Saturday, October 31, 2020

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 81

 

ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

ഹെയർ എന്നായിരുന്നു ലൈസാൻഡർ പൈലറ്റിന്റെ പേര്. ചെറുപ്പക്കാരനായ അയാൾ, മാക്സിനെ കണ്ടതോടെ ആദരവ്, അമ്പരപ്പ്, വിഭ്രാന്തി തുടങ്ങിയ സമ്മിശ്ര വികാരങ്ങളാൽ സമ്മർദ്ദത്തിലായത് പോലെ തോന്നി. അത്ര മികച്ച ഫ്ലൈയിങ്ങ് ഒന്നും ആയിരുന്നില്ലെങ്കിലും വലിയ പ്രശ്നങ്ങളൊന്നും കൂടാതെ മദ്ധ്യാഹ്നത്തിന് മുമ്പ് തന്നെ അവർ കോൾഡ് ഹാർബറിന് മുകളിലെത്തി. ചെറിയൊരു ബൗൺസിങ്ങോടെയായിരുന്നു ലാന്റിങ്ങ്. അതോടെ അയാളുടെ മുഖം വിവർണ്ണമായി.

 

ടെറിബ്ളി സോറി കേണൽ...” അയാൾ ക്ഷമാപണം നടത്തി. “ഒരു ടഫ് ലാന്റിങ്ങായിപ്പോയി...”

 

സാരമില്ല... ചിലപ്പോഴൊക്കെ ഞങ്ങൾക്കും പറ്റാറുള്ളതാണ്...” അയാളെ ആശ്വസിപ്പിച്ചിട്ട് മാക്സ് മൺറോയോടൊപ്പം പുറത്തിറങ്ങി.

 

വിമാനത്തിനരികിലെത്തിയ ജീപ്പിൽ നിന്നും ജൂലി പുറത്തിറങ്ങി. “വീണ്ടും കാണാനായതിൽ സന്തോഷം... ലഞ്ചിന് ഇനിയും സമയമുണ്ടല്ലോ... പ്രാക്ടീസിന് വേണ്ടി ബോട്ട് കടലിൽ പോയിരിക്കുകയാണ്... പക്ഷേ, സെക്ക് കരയിൽത്തന്നെയുണ്ട്... വരൂ... കുറച്ച് മീറ്റ് പൈ ബാക്കിയുണ്ട്...”

 

പിന്നെന്താ...?” മൺറോ മാക്സിന് നേർക്ക് തിരിഞ്ഞു. “നിങ്ങൾക്ക് വിരോധമില്ലല്ലോ മാക്സ്...?”

 

എന്ത് വിരോധം...? കഴിക്കാമല്ലോ...” മാക്സ് പറഞ്ഞു.

 

മാക്സോ...? എനിക്കൊന്നും മനസ്സിലാവുന്നില്ല...” ജൂലി അത്ഭുതം കൂറി.

 

ആദ്യം മഴ കൊള്ളാതെ ജീപ്പിൽ കയറാം... ഹാങ്ങ്ഡ് മാനിൽ എത്തിയ ശേഷം എല്ലാം ഞാൻ പറയാം...” മൺറോ പറഞ്ഞു.

 

ബാറിനുള്ളിൽ സെക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ.  നെരിപ്പോടിനരികിൽ ഒരു പുസ്തകവും വായിച്ചു കൊണ്ടിരിക്കുകയായിരുന്ന അയാൾ മുഖമുയർത്തി പുഞ്ചിരിച്ചു. “തിരിച്ചെത്തിയതിൽ സന്തോഷം...”

 

ഇദ്ദേഹത്തെ ഞാൻ പരിചയപ്പെടുത്തട്ടെ... ഓബർസ്റ്റ് ലെഫ്റ്റനന്റ് ബാരൺ മാക്സ് വോൺ ഹാൾഡർ... ഹാരി കെൽസോയുടെ സഹോദരൻ...” മൺറോ പറഞ്ഞു.

 

ഡിയർ ഗോഡ്...!” സെക്ക് ആക്ലന്റ് അന്തം വിട്ടു.

