു. “യുദ്ധവിമാനങ്ങൾ പറത്തുന്നത് ഒരു കലയാണെന്ന് നിങ്ങൾ കരുതുന്നില്ല എന്ന്...”

“ഒരു ഫൈറ്റർ പൈലറ്റിന് തന്റെ ജോലി വളരെ കൃത്യതയോടെ ചെയ്യാൻ കഴിയുമെന്നുള്ള കാര്യം ഞാൻ അംഗീകരിക്കുന്നു... നിങ്ങളും നിങ്ങളുടെ സഹോദരനും തന്നെ അതിനുള്ള ഏറ്റവും നല്ല ഉദാഹരണം...” അവർ തല കുലുക്കി. “അതെ... മൺറോ നിങ്ങൾ ഇരുവരെയും കുറിച്ചുള്ള കാര്യങ്ങളെല്ലാം എന്നോട് പറഞ്ഞിരുന്നു... ഇൻ അവർ ലൈൻ ഓഫ് വർക്ക്, ഹീ തിങ്ക്സ് ഐ ഷുഡ് ബീ കെപ്റ്റ് ഇൻഫോംഡ്...”

“ഒരു ഫൈറ്റർ പൈലറ്റിന് തന്റെ ജോലി വളരെ കൃത്യതയോടെ ചെയ്യാൻ കഴിയുമെന്ന് അറിയാമെങ്കിൽ പിന്നെ എന്താണ് നിങ്ങളുടെ സംശയം...?”

“അതിന് ശേഷം എന്ത് എന്ന്... ഇതൊരു താൽക്കാലിക അവസ്ഥയല്ലേ... യുദ്ധം വരും പോകും... പക്ഷേ, എന്നെങ്കിലും ഒരിക്കൽ അത് അവസാനിക്കുമല്ലോ... ശരിയല്ലേ...?”

“ഈ നനഞ്ഞ പ്രഭാതത്തിൽ ഫ്രഞ്ച് ഫിലോസഫി പറയുകയാണോ...? അത്രക്കൊന്നും വിവരം എനിക്കില്ല...” അവസാനത്തെ സാൻഡ്‌വിച്ചും അകത്താക്കിയിട്ട് അദ്ദേഹം എഴുന്നേറ്റു. “പോകാൻ നേരമായി...”

“യാത്രയാക്കാൻ ഞാനും വരാം...”

റൺവേയിലൂടെ ലൈസാൻഡറിനരികിലേക്ക് നടക്കവെ ഹാരി ചോദിച്ചു. “മൺറോയുടെ അനന്തിരവൾ... മോളി... നിങ്ങൾ അവളെ അറിയുമോ? ഷീ ഈസ് എ ഡോക്ടർ...”

“യെസ്... എന്തെങ്കിലും എമർജൻസി കെയ്സ് വന്നാൽ ലണ്ടനിൽ നിന്നും ലൈസാൻഡറിൽ ഇവിടെ എത്താറുണ്ട് അവർ...”

“എമർജൻസി എന്ന് പറഞ്ഞാൽ...?”

“ഓ... ചിലപ്പോഴൊക്കെ മറുപക്ഷത്തു നിന്നുള്ള സൈനികർ വളരെ ദയനീയാവസ്ഥയിൽ ഇവിടെ എത്താറുണ്ട്...”

“ഐ സീ...” ഹാരി അവർക്ക് ഹസ്തദാനം നൽകി. “നൈസ് റ്റു മീറ്റ് യൂ...”

“താമസമില്ലാതെ ഇനിയും കാണാം പല വട്ടം...” അവർ പറഞ്ഞു.

ലൈസാൻഡറിൽ ചാടിക്കയറി ഡോർ അടച്ച് എൻജിൻ സ്വിച്ച് ഓൺ ചെയ്ത് അദ്ദേഹം ടാക്സി ചെയ്ത് മുന്നോട്ട് നീങ്ങി. കനത്ത മേഘക്കൂട്ടങ്ങൾക്കിടയിലൂടെ ഉയരങ്ങളിലേക്ക് കയറവെ ജൂലി പറഞ്ഞതിനെക്കുറിച്ച് ആലോചിക്കുകയായിരുന്നു അദ്ദേഹം. അവർ പറഞ്ഞത് ശരിയാണ്... യുദ്ധമെല്ലാം കഴിയുമ്പോൾ താൻ എന്ത് ചെയ്യുവാനാണ് പോകുന്നത്...? ഒരു ഞെട്ടലോടെ അദ്ദേഹം ഓർത്തു... ഈ യുദ്ധം അവസാനിക്കുമെന്ന് ഒരിക്കൽ പോലും താൻ ചിന്തിച്ചിട്ടേയില്ലല്ലോ എന്ന്... ഒരിക്കൽ പോലും...

