Friday, September 21, 2018

ഫ്ലൈറ്റ് ഓഫ് ഈഗ്ൾസ് - 03


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


കോട്ടേജുകൾ, തുറമുഖം, വാർഫ് എന്ന് വേണ്ട അവിടെയുള്ള സകലതും പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യകാലത്ത് സർ വില്യം ഷെവ്ലി പണി തീർത്തതാണെന്ന് പിന്നീട് ഞങ്ങൾക്കറിയാൻ സാധിച്ചു. അറിയപ്പെടുന്ന ഒരു കള്ളക്കടത്തുകാരനായിരുന്നു സർ ഷെവ്ലി. അവിടെയുള്ള മറ്റ് സ്ഥാപനങ്ങളിലേക്കുള്ള ഒരു വാതായനം കൂടിയായിരുന്നു ആ തുറമുഖം. Hanged Man എന്ന് പേരുള്ള പബ്ബ് ആയിരുന്നു അതിൽ മുഖ്യം. മരത്തിന്റെ അഴികളോടു കൂടിയ അതിന്റെ ജാലകങ്ങൾ ഒരിക്കലും ജോർജിയൻ കാലഘട്ടത്തിന് ചേരുന്നതായിരുന്നില്ല.

സെക്ക് ആക്ലന്റ് ഞങ്ങളെ പബ്ബിനകത്തേക്ക് കൂട്ടിക്കൊണ്ടു പോയി. ബെറ്റ്സി എന്ന് പേരുള്ള, മാതൃത്വം തുളുമ്പുന്ന ഒരു വനിത ബാർ കൗണ്ടറിന് പിറകിൽ ഇരിക്കുന്നുണ്ടായിരുന്നു. ഡെനിസിനെ കണ്ടതും കുശലം പറഞ്ഞ് ഒപ്പം കൂടിയ അവർ അവളെ മുകളിലത്തെ നിലയിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഞാനാകട്ടെ, സെക്കിനൊപ്പം ആളിക്കത്തിക്കൊണ്ടിരിക്കുന്ന നെരിപ്പോടിനരികിൽ ഇരുന്നു കൊണ്ട് ഒരു ലാർജ് ബുഷ്മിൽ വിസ്കി നുകർന്നു.

ഇവൻ ഇവിടെയിരുന്ന് ഉണങ്ങട്ടെ...” നെരിപ്പോടിനരികിലെ പടിയിൽ ടർക്വിനെ ഇരുത്തിയിട്ട് സെക്ക് സിഗരറ്റിന്റെ ടിൻ എടുത്തിട്ട് അതിൽ നിന്നും ഒരെണ്ണം പുറത്തെടുത്തു.

ഈ കരടിക്ക് ഇത്ര മാത്രം പ്രാധാന്യമുണ്ടോ നിങ്ങളുടെ ജീവിതത്തിൽ...?” ഞാൻ ചോദിച്ചു.

തീർച്ചയായും...” അദ്ദേഹം തല കുലുക്കി. “എനിക്ക് മാത്രമല്ല, മറ്റൊരു വ്യക്തിക്ക് കൂടി... താങ്കൾക്കറിയാത്ത വലിയൊരു കഥ...”

എങ്കിൽ അത് പറയൂ...”

നിഷേധരൂപേണ അദ്ദേഹം തലയാട്ടി. “പിന്നീട്... താങ്കളുടെ പത്നി കൂടി വന്നിട്ട്... ഒരു മിടുക്കി തന്നെയാണവൾ... വർഷങ്ങൾ നീണ്ട ദാമ്പത്യമാണെന്ന് തോന്നുന്നു...?”

ഇരുപത്തിയഞ്ച് വർഷം...” ഞാൻ പറഞ്ഞു. “പക്ഷേ, ഒരു പതിനഞ്ച് വർഷമെങ്കിലും കഴിഞ്ഞതിന് ശേഷമാണ് ഞങ്ങൾക്ക് പലതിലും ഏകാഭിപ്രായം ഉണ്ടായിത്തുടങ്ങിയത്...”

അതെ, എല്ലാത്തിനും അതിന്റേതായ സമയം എടുക്കും...” അദ്ദേഹം പറഞ്ഞു. “യുദ്ധത്തിൽ നിന്നും ഞാൻ പഠിച്ച പാഠമാണത്... എത്രയധികം ആളുകളാണ് അന്ന് മരിച്ചു വീണു കൊണ്ടിരുന്നത്...!”

നിങ്ങൾ നേവിയിൽ ആയിരുന്നോ...?”

ആദ്യത്തെ ഒരു വർഷം മാത്രം... പിന്നെ അവർ എന്നെ ഇവിടുത്തെ ലൈഫ് ബോട്ടിന്റെ ക്യാപ്റ്റനാക്കി... അന്നൊക്കെ അത് ഒരു മുഴുവൻ സമയ ജോലിയായിരുന്നു... കപ്പലുകൾ ടോർപ്പിഡോ ചെയ്യപ്പെടുന്നു... വെടി വെച്ചിട്ട വിമാനങ്ങളിൽ നിന്നും ചാനലിൽ പതിക്കുന്ന പൈലറ്റുമാർ... സത്യം പറഞ്ഞാൽ യഥാർത്ഥ നാവികയുദ്ധം കാണാൻ എനിക്ക് അവസരം ലഭിച്ചിട്ടില്ല...”

എന്നാൽ നേവിയിൽ സേവനം അനുഷ്ഠിച്ചിരുന്ന ആ ഒരു വർഷ കാലയളവിൽ ഡിസ്റ്റിംഗ്വിഷ്ഡ് സർവീസ് മെഡൽ, ജോർജ്ജ് ക്രോസ്, MBE തുടങ്ങിയ ബഹുമതികൾക്ക് അർഹനായ മികച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്ന് പിന്നിടാണ് ഞാൻ അറിഞ്ഞത്. കൂടാതെ ലൈഫ്ബോട്ട് ഇൻസ്റ്റിറ്റ്യൂഷനിലെ വിശിഷ്ട സേവനത്തിന്  RNLI യുടെ നാല് സ്വർണ്ണമെഡലുകളാണ് അദ്ദേഹത്തിന് വിവിധ കാലയളവുകളിലായി ലഭിച്ചിട്ടുള്ളത്.