 

ബാർ കൗണ്ടറിന് പിറകിൽ ചെന്ന് മാക്സ് ഒരു പാക്കറ്റ് പ്ലെയേഴ് സിഗരറ്റ് എടുത്ത് തീ കൊളുത്തിയിട്ട് വിഷാദം കലർന്ന പുഞ്ചിരിയോടെ തിരികെയെത്തി.

 

കഥയെല്ലാം ബ്രിഗേഡിയർ പറയും... നിങ്ങൾക്ക് വിരോധമില്ലെങ്കിൽ ഞാനൊന്ന് നടന്നിട്ട് വരാം... ഭക്ഷണം പിന്നെ കഴിച്ചോളാം...” മാക്സ് പറഞ്ഞു.

 

മാക്സ് പോയതിന് പിറകെ വാതിൽ അടഞ്ഞു. അന്തം വിട്ടിരിക്കുന്ന അവർക്ക് നേരെ മൺറോ തിരിഞ്ഞു. “ഇറ്റ്സ് റോട്ടൺ സ്റ്റോറി... എങ്കിലും കേട്ടോളു...”

 

അദ്ദേഹം അവസാനിപ്പിച്ചപ്പോൾ ജൂലി പറഞ്ഞു. “കഷ്ടമായിപ്പോയി... പാവം അമ്മ...”

 

ഇത്രയും ക്രൂരത ഞാൻ കേട്ടിട്ടേയില്ല...” സെക്ക് പറഞ്ഞു. “പക്ഷേ, ബ്രിഗേഡിയർ, താങ്കൾ ഇതു വച്ച് എന്തു കളിയാണ് കളിക്കുന്നത്...? നിയമപ്രകാരം താങ്കൾ അദ്ദേഹത്തെ ലണ്ടനിലേക്കല്ലേ കൊണ്ടു പോകേണ്ടത്...? ഇക്കാര്യത്തെക്കുറിച്ച് താങ്കൾ ജനറൽ ഐസൻഹോവറോട് ഒരു വാക്കു പോലും പറയുകയും ചെയ്തില്ല...”

 

ശരിയാണ്... എന്താണ് എന്റെ ഉദ്ദേശ്യമെന്ന് എനിക്ക് തന്നെ അറിയില്ല എന്നതാണ് അതിന്റെ ഉത്തരം... ഹാവ് ബ്ലഡി നോ ഐഡിയ...” മൺറോ നെടുവീർപ്പിട്ടു. “സത്യം മൂടി വയ്ക്കുകയാണ് ഞാൻ ചെയ്യുന്നത്... പക്ഷേ, ഏതെങ്കിലും ഒരു വിധത്തിൽ നമുക്കതിനെ പ്രയോജനപ്പെടുത്താൻ ആവുമെന്ന് ഒരു തോന്നൽ... അതുകൊണ്ട് തൽക്കാലം പുകമറ ഇങ്ങനെ തന്നെ നിൽക്കട്ടെ...”

 

വാതിൽ തുറന്ന് മാക്സ് പ്രവേശിച്ചു. മുഖത്ത് മുറിവില്ലാത്ത ഭാഗങ്ങൾ കൂടുതൽ തുടുത്തതായി തോന്നി. “നല്ല വിശപ്പ്... നേരത്തെ പറഞ്ഞ സാധനം കിട്ടിയാൽ നന്നായിരുന്നു...”

 

ഒരു പൈന്റും കൂടിയുണ്ടെങ്കിൽ ഞാനും കൂടാം...” സെക്ക് പറഞ്ഞു.

 

ഞാനും...” മൺറോ കൂട്ടിച്ചേർത്തു. “സത്യം പറയാം, ബ്രേക്ക്ഫസ്റ്റ് പോലും കഴിക്കാൻ സാധിച്ചില്ല എനിക്ക്... അങ്ങനത്തെ വാർത്തയുമായിട്ടായിരുന്നല്ലോ നേരം വെളുത്തത്...”

