Tuesday, October 2, 2018

ഫ്ലൈറ്റ് ഓഫ് ഈഗ്ൾസ് - 04


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

അദ്ദേഹം കഥ മുഴുവനും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ബാറിൽ ആളൊഴിഞ്ഞിരുന്നു. അവസാനത്തെ കസ്റ്റമറും എഴുന്നേറ്റ് പോയതോടെ ബാറിന്റെ വാതിൽ അടച്ച് തഴുതിട്ട ബെറ്റ്സി ഒരു ട്രേയിൽ ചായ കൊണ്ടു വന്ന് ഞങ്ങളുടെ മേശമേൽ വച്ചിട്ട് ഒന്നും ഉരിയാടാതെ തിരികെ പോയി. ഡെനിസിനെയും എന്നെയും പോലെ തന്നെ സിമിയോണും അമ്പരപ്പിലായിരുന്നു എന്ന് തോന്നിച്ചു.

ഇത്രയേ ഉള്ളോ... പിന്നൊന്നുമില്ല...?” ഒരിക്കൽക്കൂടി, ഡെനിസ് തന്നെയായിരുന്നു മൗനം ഭഞ്ജിച്ചത്.

ഒരിക്കലുമല്ല കുട്ടീ...” അദ്ദേഹം പുഞ്ചിരിച്ചു. “പലയിടത്തും അപൂർണ്ണമായ ഏടുകളുണ്ട്... ജർമ്മനിയിൽ എന്തൊക്കെയായിരിക്കും അന്ന് സംഭവിച്ചിരിക്കുക എന്നാണ് ഞാൻ ഉദ്ദേശിച്ചത്... അവിടെയും എല്ലാം ടോപ് സീക്രട്ട് ആയിരുന്നു... അതുകൊണ്ട് അക്കാര്യത്തിൽ എനിക്ക് നിങ്ങളെ സഹായിക്കാനാവില്ല...” അദ്ദേഹം എന്റെ നേർക്ക് തിരിഞ്ഞു. “എങ്കിലും, താങ്കളെപ്പോലുള്ള ഒരു വ്യക്തിക്ക് അതൊന്നും ഒരു പ്രശ്നമാകാൻ വഴിയില്ല... ആരെ പിടിച്ചാൽ എന്തെല്ലാം ലഭിക്കും എന്ന് താങ്കൾക്ക് നന്നായി അറിയുമായിരിക്കുമല്ലോ...”

അതെ... അങ്ങനൊയൊരു സാദ്ധ്യത ഇല്ലാതെയില്ല...” ഞാൻ പറഞ്ഞു.

എന്നാൽ ശരി...” അദ്ദേഹം എഴുന്നേറ്റു. “ഞാൻ ഉറങ്ങാൻ നോക്കട്ടെ...” അദ്ദേഹം ഡെനിസിന്റെ കവിളിൽ ഒരു മുത്തം നൽകി. “പോയി ഉറങ്ങൂ മകളേ... നല്ല ക്ഷീണം കാണും...”

അദ്ദേഹം പുറത്തേക്ക് നടന്നു. ഞങ്ങളോട് അനുവാദം ചോദിച്ചിട്ട് സിമിയോൺ അദ്ദേഹത്തെ അനുഗമിച്ചു. ഇനിയും അമ്പരപ്പ് മാറാതെ ഞാനും ഡെനിസും നെരിപ്പോടിലെ ചൂട് കാഞ്ഞ് പിന്നെയും അവിടെത്തന്നെ ഇരുന്നു.

ഞാൻ ആലോചിക്കുകയായിരുന്നു...” ഡെനിസ് പറഞ്ഞു. “ആർമിയിൽ ആയിരുന്ന സമയത്ത് കുറച്ച് കാലം നിങ്ങൾ ജർമ്മനിയിൽ സേവനമനുഷ്ഠിച്ചതല്ലേ...? അവിടെയുള്ള ജർമ്മൻ ബന്ധുക്കളെക്കുറിച്ച് നിങ്ങൾ പറയുമായിരുന്നല്ലോ... അതിലൊരാൾ അവിടെ പോലീസിലോ മറ്റോ ആയിരുന്നുവെന്നല്ലേ നിങ്ങളൊരിക്കൽ പറഞ്ഞത്...?”

ശരിയാണ്... ഗെസ്റ്റപ്പോയിൽ ആയിരുന്നു അയാൾ...”

പ്രത്യേകിച്ചൊരു  ഞെട്ടലൊന്നും അത് കേട്ട് അവൾക്കുണ്ടായില്ല. യുദ്ധം അവസാനിച്ചിട്ട് അര നൂറ്റാണ്ടോളം കഴിയുന്നു. അവൾ ജനിക്കുന്നതിനും മുമ്പ് ആയിരുന്നല്ലോ അതെല്ലാം. “എങ്കിൽ പിന്നെ ആ വഴിക്കൊന്ന് ശ്രമിച്ചു കൂടേ...?” അവൾ ആരാഞ്ഞു.