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

22 comments:

  1. യുദ്ധം അവസാനിച്ചാൽ ആരൊക്കെ ബാക്കി ഉണ്ടാവുമോ ആവോ

    ReplyDelete
    Replies
    1. അതോർക്കുമ്പോഴാ വിഷമം... :(

      Delete
  2. ഈ യുദ്ധം ഒക്കെ അവസാനിച്ച് സമാധാനത്തിന്റെ വഴിയിലോട്ട് എപ്പോഴാണാവോ നീങ്ങുക..

    ReplyDelete
    Replies
    1. ഒരു ജനത മുഴുവനും ഒരു കാലത്ത് ചോദിച്ചിരുന്ന ചോദ്യം...

      Delete
  3. മോളി ഇപ്പോഴും മന്സിലുണ്ട്.

    ReplyDelete
    Replies
    1. മോളി പ്രിയോർ അല്ലാട്ടോ.‌.. മോളി സോബെൽ...

      Delete
  4. അതാണ്.. യുദ്ധം കഴിഞ്ഞാൽ എന്തു ചെയ്യും എന്നാ ചിന്ത

    ReplyDelete
    Replies
    1. ചിലർക്ക് അതൊരു ശൂന്യതയാണ്...

      Delete
  5. ‘യുദ്ധം കഴിഞ്ഞാൽ എന്ത് ചെയ്യും?’ - പണ്ടത്തെ ചോദ്യം.

    ‘പ്രവാസം കഴിഞ്ഞ് നാട്ടിലെത്തിയാൽ എന്ത് ചെയ്യും?’ - ഇപ്പോളത്തെ ചോദ്യം.

    ഉത്തരം വിനുവേട്ടൻ തന്നെ പറഞ്ഞു: “ചിലർക്ക് അതൊരു ശൂന്യതയാണ്…”

    കമോൺ മോളീ… ഈ വിരസതയ്ക്ക് വിരാമമാവട്ടെ..

    ReplyDelete
  6. എല്ലാം ഒരിക്കൽ അവസാനിക്കും. യുദ്ധവും ശേഷമുള്ള ശൂന്യതയും എല്ലാം കടന്നുപോകും. 😁

    ReplyDelete
    Replies
    1. ശരിയാണ്... അന്ന് ആരൊക്കെ എവിടെയൊക്കെ ഉണ്ടാവും എന്ന് ആർക്കറിയാം....

      Delete
  7. എല്ലാത്തിനും ഒരവസാനമുണ്ടല്ലോ? യുദ്ധത്തിനായാലും... അതിനു ശേഷമുള്ള ശൂന്യതക്കും...

    ReplyDelete
    Replies
    1. പക്ഷേ, അതൊരു ദുഃഖ പര്യവസായി ആയിരിക്കുമോ...?

      Delete
  8. എല്ലാതിനും ഒരു അവസാനമുണ്ട് ദാസാ..

    ReplyDelete
    Replies
    1. ഈ വിജയൻ എപ്പഴാ വന്നത്...? :)

      Delete
  9. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    ReplyDelete
    Replies
    1. ങ്‌ഹെ... അപ്പോൾ വായിച്ചു തുടങ്ങിയോ...? !

      Delete
  10. യുദ്ധം അവസാനിയ്ക്കട്ടെ.

    ReplyDelete
  11. അമ്മയുടെ മരണം , നീട്ടി വെച്ച ചികിത്സ മുതൽ കാരണങ്ങളാൽ  രണ്ട് മാസമായി ബൂലോകത്ത് എത്തി നോക്കാറില്ലായിരുന്നു ...
    2012 ലണ്ടൻ ഒളിമ്പിക്സ് സമയത്തെ ചാരപ്പണി വേളകളിലാണ് ഇതിന് മുമ്പ് ഞാനൊരു മൂന്ന് മാസത്തെ ബ്ലോഗ് ബ്രെയ്ക്ക് എടുത്തിരുന്നത് ...!
    ഇന്ന് മുതൽ  ഈ മൂഷിക പുത്രൻ വീണ്ടും ബൂലോഗ മല പിന്നേയും ചുരുണ്ടു തുടങ്ങുവാൻ തുടങ്ങുകയാണ് കേട്ടോ കൂട്ടരെ

    ReplyDelete
    Replies
    1. വിവരങ്ങൾ അറിഞ്ഞിരുന്നു മുരളിഭായ്... കാലം മുറിവുകൾ മായ്ക്കട്ടെ...

      Delete