 

ജൂലി സ്റ്റീക്കും കിഡ്നി പൈയും ബേക്ക്ഡ് പൊട്ടറ്റോയും കൊണ്ടു വന്നു വച്ചു. സംസാരമൊന്നുമില്ലാതെ അവർ ഭക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. സെക്ക് ആണ് മൗനം ഭഞ്ജിച്ചത്. “ഒരു കാര്യത്തിലാണ് എനിക്ക് സംശയം... തന്റെ ജീവൻ രക്ഷിച്ചതിന് ഐസൻഹോവർ നിങ്ങൾക്ക് DSC മെഡൽ തരുന്നു... നിങ്ങൾ മറുഭാഗത്താണെന്നറിയുമ്പോൾ അദ്ദേഹത്തിനത് തിരിച്ചെടുക്കാനാവുമോ...?”

 

അതൊരു പോയിന്റാണ്...” മൺറോ പറഞ്ഞു. “ഇങ്ങനെയൊരവസ്ഥ ഇതിന് മുമ്പ് ഉണ്ടായിട്ടുണ്ടോ എന്ന് തന്നെ സംശയമാണ്...” നിമിഷമാണ് മുകളിൽ ഒരു വിമാനത്തിന്റെ ഇരമ്പൽ കേട്ടത്. “ദൈവമേ... അതെന്താണ്...?”

 

വാതിൽക്കൽ ചെന്ന് ജൂലി പുറത്തേക്ക് നോക്കി. “ഒരു ലൈസാൻഡർ ആണ്...” അവൾ പറഞ്ഞു.

 

ഇതിപ്പോൾ ആരാണാവോ...?”

 

ജീപ്പെടുത്ത് പോയി നോക്കട്ടെ ഞാൻ...?” അവൾ ചോദിച്ചു.

 

വേണ്ട... നീ ഭക്ഷണം കഴിച്ച് തീർക്ക്... ആരായാലും ശരി, കുറച്ച് കഴിയുമ്പോൾ ഇവിടെ എത്തിക്കോളും...” മൺറോ വീണ്ടും ഭക്ഷണത്തിൽ മുഴുകി.

 

ഏതാണ്ട് പതിനഞ്ച് മിനിറ്റ് കഴിഞ്ഞതും പുറത്ത് ഒരു ജീപ്പ് വന്ന് നിൽക്കുന്ന ശബ്ദം കേട്ടു. പിന്നാലെ വാതിൽ തുറന്ന് ജാക്ക് കാർട്ടറും മോളിയും ഉള്ളിലേക്ക് പ്രവേശിച്ചു.

 

ജാക്കിനെ പഴിക്കരുത് അങ്കിൾ ഡോഗൽ... ഞാനാണ് നിർബന്ധിച്ച് കൂട്ടിക്കൊണ്ടു വന്നത്...” മോളി പറഞ്ഞു.

 

ലൈസാൻഡർ ഞാൻ തിരികെ പറഞ്ഞു വിട്ടു സർ...” കാർട്ടർ പറഞ്ഞു.

 

“നന്നായി... വിമാനങ്ങൾക്ക് ക്ഷാമമുള്ള കാലമല്ലേ...”

 

“സൗത്ത്‌വിക്കിൽ നിന്നും ഒരു സന്ദേശമുണ്ടായിരുന്നു സർ... ജനറൽ ഐസൻഹോവർ താങ്കളെ കാണണമെന്ന് ആവശ്യപ്പെട്ടുവത്രെ...”

 

“വെൽ... ആ സന്ദേശം എനിക്ക് ലഭിച്ചിട്ടില്ല... തൽക്കാലം ഇതിൽ നിന്നെല്ലാം മാറി നിൽക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്...” മൺറോ പറഞ്ഞു.

 

ജാക്ക് മാക്സിന് നേരെ തിരിഞ്ഞു. “ഗംഭീര പ്രകടനമായിരുന്നല്ലോ നിങ്ങൾ ഇന്ന് രാവിലെ കാഴ്ച്ച വച്ചത്...”