ഞാനൊന്ന് നോക്കട്ടെ...” അവളെ പിടിച്ചെഴുന്നേൽപ്പിച്ചു കൊണ്ട് ഞാൻ പറഞ്ഞു. “നേരം വളരെ വൈകി... ഉറങ്ങണ്ടേ...?”

രണ്ട് കട്ടിലുകൾ ചേർത്തിട്ട ഒരു ചെറിയ മുറിയായിരുന്നു അത്. അവളുടെ ക്രമാനുഗതമായ ശ്വാസോച്ഛ്വാസം ശ്രവിച്ചുകൊണ്ട് ഉറക്കം വരാതെ ഞാൻ കിടന്നു. ഇരുട്ടിലേക്ക് തുറിച്ച് നോക്കി കിടക്കവെ ഞാൻ ഓർക്കുകയായിരുന്നു ആ കാലം... വളരെ പണ്ട്... ജർമ്മനിയിൽ സേവനം അനുഷ്ഠിച്ചിരുന്ന ആ കാലം...

                                                              ***
എന്റെ ജർമ്മൻ ബന്ധം വളരെ ലളിതമായിരുന്നു. യുദ്ധാനന്തരം ബെർലിനിൽ നിലയുറപ്പിച്ച ബ്രിട്ടീഷ് ആർമിയോടൊപ്പം റോയൽ ഹോഴ്സ് ഗാർഡ്സ് വിഭാഗത്തിൽ നാഷണൽ സർവീസിന്റെ ഭാഗമായി കുറച്ചു നാൾ... ശീതയുദ്ധം പുകഞ്ഞുകൊണ്ടിരുന്ന നാളുകളിൽ കിഴക്കൻ ജർമ്മനിയുടെ അതിർത്തികളിൽ ഡിംഗോ സ്കൗട്ട് കാറുകളിൽ പട്രോൾ ഡ്യൂട്ടി... അതായിരുന്നു ഞങ്ങളുടെ ചുമതല.

യോർക്ഷയറിലെ തരിശുനിലങ്ങൾ പോലെയായിരുന്നു ഞങ്ങൾ റോന്ത് ചുറ്റിയിരുന്ന സ്ഥലങ്ങൾ. വൂതെറിങ്ങ് ഹൈറ്റ്സിലെ കഥാപാത്രങ്ങളായ ഹീത്ക്ലിഫും കാതിയും കനത്ത മഞ്ഞിൽ നിന്നും മഴയിൽ നിന്നും രക്ഷ തേടി ഓടിക്കിതച്ച് ഏത് നിമിഷവും എന്റെ മുന്നിൽ പ്രത്യക്ഷപ്പെടാമെന്ന് തോന്നിപ്പോയ നാളുകൾ... അസഹനീയവും ദുരിതപൂർണ്ണവും... അതായിരുന്നു ആ പ്രദേശത്തെ കാലാവസ്ഥയെക്കുറിച്ച് സൂചിപ്പിക്കുവാൻ പറ്റിയ ഏറ്റവും മൃദുവായ വാക്കുകൾ.

പൂർണ്ണമായും തുറസ്സായതായിരുന്നു അക്കാലത്ത് പൂർവ്വ ജർമ്മനിയുടെയും പശ്ചിമ ജർമ്മനിയുടെയും അതിരുകൾ. കിഴക്കൻ ജർമ്മനി താവളമാക്കി കരിഞ്ചന്ത വ്യാപാരം നടത്തിയിരുന്ന മുൻ SS സേനാംഗങ്ങളിൽ ഭൂരിപക്ഷവും പോലീസ് നടപടികളെത്തുടർന്ന് അഭയാർത്ഥികൾ എന്ന വ്യാജേന പശ്ചിമ ജർമ്മനിയിലേക്ക് രക്ഷപെടുവാൻ ശ്രമിച്ചിരുന്നു. അത്തരത്തിൽ പലായനം ചെയ്യുന്നവരെ തടഞ്ഞ് തിരിച്ച് വിടുക എന്നതായിരുന്നു ഞങ്ങളുടെ ചുമതല.

സൈബീരിയൻ ഇൻഫൻട്രി റെജിമെന്റുകൾ ആയിരുന്നു പലപ്പോഴും ഞങ്ങളുടെ എതിരാളികൾ. ഒരു ദാക്ഷിണ്യവുമില്ലാത്ത അവർ മിക്കപ്പോഴും ഞങ്ങളുടെ നേർക്ക് വെടിയുതിർക്കുമായിരുന്നു. വേൾഡ് വാർ രണ്ടര എന്നായിരുന്നു ഞങ്ങൾ ആ പോരാട്ടത്തെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ഞങ്ങളുടെ ഊഴം വന്നപ്പോഴേക്കും ഞങ്ങളെ തിരികെ വിളിക്കുകയാണുണ്ടായത്. ഇതേ ജോലി ചെയ്തിരുന്ന അമേരിക്കക്കാർക്ക് മൂന്ന് മെഡലുകൾ ലഭിച്ചപ്പോൾ ഞങ്ങൾക്ക് ഒരു നല്ല വാക്ക് പോലും ലഭിച്ചില്ല...!