ഈ പബ്ബിന്റെ മുന്നിലുള്ള ബോർഡിൽ ഒരു  ചെറുപ്പക്കാരനെ കണങ്കാലിൽ കയറിട്ട് തല കീഴായി കെട്ടിത്തൂക്കിയിരിക്കുന്നതിന്റെ ചിത്രമാണല്ലോ വരച്ച് വച്ചിരിക്കുന്നത്... ഭാവി പ്രവചനത്തിന് ഉപയോഗിക്കുന്ന ചീട്ടുകളിൽ കാണപ്പെടുന്ന ചിത്രമല്ലേ അത്...? പുനഃർജന്മം എന്നല്ലേ ആ ചിത്രത്തിന്റെ അർത്ഥം...?” ഞാൻ ചോദിച്ചു.

അതിനെക്കുറിച്ച് ചോദിച്ചാൽ... അന്ന് മഹായുദ്ധ കാലത്ത് ജൂലി ലെഗ്രാൻഡ് ആണ് ആ ചിത്രം വരച്ച് വച്ചത്... ഈ കെട്ടിടത്തിന്റെ നോട്ടക്കാരിയായിരുന്നു അവർ... അവർ തന്നെയാണ് ഈ പബ്ബ് നടത്തിക്കൊണ്ടു പോയിരുന്നതും... പിന്നീട് പലപ്പോഴും പബ്ബ് മോടി പിടിപ്പിച്ചുവെങ്കിലും ജൂലി വരച്ച ആ ചിത്രം അതു പോലെ തന്നെ നില നിർത്തി...”

ഫ്രഞ്ചുകാരി ആയിരുന്നോ അവർ...?”

നാസി അധിനിവേശം ഭയന്ന് പലായനം ചെയ്ത വനിത...” അദ്ദേഹം എഴുന്നേറ്റു. “താങ്കൾ പോയി കുളിച്ച് ഫ്രെഷായിട്ട് വരൂ... ആട്ടെ, എന്താണ് താങ്കളുടെ തൊഴിൽ...?”

ഞാനൊരു നോവലിസ്റ്റാണ്...” ഞാൻ പറഞ്ഞു.

പേര്...?”

പേര് പറഞ്ഞതും അദ്ദേഹം ചിരിച്ചു. “ഞാൻ ഓർക്കുന്നു... ചില നശിച്ച രാത്രികളിൽ താങ്കളുടെ നോവലുകൾ എന്റെ രക്ഷയ്ക്ക് എത്തിയിട്ടുണ്ട്... കാണുവാൻ കഴിഞ്ഞതിൽ വളരെ സന്തോഷം... വിരോധമില്ലെങ്കിൽ ഞാനൊന്ന് പുറത്ത് പോയിട്ട് വരാം...” അദ്ദേഹം എഴുന്നേറ്റ് പുറത്തേക്ക് നടന്നു.

അദ്ദേഹം പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ട് ഞാൻ അവിടെത്തന്നെ ഇരുന്നു. ഒന്നിന് മേൽ ഒന്നായി ദുരൂഹതകൾ... അവയുടെ ഉത്തരം കണ്ടുപിടിക്കാനായാൽ തികച്ചും ഉദ്വേഗജനകം തന്നെ ആയിരിക്കണം... തീർച്ച...

                                                           ***

ബാറിന്റെ മൂലയിലുള്ള ടേബിളിൽ ആയിരുന്നു ഞങ്ങൾക്കുള്ള ഡിന്നർ ഒരുക്കിയിരുന്നത്. മുന്തിയ ഇനം മത്സ്യം, ഉരുളക്കിഴങ്ങ്, സാലഡ് എന്നിവയായിരുന്നു വിഭവങ്ങൾ. കൂടാതെ ഐസിൽ വച്ച് തണുപ്പിച്ച ഷാബ്ലിസ് വൈൻ ഞങ്ങൾ സെക്കിനോടും സിമിയോണിനൊടും ഒപ്പം പങ്ക് വച്ചു. ലൈഫ്ബോട്ട് ഇൻസ്റ്റിറ്റ്യൂഷൻ മാനേജ്മെന്റ് നൽകിയ ജീൻസും സ്വെറ്ററുമാണ് ഞാനും ഡെനിസും ധരിച്ചിരുന്നത്. എട്ടോ അതിലധികമോ മുക്കുവർ ബാറിൽ ഉണ്ടായിരുന്നു. അവരിൽ മൂന്ന് പേർ ലൈഫ്ബോട്ടിന്റെ ക്രൂവിൽ ഉള്ളവരായിരുന്നു. നെരിപ്പോടിനുള്ളിലെ വിറക് കഷണം പൂർവ്വാധികം ശോഭയോടെ എരിഞ്ഞുകൊണ്ടിരുന്നു. ജാലകപ്പാളികളിൽ മഴ ആഞ്ഞ് പതിക്കവെ നെരിപ്പോടിനരികിൽ ടർക്വിൻ തീ കാഞ്ഞുകൊണ്ടിരുന്നു.

എന്റെ കുട്ടിക്കാലത്ത് ടർക്വിൻ എന്ന കരടിയെക്കുറിച്ച് ഡാഡ് ധാരാളം പറയുമായിരുന്നു...” സിമിയോൺ പറഞ്ഞു. “അത് വെറും ഒരു കെട്ടുകഥ മാത്രമാണെന്നാണ് ഞാൻ വിചാരിച്ചിരുന്നത്...”