 

“അത് ഞങ്ങളുടെ പാരമ്പര്യമാണെന്ന് കൂട്ടിക്കോളൂ...” മാക്സ് പറഞ്ഞു. “ഹാരിയെപ്പോലെ തന്നെ... ആകെക്കൂടി ഞങ്ങൾക്കറിയുന്ന ജോലി ഫ്ലൈയിങ്ങ് മാത്രമാണ്...”

 

മോളി മാക്സിനെ നോക്കി. “നിങ്ങളോട് സ്വകാര്യമായി അല്പം സംസാരിക്കാനുണ്ട്...” അവൾ മൺറോയുടെ നേർക്ക് തിരിഞ്ഞു. അങ്കിൾ ഡോഗൽ, അതിന് വിരോധമില്ലല്ലോ...?”

 

“നീ ആയതു കൊണ്ട് സമ്മതിച്ചിരിക്കുന്നു...” മൺറോ പറഞ്ഞു.

 

പുറത്തേക്കിറങ്ങിയ മോളിയെ മാക്സ് അനുഗമിച്ചു. ഹാർബറിന്റെ അറ്റം വരെ നടന്ന അവൾ അവിടെക്കണ്ട ബെഞ്ചിൽ ഇരുന്നു. കൈവരികളിൽ ചാരി അവൾക്ക് അഭിമുഖമായി മാക്സ് നിന്നു. എന്തോ, പറഞ്ഞറിയിക്കാനാവാത്ത ഒരു അടുപ്പം അവർക്കിടയിൽ ഉരുത്തിരിഞ്ഞിരുന്നു.

 

“നിങ്ങൾ അകപ്പെട്ടിരിക്കുന്ന കുടുക്കിനെക്കുറിച്ചുള്ള സകല വിവരങ്ങളും ജാക്ക് എന്നോട് പറഞ്ഞു. അയാം സോ സോറി എബൗട്ട് യുവർ മദർ...”

 

“ഞാനും ഖേദിക്കുന്നു... അയാം ഓൾസോ സോറി എബൗട്ട് ഹാരി... അവൻ ഇപ്പോഴും അവരുടെ കസ്റ്റഡിയിലാണ്...”

 

“പറയൂ, അദ്ദേഹത്തിനിപ്പോൾ എങ്ങനെയുണ്ട്...?”

 

“നീ അവനെ ഏറെ സ്നേഹിക്കുന്നു... ശരിയല്ലേ...?”

 

“തീർച്ചയായും...”

 

“എന്റെ കാഴ്ച്ചപ്പാടിൽ വേദന മാത്രമാണ് നിന്നെ കാത്തിരിക്കുന്നത്... വേദന മാത്രം...”

 

“അതെനിക്കൊരു വിഷയമല്ലെങ്കിലോ...?  വ്യവസ്ഥകൾക്ക് അതീതമാണ് പ്രണയം... എന്തുതന്നെയായാലും സ്വീകരിക്കാൻ ഞാൻ തയ്യാറാണ്... അതുകൊണ്ട് പറയൂ, അദ്ദേഹത്തിന് എങ്ങനെയുണ്ട്...?”

 

“ആരോഗ്യത്തിന് പ്രശ്നമൊന്നുമില്ല... ഇടതു കണങ്കാലിന് ഫ്രാക്ച്ചറുണ്ട്... എങ്കിലും ക്യാപ്റ്റൻ ഷ്രൂഡർ അത് നല്ല രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്... എന്റെ മുഖത്തിന്റെ കാര്യത്തിലെന്ന പോലെ...”

 

“ഷ്രൂഡർ എന്നു പറയുന്നയാൾ ഡോക്ടറാണോ...?”

 

“അതെ... SS സേനയിലുള്ള ഡോക്ടർ... മിടുക്കനാണ്...”

 

“നിങ്ങളുടെ മുഖത്ത് എന്താണദ്ദേഹം ചെയ്തത്...?”

 

“ആദ്യം ലോക്കൽ അനസ്തറ്റിക്ക് തന്നു... പിന്നെ ഇരുമ്പുദണ്ഡ് എടുത്ത് ഒരു പ്രഹരം... ശേഷം സർജിക്കൽ നൈഫ് കൊണ്ട് ആ ഭാഗത്ത് വരഞ്ഞ് മുറിവുണ്ടാക്കി... എല്ലാം വീക്ഷിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു ഹാരി... അതൊക്കെ കണ്ടിട്ട് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല അവന്...”