ലീഡ്സിൽ തിരിച്ചെത്തിയ എനിക്ക് ഒട്ടും സംതൃപ്തി നൽകുന്ന ജോലിയായിരുന്നില്ല ലഭിച്ചത്. അങ്ങനെ പോകവെ ഒരു നാൾ അധികാരികളിൽ നിന്നും എനിക്കൊരു ലെറ്റർ വന്നു. അടുത്ത പത്ത് വർഷത്തേക്ക് ഞാൻ അവരുടെ റിസർവ് ലിസ്റ്റിൽ ആണുള്ളതെന്നും ടെറിറ്റോറിയൽ ആർമിയിൽ ഉടൻ ജോയിൻ ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട്. എന്നാൽ വാരാന്ത്യങ്ങളിൽ മാത്രം ഡ്യൂട്ടിയുള്ള ഒരു ജോലി ആയിരുന്നു അത്. കൂടുതൽ പണം സമ്പാദിക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യമായ ഞാൻ അധികാരികളെ സമീപിച്ചു. ലണ്ടനിൽ പോയി എന്തെങ്കിലും ജോലി അന്വേഷിക്കാമെന്നൊരു കണക്കുകൂട്ടലും എനിക്കുണ്ടായിരുന്നു. ലണ്ടനിലുള്ള ടെറിറ്റോറിയൽ ആർമി റെജിമെന്റിലേക്ക് പോകുവാനാണ് അവർ നിർദ്ദേശിച്ചത്.

എല്ലാ രേഖകളുമായി ഞാൻ ടെറിറ്റോറിയൽ ആർമിയുടെ ലണ്ടനിലെ  21 SAS റെജിമെന്റിൽ എത്തിച്ചേർന്നു. നിരവധി പേപ്പറുകൾ പൂരിപ്പിച്ചതിന് ശേഷം പതിവുള്ള മെഡിക്കൽ ചെക്കപ്പും കഴിഞ്ഞ് മേജർ വിൽസന്റെ മുന്നിലാണ് ഞാൻ എത്തിയത്. പിൽക്കാലത്ത് നടന്ന പല സംഭവങ്ങളും അപഗ്രഥിച്ചാൽ അത് അദ്ദേഹത്തിന്റെ യഥാർത്ഥ നാമം ആയിരുന്നുവോ എന്ന് ഇന്നും എനിക്ക് സംശയമുണ്ട്.

കോർപ്പറൽ, ഇതാ ഇവിടെ ഒരു സൈൻ ചെയ്തേക്കൂ...” അദ്ദേഹം ഒരു ഫോം എന്റെ മുന്നിലേക്ക് നീക്കി വച്ചു.

എന്ത് പേപ്പറിലാണ് ഞാൻ സൈൻ ചെയ്യുന്നതെന്ന് അറിയാനുള്ള അവകാശമുണ്ടോ സർ...?” ഞാൻ ചോദിച്ചു.

ഒഫിഷ്യൽ സീക്രട്ട് ആക്റ്റ്...” മന്ദഹസിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. “ഇത് അത്തരത്തിലുള്ള ഒരു യൂണിറ്റാണ്... മനസ്സിലായോ...?”

ഒന്ന് സംശയിച്ചിട്ട് ഞാൻ ആ പേപ്പറിൽ ഒപ്പിട്ടു കൊടുത്തു.

ഗുഡ്...” അദ്ദേഹം ആ ഫോം തിരികെ വാങ്ങി.

ശനിയാഴ്ച്ച റിപ്പോർട്ട് ചെയ്തോട്ടെ സർ...?” ഞാൻ ചോദിച്ചു.

നോ, നോട്ട് യെറ്റ്... ചില ഫോർമാലിറ്റികൾ കൂടിയുണ്ട്... സമയമാകുമ്പോൾ ഞങ്ങൾ അറിയിക്കാം...” അദ്ദേഹം പുഞ്ചിരിച്ചു.

വലിയ പ്രതീക്ഷയൊന്നും ഇല്ലാത്തതിനാൽ അത് അവിടം കൊണ്ട് അവസാനിപ്പിച്ച് ഞാൻ ലീഡ്സിലേക്ക് മടങ്ങി.

