ബെർലിനിൽ, സമ്മർദ്ദങ്ങൾക്ക് വഴങ്ങിയ ഗീബൽസിന് തന്റെ ഉത്തരവ്
പിൻവലിക്കേണ്ടി വന്നു. അങ്ങനെ, മിശ്രവിവാഹിതിരായ ജൂത വംശജർ എല്ലാം തടവറയിൽ നിന്നും
മോചിതരായി. എൽസയുടെ
പരിചാരിക റോസയ്ക്ക് അവളുടെ ഭർത്താവ് ഹെയ്നിയെ തിരികെ ലഭിച്ചു.
ഒരു സ്റ്റാഫ് മീറ്റിങ്ങിനായി മാക്സ്
ബെർലിനിൽ എത്തിയിട്ടുണ്ട് എന്നറിഞ്ഞ എൽസ ഹർഷോന്മാദത്തിലായിരുന്നു.
“അത്ഭുതകരമായിരിക്കുന്നു അല്ലേ...?
ആ നാസി ബാസ്റ്റഡിനെ ഞങ്ങൾ തോൽപ്പിച്ചു
കളഞ്ഞു...” മാക്സിനെ
കണ്ടതും അവർക്ക് ആവേശം നിയന്ത്രിക്കാനായില്ല.
“ഇപ്പോഴത്തേക്ക് മാത്രം, മൂട്ടീ... ഇപ്പോഴത്തേക്ക് മാത്രം... നിങ്ങൾ അങ്ങേയറ്റം കരുതിയിരിക്കണം...”
“എന്തിന്...? എനിക്ക് ഒട്ടും ഭയമില്ല ഈ പന്നികളെ...” അവർ പറഞ്ഞു.
ആ നിമിഷമാണ് ടെലിഫോൺ റിങ്ങ് ചെയ്തത്.
ടെലിഫോൺ അറ്റൻഡ് ചെയ്ത അവർ റിസീവർ
മാക്സിന് നേർക്ക് നീട്ടി. “നിനക്കുള്ളതാണ്...”
“മാക്സ്, ഇത് ഞാനാണ്... ബുബി... ഗാലന്റിനൊപ്പം ഡിന്നർ കഴിക്കുവാൻ നിങ്ങൾ ഇന്നിവിടെ
ഉണ്ടാകുമെന്ന് ഞാനറിഞ്ഞു... ഒരു അഞ്ച് മിനിറ്റ് നിങ്ങളോട് സംസാരിക്കുവാൻ സാധിക്കുമോ...?”
“തീർച്ചയായും...”
റിസീവർ ക്രാഡിലിൽ വച്ചിട്ട് അദ്ദേഹം
അമ്മയെ നോക്കി. “ബുബി ആയിരുന്നു... അദ്ദേഹം ബാറിൽ ഇരിക്കുന്നുണ്ട്... എന്നോട് എന്തോ
പറയാനുണ്ടെന്ന്...”
“ശരി, നീ ചെല്ലൂ... ഈ വേഷം മാറിയിട്ട് ഞാനും വരുന്നുണ്ട്...”
അവർ ഡ്രെസ്സിങ്ങ് റൂമിലേക്ക് നടന്നു.
റോസ അവിടെ കാത്തു
നിൽക്കുന്നുണ്ടായിരുന്നു.
കോർണറിലുള്ള ബൂത്തിൽ ഇരുന്ന് ബുബി ഓർഡർ
ചെയ്ത ഷാംപെയ്ൻ നുണയവെ മാക്സ് ചോദിച്ചു. “എന്ത് സഹായമാണ് ഞാൻ ചെയ്യേണ്ടത്...?”
“മാക്സ്... നിങ്ങൾ എന്റെ സുഹൃത്താണ്...
ഡൺകിർക്കിനും മുമ്പ് നമ്മൾ ഒരുമിച്ച്
ഫ്രാൻസിലേക്ക് പറന്നിട്ടുള്ളതാണ്... ഒരവസരത്തിൽ നിങ്ങൾ എന്റെ ജീവൻ പോലും രക്ഷിച്ച ആളാണ്...”
“അതുകൊണ്ട്...?”
“അതുകൊണ്ട്... എന്റെ ഔദ്യോഗിക ജീവിതം...
എന്തിന്, എന്റെ ജീവൻ പോലും നിങ്ങളോടാണ് കടപ്പെട്ടിരിക്കുന്നത്...”
“ഇതൊക്കെ ഇപ്പോൾ പറയാൻ കാരണം...?”