 

“ടെറിബ്‌ൾ... കേട്ടിട്ട് ഭയം തോന്നുന്നു...” അവൾ തലയാട്ടി. “എന്നാലും ഐസൻഹോവറിനെ വധിക്കുക എന്നൊക്കെ പറഞ്ഞാൽ...”

 

“ഹിംലർ ഒരു ഫിലിം ഞങ്ങളെ കാണിച്ചിരുന്നു... രാജ്യദ്രോഹികൾ എന്ന് ആരോപിക്കപ്പെടുന്നവരെ എങ്ങനെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കുന്നതെന്ന്...  നീ അത് കണ്ടിരുന്നെങ്കിൽ... കഴുത്ത് മുറിഞ്ഞ് മാംസത്തിനുള്ളിൽ കയറുന്ന പിയാനോ വയർ... കാലുകളിലൂടെ ഒഴുകിയിറങ്ങുന്ന വിസർജ്യം... പുരുഷന്മാരുടെ ദൃശ്യം തന്നെ സഹിക്കാനാവുന്നതിനും അപ്പുറമായിരുന്നു... അപ്പോൾ പിന്നെ സ്ത്രീകളെ തൂക്കിക്കൊല്ലുന്ന കാര്യം പറയണോ...?” മാക്സ് തലയാട്ടി. “ഞങ്ങൾക്കത് ചിന്തിക്കാൻ പോലും ആവില്ലായിരുന്നു... മൂട്ടിയുടെ ജീവന് വേണ്ടി ഒടുവിൽ ഞങ്ങൾക്കതിന് വഴങ്ങേണ്ടി വന്നു...”

 

“എനിക്ക് മനസ്സിലാവുന്നു... സത്യമായിട്ടും... പക്ഷേ, വിരോധാഭാസം എന്താണെന്ന് വച്ചാൽ, ഐസൻഹോവർ സഞ്ചരിച്ച വിമാനത്തിന്റെ പൈലറ്റ് മറ്റാരെങ്കിലും ആയിരുന്നു എങ്കിൽ ജനറൽ ഇപ്പോൾ ജീവനോടെ ഉണ്ടാകുമായിരുന്നില്ല എന്നതാണ്...” അവൾ എഴുന്നേറ്റു. “ഹാരിയുടെ കാര്യത്തിൽ നമുക്ക് എന്തെങ്കിലും ചെയ്തേ മതിയാവൂ...”

 

“കമാൻഡോസിനെ അയക്കാനോ...?” നിഷേധാർത്ഥത്തിൽ മാക്സ് തലയാട്ടി. “അത്തരം കാര്യങ്ങളുടെയൊക്കെ സംഘാടനത്തിന് സമയം വേണം... ഡിപ്ലോമാറ്റിക്ക് ഇമ്മ്യൂണിറ്റിയുള്ളതു കൊണ്ട് റോഡ്രിഗ്സ് സഹോദരന്മാർ ഉടൻ തന്നെ പോർച്ചുഗലിൽ എത്തും. പണത്തിനോട് ആർത്തിയുള്ളവർ ആയതുകൊണ്ട് ലിസ്ബനിൽ നിന്ന് തന്നെ അവർ പ്രിൻസ് ആൽബ്രസ്ട്രാസയിലേക്ക് റിപ്പോർട്ട് ചെയ്യും... അതോടെ ഹാരിയുടെ കാര്യത്തിന് തീരുമാനമാകും... മൊർലെയ്ക്സിൽ നിന്നും ബെർലിനിലേക്ക് അവനെ മാറ്റുക എന്നതായിരിക്കും ഹിംലർ ആദ്യം ചെയ്യുക...”