രണ്ടാഴ്ച്ചകൾക്ക് ശേഷം ഒരു ദിനം ഞാൻ ജോലി ചെയ്തുകൊണ്ടിരുന്ന ഇൻഷുറൻസ് ഓഫീസിൽ ഇരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ഫോൺ കോൾ എനിക്ക് വരുന്നത്. സിറ്റി സ്ക്വയറിനടുത്തുള്ള യേറ്റ്സ് വൈൻ ബാറിൽ ഉച്ച ഭക്ഷണ സമയത്ത് സന്ധിക്കണമെന്നായിരുന്നു സന്ദേശം. ഭക്ഷണം ആസ്വദിച്ചുകൊണ്ടിരിക്കവെയാണ് അദ്ദേഹം ആ അശുഭ വാർത്ത എന്നെ അറിയിച്ചത്.

കാര്യമെന്താണെന്ന് വച്ചാൽ മകനേ, SAS റെജിമെന്റിന് നിങ്ങളെ നിയമിക്കാൻ കഴിയില്ല... മെഡിക്കൽ റിപ്പോർട്ട് പ്രകാരം നിങ്ങളുടെ ഇടത് കണ്ണിന് അല്പം പ്രശ്നമുണ്ട്... കണ്ണട ഉപയോഗിക്കുന്ന കാര്യം നിങ്ങൾ പറഞ്ഞിട്ടേയില്ല...” അദ്ദേഹം പറഞ്ഞു.

ശരിയാണ്... പക്ഷേ, ഞാൻ മുമ്പ് ജോലി ചെയ്തിരുന്ന ഹോഴ്സ് ഗാർഡ്സിൽ അവർ ഒരു തടസ്സവും പറഞ്ഞില്ലല്ലോ... ബിസ്ലേയിലുള്ള റെജിമെന്റൽ ടീമിലെ ഷൂട്ടർ ആയിരുന്നു ഞാൻ... ഷാർപ്പ് ഷൂട്ടർ ബാഡ്ജും എനിക്കുണ്ട്...”

യെസ്, അതെല്ലാം ഞങ്ങൾക്കറിയാം... പൂർവ്വ ജർമ്മനിയുടെ അതിർത്തിയിൽ രണ്ട് റഷ്യൻ സൈനികരെ നിങ്ങൾ വെടി വെച്ചു കൊന്ന കാര്യവും ഞങ്ങൾക്കറിയാം... കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും ഏതോ ഒരു ക്ലാർക്ക് നിങ്ങളുടെ മെഡിക്കൽ ഫോമിൽ കണ്ണിന്റെ കാര്യം പൂരിപ്പിക്കാൻ വിട്ടു പോയത് കൊണ്ട് മാത്രമാണ് ഹോഴ്സ് ഗാർഡിൽ അന്ന് നിങ്ങൾക്ക് ജോലി തരപ്പെട്ടത്...” അദ്ദേഹം പറഞ്ഞു.

അപ്പോൾ ഇനി പ്രതീക്ഷ വേണ്ടെന്നാണോ...?”

അതെ... ദൗർഭാഗ്യകരം എന്നല്ലാതെ എന്ത് പറയാൻ... നിങ്ങളുടെ പശ്ചാത്തലം എല്ലാം ഇന്ററസ്റ്റിങ്ങ് തന്നെയാണ്... ഹാംബർഗ് ഹെഡ്ക്വാർട്ടേഴ്സിലെ സ്റ്റാഫ് സെർജന്റ് ആയിരുന്നു നിങ്ങളുടെ അമ്മാവൻ... അദ്ദേഹത്തിന്റെ റെക്കോഡ്സ് ഞാൻ കണ്ടു... ഡൺകിർക്ക് ആക്രമണത്തിന് തൊട്ടുമുമ്പ് പിടിക്കപ്പെട്ട അദ്ദേഹം നാല് തവണ ജയിൽ ചാടിയെങ്കിലും പിടിക്കപ്പെട്ട് ഓഷ്വിറ്റ്സിൽ സഖ്യകക്ഷികളുടെ സൈനികരെ പാർപ്പിക്കുന്ന തടവറയിൽ അടക്കപ്പെട്ടു... അവരിൽ മൂന്നിൽ രണ്ട് ഭാഗവും പിന്നീട് മരണമടയുകയാണുണ്ടായത്...”

അതെ, ശരിയാണ്...” ഞാൻ പറഞ്ഞു.

“ജർമ്മൻ ഭാഷയിലുള്ള അസാമാന്യ പ്രാവീണ്യം ഒന്നു കൊണ്ട് മാത്രമാണ് പിന്നീട് അദ്ദേഹത്തിന് അവർ ഹാംബർഗിലെ ഹെഡ്ക്വാർട്ടേഴ്സിൽ ജോലി കൊടുത്തത്... അവിടെ വച്ച് അദ്ദേഹം യുദ്ധത്തിൽ ഭർത്താവ് കൊല്ലപ്പെട്ട ഒരു ജർമ്മൻ വിധവയെ വിവാഹം കഴിക്കുകയും ചെയ്തു... ശരിയല്ലേ...?”