ഒടുവിൽ ഇപ്പോഴെങ്കിലും നിനക്ക് സത്യം മനസ്സിലായില്ലേ...?” സെക്ക് ചോദിച്ചു. “ഇനിയെങ്കിലും ഞാൻ പറയുന്നത് കേട്ട് നടക്കൂ മകനേ...” അദ്ദേഹം ഡെനിസിന് നേർക്ക് തിരിഞ്ഞു. “പറയൂ, എവിടെ നിന്നാണ് നിങ്ങൾക്ക് ഇവനെ കിട്ടിയത്...?”

ബ്രൈറ്റണിൽ പുരാവസ്തുക്കൾ വിൽക്കുന്ന ഒരു ഷോപ്പിൽ നിന്നും കഴിഞ്ഞ വർഷം...” അവൾ പറഞ്ഞു. “ബ്രിട്ടീഷ് യുദ്ധകാലത്ത് തന്റെ യജമാനനോടൊപ്പം ധാരാളം പറന്നിട്ടുള്ളവനാണ് ഇവനെന്ന് അവർ ഞങ്ങളോട് പറഞ്ഞു... പക്ഷേ, അവരുടെ കൈവശം അതിനുള്ള തെളിവുകൾ ഒന്നും ഉണ്ടായിരുന്നില്ല... RAF വിംഗ്സിന് പുറമെ ഒന്നാം ലോകമഹായുദ്ധകാലത്തെ റോയൽ ഫ്ലൈയിങ്ങ് കോർപ്സ് വിംഗ്സ് കൂടി ഇവൻ അണിഞ്ഞിരിക്കുന്നത് എപ്പോഴും എന്നിൽ ജിജ്ഞാസ ഉണർത്തിയിട്ടുണ്ട്...”

“അതെ... ഇവൻ അത് അണിഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ...” സെക്ക് പറഞ്ഞു. “അന്നാണ് ഇവൻ ആദ്യമായി യുദ്ധമുന്നണിയിലേക്ക് ഇറങ്ങുന്നത്... ആ പയ്യന്മാരുടെ പിതാവിനൊപ്പം...”

“പയ്യന്മാരുടെ പിതാവ്...?” ഒരു നീണ്ട മൗനത്തിന് ശേഷം ഡെനിസ് ശ്രദ്ധയോടെ അദ്ദേഹത്തിന് നേർക്ക് ചോദ്യശരം എയ്തു.

“വളരെ വർഷങ്ങൾക്ക് മുമ്പ്... 1917 ൽ  ഫ്രാൻസിൽ വച്ച്...” അദ്ദേഹം സിമിയോണിനെ നോക്കി പറഞ്ഞു. “ഒരു ബോട്ട്‌ൽ കൂടി കൊണ്ടുവരൂ...”

സിമിയോൺ ബാറിലേക്ക് നീങ്ങവെ സെക്ക് തുടർന്നു. “1944 ലാണ് ഞാൻ അവസാനമായി ടർക്വിനെ കണ്ടത്... അധിനിവേശ ഫ്രാൻസിലേക്കുള്ള അവന്റെ യാത്രയ്ക്കിടയിൽ... പിന്നെ നീണ്ട ഒരു ഇടവേള... ശേഷം ബ്രൈറ്റണിലെ പുരാവസ്തു ഷോപ്പിലാണ് ഇവൻ പ്രത്യക്ഷപ്പെട്ടത് അല്ലേ...?”

അദ്ദേഹം ടിൻ തുറന്ന് ഒരു സിഗരറ്റ് പുറത്തെടുത്തു. “ഒന്ന് എനിക്കും തരുന്നതിൽ വിരോധമുണ്ടോ...?” എന്റെ ഭാര്യ ചോദിച്ചു. അദ്ദേഹം നീട്ടിയ സിഗരറ്റും ലൈറ്ററും വാങ്ങിയിട്ട് അവൾ പിറകോട്ട് ചാരിയിരുന്നു. “അപ്പോൾ ടർക്വിനെ താങ്കൾക്ക് പണ്ടേ പരിചയമുണ്ടല്ലേ...?”

“എന്ന് പറയാം... ഇംഗ്ലീഷ് ചാനലിൽ നിന്നും പണ്ടൊരിക്കൽ ഇവനെ വീണ്ടെടുത്തതാണ് ഞാൻ... 1943 ൽ... തകർന്ന് വീണ ഒരു റോയൽ എയർഫോഴ്സ് ഹരിക്കേൻ യുദ്ധവിമാനത്തിൽ നിന്നും... മികച്ച ഫൈറ്റർ പൈലറ്റുകളായിരുന്നു അവരൊക്കെ... വിമാനങ്ങൾ വെടിവെച്ചിടുന്നതിൽ അന്ന് RAF ന്റെ സ്പിറ്റ്ഫയറുകളെക്കാൾ ജർമ്മനിയുടെ ലുഫ്ത്‌വാഫ് ആയിരുന്നു മുൻപന്തിയിൽ...” അതെക്കുറിച്ചോർത്ത് അദ്ദേഹം കുറച്ച് നേരം ചിന്തയിൽ മുഴുകിയത് പോലെ തോന്നി. പുതിയൊരു ബോട്ട്‌ൽ ഷാബ്‌ലിസുമായി സിമിയോൺ തിരികെയെത്തി. “ഹാരി ആയിരുന്നു അത്... അതോ ഇനി മാക്സ് ആയിരുന്നോ...? അത് മനസ്സിലാക്കാൻ ഒരിക്കലും ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല...” ആ വൃദ്ധൻ പുലമ്പി.

സിമിയോൺ ട്രേ മേശപ്പുറത്ത് വച്ചു. “യൂ ഓൾറൈറ്റ്, ഡാഡ്...?” അയാളുടെ സ്വരത്തിൽ ഉത്ക്കണ്ഠയുണ്ടായിരുന്നു.