 

വാർഫിലൂടെ നടക്കവെ കടലിൽ നിന്നും ലൈഫ്ബോട്ട് ഹാർബറിലേക്ക് പ്രവേശിച്ചു. ഡെക്കിൽ ഉണ്ടായിരുന്ന ആരോ ഒരാൾ ഉച്ചത്തിൽ വിളിച്ച് അവർക്ക് നേരെ കൈ വീശി. മാക്സ് തിരികെ കൈ വീശിക്കാണിച്ചു.

 

“വല്ലാത്ത കഷ്ടം തന്നെ...” മോളിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. “ഒന്നും തന്നെ ചെയ്യാൻ സാധിക്കാത്ത അവസ്ഥ...”

 

മാക്സ് അവളുടെ ചുമലിലൂടെ കൈയ്യിട്ടു ചേർത്തു പിടിച്ചു. “എനിക്കറിയില്ല... പക്ഷേ, ഞാൻ ആലോചിക്കുകയായിരുന്നു മോളീ... ഒരിക്കൽക്കൂടി ഞാൻ ലുഫ്ത്‌വാഫിന്റെ അഭിമാനഭാജനം ആയാലോ എന്ന്... ജൂലിയുടെ സപ്ലൈ റൂമിൽ ഉള്ള ജർമ്മൻ യൂണിഫോം എടുത്തണിഞ്ഞ് ഇരുട്ടിന്റെ മറവിൽ എയർസ്ട്രിപ്പിൽ എത്തുക... രണ്ട് സ്റ്റോർക്കുകൾ കിടക്കുന്നുണ്ടവിടെ... ഒരു മണിക്കൂർ കൊണ്ട് എനിക്ക് മൊർലെയ്ക്‌സിൽ എത്താനാവും... അവിടെ ലാന്റ് ചെയ്ത് അടുത്ത ഗെയിം ആരംഭിക്കുക...”

 

“ഭ്രാന്താണ് നിങ്ങൾക്ക്...” അവൾ പറഞ്ഞു. “നിങ്ങളുടെ മരണം ഉറപ്പായിരിക്കും..”

 

“ഹാരിയുടെ മരണവും ഉറപ്പല്ലേ... ഒന്നുമല്ലെങ്കിൽ ഞങ്ങൾ ഒരുമിച്ചുണ്ടാവുമല്ലോ...”

 

“അവിടെ എത്തി ഹാരിയെ മോചിപ്പിച്ച് തിരികെ അയക്കാനാവുമോ നിങ്ങൾക്ക്...?”

 

“ഞാൻ തന്നെ പറത്തേണ്ടി വരും... വിമാനം പറത്താനുള്ള ആരോഗ്യസ്ഥിതിയിലല്ല അവൻ...”

 

“ഏതോ സ്വപ്നലോകത്താണ് നിങ്ങൾ... തീർത്തും അസാദ്ധ്യം...”

 

നടന്ന് നടന്ന് അവർ പബ്ബിലെത്തിയപ്പോൾ ജൂലിയോടൊപ്പം ജാക്ക് കാർട്ടർ പുറത്തേക്ക് വന്നു.  

 

“നിങ്ങളെ തടങ്കലിൽ ആക്കാനാണ് ഓർഡർ സുഹൃത്തേ...” കാർട്ടർ പറഞ്ഞു.

 

“പിന്നെന്താ...?” മാക്സ് പറഞ്ഞു. “വേറെ എവിടെപ്പോകാനാണ് ഞാൻ...” അദ്ദേഹം ജീപ്പിന്റെ പിൻസീറ്റിൽ കയറി. ജാക്ക് മുന്നിലും. ജൂലി ജീപ്പ് സ്റ്റാർട്ട് ചെയ്ത് ഓടിച്ചു പോയി.

 

ബാറിന്റെ കൗണ്ടറിൽ ചാരി നിന്ന് സെക്കുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു മൺറോ. മോളിയെ കണ്ടതും അദ്ദേഹം തിരിഞ്ഞു. “നിനക്ക് അത്ര സുഖമില്ലെന്ന് തോന്നുന്നല്ലോ...?”