“അതെ... പ്രണയത്തിന് അതിരുകൾ ബാധകമല്ലല്ലോ...” ഞാൻ പറഞ്ഞു.

“ശരിയാണ്... അതു പോലെ തന്നെ ഇന്ററസ്റ്റിങ്ങ് ആണ് നിങ്ങളുടെ ഭൂതകാലവും... ഇംഗ്ലണ്ടിൽ ജനിച്ച ഐറിഷ് – സ്കോട്ടിഷ് വംശജൻ... ബാല്യകാലം ബെൽഫാസ്റ്റിലെ ഷാൻകിൽ പ്രദേശത്ത്... അവിടെ വളർന്നവരെ എന്താണവർ വിളിക്കുന്നത്...? ഓറഞ്ച് പ്രോഡ്...? ശരിയല്ലേ...?”

“അതുകൊണ്ട്...?”

“മാത്രമല്ല, പോറ്റി വളർത്തിയത് നിങ്ങളുടെ മാതാവിന്റെ ഒരു അടുത്ത ബന്ധുവും... ക്രോസ്മാഗ്ലണിൽ താമസിച്ചിരുന്ന അവർ തികഞ്ഞ ഒരു കത്തോലിക്കാ വിശ്വാസി ആയിരുന്നു... അങ്ങേയറ്റം റിപ്പബ്ലിക്കൻ ചിന്താഗതിക്കാരാണ് ആ പ്രദേശത്തുള്ളവർ... കുറേയേറെ പരിചയങ്ങളും സുഹൃത്തുക്കളും ഉണ്ടാകണമല്ലോ നിങ്ങൾക്കവിടെ...”

“സർ...” ഞാൻ കരുതലോടെ ആരാഞ്ഞു. “എന്നെക്കുറിച്ച് താങ്കൾക്ക് അറിയാൻ പാടില്ലാത്തതായി ഇനി എന്തെങ്കിലുമുണ്ടോ...?”

“ഇല്ല...” അദ്ദേഹം മന്ദഹസിച്ചു. “ഞങ്ങൾ എല്ലാ കാര്യവും ആഴത്തിൽ പഠിക്കാറുണ്ട്...” അദ്ദേഹം എഴുന്നേറ്റു. “എനിക്ക് പോകേണ്ട സമയമായി... നിങ്ങളുടെ ജോലിക്കാര്യം ഇത്തരത്തിൽ ആയതിൽ എനിക്ക് ഖേദമുണ്ട്...” അദ്ദേഹം തന്റെ റെയിൻകോട്ട് എടുത്തു. “ഒരു കാര്യം കൂടി... നിങ്ങൾ ആ ഒഫിഷ്യൽ സീക്രട്ട് ആക്റ്റിൽ സൈൻ ചെയ്ത കാര്യം ഓർമ്മയിരിക്കട്ടെ... ജയിൽ ശിക്ഷയാണ് അത് മറന്ന് പ്രവർത്തിക്കുന്നതിന്...”

സത്യമായിട്ടും ഞാൻ അന്ധാളിച്ചു പോയിരുന്നു. “പക്ഷേ, ഇനി എന്താണതിന് പ്രസക്തി...? പ്രത്യേകിച്ചും താങ്കളുടെ റെജിമെന്റിന് എന്നെ ആവശ്യമില്ലാത്ത സ്ഥിതിക്ക്...?”

മുന്നോട്ട് നടന്ന് നീങ്ങിത്തുടങ്ങിയ അദ്ദേഹം തിരിഞ്ഞ് നിന്നു. “നിങ്ങൾ ഇപ്പോഴും ആർമി റിസർവ്വിലെ ഒരു അംഗമാണെന്ന കാര്യം മറക്കണ്ട... ഏത് നേരത്തും തിരികെ വിളിക്കപ്പെടാം...”

                                                            ***

എങ്കിലും എന്നിൽ കൗതുകമുണർത്തിയത് 1952 വരെ ഞാൻ പോലും അറിയാതിരുന്ന എന്റെ ജർമ്മൻ ബന്ധത്തെക്കുറിച്ച് അദ്ദേഹം ഒന്നും തന്നെ പ്രതിപാദിച്ചില്ല എന്നതാണ്. എന്റെ അമ്മാവന്റെ ഭാര്യയ്ക്ക് ഒരു അനന്തിരവൻ ഉണ്ടായിരുന്നു. കോൺറാഡ് സ്ട്രാസർ എന്നായിരുന്നു അയാളുടെ പേര്. അല്ലെങ്കിൽ അതായിരുന്നു വർഷങ്ങളോളം അയാൾ കൊണ്ടു നടന്നിരുന്ന പല പേരുകളിൽ ഒന്ന്. അമ്മാവന്റെ ജർമ്മൻ ബന്ധുക്കൾക്കായി ഹാംബർഗിലെ സെന്റ് പോളിയിൽ വച്ച് സംഘടിപ്പിച്ച ഒരു പാർട്ടിയിൽ വച്ചാണ് അയാളെ ഞാൻ പരിചയപ്പെടുന്നത്.