മാക്സ് നെറ്റി ചുളിച്ചു.
“നിങ്ങളുടെ മാതാവ്...
ജൂതന്മാരുടെ പ്രതിഷേധ പ്രകടനത്തിലെ
അവരുടെ സാന്നിദ്ധ്യം... അത് എത്തേണ്ടയിടത്ത് എത്തിക്കഴിഞ്ഞിരിക്കുന്നു...”
“റൈഫ്യൂറർ അറിഞ്ഞുവെന്നാണോ...?”
“അതിനുമപ്പുറം... കൂടുതൽ വിവരങ്ങളൊന്നും എനിക്കറിയില്ല...
പക്ഷേ, ചില അന്വേഷണങ്ങളൊക്കെ നടക്കുന്നുണ്ട്...
കൂറില്ലാത്ത ആർമി ഓഫീസേഴ്സ്,
ഫ്യൂറർക്ക് എന്തെങ്കിലും ആപത്ത് പിണഞ്ഞാൽ
ഒരിറ്റ് കണ്ണീര് പോലും വീഴ്ത്താൻ മനസ്സില്ലാത്തവർ എന്നിവരെയൊക്കെക്കുറിച്ചുള്ള
വിവരങ്ങൾ അവർ ശേഖരിക്കുന്നുണ്ട്... ഫ്യൂറർക്ക് നേരെ വിഫലമായ രണ്ട് തവണ ബോംബാക്രമണം നടന്നു കഴിഞ്ഞു
എന്നാണ് ഞാൻ കേട്ടത്...”
“പക്ഷേ, ഇതെല്ലാം എന്റെ അമ്മയെ എങ്ങനെയാണ് ബാധിക്കുന്നത്...?”
“അനഭിമതരുമായിട്ടാണ് അവരുടെ കൂട്ടുകെട്ട്...
നോക്കൂ മാക്സ്...
എനിക്കറിയാം അവർക്കിതിൽ നേരിട്ട്
ബന്ധമൊന്നുമില്ലെന്ന്... പക്ഷേ, അവരുടെ സുഹൃത്തുക്കൾക്ക് ഇതിൽ പങ്കുള്ളതായിട്ടാണ് അറിയാൻ
കഴിഞ്ഞത്... മുങ്ങുന്ന
കപ്പലിലാണ് നിങ്ങളുടെ മാതാവും സഞ്ചരിക്കുന്നത്...”
ഹാർട്മാന്റെ സ്വരത്തിൽ ഉത്കണ്ഠ കലർന്നിരുന്നു.
“ഓൾ റൈറ്റ് ബുബി... ഇക്കാര്യം പറഞ്ഞതിന് വളരെ നന്ദി...”
മാക്സ് പറഞ്ഞു.
“പക്ഷേ, ഒരു ഉപകാരം ചെയ്യണം നിങ്ങളെനിക്ക്...
എന്നിൽ നിന്നാണ് ഇക്കാര്യം അറിഞ്ഞതെന്ന്
ഒരു കാരണവശാലും നിങ്ങൾ പ്രഭ്വിയോട് പറയരുത്...
കാരണം, അവർ സംസാരിക്കാൻ ആരംഭിച്ചാൽ ഈ പ്രദേശം മുഴുവനും
കേൾക്കുന്നത്ര ഉച്ചത്തിലായിരിക്കും... പിന്നെ, അവരെക്കുറിച്ച് ഇത് പറഞ്ഞതിന് നിങ്ങൾക്കെന്റെ മുഖം ഇടിച്ച് പരത്തണമെന്ന്
തോന്നുന്നുണ്ടെങ്കിൽ പെട്ടെന്നായിക്കോട്ടെ...
എനിക്ക് പോയിട്ട് ജോലിയുള്ളതാണ്...”
മാക്സ് പുഞ്ചിരിച്ചു.
“നിങ്ങൾ പറഞ്ഞതിൽ ഒട്ടും തെറ്റില്ല ബുബി...
വിവരം തന്നതിൽ വളരെ നന്ദിയുണ്ട്...”
“എങ്കിൽ ശരി... അധികം വൈകാതെ കാണാം...”
ബുബി ഹാർട്മാൻ പുറത്തേക്ക് നടന്നു.
മറ്റൊരു ഗ്ലാസ് ഷാംപെയ്നിന് ഓർഡർ
കൊടുത്തിട്ട് ഹാർട്മാൻ പറഞ്ഞ കാര്യത്തെക്കുറിച്ച് മാക്സ് ചിന്താമഗ്നനായി.