 

“ആകെപ്പാടെ ഒരു അസ്വസ്ഥത... ഞങ്ങൾ കുറേ സംസാരിച്ചു... ഹാരിയെക്കുറിച്ച് അങ്ങേയറ്റം ഉത്കണ്ഠാകുലനാണ് അദ്ദേഹം... ചില കാര്യങ്ങളൊക്കെ അദ്ദേഹം പറഞ്ഞു.... റ്റെൽ  മീ അങ്കിൾ... എന്തിനാണ് നിങ്ങൾ അദ്ദേഹത്തെ ഇങ്ങോട്ട് കൊണ്ടുവന്നത്...?”

 

“അധികം വൈകാതെ ചിലതെല്ലാം നടക്കും അവിടെ... അതിന്റെ പൊടിപടലങ്ങൾ ഒന്ന് അടങ്ങുന്നത് വരെ മാക്സിനെ ലണ്ടനിൽ നിന്നും മാറ്റി നിർത്താമെന്ന് കരുതി...”

 

“അപ്പോൾ ഹാരിയെ രക്ഷപെടുത്തുന്നതിനെക്കുറിച്ച് നിങ്ങൾ ആലോചിക്കുന്നതേയില്ല...?”

 

“ഇല്ല... തീർത്തും അസാദ്ധ്യമാണത്...”

 

“എന്നാൽ മാക്സ് അങ്ങനെ കരുതുന്നില്ല...”

 

“അങ്ങനെ കരുതുന്നില്ലെന്നോ...?” ആശ്ചര്യത്തോടെ സെക്ക് ചോദിച്ചു.

 

മൺറോ പുരികം ചുളിച്ചു. “എങ്കിൽ ശരി, പറയൂ...”

 

മാക്സിന്റെ ആശയം അവൾ അവർക്ക് മുന്നിൽ അവതരിപ്പിച്ചു.

 

(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

 

13 comments:

  1. മാക്സിന്റെ ആശയം നടപ്പാക്കാൻ സമ്മതിക്കുമോ?

    ReplyDelete
    Replies
    1. തന്റെ അനന്തരവൾക്ക് വേണ്ടി മൺറോ സമ്മതിക്കില്ലേ...? എന്തു തോന്നുന്നു സുചിത്രാജീ...?

      Delete
  2. ഹാരിയുടെ അവസ്ഥ മോളിക്ക് സഹിക്കാൻ വയ്യ. മാക്സിനും. പക്ഷെ മാക്സിന്റെ പദ്ധതി അങ്ങേ അറ്റം അപകടമാണല്ലോ..... ബാക്കി അറിയാൻ തിടുക്കമായി

    ReplyDelete
    Replies
    1. ശരിയാണ്... അത്യന്തം റിസ്ക് നിറഞ്ഞ പ്ലാൻ... പക്ഷേ, തന്റെ സഹോദരന് വേണ്ടി... തന്റെ സഹോദരന്റെ പ്രണയിനിക്ക് വേണ്ടി മാക്സ് ആ റിസ്ക് ഏറ്റെടുക്കുവാൻ തയ്യാറാണ്...

      Delete
  3. മാക്സിന്റെ ആശയം വിജയിക്കണേ

    ReplyDelete
    Replies
    1. അങ്ങനെ പ്രത്യാശിക്കാം സുകന്യാജീ...

      Delete
  4. അപ്പൊ ഒരു ശ്രമം നടത്തി നോക്കുക തന്നെ...

    ReplyDelete
  5. "വ്യവസ്ഥകൾക്ക് അതീതമാണ് പ്രണയം... "

    കേൾക്കാനൊക്കെ സുഖമുണ്ട്…

    ReplyDelete
    Replies
    1. എന്തേ ഉണ്ണീ ഇപ്പോൾ ഇങ്ങനെ തോന്നാൻ...?

      Delete
    2. ജിമ്മിച്ചാ... എന്തു പറ്റി? 

      Delete
  6. മാക്സ് വീണ്ടും ഒരു സാഹസത്തിന് മുതിരുകയാണല്ലോ...

    ReplyDelete
  7. ഹെയർ 'ഇനി ഒരു മുഖ്യകഥപാത്രമായി മാറുമോ ..?

    ReplyDelete