എപ്പോഴും പുഞ്ചിരിക്കുന്ന മുഖവും ഉയരം കുറഞ്ഞ് അല്പം ഇരുണ്ട നിറവുമുള്ള ചുറുചുറുക്കുള്ള ഒരു വ്യക്തിയായിരുന്നു കോൺറാഡ്. മുപ്പത്തിരണ്ടുകാരനായ അയാൾ അന്ന് ഹാംബർഗ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിൽ ചീഫ് ഇൻസ്പെക്ടർ ആയി ജോലി നോക്കുകയാണ്. ശബ്ദായമാനമായ ആ ഹാളിന്റെ ഒരു മൂലയിൽ ഞങ്ങൾ ഇരുവരും സംസാരിച്ചു കൊണ്ട് നിന്നു.

“അതിർത്തിയിലെ ജോലി എങ്ങനെയുണ്ടായിരുന്നു...? രസകരമായിരുന്നുവോ...?” അയാൾ ആരാഞ്ഞു.

“മഞ്ഞ് വീഴ്ച്ചയുടെ നാളുകളിൽ കഠിനം തന്നെയായിരുന്നു...” ഞാൻ പറഞ്ഞു.

“റഷ്യ ഇതിനേക്കാൾ കഷ്ടമായിരുന്നു...”

“റഷ്യൻ അതിർത്തിയിലെ സൈന്യത്തിലായിരുന്നുവോ നിങ്ങൾ...?” ഞാൻ ചോദിച്ചു.

“അല്ല... ഗെസ്റ്റപ്പോയിൽ ആയിരുന്നു... ആർമിയിലേക്ക് വിതരണം ചെയ്യാനുള്ള വസ്തുക്കൾ കൊള്ളയടിക്കുന്നവരെ വക വരുത്തുക എന്നതായിരുന്നു ഞങ്ങളുടെ ചുമതല...”

വാസ്തവത്തിൽ ഞാൻ അല്പം ഭയന്നു പോയിരുന്നു. എങ്കിലും പരിഭ്രമം പുറത്ത് കാണിക്കാതെ ഞാൻ ചോദിച്ചു. “ഗെസ്റ്റപ്പോ...?”

 “അതെ...” അയാൾ പുഞ്ചിരിച്ചു. “നിങ്ങളുടെ അറിവിനെ അല്പം കൂടി ഞാൻ പരിപോഷിപ്പിക്കാം... പരിചയസമ്പന്നരും വിദഗ്ദ്ധരുമായ ഡിറ്റക്ടിവ് ഉദ്യോഗസ്ഥരെ ഗെസ്റ്റപ്പോയ്ക്ക് ആവശ്യമായിരുന്നു... അതിനാൽ രാജ്യമൊട്ടുക്കുമുള്ള പോലീസ് സേനാംഗങ്ങൾക്കിടയിലേക്ക് ഇറങ്ങി അവർക്ക് ആവശ്യമുള്ളവരെ അത്രയും പേരെ റിക്രൂട്ട് ചെയ്തു... അതുകൊണ്ട് തന്നെ ഞാനുൾപ്പെടെ ഗെസ്റ്റപ്പോയിലെ അമ്പത് ശതമാനത്തിൽ അധികം പേരും നാസി അനുഭാവികൾ ആയിരുന്നില്ല... 1940 ൽ അവർ എന്നെ ഹൈജാക്ക് ചെയ്യുമ്പോൾ എനിക്ക് വയസ്സ് ഇരുപത്... എന്റെ മുന്നിൽ വേറേ മാർഗ്ഗമുണ്ടായിരുന്നില്ല എന്നതാണ് സത്യം...”

അയാൾ പറഞ്ഞതെല്ലാം തന്നെ എനിക്ക് വിശ്വസനീയമായിട്ടാണ് തോന്നിയത്. പിന്നീട് എന്റെ ജീവിതത്തിൽ സംഭവിച്ച പല കാര്യങ്ങളും അയാൾ അന്ന് പറഞ്ഞത് സത്യമാണെന്ന് തെളിയിക്കുകയും ചെയ്തു. എന്ത് തന്നെയായാലും ശരി, ഒരുപാട് ഇഷ്ടമായിരുന്നു അയാളെ എനിക്ക്.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
    

33 comments:

  1. Replies
    1. തീർച്ചയായും ശ്രീക്കുട്ടാ...

      Delete
  2. കഥ ഇനിയും തുടങ്ങിയില്ലാല്ലെ. അതിനു മുമ്പുള്ള അടിത്തറ നന്നായി വരുന്നു. ഈ പേരുകൾ ഓർത്തിരിക്കാനാണ് ഇച്ചിരി പാട്.
    ആശംസകൾ.
    ഇന്ന് ഞാനാണൊ തേങ്ങയുടച്ചേ....?