“ആര്, ഞാനോ...?” സെക്ക്  ആക്‌ലന്റ് പുഞ്ചിരിച്ചു. “ഒരു ഫ്രഞ്ച്കാരനെക്കുറിച്ച് എഴുതിയിട്ടുള്ള ഒരു പുസ്തകമില്ലേ...? ഏതോ ഒരു വിഭവം മണത്ത് നോക്കുമ്പോഴോ അല്ലെങ്കിൽ ഭക്ഷിച്ചതിനോ ശേഷമോ ഭൂതകാല സംഭവങ്ങളെല്ലാം കൂടി ഓർമ്മയിലേക്ക് കുത്തിയൊഴുകി വരുന്നത് പോലെയോ മറ്റോ...?”

“മാർസെൽ പ്രൂസ്റ്റ്...” ഡെനിസ് പറഞ്ഞു.

“വെൽ... അതാണ് ഇപ്പോൾ ഈ കരടിക്കുട്ടൻ എന്നോട് ചെയ്തിരിക്കുന്നത്... വർഷങ്ങൾക്ക് ശേഷം എല്ലാം തിരികെ കൊണ്ടുവന്നു...” അദ്ദേഹത്തിന്റെ മിഴികൾ ഈറനണിഞ്ഞിരുന്നു.

സിമിയോൺ ഗ്ലാസിലേക്ക് വൈൻ പകർന്നു. “കമോൺ ഡാഡ്... കുറച്ച് അകത്താക്ക്... മനസ്സ് വിഷമിപ്പിക്കാതിരിക്കൂ...”

“എന്റെ ബെഡ്റൂമിൽ... മൂന്നാമത്തെ ഡ്രോയറിൽ ഒരു  ചുവന്ന ബോക്സ് ഉണ്ട്... ഗെറ്റ് ഇറ്റ് ഫോർ മീ ബോയ്...”

അനുസരണയോടെ സിമിയോൺ നടന്നു നീങ്ങി.

നെരിപ്പോടിനുള്ളിലേക്ക് ഒരു വിറക് കഷണം കൂടി തള്ളി വച്ചിട്ട് സെക്ക് തിരികെ വന്ന് ഇരുന്നു. പിന്നെ സിമിയോൺ കൊണ്ടുവന്ന് കൊടുത്ത ബോക്സ് മേശമേൽ വച്ച് സാവധാനം തുറന്നു. ഏതാനും പേപ്പറുകളും ഫോട്ടോകളുമായിരുന്നു അതിനുള്ളിൽ.

“ഇതിൽ ചിലതെല്ലാം നീ കണ്ടിട്ടുള്ളതാണ് മകനേ...” അദ്ദേഹം സിമിയോണിനോട് പറഞ്ഞു. “എന്നാൽ ഇതുവരെ കാണാത്തതും ഉണ്ട്...”

അതിൽ നിന്നും ഒരു ഫോട്ടോ എടുത്ത് അദ്ദേഹം ഡെനിസിന് നേർക്ക് നീട്ടി. കോൾഡ് ഹാർബറിലെ വാർഫ്... വളരെ പഴയ മോഡൽ ഒരു ലൈഫ്ബോട്ട് അവിടെ നങ്കൂരമിട്ടിരിക്കുന്നു. ഡെക്കിൽ നിൽക്കുന്ന സിമിയോൺ ഒരു  കറുത്ത നേവൽ ക്യാപ്പ് ആണ് ധരിച്ചിരിക്കുന്നത്. സിമിയോൺ തന്നെ എന്ന് തോന്നുമെങ്കിലും സൂക്ഷിച്ച് നോക്കിയാൽ അത് സിമിയോൺ അല്ല എന്ന് മനസ്സിലാക്കാം.

“അന്നൊക്കെ എന്നെ കണ്ടാൽ സുന്ദരനായിരുന്നു...” സെക്ക് പറഞ്ഞു.

ഡെനിസ് അല്പം മുന്നോട്ടാഞ്ഞ് അദ്ദേഹത്തിന്റെ കവിളിൽ ഒരു മുത്തം നൽകി. “ഇന്നും താങ്കൾ സുന്ദരൻ തന്നെ...”

പൊട്ടിച്ചിരിച്ചുകൊണ്ട് അദ്ദേഹം ഫോട്ടോകൾ ഓരോന്നായി ഞങ്ങളുടെ മുന്നിലേക്കിട്ടു. എല്ലാം ബ്ലാക്ക് & വൈറ്റ് ആയിരുന്നു.
ചിത്രത്തിൽ പബ്ബിന് ഒരു മാറ്റവുമില്ല. അത്രയൊന്നും സുന്ദരനല്ലാത്ത ഒരു ആർമി ഓഫീസറുടെ ചിത്രമായിരുന്നു അടുത്തത്. പ്രായം ഏതാണ്ട് അറുപത്തിയഞ്ചിനോട് അടുത്തിരിക്കുന്നുവെന്ന് ഊഹിക്കാം. സ്റ്റീൽ ഫ്രെയിം ഉള്ള കണ്ണട... നരച്ച് വെളുത്ത തലമുടി...

“ബ്രിഗേഡിയർ മൺറോ...” സെക്ക് പറഞ്ഞു. “ഡോഗൽ മൺറോ... യുദ്ധത്തിന് മുമ്പ് ഓക്സ്ഫഡിൽ പ്രൊഫസർ ആയിരുന്നു... പിന്നെയാണ് അദ്ദേഹം ഇന്റലിജൻസ് സർവീസിൽ ചേർന്നത്... സ്പെഷൽ ഓപ്പറേഷൻസ് എക്സിക്യൂട്ടിവ് അഥവാ SOE എന്നാണ് ആ ഡിപ്പാർട്ട്മെന്റ് അറിയപ്പെട്ടിരുന്നത്... ചർച്ചിൽ ആണ് അതിന് രൂപം കൊടുത്തത്... യൂറോപ്പിനെ ചുട്ടെരിക്കുക... അതായിരുന്നു അദ്ദേഹം കൊടുത്ത നിർദ്ദേശവും അവർ ചെയ്തു കൊണ്ടിരുന്നതും... ഫ്രാൻസിൽ സീക്രട്ട് ഏജന്റുകളെ കൊണ്ട് നിറയ്ക്കുക... കോൾഡ് ഹാർബറിലെ പ്രദേശവാസികളെ പുറത്താക്കിയിട്ട് അവർ അത് ഒരു സീക്രറ്റ് ബേസ് ആക്കി മാറ്റി...”