ഇക്കാര്യത്തിൽ അമ്മയുമായി തർക്കിച്ചിട്ട്
ഒരു നേട്ടവുമുണ്ടാകാൻ പോകുന്നില്ല. കരുതലോടെ വേണം ഈ വിഷയം കൈകാര്യം ചെയ്യാൻ...
അൽപ്പനേരം കഴിഞ്ഞതും അവിടെയെത്തിയ അഡോൾഫ്
ഗാലന്റ് മാക്സിനരികിൽ വന്ന് ഇരുന്നു. “നിങ്ങളുടെ അമ്മ നമ്മോടൊപ്പം കൂടുന്നുണ്ടോ...?”
“യെസ്...” ബാർമാന്റെ നേർക്ക് കൈ ഉയർത്തിക്കൊണ്ട് മാക്സ് പറഞ്ഞു.
“പക്ഷേ, അതിന് മുമ്പ് നിങ്ങളോട് എനിക്കൊരു കാര്യം പറയാനുണ്ട്...
ഈ സ്റ്റാഫ് ജോലി...
ഫ്രാൻസിൽ പോയി നടത്തിക്കൊണ്ടിരിക്കുന്ന
ഇൻസ്പെക്ഷനുകൾ... എനിക്ക് മടുത്തു ഡോൾഫോ...”
“ലിസൻ യൂ ഡോഗ്... ഫ്രഞ്ച് തീരത്ത് നിങ്ങൾ നടത്തുന്ന നിരന്തരമായ
പറക്കലിനെക്കുറിച്ച് എനിക്ക് നന്നായിട്ടറിയാം...
ME109 കൾ...
കഴിഞ്ഞയാഴ്ച്ച ഒരു ജങ്കേഴ്സ് 88S...
ക്രൂ പോലുമില്ലാതെ ഒരു വെറും ഡെലിവറി
പൈലറ്റ് ആയി...” ഗാലന്റ് പറഞ്ഞു.
“നോക്കൂ, ഞാനൊരു ഫൈറ്റർ പൈലറ്റാണ്...
ഇങ്ങനെ പോയാൽ എന്റെ കഴിവുകളൊക്കെ
നഷ്ടപ്പെടും...”
“എനിക്കറിയാം മാക്സ്...”
ഗാലന്റ് പുഞ്ചിരിച്ചു.
“പക്ഷേ, അൽപ്പം കൂടി ക്ഷമ കാണിച്ചേ തീരൂ നിങ്ങൾ...
ക്രിസ്മസിന് ശേഷം...
അതായത് ജനുവരിയിൽ നിങ്ങളെ ഞാൻ ഫൈറ്റർ
വിമാനങ്ങളിലേക്ക് മാറ്റാം... രാത്രി വേണോ പകൽ വേണോ എന്നതൊക്കെ നിങ്ങളുടെ ഇഷ്ടം...”
“ഇപ്പോൾ നിങ്ങൾ പറയുന്നത് കാര്യം...”
അങ്ങോട്ട് കടന്നു വരുന്ന തന്റെ മാതാവിനെ
കണ്ടതും ചാടിയെഴുന്നേറ്റു കൊണ്ട് മാക്സ് പറഞ്ഞു.
ഭക്ഷണത്തിന് ശേഷം അവരുടെ റൂമിന്റെ
ബാൽക്കണിയിലെ തുറന്ന ഫ്രഞ്ച് ജാലകത്തിനരികിൽ സിഗരറ്റും പുകച്ച് പുറത്തെ
ഇരുട്ടിലേക്ക് നോക്കിക്കൊണ്ട് നിൽക്കുന്ന മാക്സിനരികിലേക്ക് എൽസ എത്തി.
“ഇന്ന് RAF ന്റെ ആക്രമണം ഇല്ലെന്ന് തോന്നുന്നു...”
അവർ പറഞ്ഞു.
“ഇംഗ്ലണ്ടിനുള്ള കാലാവസ്ഥാ റിപ്പോർട്ട് ഞാൻ കണ്ടിരുന്നു...
തിരിച്ചു ചെല്ലുമ്പോൾ അവരുടെ
ലങ്കാസ്റ്ററുകൾക്ക് ലാന്റ് ചെയ്യാൻ കഴിയില്ല...
കനത്ത മൂടൽമഞ്ഞാണ് അവിടെങ്ങും...”