    ReplyDelete
    Replies
    1. അതെ... ഫൗണ്ടേഷൻ കെട്ടി വരുന്നതേയുള്ളു അശോകേട്ടാ... പിന്നെ, പേരുകളൊക്കെ ഞാനും പരിചയപ്പെട്ട് വരുന്നതേയുള്ളൂ കേട്ടോ...

      Delete
  3. ഗെസ്റ്റാപ്പോ ആയിരുന്ന കോണ്രാഡ്‌ എന്തൊക്കെയാവും പ്രവചിച്ചത്‌

    ReplyDelete
    Replies
    1. അത് നമുക്ക് വഴിയേ മനസ്സിലാക്കാം സുകന്യാജീ...

      Delete
  4. ഞാൻ ഇനിം ട്രാക്കിൽ ആയിട്ടില്ല.
    പോകപ്പോകെ ശരിയാകും എന്ന് കരുതുന്നു .

    ReplyDelete
    Replies
    1. ങ്ഹെ...! ട്രാക്കിൽ ആയില്ലെന്നോ...!

      നോവലിസ്റ്റും ഭാര്യയും കൂടി കടലിൽ ലാന്റ് ചെയ്യുന്നു... അവരെ രക്ഷിച്ച സെക്ക് ആക്‌ലന്റ് എന്ന വൃദ്ധൻ കരടിക്കുട്ടനെ കണ്ട് അമ്പരക്കുന്നു... അവരെ തന്റെ ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ട് പോയി കരടിക്കുട്ടന്റെയും ഫൈറ്റർ പൈലറ്റുമാരായ ഇരട്ടസഹോദരന്മാരുടെ കഥ പറഞ്ഞു
      കൊടുക്കുന്നു... ജർമ്മൻ പക്ഷത്തുണ്ടായിരുന്ന സഹോദരന്റെ കൂടുതൽ വിവരങ്ങൾ തനിക്കറിയില്ല എന്നും അത് ജാക്ക് ഹിഗ്ഗിൻസിനോട് തന്നെ കണ്ടുപിടിക്കുവാനും പറയുന്നു...

      ജാക്ക് ഹിഗ്ഗിൻസ് തന്റെ അമ്മാവന്റെ ഭാര്യയുടെ അനന്തിരവനായ കോൺറാഡ് സ്ട്രാസറുടെ കാര്യം ഓർമ്മിക്കുന്നു...

      ഇതിൽ ഏതാണ് മനസ്സിലാവാത്തത് എന്റെ ഉണ്ടാപ്രീ...? :)

      Delete
    2. കരടികുട്ടനെ കിട്ടിയത് വരെ ഓക്കേ ..

      നമുക്കിഷ്ടം ഉള്ളവരെ കാണുമ്പോ മനസ്സിൽ മഞ്ഞുതുള്ളി വീണപോലെ കുളിർമ ഉണ്ടാവും എന്നല്ലേ പറയുന്നേ ..
      പേരെന്താ പറഞ്ഞേ... ഹാരി ..
      ങ്ഹാ ഹാരിയെ കാണുമ്പോ എനിക്കങ്ങനെ ഇല്ല .. സോറി

      Delete
    3. അത് പിന്നെ പോൾ ഗെറിക്കിന്റെയും ജാനറ്റ് മൺറോയുടെയും റിക്ടറുടെയും ലോട്ടെയുടെയും ഡെവ്‌ലിന്റെയും മോളിയുടെയും ജോ മാർട്ടി‌ന്റെയും ഇലാനയുടെയും പോൾ ഷാവേസിന്റെയും അന്നയുടെയും പോലെ ട്രാക്കിലാവണമെങ്കിൽ ഇത്തിരി സമയം കൊടുക്കെന്റെ ഉണ്ടാപ്രീ... നമ്മുടെ ഹാരിയും വരും ഒരു പ്രണയിനിയെയും കൊണ്ട്...

      Delete
    4. ഇങ്ങനെ മാസത്തിൽ ഒരു പോസ്റ്റ് വീതമാണെങ്കിൽ ഏത് ഉണ്ടാപ്രിയും ട്രാക്ക് തെറ്റും!!

      Delete
  5. ഞാന്‍ ഹാജര്‍ വച്ചിരിക്കുന്നു.മാവേലിക്കിരിടം കൈപ്പറ്റിയിരിക്കുന്നു.
    കറക്റ്റ് പാകം എനിക്കത്

    ReplyDelete
    Replies
    1. ഒടുവിൽ നല്ല കുട്ടി ആയി അല്ലേ... നന്നായി... :)

      Delete
  6. എല്ലാ ആഴ്ചയും മുടങ്ങാതെ ഇടണേ വിനുവേട്ടാ. ഇന്നേ വായിക്കാൻ പറ്റീള്ളു

    ReplyDelete
    Replies
    1. ശ്രമിക്കാം സുചിത്രാജീ...