അദ്ദേഹം ഗ്ലാസിലേക്ക് കുറേക്കൂടി വൈൻ പകർന്നു. “ഇതൊന്നും ഒരിക്കലും എന്നോട് പറഞ്ഞിരുന്നില്ലല്ലോ, ഡാഡ്...” സിമിയോൺ പറഞ്ഞു.

“കാരണമുണ്ട്... ഞാനടക്കം ഇവിടെയുള്ള എല്ലാവരും ഒരു ഒഫിഷ്യൽ സീക്രറ്റ് ആക്റ്റിൽ ഒപ്പ് വയ്ക്കുവാൻ നിർബ്ബന്ധിതരായിരുന്നു...” അദ്ദേഹം മറ്റ് ചില ഫോട്ടോകൾ കൂടി മുന്നിലേക്കിട്ടു. ബ്രിഗേഡിയർ മൺറോയോടോപ്പം നിൽക്കുന്ന ഒരു വനിത... “അതായിരുന്നു ജൂലി ലെഗ്രാൻഡ്... ഞാൻ നേരത്തെ പറഞ്ഞല്ലോ, ഇവിടെയുള്ള കെട്ടിടങ്ങളുടെയെല്ലാം ഉടമ... അവരായിരുന്നു ഈ പബ്ബിന്റെ നടത്തിപ്പുകാരിയും...” മിലിട്ടറി ക്രോസ് റിബ്ബൺ ധരിച്ച് കൈയിൽ ഒരു വാക്കിങ്ങ് സ്റ്റിക്കുമായി നിൽക്കുന്ന ഏതോ ഒരു ഓഫീസറോടൊപ്പമുള്ള മൺറോയുടെ മറ്റൊരു ഫോട്ടോയാണ് പിന്നെ അദ്ദേഹം കാണിച്ചത്. “ഇതായിരുന്നു ജാക്ക് കാർട്ടർ... മൺറോയുടെ അസിസ്റ്റന്റ്... ഡൺകിർക്കിലെ പോരാട്ടത്തിൽ അദ്ദേഹത്തിന് തന്റെ ഇടത് കാൽ നഷ്ടമായി...”

അതു പോലെ വേറെയും ചിത്രങ്ങൾ... പിന്നെ ഒരു വലിയ ബ്രൗൺ എൻവലപ്പ് എടുത്ത് ഒന്ന് സംശയിച്ചിട്ട് അദ്ദേഹം സാവധാനം തുറന്നു. “ഒഫിഷ്യൽ സീക്രട്ട് ആക്റ്റ്... മണ്ണാങ്കട്ട... വയസ്സ് എൺപത്തിയെട്ടായി എനിക്ക്... ഇനി എന്ത് നോക്കാൻ...”

ഇത്രയും നേരം കണ്ട ചിത്രങ്ങൾ താല്പര്യജനകം എന്ന് പറയാമായിരുന്നുവെങ്കിൽ ഇപ്പോൾ കാണുന്നത് തികച്ചും അമ്പരപ്പിക്കുന്നവയായിരുന്നു. എയർസ്ട്രിപ്പിൽ നിർത്തിയിട്ടിരിക്കുന്ന ഒരു ജങ്കേഴ്സ് – 88 S യുദ്ധവിമാനം... വിമാനത്തിന്റെ പാർശ്വത്തിൽ ജർമ്മൻ ക്രോസ് ആലേഖനം ചെയ്തിരിക്കുന്നു. വാലിൽ സ്വസ്തിക അടയാളം... വിമാനത്തിനരികിൽ നിൽക്കുന്ന മെക്കാനിക്ക് ധരിച്ചിരിക്കുന്നത് കറുത്ത ലുഫ്ത്‌വാഫ് ഓവറോളാണ്. സമീപത്തായി നിർത്തിയിട്ടിരിക്കുന്ന ഒരു ഫീസ്‌ലർ സ്റ്റോർക്ക് വിമാനം... അതിന് പിറകിലായി രണ്ട് ഹാങ്കറുകൾ...

“എന്തൊക്കെയാണ് ഞാനീ കാണുന്നത്...?” ഉദ്വേഗത്തോടെ ഞാൻ ചോദിച്ചു.

ഈ റോഡിന്റെ അങ്ങേയറ്റത്തുള്ള എയർസ്ട്രിപ്പാണ്... അതെ... കോൾഡ് ഹാർബർ തന്നെ... രാത്രിയിൽ ആക്രമണത്തിനായി ഫ്രാൻസിലേക്ക് യുദ്ധവിമാനങ്ങൾ പോയിരുന്നത് ഇവിടെ നിന്നായിരുന്നു... ശത്രുവിനെ കബളിപ്പിച്ചിരുന്നത് ശത്രുവിന്റെ വേഷമിട്ടായിരുന്നു...”

“പക്ഷേ, പിടിക്കപ്പെട്ടാൽ വലിയ ശിക്ഷയായിരിക്കും അവരെ കാത്തിരുന്നിട്ടുണ്ടാവുക...” ഡെനിസ് പറഞ്ഞു.

“അതെ... ഫയറിങ്ങ് സ്ക്വാഡ്... ഇതിനൊരു മറുവശം കൂടിയുണ്ട്... ജർമ്മൻകാരും ഇതേ രീതി പിന്തുടർന്നിട്ടുണ്ട്... RAF വിമാനങ്ങളായി വേഷം മാറിക്കൊണ്ട്...” അദ്ദേഹം വേറൊരു ഫോട്ടോ ഡെനിസിന് നേർക്ക് നീട്ടി. “ഈ വിമാനമാണ് ലൈസാൻഡർ... കാണാൻ അത്ര ഭംഗിയൊന്നുമില്ല... പക്ഷേ, അവൻ വിചാരിക്കുന്നത് പോലെയല്ല... ഉഴുതു മറിച്ചിട്ട വയലിൽ നിന്നു പോലും ടേക്ക് ഓഫ് ചെയ്യാൻ കഴിയും...”