മാക്സ് പറഞ്ഞു.
“ദൈവത്തിന് നന്ദി... ഇന്ന് രാത്രിയെങ്കിലും സമാധാനമായിട്ടുറങ്ങാമല്ലോ...
അടുത്തിടെയായി വല്ലാത്ത രാത്രികളായിരുന്നു...
ആട്ടെ, അടുത്തെങ്ങാനും നീ ഫ്രാൻസിലേക്ക് പറക്കുന്നുണ്ടോ...?”
“അതിരാവിലെ...” മാക്സ് ഒന്ന് സംശയിച്ചു നിന്നു. “മൂട്ടീ... ഈയിടെയായി പുറമെ പലതും പറഞ്ഞു കേൾക്കുന്നുണ്ട്...
ഫ്യൂറർക്ക് എതിരെ സ്റ്റാഫ് ഓഫീസർമാർ
നടത്തിയ വധശ്രമങ്ങൾ...”
“അതിൽ ഏതെങ്കിലും വിജയിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ...”
“വിഡ്ഢിത്തരം പറയാതിരിക്കൂ മൂട്ടീ...
നിങ്ങളുടെ സുഹൃത്തുക്കൾ
ആരൊക്കെയാണെന്നുള്ളതിനെക്കുറിച്ച് ഓർമ്മ വേണം...
പ്ലീസ് മൂട്ടീ...
ആ ജൂത പ്രതിരോധ പ്രകടനം പോലുള്ളവയിൽ
ഒന്നും ദയവ് ചെയ്ത് തലയിടാതിരിക്കുക... വലിയ വില കൊടുക്കേണ്ടി വരും അതിന്...”
“എൽസാ വോൺ ഹാൾഡർ ആണ് ഞാൻ...
എനിക്ക് ശരി എന്ന് തോന്നുന്നത് ഞാൻ
ചെയ്യും...”
“വല്ലാത്ത അഹങ്കാരം തന്നെ...”
മാക്സിന് ദ്വേഷ്യം വന്നു തുടങ്ങിയിരുന്നു.
“ഈ തന്തയില്ലാത്തവന്മാരുടെ യഥാർത്ഥ
സ്വഭാവം നിങ്ങൾക്കിനിയും മനസ്സിലായിട്ടില്ലേ മൂട്ടീ...?
ഒരു ദാക്ഷിണ്യവുമില്ലാതെ
കെട്ടിത്തൂക്കിയിരിക്കും നിങ്ങളെ അവർ...”
“അസംബന്ധം പറയാതിരിക്കൂ...”
അവർ പറഞ്ഞു. എങ്കിലും അവരുടെ കണ്ണുകളിൽ അല്പം ഭീതി നിറയുന്നത് മാക്സ്
ശ്രദ്ധിച്ചു.
“ഒരാളെ അറസ്റ്റ് ചെയ്തെന്ന് വിചാരിക്കുക...
പിന്നെ സകലരും അകത്താകും...”
മാക്സ് പറഞ്ഞു. “എന്ന് വച്ചാൽ എസ്റ്റേറ്റിലെ സ്റ്റാഫുകളെല്ലാം തന്നെ... പിന്നെ പാവം റോസ, എന്തിന്, ലുഫ്ത്വാഫിലെ വീരയോദ്ധാവായ ഈ ബ്ലാക്ക് ബാരൺ പോലും... നിങ്ങളുടെ വിഡ്ഢിത്തരം മൂലം തടവറയിലേക്ക് പോകുന്നത്
നമ്മളെല്ലാവരും കൂടിയായിരിക്കും...”
“മാക്സ്... ആവശ്യമില്ലാതെ അതിശയോക്തി കലർത്തുകയാണ് നീ...”
ബാൽക്കണിയിൽ നിന്നും റൂമിലേക്ക് വന്ന്
അദ്ദേഹം തന്റെ ക്യാപ്പ് എടുത്തണിഞ്ഞു. “ഇന്ന് രാത്രി എയർബേസിലാണ് ഞാൻ തങ്ങാൻ പോകുന്നത്...
പുലർച്ചെ തന്നെ പോകാനുള്ളതാണ്...”
അദ്ദേഹം വാതിലിന് നേർക്ക് നീങ്ങി.
“മാക്സ്...!” അവർ വിളിച്ചു.
ആ പിൻവിളി
അവഗണിച്ച് വാതിൽ തുറന്ന് അദ്ദേഹം പുറത്തേക്ക്
നടന്നു.