      Delete
  7. Jack Higgins interesting aavan thutangi. Amma kshamallyande nnekkondu kindle version vangippichu. :-). Suchithra

    ReplyDelete
    Replies
    1. അതെയോ...! അപ്പോൾ ഇനി ഭയക്കണമല്ലോ... ടീച്ചർ എന്റെ ചെവിക്ക് പിടിക്കുമോ... ?

      Delete
  8. Intro നന്നായിട്ടുണ്ട് വിനുവേട്ടാ...

    ReplyDelete
  9. ഓഫീസ് സീക്രട്ട് ആക്ടിൽ ഒപ്പിട്ടു കഴിഞ്ഞല്ലോ! സൂക്ഷിക്കണം... നന്നായിട്ടുണ്ട്. ആശംസകൾ

    ReplyDelete
    Replies
    1. അതെ... ഇനി വളരെ സൂക്ഷിക്കണം... നിസ്സാര കളിയല്ല...

      Delete
  10. കടലിൽ നിന്നും കരയിലേക്കെത്തി
    കഥകാരൻ കഥക്ക് നല്ല ബലമുള്ള അടിത്തറ
    പണിതുകഴിഞ്ഞു ...
    ഇനി പതിയെ പതിയെ ഓരൊ കഥാപാത്രങ്ങളും
    പല പണിക്കാരുടെ വേഷത്തിൽ വന്ന് ഇത് പണിതുയർത്തുന്നത്
    നമുക്ക് കാണാം ...

    ReplyDelete
  11. എന്താ പുതിയത് പോസ്റ്റ് ചെയ്യാത്തത്? ഞാന്‍ ഇടയ്ക്കിടെ വന്നു നോക്കുന്നുണ്ട് ട്ടോ.

    ReplyDelete
    Replies
    1. ലാപ്‌ടോപ് അടിച്ചുപോയി എഴുത്തുകാരീ... അതോണ്ടാ... :(

      Delete
  12. ജാക്കേട്ടൻ ഒരു സംഭവം തന്നെ എന്ന് വീണ്ടും തെളിയിച്ച്കൊണ്ടിരിക്കുന്നു!!

    (വായനക്കാരുടെ ക്ഷമ പരീക്ഷിക്കാതെ അടുത്ത ലക്കത്തെ ഇറക്കി വിടണം മിസ്റ്റർ വിവർത്തകൻ...)

    ReplyDelete
    Replies
    1. ലാപ്‌ടോപ് ശരിയാവില്ലാന്ന്... ഇറ്റ് ഈസ് ഇൻക്യൂറബിൾ എന്ന് കണ്ണിൽ ചോരയില്ലാതെ അവർ എന്റെ മുഖത്ത് നോക്കി പറഞ്ഞു...

      പ്രതീക്ഷ അറ്റുപോയ സ്ഥിതിക്ക് ഒരു അറ്റ കൈ പ്രയോഗം നടത്തി നോക്കുവാനുള്ള ശ്രമത്തിലാണ് ഞാൻ... മൊബൈൽ വഴി ടൈപ്പ് ചെയ്ത് പോസ്റ്റ് ചെയ്യുവാനുള്ള ശ്രമം... ഇത്തിരി ബുദ്ധിമുട്ടാണെങ്കിലും വിടില്ല ഞാൻ...

      Delete
  13. പേരൊക്കെ പെട്ടെന്ന് പഠിച്ചെടുക്കാൻ ഇത്തിരി പാട്... സാരമില്ല.

    ReplyDelete
    Replies
    1. അതൊക്കെ പതുക്കെ ശരിയായിക്കോളും ഗീതാജീ...

      Delete
  14. ജോലി കൊടുക്കത്തുമില്ല.പുറത്തൊന്നും മിണ്ടിപ്പോകരുതെന്നും.

    എന്നാ എടപാടാ??

    ReplyDelete
    Replies
    1. അതാണ് ഒഫിഷ്യൽ സീക്രട്ട് ആക്റ്റ്...

      Delete
  15. വിനുവേട്ടാ..ഞാൻ പെട്ടു.ഇവിടെന്ന് അങ്ങോട്ട് ശ്രധിച്ചു വായിക്കണം ലെ.പേരുകൾ.ഉൾക്കഥകൾ.ഓർമ്മകൾ...

    ReplyDelete
    Replies
    1. അതെ... ലാലേട്ടൻ പറഞ്ഞത് പോലെ ഇനിയങ്ങോട്ട് ശ്രദ്ധിച്ച് ശ്രദ്ധിച്ച് വായിക്കണം...

      Delete