പിന്നീട് കാണിച്ച ചിത്രം ഒരു യുവതിയോടൊപ്പം ലൈസാൻഡർ വിമാനത്തിനരികിൽ നിൽക്കുന്ന ഒരു ഓഫീസറുടേതായിരുന്നു. സ്ട്രിങ്ങ് മെഡൽ റിബ്ബൺസും ലെഫ്റ്റ്നന്റ് കേണൽ എന്ന് സൂചിപ്പിക്കുന്ന വരകളും തുന്നിച്ചേർത്ത അമേരിക്കൻ യൂണിഫോം ആയിരുന്നു അയാൾ ധരിച്ചിരുന്നത്.  DSO (Distinguished Service Order), DFC (Distinguished Flying Cross) എന്നീ മെഡലുകൾ എനിക്ക് മനസ്സിലാക്കാനായെങ്കിലും എന്നെ അതിശയിപ്പിച്ചത് അയാളുടെ യൂണിഫോമിന്റെ വലത് ഭാഗത്ത് നെഞ്ചിലായി തുന്നിച്ചേർത്തിരിക്കുന്ന RAF വിംഗ്സ് ബാഡ്ജ് ആയിരുന്നു.

“ആരായിരുന്നു അയാൾ...?” ഞാൻ ആരാഞ്ഞു.

ഫോട്ടോയിലേക്ക് സൂക്ഷിച്ച് നോക്കിയ അദ്ദേഹത്തിന്റെ മറുപടി വിചിത്രമായിരുന്നു. “ഹാരി ആണെന്നാണ് തോന്നുന്നത്... അതോ ഇനി മാക്സ് ആണോ... ഒരിക്കലും എനിക്ക് മനസ്സിലാക്കാനായിട്ടില്ല...”

സിമിയോണും എന്നെപ്പോലെ തന്നെ അത്ഭുതം കൂറി ഇരിക്കുകയായിരുന്നു. എന്താണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് ചോദിക്കാൻ ഞാൻ തുനിയവെയാണ് ഡെനിസ് ചോദിച്ചത്. “അപ്പോൾ ആ യുവതി ആരാണ്...?”

“ഓ... അത് മോളി... മോളി സോബെൽ... മൺറോയുടെ അനന്തിരവളാണ്... അവളുടെ അമ്മ ഇംഗ്ലീഷ്കാരി ആയിരുന്നു... പിതാവ് ഒരു അമേരിക്കൻ ജനറലും... മിടുക്കിക്കുട്ടി... ഡോക്ടറാണ്... യുദ്ധം തുടങ്ങുന്നതിന് മുമ്പ് ഇംഗ്ലണ്ടിൽ വച്ച് ബിരുദം എടുത്തു... യുദ്ധസമയത്ത് ലണ്ടനിലാണ് അവൾ ജോലി നോക്കിയിരുന്നത്... ഈ പ്രദേശത്ത് ഒരു ഡോക്ടറുടെ ആവശ്യം വരുമ്പോഴൊക്കെ അവൾ മൺറോയോടൊപ്പം ലണ്ടനിൽ നിന്നും വിമാനത്തിൽ ഇവിടെയെത്താറുണ്ടായിരുന്നു... യൂ സീ... അതെല്ലാം അതീവ രഹസ്യമായ വസ്തുതകളായിരുന്നു...”

കുറേ നേരത്തേക്ക് അദ്ദേഹം ഞങ്ങളിൽ നിന്നും ദൂരെ മാറി തന്റെ മാത്രം ലോകത്തേക്ക് തിരികെ പോയത് പോലെ തോന്നി. വിറക് കഷണങ്ങൾ എരിഞ്ഞ് പൊട്ടുന്നതിന്റെയും ജാലകച്ചില്ലിൽ മഴത്തുള്ളികൾ വീശിയടിക്കുന്നതിന്റെയും ശബ്ദം ശ്രവിച്ചുകൊണ്ട് ഒന്നും മിണ്ടാതെ ഞങ്ങൾ ഇരുന്നു. ബാറിൽ ഉണ്ടായിരുന്ന മറ്റുള്ളവർ പതിഞ്ഞ സ്വരത്തിൽ എന്തൊക്കെയോ സംസാരിച്ചുകൊണ്ട് അവരവരുടെ ലോകത്തേക്ക് ഒതുങ്ങി.

“യൂ ഓൾറൈറ്റ്, ഡാഡ്...?” സിമിയോൺ ചോദിച്ചു.

“ഇത്രയും ആശ്വാസം എനിക്ക് ഇതുവരെ തോന്നിയിട്ടില്ല... ഒരു ലാർജ്ജ് റം കൂടിയുണ്ടെങ്കിൽ നന്നായേനെ... എന്റെ മനസ്സിലെ ഭാരം മുഴുവനും ഇന്ന് ഞാൻ ഇറക്കി വയ്ക്കാൻ പോകുകയാണ്... വർഷങ്ങളായി വളർന്ന് വലുതായി എന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്ന ആ രഹസ്യം...” ടർക്വിന് നേർക്ക് മുഷ്ടി ചുരുട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു. “എല്ലാം നിന്റെ തെറ്റാണ്... തെമ്മാടി കരടിക്കുട്ടൻ...”

സിമിയോൺ എഴുന്നേറ്റ് ബാറിലേക്ക് നടന്നു. നെരിപ്പോടിലെ ചൂടേറ്റ് ശരീരത്തിൽ നിന്നും നീരാവി വമിച്ചുകൊണ്ട് മൂകസാക്ഷിയായി ടർക്വിൻ അവിടെ ഇരുന്നു.

തിരികെയെത്തിയ സിമിയോണിന്റെ മുഖത്ത് തെല്ല് അങ്കലാപ്പ് ഉണ്ടായിരുന്നു. “നോക്കൂ ഡാഡ്... ഇതിന്റെയെല്ലാം പിറകിൽ എന്തൊക്കെയാണുള്ളതെന്ന് എനിക്ക് അറിയില്ല... തൽക്കാലം അധികം സംസാരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു...”

അവിടെയും വളരെ തന്ത്രപരമായി ഇടപെട്ടത് ഡെനിസ് ആയിരുന്നു. മുന്നോട്ടാഞ്ഞ് സെക്കിന്റെ കൈപ്പടം തന്റെ കരതലത്തിൽ എടുത്ത് അവൾ പറഞ്ഞു. “നോ... അദ്ദേഹത്തിന്റെ ഇഷ്ടത്തിന് വിടൂ സിമിയോൺ... അദ്ദേഹത്തിന് പലതും പറയാനുണ്ടെന്നാണ് എനിക്ക് തോന്നുന്നത്...”

അവളുടെ കൈയിൽ മുറുകെ പിടിച്ചുകൊണ്ട് അദ്ദേഹം പുഞ്ചിരിച്ചു. “നീ ആളൊരു ബുദ്ധിമതി തന്നെ...” അദ്ദേഹം ഒന്ന് നിവർന്ന് ഇരുന്നു.

“റൈറ്റ്...” അവൾ പറഞ്ഞു. “ആ അമേരിക്കൻ പൈലറ്റ്... ഹാരി... അല്ലെങ്കിൽ മാക്സ് എന്നല്ലേ താങ്കൾ പറഞ്ഞത്...?”

“അതെ...”

“അതിലാണ് ഒരു വൈരുദ്ധ്യം കിടക്കുന്നത്...”

“മൈ ഗോഡ്... കുട്ടീ, അതിൽ ഒരു വൈരുദ്ധ്യവും ഇല്ല...” പിറകോട്ട് ചാരിയിരുന്ന് ചിരിച്ചുകൊണ്ട് അദ്ദേഹം മേശപ്പുറത്ത് നിന്നും മറ്റൊരു എൻവലപ്പ് എടുത്ത് തുറന്നു. “സ്പെഷൽ ഐറ്റം ആണിത്... വളരെ വളരെ സ്പെഷൽ...”

കുറച്ചു കൂടി വലിയ ഫോട്ടോകൾ ആയിരുന്നു അത്. ബ്ലാക്ക് & വൈറ്റ് തന്നെ. ഒരു RAF ഹരിക്കേൻ യുദ്ധവിമാനത്തിൽ ചാരി നിൽക്കുന്ന ഒരു ഫ്ലൈറ്റ് ലെഫ്റ്റ്നന്റിന്റെ ഫോട്ടോ ആയിരുന്നു ഒന്നാമത്തേത്. ഞങ്ങൾ നേരത്തേ അമേരിക്കൻ യൂണിഫോമിൽ കണ്ട അതേ വ്യക്തി തന്നെ ആയിരുന്നു അത്.

“റോയൽ എയർഫോഴ്സിലെ അമേരിക്കക്കാരൻ...” സെക്ക് പറഞ്ഞു. “പേൾ ഹാർബർ സംഭവത്തിന് ശേഷം 1941 ന്റെ അവസാനത്തോടെയാണ് അമേരിക്ക യുദ്ധത്തിൽ ചേരുന്നത്... അതിന് മുമ്പ് ഏതാണ്ട് ഇരുനൂറോ മുന്നൂറോ അമേരിക്കൻ പൈലറ്റുമാർ റോയൽ എയർഫോഴ്സിൽ സേവനമനുഷ്ഠിക്കുന്നുണ്ടായിരുന്നു...”

“ഇയാൾ വല്ലാതെ ക്ഷീണിതനായത് പോലെ തോന്നുന്നു...” ഫോട്ടോ തിരികെ കൊടുത്തുകൊണ്ട് ഡെനിസ് അഭിപ്രായപ്പെട്ടു.

“വെൽ... അതിൽ അത്ഭുതപ്പെടാനില്ല... 1940 സെപ്റ്റംബറിൽ ബ്രിട്ടീഷ് യുദ്ധസമയത്ത് എടുത്ത ഫോട്ടോയാണത്... തന്റെ രണ്ടാമത്തെ DFC മെഡൽ ലഭിച്ച സമയത്ത്...  അന്ന് അയാൾ ഫിന്നിഷ് എയർഫോഴ്സിന് വേണ്ടി സേവനമനുഷ്ഠിക്കുകയായിരുന്നു... റഷ്യയുമായുള്ള യുദ്ധത്തിൽ... മികച്ച പ്രകടനത്തിന് ഏതാനും മെഡലുകൾ അന്ന് ഫിന്നിഷ് എയർഫോഴ്സിൽ നിന്നും അയാൾക്ക് ലഭിക്കുകയുണ്ടായി... പിന്നീട് റഷ്യയുമായി പരാജയം ഏറ്റുവാങ്ങിയതിനെത്തുടർന്ന് ഇംഗ്ലണ്ടിലേക്ക് രക്ഷപെട്ട അയാൾ റോയൽ എയർഫോഴ്സിൽ ചേർന്നു... അന്ന് യുദ്ധത്തിൽ നിഷ്പക്ഷത പാലിച്ച അമേരിക്കക്കാരോട് ബ്രിട്ടീഷുകാർക്ക് അത്ര മമതയൊന്നും ഉണ്ടായിരുന്നില്ല... എങ്കിലും ഒരു ഫിന്നിഷ് പൗരൻ എന്ന് ഏതോ ഒരു ക്ലാർക്ക് ഫയലിൽ കുറിച്ചതു കൊണ്ട് മാത്രമാണ് അവർ അയാളെ RAF ൽ ചേർത്തത്...”

 “ഹാരി...?” ഡെനിസ് സംശയരൂപേണ മന്ത്രിച്ചു.

“ഹാരി കെൽസോ... ബോസ്റ്റൺ സ്വദേശിയായിരുന്നു അയാൾ...” അദ്ദേഹം മറ്റൊരു ഫോട്ടോ കൈയിലെടുത്തു. അതിൽ അമേരിക്കൻ യൂണിഫോം ആയിരുന്നു അയാൾ ധരിച്ചിരുന്നത്. “ഇത് 1944 ലെ ചിത്രമാണ്...”

തികച്ചും അത്ഭുതപ്പെടുത്തുന്നതായിരുന്നു അയാളുടെ മെഡലുകൾ. ഒരു DSO യും ബാറും, ഒരു DFC യും രണ്ട് ബാറുകളും, Croix de Guerre  എന്ന അത്യുന്നത ഫ്രഞ്ച് ബഹുമതി, പിന്നെ ധീരതയ്ക്കുള്ള ഫിന്നിഷ് ഗോൾഡ് ക്രോസ്....

“ഇത് അവിശ്വസനീയം തന്നെ...” ഞാൻ പറഞ്ഞു. “രണ്ടാം ലോക മഹായുദ്ധ കാലഘട്ടത്തെക്കുറിച്ച് വളരെയധികം ഗവേഷണങ്ങളും മറ്റും നടത്തിയിട്ടുള്ള ആളാണ് ഞാൻ... എന്നിട്ടും ഇങ്ങനെയൊരു വ്യക്തിയെക്കുറിച്ച് ഒരിക്കൽപ്പോലും ഞാൻ കേട്ടിട്ടേയില്ലല്ലോ...”

“എങ്ങനെ കേൾക്കാനാണ്...? അതിന് നന്ദി പറയേണ്ടത് ആ ക്ലാർക്കിനോടാണ്... ഔദ്യോഗിക രേഖകളിലെല്ലാം തന്നെ ഒരു ഫിന്നിഷ് പൗരൻ ആയിരുന്നു ഹാരി കെൽസോ... പിന്നെ ഞാൻ നേരത്തെ പറഞ്ഞത് പോലെ, മറ്റ് കാരണങ്ങളുമുണ്ടായിരുന്നു... ഒഫിഷ്യൽ സീക്രട്ട് ആക്റ്റ്...”

“പക്ഷേ, എന്തുകൊണ്ട്...?” ഡെനിസ് ചോദിച്ചു.

എൻവലപ്പിനുള്ളിൽ നിന്നും മറ്റൊരു ഫോട്ടോ എടുത്ത് സെക്ക് ആക്‌ലന്റ് മേശപ്പുറത്തേക്കിട്ടു.

“ഈ കാരണം കൊണ്ട്...” അദ്ദേഹം പറഞ്ഞു.

ഇത്തവണത്തേത് ഒരു  കളർ ഫോട്ടോ ആയിരുന്നു. യൂണിഫോമിൽ നിൽക്കുന്ന ഹാരി കെൽസോ... പക്ഷേ, ഒരേയൊരു വ്യത്യാസം മാത്രം... ലുഫ്ത്‌വാഫ് യൂണിഫോം ആയിരുന്നു അയാൾ ധരിച്ചിരുന്നത്. ഫ്ലൈയിങ്ങ് ബൂട്ട്സും ബാഗിയും മാപ്പ് പോക്കറ്റുകളുള്ള ബ്ലൂ – ഗ്രേ നിറത്തിലുള്ള ലൂസ് ട്രൗസേഴ്സും... മഞ്ഞ നിറമുള്ള കോളർ പാച്ചോടു കൂടിയ ഫ്ലൈയിങ്ങ് ജാക്കറ്റ് അയാൾക്ക് എന്തെന്നില്ലാത്ത ആകർഷകത്വം നൽകി. ഇടത് വശത്ത് സിൽവർ പൈലറ്റ്സ് ബാഡ്ജും അതിന് തൊട്ടു മുകളിലായി Iron Cross First Class ബാഡ്ജും കണ്ഠത്തിൽ Knight’s Cross with Oak Leaves ഉം അണിഞ്ഞിരുന്നു അയാൾ.

“എനിക്ക് മനസ്സിലാവുന്നില്ല...” ഡെനിസ് ആകെ ചിന്താക്കുഴപ്പത്തിലായിരുന്നു.

“വളരെ ലളിതം...” സെക്ക് ആക്‌ലന്റ് അവളോട് പറഞ്ഞു. “മൺറോയാണ് ഈ ഫോട്ടോകളെല്ലാം എനിക്ക് തന്നത്... RAF ലെ ആ അമേരിക്കക്കാരൻ...? അത് ഹാരി ആയിരുന്നു... ലുഫ്ത്‌വാഫിലെ ഈ അമേരിക്കക്കാരൻ... ഇത് അയാളുടെ ഇരട്ട സഹോദരൻ മാക്സ്... അമേരിക്കക്കാരനായ പിതാവിന്റെയും ഹാൾഡർ എന്ന ജർമ്മൻ പ്രഭുകുടുംബത്തിലെ അംഗവുമായ മാതാവിന്റെയും മക്കൾ... മാക്സ് ആയിരുന്നു പത്ത് മിനിറ്റ് നേരത്തെ ജനിച്ചത്... അയാളാണ് ബാരൺ മാക്സ് വോൺ ഹാൾഡർ...  ബ്ലാക്ക് ബാരൺ എന്നാണ് ലുഫ്ത്‌വാഫിൽ അയാൾ അറിയപ്പെട്ടിരുന്നത്...”  അദ്ദേഹം ഫോട്ടോകൾ തിരികെയെടുത്ത് എൻവലപ്പിനുള്ളിൽ നിക്ഷേപിച്ചു. “താങ്കൾക്ക് കേൾക്കാൻ താല്പര്യമുണ്ടെങ്കിൽ ഞാൻ പറയാം... താങ്കൾക്ക് എഴുതുവാൻ പറ്റിയ ഒരു കഥ...” അദ്ദേഹം പുഞ്ചിരിച്ചു. “തീർത്തും അവിശ്വസനീയമായ ഒരു കഥ...”

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...